കൊല്ലം: അവിഹിതബന്ധം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ തിരുത്തൽ വരുത്തി ഗതാഗത വകുപ്പ്. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദ്ദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ സദാചാര നടപടി വലിയ വിവാദമായതിന് പിന്നാലെയാണിത്. ഈ നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെയും അപമാനിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു ആക്ഷേപം.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെഎസ്ആർടിസി നടപടിയെടുത്തത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ പെരുമാറിയെന്ന് കണ്ടെത്തിയായിരുന്നു സസ്‌പെൻഷൻ. പക്ഷേ അതിലേക്കെത്തിയ അവിഹിത ബന്ധം വിവരിച്ചെഴുതിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവാണ് വിവാദത്തിലായത്.
കണ്ടക്ടറും ഡ്രൈനവറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന് പരാതി നൽകിയിരുന്നു. ഇതിന് തെളിവായി ഭർത്താവിന്റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും അവർ നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സർവീസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവുകളായി ഭാര്യ നൽകിയിരുന്നു. ഭാര്യയുടെ പരാതിയിൽ സത്യാവസ്ഥ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉത്തരവിറക്കിയത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയവയാണ് അന്വേഷണ റിപ്പോർട്ടിലുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |