SignIn
Kerala Kaumudi Online
Saturday, 02 August 2025 12.27 AM IST

ദുരിതാശ്വാസ നിധി തട്ടിയവരെ വിടരുത്

Increase Font Size Decrease Font Size Print Page

photo

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർബല വിഭാഗങ്ങളിലെ അശരണരെ സഹായിക്കാൻ സ്ഥാപിക്കപ്പെട്ടതാണ്. നിർഭാഗ്യവശാൽ ദുരിതാശ്വാസ നിധിയിലും അമ്പരപ്പുളവാക്കുന്ന കൈയിട്ടു വാരലുകളും ക്രമക്കേടുകളും നടക്കുന്നതായാണ് വിജിലൻസ് പരിശോധനകളിൽ കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ആനുകൂല്യങ്ങൾ അതിന് തീരെ അർഹതയില്ലാത്തവർ പല വഴികളിലൂടെയും തട്ടിയെടുക്കുന്നത് ഒരുകാലത്ത് സാധാരണമായിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ കർശനമാക്കുകയും ക്രമക്കേടുകൾക്കുള്ള പഴുതുകൾ പലതും അടയ്ക്കുകയും ചെയ്തതോടെ തട്ടിപ്പുകൾ കുറഞ്ഞിട്ടുണ്ട്. എന്നിട്ടും പുതുവഴികൾ കണ്ടുപിടിച്ച് ഖജനാവിൽ നിന്നു പണം കവരാൻ ചിലർക്ക് കഴിയുന്നു. കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും അറിവോടും പരിരക്ഷയോടും കൂടിയാണിത് നടക്കുന്നത്. ഇടനിലക്കാരായി ഏജന്റുമാരും കാണും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആനുകൂല്യം നല്‌കാൻ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ തുടങ്ങി ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സ, അപകടങ്ങളിലുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയ്‌ക്കാണ് ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം അനുവദിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മറ്റു രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുതെന്നും നിബന്ധനയുണ്ട്. പതിനായിരം രൂപ വരെ അനുവദിക്കാൻ കളക്ടർക്ക് അധികാരമുണ്ട്. റവന്യൂ സ്പെഷ്യൽ സെക്രട്ടറിക്ക് 15,000 രൂപ അനുവദിക്കാനാകും. റവന്യൂ മന്ത്രിക്കാകട്ടെ പരിധി 25,000 രൂപയാണ്. മുഖ്യമന്ത്രിക്ക് മൂന്നുലക്ഷം രൂപ വരെ അനുവദിക്കാൻ അധികാരമുണ്ട്. കൂടിയ തുക മന്ത്രിസഭയാണ് അനുവദിക്കേണ്ടത്.

സംസ്ഥാനത്തെ നിരവധി റവന്യൂ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡുകളിൽ കണ്ടെത്തിയ തട്ടിപ്പുകളിൽ എല്ലാറ്റിനും ഏതാണ്ട് ഒരേസ്വഭാവമാണ്. ചികിത്സ സംബന്ധിച്ച് ഡോക്ടർമാരുടെ കള്ളസർട്ടിഫിക്കറ്റാണ് പല അപേക്ഷകളോടൊപ്പവും കാണാനായത്. പുനലൂരിലെ ഒരു ഡോക്ടർ 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നല്‌കിയതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും മുഖ്യ ഇടനിലക്കാർ ഏജന്റുമാരാണ്. അനുവദിക്കപ്പെടുന്ന ധനസഹായത്തിന്റെ ഒരുപങ്ക് ഉദ്യോഗസ്ഥർക്കു നല്‌കും. മരിച്ചവരുടെ പേരിൽപ്പോലും ദുരിതാശ്വാസ സഹായം തട്ടിയെടുത്ത സംഭവങ്ങൾ കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഖജനാവ് ചോരുന്ന പല വഴികളിലൊന്നായി ദുരിതാശ്വാസനിധിയും മാറുകയാണ്. സഹായത്തിന് അപേക്ഷിച്ച് പട്ടിണിയും പരിവട്ടവുമായി നരകജീവിതം നയിക്കുന്ന അനവധിപേർ ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുമ്പോഴാണ് കുറെ കുബുദ്ധികൾ സംഘടിതകൊള്ള നടത്തുന്നത്.

സർക്കാരിന്റെ ഏതു സഹായവും ഗുണഭോക്താക്കളിൽ നേരിട്ടെത്തിക്കാൻ നൂതന സംവിധാനങ്ങൾ നിലവിലുണ്ട്. എല്ലാവർക്കും ബാങ്ക് അക്കൗണ്ടും ആധാർ കാർഡുമൊക്കെ നിർബന്ധമാക്കിയത് ഈ ലക്ഷ്യത്തോടെയാണ്. അനുവദിക്കപ്പെടുന്ന സഹായം ഇടനിലക്കാർ തട്ടിയെടുക്കുന്നതു തടയാനുള്ള ഏറ്റവും യോജിച്ച സുരക്ഷാമാർഗങ്ങളാണിത്. എന്നാൽ കള്ള സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന സംഘടിത പ്രവൃത്തികൾ ഇല്ലാതാകണമെങ്കിൽ കർക്കശമായ പരിശോധനയും നിരീക്ഷണവും അത്യാവശ്യമാണ്. റേഷൻ കാർഡ്, തൊഴിലുറപ്പ് തുടങ്ങിയവയിൽ വ്യാപകമായി വ്യാജന്മാർ കടന്നുകൂടിയിരുന്നു. പലവട്ടം നടന്ന പരിശോധനകളിൽ വ്യാജന്മാരെ വലിയ തോതിൽ കണ്ടെത്തി പുറത്താക്കാനും കഴിഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് കണ്ടുപിടിക്കാനുള്ള വിജിലൻസ് പരിശോധനകൾകൊണ്ട് ഗുണമുണ്ടാകണമെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചവരെ നീതിപീഠത്തിനു മുന്നിലെത്തിക്കണം. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പും വരുത്തണം.

TAGS: FRAUD IN CMS RELIEF FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.