
ഭാവി ഭാരതം എങ്ങനെ ആയിത്തീരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു? പ്രധാനമന്ത്രി ഇന്ന് യുവാക്കളുമായി സംവദിക്കുന്നു
.................................
ഇന്ത്യൻ വളർച്ചയുടെ മഹാഗാഥ രചിക്കുന്നത് കാലികമായ ആശയങ്ങൾക്ക് രൂപം നൽകുന്നവർ തന്നെയായിരിക്കും എന്നതിൽ സംശയമില്ല. രാജ്യമെമ്പാടുമുള്ള യുവാക്കൾ, ഇന്ത്യയ്ക്ക് എങ്ങനെ കൂടുതൽ വേഗത്തിൽ മുന്നേറാമെന്നും, കാര്യക്ഷമവും സുതാര്യവുമായ ഭരണ സംവിധാനം കൈവരിക്കാമെന്നും, 2047-ഓടെ ഒരു വികസിത രാഷ്ട്രമാകാം എന്നതിനെക്കുറിച്ചുമൊക്കെ ആഴത്തിൽ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ക്യാമ്പസുകളിലും സ്റ്റാർട്ട്- അപ്പുകളിലും കായിക മൈതാനങ്ങളിലും ഗ്രാമസഭകളിലുമാണ് അവരുടെ ആശയങ്ങൾ രൂപംകൊള്ളുകയും ശക്തിപ്പെടുകയും ചെയ്യുന്നത്.
യുവജനങ്ങൾക്ക് എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടോ എന്ന ചോദ്യം ഇനി പ്രസക്തമല്ല; രാജ്യത്തിന്റെ ഭാവിപ്രയാണത്തെ സ്വാധീനിക്കാൻ തക്ക വിശ്വസനീയവും ശക്തവുമായ വേദി അവരുടെ ആശയങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് യഥാർത്ഥ ചോദ്യം. അത്തരം അർത്ഥവത്തായ വേദി ഒരുക്കുന്നതിനാണ് 'വികസിത് ഭാരത് യുവ നേതൃസംവാദം" (Viksit Bharat Young Leaders Dialogue) രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ന് ലോകത്ത് ഏറ്റവും യുവ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ ഭാവിയുടെ ദിശ നിർണയിക്കുന്നത്, യുവ പൗരന്മാരുടെ സർഗാത്മകതയും ദൃഢനിശ്ചയവും ധൈര്യവുംകൊണ്ട് കൂടിയായിരിക്കും. ഈ വിപുലമായ യുവശക്തി ഒരു ജനസംഖ്യാത്മക നേട്ടം മാത്രമല്ല; നൂതന ആശയങ്ങൾക്ക് ഊർജ്ജം പകരാനും, ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും, സമഗ്രവും സുസ്ഥിരവുമായ വികസനത്തിലേക്ക് രാജ്യത്തെ മുന്നോട്ടുനയിക്കാനും ശേഷിയുള്ള നമ്മുടെ ഏറ്റവും വലിയ ദേശീയ സമ്പത്ത് കൂടിയാണ്.
ഇന്ത്യയിലെ യുവതലമുറയുടെ അഭിലാഷങ്ങളെ നയിക്കുന്നത് ശക്തമായ ലക്ഷ്യബോധവും അനന്തമായ സാദ്ധ്യതകളിലേക്ക് ചുവടുവയ്ക്കാനുള്ള ആത്മവിശ്വാസവുമാണ്. ഇന്നത്തെ യുവജനങ്ങൾ വ്യക്തിഗത പുരോഗതിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല; ഉത്തരവാദിത്വം ഏറ്റെടുക്കാനും അർത്ഥവത്തായ പരിവർത്തനം സൃഷ്ടിക്കാനുമുള്ള ആഗ്രഹവും അവരെ തുല്യനിലയിൽ പ്രചോദിപ്പിക്കുന്നു. അവരുടെ സർഗാത്മകതയെ പരിഹാരങ്ങളാക്കി, ഊർജ്ജത്തെ നേതൃപാടവമാക്കി, അഭിലാഷങ്ങളെ സേവനമാക്കി മാറ്റാൻ കഴിയുന്ന അർത്ഥവത്തായ വേദികളാണ് അവർ തേടുന്നത്.
രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ പൊതുജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവപ്പുകോട്ടയിലെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, യുവജനകാര്യ- കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 'വികസിത് ഭാരത് യുവ നേതൃസംവാദ"ത്തിന് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചത്. ദേശീയ യുവജനോത്സവത്തെ പൂർണമായും പുതിയ രൂപത്തിലേക്ക് പുനരാവിഷ്കരിക്കുന്ന ഒരു സംരംഭമായിരുന്നു ഇത്.
അഭൂതപൂർവമായിരുന്നു, അതിനുള്ള പ്രതികരണം. വികസിത് ഭാരത് ചലഞ്ചിൽ 30 ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തു, രണ്ടുലക്ഷത്തിലധികം ഉപന്യാസങ്ങൾ സമർപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് യുവാക്കൾ സംസ്ഥാന തലത്തിൽ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് യാത്ര അവസാനിച്ചത്. അവിടെ മൂവായിരം യുവ നേതാക്കൾ പ്രധാനമന്ത്രിയുമായി സ്വതന്ത്ര സംഭാഷണത്തിൽ ഏർപ്പെട്ടു. പ്രധാനമന്ത്രി അവരുടെ ആശയങ്ങൾ കേൾക്കാനും, നേതൃത്വം ഏറ്റെടുക്കാൻ അവരെ പ്രചോദിപ്പിക്കാനും മണിക്കൂറുകൾ ചെലവഴിച്ചു.
'വികസിത് ഭാരത് യുവ നേതൃസംവാദ"ത്തിന്റെ ശക്തി അതിന്റെ വ്യാപ്തിയിൽ മാത്രമല്ല, രൂപകല്പനയിലുമാണ്. ചിന്ത, ഭാഷ, സംസ്കാരം, ജീവിതാനുഭവം എന്നിവയുടെ വൈവിദ്ധ്യം ഈ സംരംഭത്തിന്റെ ഘടനയിൽത്തന്നെ ഉൾച്ചേർന്നിരിക്കുന്നു. നഗര- ഗ്രാമ ഭേദമില്ലാതെ ഇന്ത്യയിലെ യുവാക്കൾ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, നൂതനാശയക്കാർ, ഗ്രാമീണ നേതാക്കൾ അടക്കമുള്ളവർ ഒരു പൊതുവേദിയിൽ ഒന്നിക്കുന്നു. സംവാദത്തിന്റെ വിവിധ ഘട്ടങ്ങൾ ആശയങ്ങളെ ചർച്ചയുടെയും അഭിപ്രായ വിനിമയത്തിന്റെയും വഴിയിലൂടെ മെച്ചപ്പെടുത്തുന്നു; പങ്കാളിയാകുന്ന ഓരോ യുവാവിനും സ്വന്തം ശബ്ദം ഉച്ചത്തിൽ ഉയർത്താനുള്ള വേദി സംവാദത്തിലൂടെ ലഭിക്കുന്നതായി അനുഭവപ്പെടുന്നു.
ദേശീയ യുവജന സമ്മേളനത്തിന്റെ ആദ്യ പതിപ്പിന്റെ വ്യാപ്തി വികസിത ഭാരതമെന്ന അഭിലാഷത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. സമ്മേളനത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ വികസിത് ഭാരത് ക്വിസിൽ 50 ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തതിലൂടെ, ഇത്തരത്തിലുള്ള ഏറ്റവും വലിയ യുവജന പ്രവർത്തനങ്ങളിൽ ഒന്നായി ഇത് മാറി. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പങ്കാളികൾ ദേശീയതലത്തിലെയും ആഗോളതലത്തിലെയും പ്രമുഖരുമായി ഇടപഴകുകയും, പ്രായോഗിക വീക്ഷണങ്ങളെയും ആശയങ്ങളെയും ആധാരമാക്കി വിഷയങ്ങളെയും ഭൂമിശാസ്ത്ര പരിധികളെയും മറികടക്കുകയും ചെയ്തു.
എന്നിരുന്നാലും, 'വികസിത് ഭാരത് യുവ നേതൃസംവാദ"ത്തെ സത്യത്തിൽ വ്യത്യസ്തമാക്കുന്നത്, അത് നമ്മുടെ യുവശക്തിക്ക് സംസാരിക്കാനും കേൾക്കാനും ഒരു സജീവ അവസരം നൽകുന്നു എന്നതാണ്. യുവ ഇന്ത്യക്കാർക്ക് അവരുടെ ആശയങ്ങൾ, അഭിലാഷങ്ങൾ, പരിഹാരങ്ങൾ എന്നിവ പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കുവയ്ക്കാനുള്ള അവസരം ഈ വേദി ഒരുക്കുന്നു. സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു കൊണ്ട്, ദേശീയ യുവജനദിനമായി ആചരിക്കുന്ന ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തിൽ യുവജനങ്ങളുമായി നേരിട്ട് സംവദിക്കുകയും, ഭാവി ഇന്ത്യ എങ്ങനെ രൂപപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നുവെന്ന് കേൾക്കുകയും, അവരുടെ ആശയങ്ങളെ വിലയിരുത്തുകയും ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ധൈര്യപൂർവം ചിന്തിക്കാനും ആശയങ്ങളെ യഥാർത്ഥ പ്രവർത്തന ഉപാധികളാക്കി മാറ്റുന്നതിനുള്ള ദൃഢനിശ്ചയം പുലർത്താനും കഴിയുന്ന യുവാക്കളെ രാജ്യത്തിന്റെ മുന്നേറ്റത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. സംഭാഷണത്തിനുള്ള ഒരു വേദി എന്നതിലുപരി, യുവ ഇന്ത്യക്കാരെ മുന്നിൽ നിന്ന് നയിക്കാനും, ദേശീയ വെല്ലുവിളികളെ നേരിടാനും, വികസിത ഭാരതം നിർമ്മിക്കാനായി അവരുടെ അഭിലാഷങ്ങളെ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനും ആഹ്വാനം ചെയ്യുന്ന പ്രചാരണമാണ് 'വികസിത് ഭാരത് യുവ നേതൃസംവാദം." നയിക്കാൻ ആത്മവിശ്വാസവും സേവിക്കാൻ പ്രതിബദ്ധതയും ഉള്ളവരിലൂടെ മാത്രമേ വികസിത ഭാരതം കെട്ടിപ്പടുക്കാനാകൂ. ഇന്ത്യയുടെ യുവതലമുറ അതിന് സജ്ജമാണ്.
(കേന്ദ്ര യുവജനകാര്യ, കായിക മന്ത്രിയാണ് ലേഖകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |