എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നതോടെ ദീർഘകാലമായി കേട്ടുകൊണ്ടിരിക്കുന്ന ശബരിമല വിമാനത്താവള പദ്ധതി യാഥാർത്ഥ്യത്തോട് കൂടുതൽ അടുക്കുകയാണ്. പ്രവാസികൾ ഏറെയുള്ള മദ്ധ്യകേരളത്തിന് പ്രയോജനകരമാകുന്ന പദ്ധതി എന്നതിനപ്പുറം വിനോദസഞ്ചാര മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും ഇത് ഉപകരിക്കും. ഇനിയും നിരവധി കടമ്പകൾ കടക്കാനുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറങ്ങിയത് സുപ്രധാന വഴിത്തിരിവായി കണക്കാക്കാം.
വിവിധ കേന്ദ്രവകുപ്പുകളുടെ ഔപചാരിക അനുമതികൾ സമയബന്ധിതമായി നേടാൻ കഴിഞ്ഞാൽ എരുമേലി വിമാനത്താവളം മൂന്നുവർഷംകൊണ്ടു പൂർത്തിയാക്കാൻ സാധിക്കും. കൊച്ചി, കണ്ണൂർ വിമാനത്താവള മാതൃകയിൽ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാകും വിമാനത്താവളം നിർമ്മിക്കുന്നത്. ബിലീവേഴ്സ‌് ചർച്ച് കൈവശം വച്ചുകൊണ്ടിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റാണ് പ്രധാനമായും എയർപോർട്ടിനായി ഏറ്റെടുക്കുന്നത്. 2263 ഏക്കർ വരും ഇത്. ശേഷിക്കുന്ന ഭൂമി എസ്‌റ്റേറ്റിനു പുറത്തുനിന്നുള്ളതാണ്. ഭൂമി സംബന്ധമായി ബിലീവേഴ്സ് ചർച്ചുമായി സബ് കോടതിയിൽ കേസ് നിലനിൽക്കുകയാണ്. അതിന്റെ തീർപ്പ് സർക്കാരിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള പദ്ധതിയുമായി നീങ്ങുന്നത്. എസ്‌റ്റേറ്റിലെ റബർ മരങ്ങൾ മാത്രം വെട്ടിമാറ്റി റൺവേയ്ക്കും വിമാനത്താവളത്തിനും ആവശ്യമായ കെട്ടിടങ്ങളും നിർമ്മിക്കാനാകും. മറ്റു പരിസ്ഥിതി ദോഷമൊന്നുമില്ലാത്തതിനാൽ വലിയ എതിർപ്പുകൾക്കു സാദ്ധ്യതയില്ലെന്നു കരുതാം. നേരത്തെ തുടങ്ങിവച്ച ആറന്മുള വിമാനത്താവള പദ്ധതി പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണല്ലോ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടത്. എരുമേലി വിമാനത്താവളത്തിന് ആ ദുർഗതി ഉണ്ടാവില്ലെന്നു കരുതാം.
പ്രതിവർഷം മൂന്നു കോടിയോളം ശബരിമല തീർത്ഥാടകരെത്തുന്ന സംസ്ഥാനത്ത് പമ്പയിൽനിന്ന് 45 കിലോമീറ്റർ മാത്രം അകലെ സർവസജ്ജമായ ഒരു വിമാനത്താവളം വരുന്നത് ഒട്ടേറെ പുതിയ സാദ്ധ്യതകളാണ് തുറന്നിടുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലുള്ളവർക്കൊപ്പം ശബരിമല തീർത്ഥാടകർക്കും ഇത് പ്രയോജനം ചെയ്യും. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനത്ത് നാലാമതൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാംഗത്യം സംശയിക്കുന്നവർ ഉണ്ടാകും. പതിവുപോലെ ഏതു വികസന പദ്ധതിക്കും എതിരെ വാളോങ്ങാൻ നിൽക്കുന്നവർക്കും കുറവുണ്ടാകില്ല. എന്നാൽ ചെറുതും വലുതുമായ ഏതു വികസനപദ്ധതിയും നാടിനും നാട്ടുകാർക്കും അഭിവൃദ്ധിയാണ് സമ്മാനിക്കുക എന്നു ബോദ്ധ്യമുണ്ടെങ്കിൽ അതിനായി ഒട്ടേറെപ്പേർ മുന്നോട്ടുവരികതന്നെ ചെയ്യും. മദ്ധ്യകേരളത്തിന്റെയും ഹൈറേഞ്ചിന്റെയും സ്വന്തം വിമാനത്താവളമെന്ന നിലയ്ക്ക് എരുമേലി വിമാനത്താവളത്തിന് വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്ന് തീർച്ചയാണ്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ പാർക്കുന്ന പ്രവാസികൾ ഏറെയുള്ളതും ഈ മേഖലയിലാണ്. മദ്ധ്യകേരളത്തിന് പുതിയൊരു വികസനപാതയാകും നിർദ്ദിഷ്ട വിമാനത്താവളം ഒരുക്കുക. ആകാശയാത്ര സുഗമവും എളുപ്പവുമാകും എന്നതിനപ്പുറം ഇവിടെ വിളയുന്ന മലഞ്ചരക്കുകളുടെ കയറ്റുമതിക്കും ഈ വിമാനത്താവളം പ്രയോജനപ്പെടും.
എല്ലാറ്റിനുമുപരി ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തു പകരുന്ന സംരംഭം കൂടിയാകും ഇത്. നിലവിലുള്ള വിമാനത്താവളങ്ങളിലെ റൺവേയെക്കാളധികം ദൈർഘ്യത്തിലാകും ശബരിമല വിമാനത്താവളത്തിലെ റൺവേ എന്നതിനാൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. ശബരിമല വിമാനത്താവളത്തിനായി ഇനി പ്രത്യേക കമ്പനി രൂപീകരിച്ച് നിക്ഷേപം കണ്ടെത്തുക എന്നതാണ് അടുത്ത പടി. ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര പരിചയമുള്ളതിനാൽ നടപടിക്രമങ്ങൾ വേഗത്തിൽ മുന്നോട്ടു നീക്കാനാകും. സംസ്ഥാനത്തുടനീളം നടന്നുവരുന്ന ഹൈവേ വികസന പദ്ധതികൾ മൂന്നുവർഷത്തിനകം പൂർത്തീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗതാഗത മേഖലയിൽ പുതിയാരു വിപ്ളവം തന്നെയാകുമത്. ഇതോടൊപ്പം ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ യാത്രസൗകര്യങ്ങളുടെ കാര്യത്തിൽ അഭിമാനപൂർവം തലയുയർത്തി നിൽക്കാൻ കേരളത്തിനു കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |