
കോൺഗ്രസും സി.പി.എമ്മും ദേശീയതലത്തിൽ 'ഇൻഡി" മുന്നണിയുടെ ഭാഗമായി ഒരുകുടക്കീഴിൽ നിൽക്കുമെങ്കിലും കേരളത്തിലെത്തിയാൽ ഇവർ പരസ്പരം കടിച്ചുകീറും. അവസരവാദ രാഷ്ട്രീയമെന്ന് ദോഷൈകദൃക്കുകൾ ഇതിനെ വിശേഷിപ്പിക്കുമെങ്കിലും ചില ഘട്ടങ്ങളിലെങ്കിലും ഇവർ ഒരേ തൂവൽ പക്ഷികളായി അണിനിരക്കുന്ന അപൂർവ സുന്ദര കാഴ്ചയ്ക്കും കേരളീയർ സാക്ഷ്യം വഹിക്കാറുണ്ട്. സംസ്ഥാനത്ത് നടന്ന ഒരു അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്മേൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് സർക്കാരിന്റെ അനുമതി തേടിയ സി.ബി.ഐക്ക് 'കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യെ"ന്ന് പറഞ്ഞ അവസ്ഥയാണിപ്പോൾ. കോടികളുടെ കശുഅണ്ടി അഴിമതിക്കേസിലെ പ്രതിയായ കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരനു വേണ്ടി പിണറായി സർക്കാർ കാട്ടുന്ന അമിതമായ കരുതലും സ്നേഹവും കാണുമ്പോൾ കശുഅണ്ടി അഴിമതിയിലെ 'ഇൻഡി" സഖ്യമാണ് മറനീക്കി പുറത്തുവരുന്നത്. അഴിമതിക്കേസിലെ പ്രതികളെ വഴിവിട്ട് സഹായിക്കുകയും ചിറകിനടിയിൽ ചേർത്ത് പിടിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് ജസ്റ്റിസ് ബദറുദ്ദീൻ ഉയർത്തിയത്. എന്തിനാണ് സർക്കാർ രണ്ട് വ്യക്തികളെ സംരക്ഷിക്കുന്നത്? ആരാണ് ഇതിനു പിന്നിൽ, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ?" കോടതി ചോദിച്ചു.
പ്രതിപക്ഷത്തിന്റെ മൗനം
സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന ഗുരുതരമായ പരാമർശം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും പ്രതിപക്ഷത്തുള്ളാരും ഇതുവരെ മിണ്ടിയിട്ടില്ലെന്നതാണ് അഴിമതിയിലെ 'ഇൻഡി" സഖ്യത്തിന്റെ ഐക്യം വെളിവാക്കുന്നത്. ബി.ജെ.പിയിൽ നിന്ന് ശോഭ സുരേന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതൊഴിച്ചാൽ മറ്റു നേതാക്കളാരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കോടതിയിൽ നിന്നുണ്ടായ രൂക്ഷമായ പരാമർശം സർക്കാരിനെതിരായി പ്രയോഗിക്കാവുന്ന മാന്ത്രികദണ്ഡായിട്ടും മിണ്ടാട്ടം മുട്ടിയ പ്രതിപക്ഷത്തിന്റെ ഗതികേടാണിവിടെ വ്യക്തമാകുന്നത്. കൊല്ലം ആസ്ഥാനമായ കേരള കശുഅണ്ടി വികസന കോർപ്പറേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിൽ 2006 മുതൽ 2015 വരെ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കാലയളവിൽ കോർപ്പറേഷൻ ചെയർമാന്മാരായിരുന്ന ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു നേതാവ് ഇ.കാസിം, എം.ഡി കെ.എ രതീഷ് എന്നിവരെ പ്രതികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. 2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ.കാസിം മരണമടഞ്ഞതോടെ രതീഷിനെ ഒന്നാം പ്രതിയും ചന്ദ്രശേഖരനെ രണ്ടാം പ്രതിയുമാക്കി സമർപ്പിച്ച കുറ്റപത്രത്തിന് ഇടത് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാത്തതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ നിന്ന് സർക്കാരിനെതിരായ ഗുരുതര പരാമർശമുണ്ടായത്. 15 ഇടപാടുകളിലായി 85 കോടിയുടെ ക്രമക്കേടാണ് സി.ബി.ഐ കണ്ടെത്തിയത്.
പ്രോസിക്യൂഷൻ അനുമതി
നിഷേധിച്ചത് മൂന്നാം തവണ
കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതിയെക്കുറിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം 2016-ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. കുറ്റപത്രം സമർപ്പിച്ച സി.ബി.ഐ, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ 2020 ഒക്ടോബർ 15 ന് സർക്കാരിനോട് അനുമതി തേടിയപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ച് ജസ്റ്റിസ് കൗസർ എടപ്പകത്ത് 2024 ജൂലായ് 24ന് നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യവും തള്ളിയിരുന്നു. കോടതി നിർദ്ദേശിച്ചെങ്കിലും സർക്കാർ പ്രതികളെ സംരക്ഷിക്കാൻ പിന്നീട് 2025 മാർച്ച് 21ന് രണ്ടാം തവണയും ഒക്ടോബർ 28ന് മൂന്നാം തവണയും അനുമതി നിഷേധിച്ചു. സർക്കാർ അനുമതി നിഷേധിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതും തള്ളിയിരുന്നു. സി.ബി.ഐയുടെ അനുമതി അപേക്ഷ പുനഃപരിശോധിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞെങ്കിലും സർക്കാർ വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു. അതിനെതിരെയാണിപ്പോൾ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരമേറ്റത്.
ആശയക്കുഴപ്പം
സൃഷ്ടിച്ച നീക്കം
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച് തീരുമാനമെടുത്ത ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനം സി.പി.എമ്മിലും കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. 2006 മുതൽ 2015 മാർച്ച് വരെ നടന്ന തോട്ടണ്ടി ഇടപാട് അന്വേഷിച്ച് കോടികളുടെ ക്രമക്കേടും അഴിമതിയും നടന്നതായി കണ്ടെത്തിയ സിബി.ഐ, അന്തിമ റിപ്പോർട്ട് സമർപ്പിച്ചശേഷം പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി നൽകിയ അപേക്ഷയിൽ അനുമതി നൽകാമെന്നാണ് അന്നത്തെ കശുഅണ്ടി വ്യവസായ മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയും വകുപ്പ് സെക്രട്ടറിയും ഫയലിൽ എഴുതിയത്. മന്ത്രി ഒപ്പുവച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. പ്രോസിക്യൂഷൻ അനുമതി നൽകാമെന്ന് ഫയലിൽ കുറിപ്പെഴുതിയ വകുപ്പ് സെക്രട്ടറിയുടെ കസേര പോയി. നിയമോപദേശത്തിന്റെ പഴുതിൽ പ്രതികൾക്കനുകൂലമായി തീരുമാനം മാറി. പുതിയ വ്യവസായ സെക്രട്ടറി സർക്കാർ നിർദ്ദേശപ്രകാരം പ്രോസിക്യൂഷൻ അനുമതി തേടിയുള്ള സി.ബി.ഐ അപേക്ഷ തള്ളുകയായിരുന്നു.
എന്തുകൊണ്ട്
പ്രോസിക്യൂഷന് അനുമതി ?
അഴിമതി നിരോധന നിയമപ്രകാരം ഒരു സർക്കാർ ഉദ്യോഗസ്ഥനോ സർക്കാർ ശമ്പളം കൈപ്പറ്റുന്നയാളോ അഴിമതിക്കേസിൽ പ്രതിയായാൽ പ്രോസിക്യൂഷൻ അനുമതി വേണമെന്ന 2018ലെ അഴിമതി നിരോധന ഭേദഗതി നിയമമാണ് പ്രതികളെ രക്ഷിക്കാൻ സർക്കാർ ആയുധമാക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റം ചെയ്തതിന് തെളിവില്ലാത്ത സാഹചര്യത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകാനാകില്ലെന്നാണ് സർക്കാർ ഉത്തരവ്. തോട്ടണ്ടി ഇറക്കുമതി കരാറിൽ നടപടിക്രമങ്ങളിലെ വീഴ്ചയാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നതെന്നും പ്രതികൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അവിഹിതനേട്ടം ഉണ്ടാക്കിയതായി പറയുന്നില്ലെന്നുമാണ് സർക്കാർ നിലപാട്. കോടികളുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമാണ് കാഷ്യു കോർപ്പറേഷൻ. കെ.എ. രതീഷ് എം.ഡി ആയിരുന്ന കാലത്ത് മാത്രം 1000 കോടിയുടെ നഷ്ടത്തിലാണ് കോർപ്പറേഷൻ പ്രവർത്തിച്ചത്. 2006 മുതൽ 2016 വരെയുള്ള കാലയലവിലെ തോട്ടണ്ടി ഇറക്കുമതി ക്രമക്കേടാണ് സി.ബി.ഐ അന്വേഷിച്ചത്. ഇക്കാലയളവിൽ എൽ.ഡി.എഫും യു.ഡി.എഫും സംസ്ഥാനം ഭരിച്ചിരുന്നുവെങ്കിലും രണ്ട് ഭരണത്തിലും രതീഷായിരുന്നു കോർപ്പറേഷൻ എം.ഡി.
കഴിഞ്ഞ 9 വർഷത്തെ പിണറായി ഭരണത്തിനെതിരെ നിരവധി ആരോപണങ്ങളുയർന്നിട്ടും ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നിന്ന് ഒരു പ്രസ്താവന പോലും ഇക്കാലത്തിനിടെ ഉണ്ടാകാതിരിക്കാനുള്ള കരുതൽ മാത്രമല്ല, പ്രമുഖ കോൺഗ്രസ് നേതാക്കളിൽ നിന്നും പ്രതികൾക്കെതിരായ കാര്യമായ ഒരു വിമർശനവും ഇക്കാലയളവിനിടെ ഉണ്ടായില്ല. അഴിമതിയെ വെള്ളപൂശാനും അഴിമതിക്കാരെ രക്ഷിക്കാനും സർക്കാർ തന്നെ മുന്നിട്ടിറങ്ങുമ്പോൾ അനീതിക്കെതിരായ പോരാട്ടത്തിൽ പലപ്പോഴും കോടതികളാണ് അല്പമെങ്കിലും പ്രതീക്ഷ നൽകുന്നത്. അഴിമതിക്ക് മുന്നണി വ്യത്യാസമില്ലെന്ന ആപ്തവാക്യമാണ് ഇവിടെയും വ്യക്തമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |