പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ 'ഇന്ത്യ" മുന്നണിയുടെ നിർണായക യോഗത്തിൽ നിർദ്ദേശിച്ചിരിക്കുന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയാണ് ഖാർഗെയുടെ പേര് മുന്നോട്ടുവച്ചത്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പിന്താങ്ങുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ പ്രഭാവം നേരിടാൻ ഒരു ദളിത് നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് പ്രതിപക്ഷ കക്ഷികളുടെ മുന്നണി പ്രയോഗിച്ചിരിക്കുന്നത്.
ഖാർഗെയുടെ പ്രായം, അനുഭവ പരിചയം, ഗാന്ധി കുടുംബവുമായി പുലർത്തുന്ന അടുപ്പം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഈ നിർദ്ദേശം ഉയർന്നിരിക്കുന്നതെന്ന് ഊഹിക്കാം. എന്നാൽ ഖാർഗെ ഇക്കാര്യം പിന്നീട് നടത്തിയ പത്രസമ്മേളനത്തിൽ സ്ഥിരീകരിക്കാൻ തയ്യാറായില്ല. ആദ്യം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കട്ടെ, പിന്നീട് എം.പിമാർ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിലൂടെ രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കില്ല എന്ന് പറയാതെ പറയുക കൂടിയാണ് മമതയും കെജ്‌രിവാളും മറ്റ് പ്രതിപക്ഷ മുന്നണി നേതാക്കളും ചെയ്തത്.
ദളിത് മുഖം മോദിക്കെതിരെ ഉയർത്തിക്കാട്ടുന്നതിലൂടെ ബി.ജെ.പിയുടെ ദളിത് സമൂഹത്തിലുള്ള സ്വാധീനം കുറയ്ക്കാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. കോൺഗ്രസിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് നൂറ് സീറ്റെങ്കിലും പിടിക്കാൻ കഴിഞ്ഞാലേ 'ഇന്ത്യ" മുന്നണിയുടെ ഈ തീരുമാനം ഫലവത്താകൂ. ദക്ഷിണേന്ത്യക്കാരനായ ഖാർഗെയെ നേതാവായി ഉയർത്തിക്കാട്ടുന്നതിലൂടെ താരതമ്യേന ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കൂടുതൽ സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇതു സാദ്ധ്യമാക്കാൻ ഖാർഗെ എന്ന നേതാവിന് കഴിയുമോ എന്നതാണ് കാതലായ ചോദ്യം.
ഖാർഗെ കോൺഗ്രസ് പ്രസിഡന്റായതിനു ശേഷം കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളുമായുണ്ടായിരുന്ന അകലം കുറഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. ഖാർഗെയ്ക്ക് എട്ട് ഭാഷകളറിയാം. അതിൽത്തന്നെ, ഹിന്ദി ഒരു ഉത്തരേന്ത്യക്കാരനെപ്പോലെ സംസാരിക്കാനും കഴിവുണ്ട്. രാജ്യത്തെ ഏറ്റവും അംഗീകരിക്കപ്പെട്ട ദളിത് നേതാക്കളിൽ ഒരാൾ കൂടിയാണ്. പത്തുതവണ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട് എന്ന റെക്കാഡും സ്വന്തമായുണ്ട്. കർണാടകക്കാരനായ ഖാർഗെ കോൺഗ്രസ് പ്രസിഡന്റായതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസ് വിജയിക്കുകയും ചെയ്തു. രാജ്യസഭയിലെയും ലോക്‌സഭയിലെയും ഏറ്റവും മികച്ച പാർലമെന്റേറിയൻ കൂടിയാണ് ഖാർഗെ.
എന്നാൽ ഖാർഗെ നേരിടേണ്ട ചില വെല്ലുവിളികൾ പ്രതിപക്ഷ മുന്നണിയിൽത്തന്നെ ഉണ്ട്. നിതീഷ് ഉൾപ്പെടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ പലരും മോഹിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കോൺഗ്രസിലെ സവർണ നേതാക്കളും വോട്ടർമാരും ഖാർഗെയെ എത്രമാത്രം അംഗീകരിക്കും എന്നതും വിലയിരുത്തപ്പെടേണ്ടതാണ്. ബി.ജെ.പിക്കെതിരെ നാനൂറ് സീറ്റിലെങ്കിലും പൊതുസ്ഥാനാർത്ഥിയെ നിറുത്തുമെന്നുള്ള ഇന്ത്യ മുന്നണിയുടെ തീരുമാനം തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോഴും എത്രമാത്രം നടപ്പാവുമെന്നത് കണ്ടറിയേണ്ടതാണ്. പിന്നാക്കക്കാരൻ എന്ന ഇമേജല്ല മോദിക്കുള്ളത്. അതിന് അപ്പുറം ഇന്ത്യയെ ശക്തമായി മുന്നോട്ടു നയിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന ഇമേജാണുള്ളത്. മോദിയുടെ പ്രഭാവത്തെ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയില്ല.
ഒരുകാലത്ത് യു.പിയിലെ സവർണരും മുസ്ളിങ്ങളും പിന്നാക്കക്കാരും പട്ടിക ജാതിക്കാരും ഒരുമിച്ച് വോട്ടു നൽകിയിരുന്ന പാർട്ടിയാണ് കോൺഗ്രസ്. പട്ടികജാതിക്കാർ കോൺഗ്രസ് വിട്ട് ബി.എസ്.പിയിലേക്കും ബി.ജെ.പിയിലേക്കും പോയി. മുസ്ളിങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആഭിമുഖ്യം സമാജ് വാദി പാർട്ടിയോടാണ്. സവർണരിൽ ഭൂരിപക്ഷവും ബി.ജെ.പിയെ തുണയ്ക്കുന്നു. കോൺഗ്രസിന്റെ വോട്ട് ബാങ്കുകളാണ് ഇങ്ങനെ ഭിന്നിച്ച് പല പാർട്ടികളിലേക്കും പോയത്. അതൊക്കെ തിരിച്ചുപിടിക്കാൻ കോൺഗ്രസിന് എത്രമാത്രം കഴിയും എന്നതിനെ ആശ്രയിച്ചാവും പ്രതിപക്ഷത്തിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുക. അത് സുസാദ്ധ്യമല്ലെങ്കിലും സാദ്ധ്യമല്ലെന്ന് ആർക്കും പറയാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |