ത്യാഗപൂർണമായ ജീവിതം നയിക്കുക എന്നത് എല്ലാവർക്കും കഴിയുന്നതല്ല. എന്നാൽ ആരോരുമറിയാത്ത ഇന്ത്യയിലെ കോടിക്കണക്കിന് അമ്മമാർ അത്തരം ജീവിതം നയിക്കുന്നവരാണ്. ഇല്ലായ്‌മകൾക്കിടയിലും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഗൃഹാന്തരീക്ഷമൊരുക്കാൻ അവർക്ക് കഴിയുന്നു. ഇല്ലായ്‌മകളിലാണ് ഇണക്കത്തോടെ കഴിയാനും കഴിയുന്നത്ര രാജ്യസേവനം നടത്താനും അവർ മക്കളെ പ്രാപ്‌തരാക്കുന്നത്. അത്തരം അമ്മമാരുടെ പ്രതീകമാണ് ഒരു നൂറ്റാണ്ടോളം പ്രായമുണ്ടായിരുന്ന ഹീരാബെൻ എന്ന അമ്മ. പ്രധാനമന്ത്രി മോദിയുടെ അമ്മയായതുകൊണ്ടാണ് അവർ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയാകർഷിച്ചത്.
ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയനായ പ്രധാനമന്ത്രിയുടെ അമ്മയായിട്ടും അതിന്റെ അധികാര ലാവണ്യങ്ങളിലൊന്നും ലവലേശം താത്‌പര്യം പ്രകടിപ്പിക്കാതെ ഏതൊരു സാധാരണ ഗുജറാത്തി വീട്ടമ്മയെപ്പോലെയാണ് അവർ ജീവിച്ചതും ഒടുവിൽ ഭൂമിവിട്ട് യാത്രയായതും. മകൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ദിവസവും അവർ വീട്ടുജോലികൾചെയ്ത് പരിചയക്കാരോട് വർത്തമാനം പറഞ്ഞ് വീട്ടിലിരുന്നു. അമ്മയുടെ സഹനത്തെപ്പറ്റി മറ്റാരേക്കാളും ബോധവാനായ മകനായിരുന്നു മോദി. ഒരിക്കൽ അമേരിക്കയിൽവച്ച് അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ മോദിയുടെ കണ്ഠമിടറി, കണ്ണുകൾ നനഞ്ഞു. മക്കളെ പോറ്റാൻ അയൽവീടുകളിൽ പാത്രങ്ങൾ കഴുകുകയും വെള്ളം കോരുകയും ചെയ്ത് മറ്റെല്ലാം മറന്ന് ജീവിച്ച അമ്മയായിരുന്നു ഹീരാബെൻ. ചോരുന്ന ഒറ്റമുറി വീട്ടിലാണ് അവർ മക്കളെ വളർത്തിയത്. ചാണക വറളി കത്തിയുയർന്ന പുകയാൽ കറുത്ത ചുമരുകളെ വെള്ളയടിച്ച് വൃത്തിയാക്കുമായിരുന്നു അവർ . അപ്പോഴും മക്കളെ കിടത്തുന്ന കിടക്കയിൽ ഒരു ചുളിവുപോലും വീഴാത്ത വൃത്തിയും ശുദ്ധിയും പാലിച്ചു ഹീരാ ബെൻ. ഈശ്വരവിശ്വാസവും ആത്മവിശ്വാസവും ജീവിതത്തിലുടനീളം അവർക്ക് ആത്മധൈര്യം പകർന്നു. മോദി ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴുള്ള സത്യപ്രതിജ്ഞയ്ക്ക് മാത്രമാണ് ഹീരാബെൻ മകനൊപ്പം പൊതുചടങ്ങിൽ പങ്കെടുത്തത്. മകൻ പ്രധാനമന്ത്രിയായി എട്ടുവർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ആ അമ്മ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തിയത്. 2016-ൽ.
ഇളയ മകൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിന് സമീപം രായ്‌സെൻ ഗ്രാമത്തിലാണ് ഹീരാബെൻ താമസിച്ചിരുന്നത്. പിറന്നാൾദിനത്തിലും മറ്റും അമ്മയെ കാണാൻ മോദിയെത്തുമ്പോൾ ആ അമ്മയെ ഭാരതം മുഴുവൻ കണ്ടിരുന്നു. മകന് മധുരം നൽകി പുടവത്തുമ്പിനാൽ മകന്റെ മുഖം തുടച്ചുകൊടുക്കുന്ന ആ അമ്മയുടെ ലാളിത്യവും കരുതലുമാണ് ഇന്ത്യയെ കരുത്തുറ്റരീതിയിൽ നയിക്കാൻ മോദിയെ പ്രാപ്‌തനാക്കിയത്.
അമ്മയുടെ വേർപാടും സംസ്കാരകർമ്മവും തികച്ചും സ്വകാര്യമായ ചടങ്ങായി മാറ്റിയത് മോദി ഭാരതത്തിന് കാണിച്ചുതന്ന മറ്റൊരു മാതൃകയാണ്. ഹീരാബെന്നിന്റെ യാത്രപറയൽ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും രാഷ്ട്രീയ സാമൂഹ്യ വ്യാവസായിക പ്രമുഖരും ഗുജറാത്തിൽനിന്ന് ഒഴുകിയെത്തുന്ന അനേകായിരങ്ങളും ഒത്തുചേരുന്ന ചടങ്ങായി മാറുമെന്നാണ് കരുതപ്പെട്ടതെങ്കിലും അതൊന്നും സംഭവിച്ചില്ല. ഗുജറാത്തിലെ ഏതൊരു വീട്ടിലെയും പ്രായമായ അമ്മയുടെ വേർപിരിയലിന് ഉണ്ടാകുന്നതിനപ്പുറം യാതൊന്നും അന്ത്യചടങ്ങിലുണ്ടായില്ല. അമ്മയുടെ അന്ത്യചടങ്ങുകൾ കാരണം രാജ്യത്തെ ഒരു പരിപാടിക്കും ഭംഗമുണ്ടാകരുതെന്ന് മോദി തീരുമാനിച്ചിരുന്നു. അമ്മയുടെ അന്ത്യകർമ്മങ്ങൾ തികച്ചും ലളിതമായും സ്വകാര്യമായും പൂർത്തീകരിച്ചതിന് ശേഷം കൊൽക്കത്തയിലെ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ഓൺലൈനായി പ്രധാനമന്ത്രി നിർവഹിച്ചു.
കർമ്മയോഗത്തിന് പ്രാധാന്യം നൽകിയ മാതൃകാജീവിതമായിരുന്നു ഹീരാബെന്നിന്റേത്. അതിനോട് നൂറുശതമാനം നീതിപുലർത്തിയാണ് പ്രധാനമന്ത്രിയും പ്രവർത്തിച്ചത്. ഹീരാബെൻ നൂറാം വയസിലേക്ക് പ്രവേശിച്ച ദിവസം, പ്രധാനമന്ത്രി മോദി ബ്ളോഗിൽ കുറിച്ച വരിയിൽ അമ്മയിൽനിന്ന് താൻ എന്ത് ഉൾക്കൊണ്ടു എന്നത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്:
''എന്റെ അമ്മയുടെ ജീവിതത്തിൽ, ഭാരതത്തിന്റെ മാതൃശക്തിയുടെ തപസും ശക്തിയും ത്യാഗവും ഞാൻ കാണുന്നു. എന്റെ അമ്മയെയും അവരെപ്പോലെയുള്ള കോടിക്കണക്കിന് സ്‌ത്രീകളെയും നോക്കുമ്പോൾ ഇന്ത്യൻ സ്‌ത്രീകൾക്ക് അപ്രാപ്യമായതായി ഒന്നുമില്ലെന്ന് ഞാൻ കണ്ടെത്തുന്നു."
ത്യാഗസമ്പന്നമായ ജീവിതം നയിക്കുന്ന ഓരോ അമ്മയിലൂടെയും ഹീരാബെന്നിന്റെ ഓർമ്മ എക്കാലവും നിലനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |