
മഹാഗുരുവിന്റെ പരിനിർവാണ ശതാബ്ദി ഭാരതത്തിനകത്തും പുറത്തും ലോകമൊട്ടാകെയും കൊണ്ടാടുന്ന വേളയിലാണ് ഇത്തവണത്തെ ശിവഗിരി മഹാതീർത്ഥാടനം സമാപിക്കുന്നത്. അരുവിപ്പുറത്ത് നിർജ്ജനമായൊരു നദീതീരത്തു നിന്ന് സമാരംഭം കുറിച്ച ഗുരുദേവ പ്രസ്ഥാനം ഇന്ന് കേരളത്തിന്റെയും ഭാരതത്തിന്റെയും അതിർത്തികൾ ഭേദിച്ച് ലോകത്തിന്റെ നെറുകയിലേക്ക് കടന്നുചെന്നിരിക്കുന്നു.
മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്. അമേരിക്കയിൽ 12 സംസ്ഥാനങ്ങളിൽ ഗുരുദേവ പ്രസ്ഥാനങ്ങളും ചിലയിടങ്ങളിൽ ഗുരുമന്ദിരങ്ങളും ആസ്ഥാന മന്ദിരങ്ങളും സ്ഥാപിതമായിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങൾ ലണ്ടനിലും വാഷിംഗ്ടണിലും ഈ അടുത്ത കാലത്ത് രൂപംപ്രാപിച്ചിട്ടുണ്ട്. ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം അഭിവന്ദ്യനായ ഫ്രാൻസിസ് മാർപാപ്പയുടെ ആശിർവാദത്തോടെ വത്തിക്കാനിൽ നടന്നു. തുടർന്ന് ലണ്ടനിലും ദുബായിലും ഇപ്പോൾ ആസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിലും ശതാബ്ദി ആഘോഷ പരിപാടികൾ നടന്നുകഴിഞ്ഞു.
നൂറുവർഷം ആകുമ്പോഴേക്കും ഗുരുദർശനം ലോകം അറിഞ്ഞുകൊള്ളുമെന്ന മഹാത്മാക്കളുടെ വെളിപ്പെടുത്തലുകളെ അന്വർത്ഥമാക്കിക്കൊണ്ടാണ് ഇപ്പോൾ ഗുരുദേവ സന്ദേശ പ്രചാരണം ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. 'മനുഷ്യൻ ഒരു ജാതി" എന്ന സനാതന തത്വംകൊണ്ട് സ്വജീവിതത്തിന് ഭാഷ്യം ചമച്ച ലോകാരാദ്ധ്യനാണ് ശ്രീനാരായണ ഗുരുദേവൻ. ആ പാവന ജീവിതത്തിന്റെയും മഹത് ദർശനത്തിന്റെയും മഹാസ്മൃതികൊണ്ട് അനുഗൃഹീതമായ പുണ്യഭൂമിയാണ് ശിവഗിരി.
പ്രപഞ്ചത്തെ നിത്യവും ഉണർത്തുന്ന സൂര്യനെപ്പോലെ, അജ്ഞാനാന്ധതയിൽപ്പെട്ട് മോഹാകുലരായി കഴിയുന്ന മാനവസമൂഹത്തെ ജ്ഞാനദീപം തെളിച്ച് ഉണർത്തുന്ന തേജോമയനാണ് ഗുരുദേവൻ. നിത്യവും ഉറങ്ങിയുണർന്ന്, പലതും ചിന്ത ചെയ്തും ലോക വ്യവഹാരങ്ങളിൽ ഏർപ്പെട്ടും കഴിയുന്ന മനുഷ്യർ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്ന ഈ വിളക്കിനെ നൂറു വർഷങ്ങൾ കഴിഞ്ഞിട്ടും വേണ്ടവണ്ണം കാണുകയോ അറിയുകയോ ചെയ്യുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. പലതരം വികല്പങ്ങളുടെ നടുവിൽ ഉഴലുന്ന മാനവരെ സമുദ്ധരിക്കാനായാണ് മഹാഗുരുക്കന്മാർ കാലാകാലങ്ങളിൽ പിറവികൊള്ളുന്നത്. ഈ മഹാഗുരുക്കന്മാരുടെ പരമ്പരയിൽ വന്നുദിച്ച സർവലോകാനുരൂപനായ ഗുരുദേവൻ, 'തൻ പ്രിയം തന്നെ അപരന്റെയും പ്രിയ"മെന്നറിഞ്ഞ് ജീവിക്കുവാനാണ് ലോകരെ പഠിപ്പിച്ചത്. ഈ പാഠത്തിന്റെ പ്രായോഗിക ഭാഷ്യവും വാർത്തികവുമാണ് ശിവഗിരി തീർത്ഥാടനം.
ലോകത്തിന്റെ നെറുകയിൽ ശ്രീനാരായണ ദർശനം പ്രചരിപ്പിക്കുവാൻ ഒരു കേന്ദ്രീകൃത ആസ്ഥാനം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. അവിടെ നിന്ന് പദ്ധതികൾ ആസൂത്രണം ചെയ്താൽ, മഹിതമായ ഗുരുദർശനം യാതൊരു വിഘ്നവും കൂടാതെ ലോകമാസകലം പ്രചരിപ്പിക്കുവാനും, ലോകത്തിന് ശാന്തിയും സമാധാനവും കൈവരിക്കുവാനും കഴിയും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്, സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഗുരുവിന്റെ ഏകലോക ദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന് ഉതകുന്ന ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് 93-ാം ശിവഗിരി തീർത്ഥാടനം ചാലകശക്തിയായി മാറട്ടെ.
(ശിവഗിരി മഠം, മീഡിയ വിഭാഗം ചെയർമാൻ ആണ് ലേഖകൻ. ഫോൺ: 98463 69478)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |