
അനന്തപദ്മനാഭന്റെ മണ്ണിൽ ഇനി മുറജപത്തിന്റെ അമ്പത്തിയാറ് പവിത്രദിനങ്ങൾ. ഐതിഹ്യവും ചരിത്രവും വിശ്വാസവും ആത്മസമർപ്പണവുമെല്ലാം ചേർന്ന്, ദേശത്തിനു മീതെ വിശുദ്ധിയുടെയും അനുഗ്രഹത്തിന്റെയും കാറ്റ് പടർത്തുന്ന മുറജപത്തിന് തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിലും ഇടമുണ്ട്. രാജ്യത്തെ പദ്മനാഭസ്വാമിക്കു സമർപ്പിച്ച് വിനീതദാസനായി പ്രജാക്ഷേമം നിർവഹിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഇവിടെ മുറജപത്തിന് തുടക്കം കുറിച്ചത്. മന്ത്രാക്ഷരങ്ങളിലൊന്നു പോലും പിഴയ്ക്കാതെ ഉരുവിടേണ്ട മുറജപം ആറുവർഷത്തിലൊരിക്കലാണ്. ഇന്ന് ആരംഭിക്കുന്ന മുറജപം അവസാനിക്കുന്നത് 56 ദിവസം കഴിഞ്ഞുള്ള മകരസംക്രമ ദിനത്തിൽ (2026 ജനുവരി 14)
മുറതെറ്റാതെ
മന്ത്രജപം
ആദ്യവസാനം ക്രമമായി വേദജപം നടത്തുന്നതാണ് മുറജപം. ഒരുവട്ടം അല്ലെങ്കിൽ ഒരുമുറ എട്ടു ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കുന്നു. അങ്ങനെ ഏഴു മുറയാണ് ഇവിടെ ജപിക്കുന്നത്. വേദജ്ഞർ ഹൃദിസ്ഥമാക്കിയിട്ടുള്ള വേദം ഒരക്ഷരം പോലും വിട്ടുകളയാതെ ഏഴുവട്ടം ജപിച്ചു തീർക്കുന്നു. ഓരോ മുറ കഴിയുന്ന ദിവസം മുറശ്ശീവേലിയുണ്ട്.
മുറജപത്തിൽ വേദങ്ങൾ കൂടാതെ മന്ത്രജപവും സഹസ്രനാമവും ജപിക്കുന്നു. ഇവ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ കിഴക്കുവശത്തെ വാതിൽമാടങ്ങളിലും, പടിഞ്ഞാറുഭാഗത്തുള്ള നീണ്ട വേദികയിലും, വേദവ്യാസരുടെ ശ്രീകോവിലിനു മുന്നിലും, അലങ്കാര മണ്ഡപത്തിലും വൈദികന്മാർ ഉപവിഷ്ടരായാണ് ജപിക്കുന്നത്. രാവിലെ ആറു മുതൽ പത്തു മണി വരെയായിരിക്കും ഈ ജപങ്ങൾ. സന്ധ്യാവേളയിൽ പത്മതീർത്ഥത്തിലിറങ്ങി ഋഗ്വേദത്തിലെ ഒരു ഋക്ക് 108 തവണ ഉരുവിടുന്ന ജലജപവും നടക്കും.
ബ്രഹ്മാണ്ഡപുരാണത്തിൽ ഭദ്രദീപത്തെക്കുറിച്ച് പരാമർശമുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീവരാഹമൂർത്തി, ഭൂമിദേവിക്കും; ഭൂമിദേവി പ്രഹ്ലാദനും; പ്രഹ്ലാദൻ മഹാബലിക്കും ഭദ്രദീപത്തെക്കുറിച്ച് ഉപദേശിച്ചു. കീർത്തിയും ഐശ്വര്യവും കൈവരിക്കുവാനായി മഹാബലി ഭദ്രദീപം നിർവഹിച്ചതായി പറയപ്പെടുന്നു. ഹേഹേയ രാജാവായ കാർത്ത്യവീര്യാർജ്ജുനൻ ഭദ്രദീപ പ്രതിഷ്ഠ നടത്തിയതായും പുരാണങ്ങളിലുണ്ട്.
കളഭം, ഭദ്രദീപം,
മുറജപം, ലക്ഷദീപം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രമാണ് കളഭം, ഭദ്രദീപം, പെരുന്തിരു അമൃതപൂജ, മുറജപം, ലക്ഷദീപം എന്നിവ നടത്തിവരുന്നത്. മകര സംക്രമ ദിനത്തിലും കർക്കടക സംക്രമ ദിനത്തിലും കാലംകൂടുന്ന രീതിയിലാണ് ആറു ദിവസത്തെ കളഭം നിർവഹിക്കുന്നത്. കൊല്ല വർഷം 802-ലെ (1627) മതിലകം രേഖകൾ പ്രകാരം 15 ദിവസത്തെ കളഭവും പെരുന്തിരു അമൃത പൂജയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നിരുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവാണ് കൊല്ല വർഷം 919 (1744) കർക്കടക സംക്രമദിനത്തിൽ ഭദ്രദീപം തുട ങ്ങിവച്ചത്.
ഇതിനു മുന്നാടിയായി ആറു ദിവസത്തെ കളഭവും ഭദ്രദീപ പ്രതിഷ്ഠയ്ക്കു ശേഷം ഏതാനും ദിനങ്ങൾക്കകം പെരുന്തിരു അമൃത പൂജയും നിർവഹിച്ചു. 12-ാമത്തെ ഭദ്രദീപമാണ് ലക്ഷദീപമായി അദ്ദേഹം ആഘോഷിച്ചത്. ആദ്യത്തെ ലക്ഷദീപം കൊല്ല വർഷം 925 മകരം ഒന്നിനായിരുന്നു (1750 ജനുവരി). അജ്ഞാനം, അധർമ്മം, ഈതിബാധകൾ എന്നിവ അകറ്റി, ജ്ഞാനവും ധർമ്മവും സമൃദ്ധിയും ആർജ്ജിക്കുവാൻ വേണ്ടിയുള്ള വൈദിക-താന്ത്രിക അനുഷ്ഠാനമാണ് ഭദ്രദീപം. രാജ്യക്ഷേമത്തിനായി അഞ്ചു ദീപങ്ങൾ വച്ച് 11 ഭദ്രദീപവും 12 ദീപങ്ങൾ തെളിച്ച് 12-ാമത്തെ ഭദ്രദീപവും- അതായത് ലക്ഷദീപവും ആചരിച്ചു.
ലക്ഷദീപത്തോടനുബന്ധിച്ചുള്ള മാർകഴി (ധനു) കളഭത്തിന്റെ ദൈർഘ്യം 19 ദിവസമാണ്. കളഭം തുടങ്ങി രണ്ടാം ദിവസം മുളയിട്ട് ആചാര്യവരണ നടത്തിയിരുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ യജമാനനായ വലിയ തമ്പുരാൻ ക്ഷേത്ര തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിനെ പ്രധാനാചാര്യനായും ഇരിങ്ങാലക്കുട, ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളിലെ വൈദികശ്രേഷ്ഠരെ സഹ ഋത്വിക്കുകളായും വരിച്ചിരുന്ന ചടങ്ങാണിത്. ആദ്യത്തെ മുറജപം നടന്നത് ശുചീന്ദ്രം ക്ഷേത്രത്തിലായിരുന്നു. കൊല്ല വർഷം 925 കന്നി മാസം 16 നു തുടങ്ങി വൃശ്ചികം 19 (1749സെപ്തംബർ - നവംബർ) വരെയായിരുന്നു അത്.
അതേ വർഷം മകരസംക്രമ ദിനത്തിൽ കാലംകൂടത്തക്കവണ്ണം 56 ദിവസത്തെ മുറജപം (1749 നവംബർ മുതൽ 1750 ജനുവരി വരെ) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അനിഴം തിരുനാൾ തുടങ്ങിവച്ചു. (ശുചീന്ദ്രത്ത് പിന്നീട് മുറജപം നടന്നിട്ടില്ല. അവിടെ ഭദ്രദീപപ്രതി ഷ്ഠയുമില്ല). കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് കൊല്ല വർഷം 962 മേടം 11 നു (1787) തുലാപുരുഷദാനം ചെയ്യുന്നതിനു മുമ്പ് 40 ദിവസത്തെ മുറജപം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തി. ഭദ്രദീപവും മുറജപവും തമ്മിലോ മുറജപവും ലക്ഷദീപവും തമ്മിലോ ബന്ധമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അമ്പലപ്പുഴയിൽ
നിന്ന് വന്നതല്ല
എന്നാൽ, ആറു വർഷം കൂടുമ്പോൾ മാത്രമാണ് കളഭം, ഭദ്രദീപം, മുറജപം, ലക്ഷദീപം എന്നീ ക്രമത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർവഹിച്ചുവരുന്നത്. അതുപോലെ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇത് നടന്നിരുന്നതെന്നും, അമ്പലപ്പുഴ പിടിച്ചടക്കിയ മാർത്താണ്ഡവർമ്മ, മുറജപം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ തുടങ്ങിയെന്നും പറയുന്നതും ശരിയല്ല. തിരുവനന്തപുരത്ത് ആദ്യ മുറജപം നിർവഹിച്ചത് കൊല്ല വർഷം 925-ലാണ്. അമ്പലപ്പുഴ തിരുവിതാംകൂറിനോടു ചേർത്തതാകട്ടെ, കൊല്ല വർഷം 929-ലാണ്.
രാജഭരണകാലത്ത് ഏകദേശം 4000 നമ്പൂതിരിമാരും അവരുടെ സഹായികളുമാണ് മുറജപത്തിനായി തിരുവനന്തപുരത്ത് എത്തിയിരുന്നത്. യാത്ര, താമസം, ഭക്ഷണം, ദക്ഷിണ തുടങ്ങി എല്ലാ ചെലവുകളും മഹാരാജാവ് ഏറ്റെടുത്തിരുന്നു. നമ്പൂതിരിമാരിൽ അഗ്രഗണ്യനായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കാണ് ആദ്യത്തെ നീട്ട് അയച്ചിരുന്നത്. പന്തൽ, ചെറുമുക്ക്, കപ്ലിങ്ങാട്, പെരുമ്പടപ്പ്, കൈമുക്ക്, തൈക്കാട് എന്നീ ആറു വൈദികന്മാരും തെക്കേടത്ത് ഭട്ടതിരിയുമായിരുന്നു മറ്റു പ്രധാന ക്ഷണിതാക്കൾ.
ലക്ഷദീപം ദിനത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എണ്ണവിളക്കുകളും വൈദ്യുതി വിളക്കുകളും കൊണ്ട് അലംകൃതമാകും. രാത്രി എട്ടരയ്ക്കാണ് മകരശ്ശീവേലി. അന്ന് വലിയതമ്പുരാൻ മൂന്നു പ്രദക്ഷണത്തിനും ഉടവാളേന്തി ദേവന്മാർക്ക് അകമ്പടിയേകും. അലംകൃതമായ ഗരുഡ വാഹനങ്ങളിലാണ് ശ്രീപദ്മനാഭ സ്വാമിയുടെയും ശ്രീനരസിംഹ മൂർത്തിയുടെയും ശ്രീകൃഷ്ണ സ്വാമിയുടെയും ഉത്സവ വിഗ്രഹങ്ങൾ എഴുന്നള്ളിക്കുക. ആയിരക്കണക്കിന് ഭക്തർ സന്നിഹിതരായിരിക്കും. ശ്രീപദ്മനാഭസ്വാമിയുടെ ചൈതന്യം വർദ്ധിപ്പിക്കുന്നതിനാണ് ഭദ്രദീപവും മുറജപവും മന്ത്രജപവും നടത്തുന്നത്. ആദ്യത്തെ ലക്ഷദീപത്തിനു ശേഷം, അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് 925 മകരം അഞ്ചിന് തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |