തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിപരമായ കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സി ഇടപെടില്ലെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ. കെ.എസ്.ആർ.ടി.സിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെൻഷൻ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി ഗതാഗത വകുപ്പ് തിരുത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായ തന്റെ ഭർത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്ന് ഒരു യുവതി മന്ത്രിക്കു പരാതി നൽകിയിരുന്നു.
മൊബൈലിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ എന്നിവ സഹിതമായിരുന്നു പരാതി. തുടർന്ന് ചീഫ് ഓഫിസ് വിജിലൻസിന്റെ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയ വിവരങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |