പ്രീമിയം അടയ്ക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയ ഗതാഗത വകുപ്പും മന്ത്രി കെ.ബി. ഗണേശ്‌കുമാറും അഭിനന്ദനം അർഹിക്കുന്നു. റോഡിൽ എപ്പോൾ അപകടം നടക്കുമെന്ന് ആർക്കും പറയാനാകില്ല. ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് സ്വാഭാവികമായും അപകട സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ചും, ദീർഘദൂര സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക്. അപകടമുണ്ടായി മരണമടഞ്ഞാലും തന്റെ വീട്ടുകാർ അനാഥരാകില്ല എന്നൊരു തോന്നൽ ജീവനക്കാരിൽ സൃഷ്ടിക്കാൻ ഉതകുന്നതാണ് പുതിയ തീരുമാനം. ഇത് ജീവനക്കാരുടെ ആത്മവിശ്വാസവും വകുപ്പിനോടുള്ള ആത്മാർത്ഥതയും വർദ്ധിപ്പിക്കുവാൻ കൂടി ഇടയാക്കിയാൽ വളരെ നല്ലതായിരുന്നു. എസ്.ബി.ഐയുടെ സഹകരണത്തോടെയാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്.
അക്കാരണംകൊണ്ടു തന്നെ, സമയത്ത് പ്രീമിയം അടച്ചില്ല എന്ന ന്യായം പറഞ്ഞ് ഇൻഷ്വറൻസ് നിഷേധിക്കാൻ കമ്പനികൾക്ക് കഴിയാതെ വരും. മറിച്ച് ഗതാഗത വകുപ്പ് നേരിട്ടാണ് പ്രീമിയം അടയ്ക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ സാമ്പത്തിക ക്ളേശം കാരണം അത് യഥാസമയം ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നു. ഇവിടെ സാമ്പത്തിക ക്ളേശം എന്നൊരു പ്രശ്നം ബാധിക്കാത്ത ബാങ്ക് തന്നെ ഇത് ഏറ്റെടുത്തപ്പോൾ, ഇത് നടക്കുന്ന ഒരു പദ്ധതിയാണ് എന്ന ബോദ്ധ്യം എല്ലാവരിലും ഉണ്ടാകും. ജീവനക്കാരുടെ അക്കൗണ്ടുകളും സ്ഥാപനത്തിന്റെ പണമിടപാടുകളും ബാങ്കിനു നൽകിയതിന്റെയും, മാസം എൺപത് കോടി രൂപ ഓവർഡ്രാഫ്‌റ്റ് എടുക്കുന്നതിന്റെയും പ്രതിഫലമായി എസ്.ബി.ഐ നൽകുന്നതാണ് പരിരക്ഷയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. സർക്കാരിന്റെ നാലാം വാർഷികത്തിൽ ജീവനക്കാർക്കുള്ള സൗജന്യമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജീവനക്കാർ പണം അടയ്ക്കേണ്ടിവരാത്ത ഈ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി 22,095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അപകടത്തിൽ അംഗഭംഗം സംഭവിച്ചാലും ഒരു കോടി രൂപ ലഭിക്കും. ഭാഗിക അംഗവൈകല്യത്തിന് 80 ലക്ഷം രൂപ അനുവദിക്കും. 25,000 മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കുന്നവർക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ആശ്രിതർക്ക് ആറുലക്ഷം രൂപ ലഭിക്കും. പൊള്ളൽ ചികിത്സയ്ക്കും പ്ളാസ്റ്റിക് സർജറിക്കും പത്തുലക്ഷം രൂപയും വിദേശത്തുനിന്ന് മരുന്നെത്തിക്കാൻ അഞ്ച് ലക്ഷം രൂപയും കോമ സ്റ്റേജിലെ ചികിത്സയ്ക്ക് 48 മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷവും എയർ ആംബുലൻസ് സേവനത്തിന് 10 ലക്ഷവും പെൺകുട്ടികളുടെ വിവാഹത്തിന് പത്തുലക്ഷവും ലഭിക്കും.
ഇത്തരം സന്ദർഭങ്ങളിൽ പണം നൽകുന്നത് ഇൻഷ്വറൻസ് പരിരക്ഷ എന്നതിലുപരി വലിയൊരു ജീവകാരുണ്യ പ്രവർത്തനമായി മാറുമെന്നതിൽ സംശയമില്ല. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളെ എപ്പോഴാണ് നേരിടേണ്ടിവരുന്നതെന്ന് ആർക്കും പറയാനാകില്ല. അതിനാൽ ഇത്തരമൊരു നടപടി ഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മറ്റ് വകുപ്പുകൾക്കും മാതൃകയാക്കാവുന്നതാണ്. ഇത്രയുമൊന്നും തുക ഇല്ലെങ്കിലും താത്കാലികക്കാർക്കു കൂടി എന്തെങ്കിലും നൽകാൻ പറ്റുമോ എന്ന് വകുപ്പ് ഭാവിയിൽ ചിന്തിച്ചാൽ ഉചിതമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |