SignIn
Kerala Kaumudi Online
Saturday, 02 August 2025 1.41 AM IST

ആരാധനാലയ ഭരണം വിശ്വാസികൾക്ക് നല്‌കണം

Increase Font Size Decrease Font Size Print Page
photo

രാജ്യത്തെ പൗരന്മാർ നല്‌കുന്ന നികുതി സർക്കാരിന് അവകാശപ്പെട്ടതാണ്. അതുപയോഗിച്ചാണ് വികസന പ്രവർത്തനങ്ങളും മറ്റും നടത്തുന്നത്. വികസനത്തിന്റെ പ്രയോജനം രാജ്യത്തെ പൗരന്മാർക്ക് ഒരുപോലെ അനുഭവിക്കാനാവുന്നു. നികുതി നൽകിയതിന് ശേഷമുള്ള പണം ഓരോ പൗരനും നിയമവിധേയമായ രീതിയിൽ ചെലവഴിക്കുന്നതിന് തടസമില്ല. ഒരു വ്യക്തി ആരാധനാലയത്തിൽ കാണിക്കയായി സമർപ്പിക്കുന്ന പണം അങ്ങനെയുള്ളതാണ്.

ഭക്തൻ സർക്കാരിനല്ല പണം സമർപ്പിക്കുന്നത്. മറിച്ച് അതത് ദേവാലയങ്ങളിലെ മുഖ്യ പ്രതിഷ്ഠയ്ക്കാണ്. വിശ്വാസി ദേവനോ ദേവിക്കോ സമർപ്പിക്കുന്ന പണമാണത്. ഇതിന്റെ ആത്യന്തിക അവകാശം ക്ഷേത്രത്തിലെ ആരാധനാമൂർത്തിക്കാണ്. സമർപ്പിച്ച് കഴിഞ്ഞാൽ ആ പണത്തിന്റെ അവകാശം പൂർണമായും ഭക്തനിൽനിന്ന് ഒഴിഞ്ഞുപോകുന്നു. നികുതി നല്‌കുന്നതുപോലെ സർക്കാരിന്റെ മാർഗരേഖ അനുസരിച്ചല്ല ആരും ക്ഷേത്രങ്ങളിൽ പണം നല്‌കുന്നത്. വിശ്വാസികൾ അവരവരുടെ ഇഷ്ടപ്രകാരം സ്വമനസാലെ നല്‌കുന്നതാണ്.

സ്വാതന്ത്ര്യ‌ത്തിന് മുമ്പ് ഓരോ കരക്കാരും വിശ്വാസിസമൂഹവും രാജാക്കന്മാരും മറ്റുമാണ് ക്ഷേത്രങ്ങൾ പരിപാലിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ ഇടപെടലുകളും സ്വാതന്ത്ര്യ‌ത്തിന് ശേഷം വന്ന ജനകീയ സർക്കാരിന്റെ നിയമങ്ങളുമാണ് ക്ഷേത്രത്തിന്റെ നിയന്ത്രണം സർക്കാരിന്റെയോ ദേവസ്വം ബോർഡുകളുടെയോ അധീനതയിലാക്കിയത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് ഇത് ബാധകമല്ല. പള്ളിയിൽ വീഴുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നത് പള്ളികമ്മിറ്റിയോ മതമേലദ്ധ്യക്ഷന്മാരോ ആണ്. പള്ളിയിൽ നിർമ്മാണപ്രവർത്തനത്തിന് ഫണ്ടിനായി അവർക്ക് സർക്കാരിലേക്ക് എഴുതേണ്ട കാര്യമില്ല. എന്നാൽ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ സ്ഥിതി അതല്ല. ബോർഡിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തിൽ ഉരുളിപോലും വാങ്ങാനാവില്ല. ഒന്നുകിൽ ഭരണഘടന മുൻനിറുത്തി എല്ലാ ആരാധനാലയങ്ങൾക്കും ഒരേനിയമം ബാധകമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതു നടക്കുന്ന കാര്യമല്ല.

ക്ഷേത്രം നടത്തിപ്പിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ മാത്രമേ സർക്കാർ ഇടപെടാൻ പാടുള്ളൂ. ഫണ്ട് തിരിമറി ഉണ്ടായാലും അന്വേഷിക്കാം. ബാക്കിയെല്ലാം വിശ്വാസികളുടെ ട്രസ്റ്റിനോ കമ്മിറ്റിക്കോ വിട്ടുകൊടുക്കുകയാണ് വേണ്ടത്.

ദശാബ്ദങ്ങളായി വിശ്വാസിസമൂഹം ആവശ്യപ്പെടുന്ന ഇക്കാര്യം ഒരു സർക്കാരും ഗൗരവമായി പരിഗണിച്ചിട്ടില്ലെന്ന് മാത്രമല്ല ഭരണാധികാരികൾ പരിഹസിച്ചു തള്ളിക്കളയുകയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഇതേ ചോദ്യം സുപ്രീംകോടതി തന്നെ ചോദിച്ചിരിക്കുന്നു. ആരാധനാലയങ്ങളുടെ ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനെന്നാണ് ഉന്നതകോടതി ചോദിച്ചത്. ഭരണം വിശ്വാസികൾക്ക് വിട്ടുനല്‌കണമെന്നും സർക്കാർ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും ആന്ധ്രാപ്രദേശ് കർണൂലിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എ.എസ്. ഓക എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചത് കേന്ദ്രസർക്കാർ ഗൗരവമായി കണക്കിലെടുക്കണം.

ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്ക്കുന്ന അനീതി ഒഴിവാക്കാനുള്ള നിയമനിർമ്മാണമാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാ വിഭാഗക്കാർക്കും തുല്യപ്രാതിനിദ്ധ്യമുള്ള വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്‌മയാവണം ക്ഷേത്രഭരണം നടത്തേണ്ടത്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ക്ഷേത്രകമ്മിറ്റികൾക്ക് പണം നല്‌കാം. പണം സർക്കാർ എടുത്തശേഷം ക്ഷേത്രനടത്തിപ്പിന് ആവശ്യമുള്ളത് ചോദിച്ചാൽ പോലും നല്‌കാത്ത ഇപ്പോഴത്തെ രീതി അവസാനിപ്പിക്കണം. സർക്കാരിന് പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചുമതലകളുണ്ട്. അതിനാൽ ആരാധനാലയ ഭരണം ന്യൂനപക്ഷങ്ങളുടേതിന് സമാനമായി ഹിന്ദുവിശ്വാസികൾക്ക് കൈമാറാനുള്ള നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാൻ സുപ്രീംകോടതി ഉത്തരവിടുന്നതിന് മുമ്പ് ചർച്ചകൾ നടത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.