
ലോകമെങ്ങും ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന കച്ചവടങ്ങളിലൊന്നാണ് മരുന്ന് വിൽപ്പന. മരുന്നുകൾ നിർമ്മിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ലംഘിച്ച് യഥേഷ്ടം മരുന്ന് നിർമ്മാണം നടക്കുന്നുണ്ടെന്നത് പലപ്പോഴും വെളിപ്പെടുന്നത് കൂട്ടമരണങ്ങൾ പോലുള്ള സംഭവങ്ങൾ നടക്കുമ്പോഴുള്ള അന്വേഷണങ്ങളിലാണ്. കഴിഞ്ഞ ഒക്ടോബറിൽ മദ്ധ്യപ്രദേശിലെ ഒരു സ്വകാര്യ ക്ളിനിക്കിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ച ഇരുപതിൽപ്പരം കുട്ടികൾ മരിച്ച സംഭവം ഉണ്ടായതിനു പിന്നാലെ രാജ്യമൊട്ടാകെ മരുന്നുകമ്പനികളിലും മറ്റും വ്യാപകമായ പരിശോധന നടന്നിരുന്നു. ഈ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചുമയുടെ മരുന്ന് നിർമ്മിക്കുന്ന ഒട്ടേറെ വ്യാജ കമ്പനികൾ രാജ്യത്ത് യാതൊരു തടസവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട് എന്ന കണ്ടെത്തൽ ആരോഗ്യരംഗത്തെ പിടിച്ചുകുലുക്കാൻ പോന്നതായിരുന്നു.
വലിയ പേരുള്ള ചില മരുന്നു കമ്പനികൾ പോലും തകരമടിച്ചുണ്ടാക്കിയ താത്‌കാലിക ഷെഡ്ഡു പോലുള്ള സംവിധാനങ്ങളിലാണ് പ്രവർത്തിച്ചിരുന്നതെന്നും തെളിവ് സഹിതം പരിശോധനയിൽ കണ്ടെത്താനായി. രാജ്യത്തെ ജനങ്ങളുടെ ജീവൻ വച്ച് പന്താടാൻ ഇവർക്ക് എങ്ങനെ കഴിഞ്ഞു എന്ന് ആരായുമ്പോഴാണ് മരുന്നുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സംവിധാനങ്ങളിൽ നിലനിൽക്കുന്ന പാളിച്ചകൾ തെളിഞ്ഞുവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൈക്കൂലിപ്പണം കൈമറിയുന്ന അഴിമതിക്ക് ഈ രംഗം കുപ്രസിദ്ധമാണ്. നിർഭാഗ്യകരമായ ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധനകൾ നടക്കാറുള്ളത്. തമിഴ്‌നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉത്‌പാദിപ്പിച്ച ചുമ മരുന്ന് കഴിച്ചാണ് മദ്ധ്യപ്രദേശിൽ കുട്ടികൾ മരിക്കാനിടയായത്. തുടർന്ന് ഈ കമ്പനി അടച്ചുപൂട്ടുകയും മരുന്ന് നിരോധിക്കുകയും ചെയ്തു.
ചുമ മരുന്ന് കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിതരണം ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. അപ്പോഴും, ഇത്തരം മരുന്നുകൾ ഇറക്കുന്ന എത്ര വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നു എന്നതിലേക്ക് അന്വേഷണം നീണ്ടിരുന്നില്ല. പലപ്പോഴും ഇത്തരം കമ്പനികൾ രേഖകളിൽ മാത്രമാവും ഉണ്ടാവുക. മരുന്നിന്റെ നിർമ്മാണമൊക്കെ നടത്തുന്നത് മറ്റു പലരുമായിരിക്കും. വാരാണസിയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന അഞ്ച് വ്യാജ സിറപ്പ് കമ്പനികളാണ് കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. അഞ്ചുപേർ അറസ്റ്റിലായി. ഇവർ 23 കോടി രൂപയുടെ ഇടപാട് നടത്തുകയും തുക ഹവാല ഇടപാട് വഴി വിദേശത്തേക്കും മറ്റും കടത്തുകയും ചെയ്തതായും കണ്ടെത്തി. മദ്ധ്യപ്രദേശ് സംഭവത്തിന്റെയും ഇത്തരം വ്യാജ കമ്പനികളുടെ പ്രവർത്തനത്തിന്റെയും പശ്ചാത്തലത്തിൽ കഫ് സിറപ്പ് മാഫിയയെ തളയ്ക്കാൻ കേന്ദ്രം നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നത് സ്വാഗതാർഹമാണ്.
ആയിരത്തിൽ താഴെ ജനസംഖ്യയുള്ളിടത്ത് ലൈസൻസില്ലാതെ ചുമ സിറപ്പ് വിൽക്കാൻ നിലവിൽ നിയമം അനുവദിക്കുന്നുണ്ട്. നിയമത്തിലെ ഈ പഴുത് മുതലെടുത്താണ് നിരവധി വ്യാജന്മാർ രംഗത്ത് വിലസുന്നത്. ഉത്തരേന്ത്യൻ കുഗ്രാമങ്ങളിൽ ചെറിയ കടകളിൽപ്പോലും വ്യാജ സിറപ്പുകൾ ലഭ്യമാണ്. പുതിയ നിയമം വരുന്നതോടെ ഇത് നടക്കാതാകും. നിയമ ഭേദഗതിയുടെ കരട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. വ്യാജ മരുന്ന് കഴിച്ചതിന്റെ ദുഷ്‌ഫലങ്ങൾ അനുഭവിച്ചവർ തെളിവുകളും രേഖകളും സഹിതം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മുന്നോട്ടു വരേണ്ടതാണ്. എന്തു വിലകൊടുത്തും വ്യാജ മരുന്ന് മാഫിയകളെ തകർക്കേണ്ടത് ഇന്ത്യയുടെ പുതുതലമുറയെ ആരോഗ്യമുള്ളവരായി നിലനിറുത്താൻ അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |