ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ രാവിലെ എത്തി ഹാജർ വച്ചശേഷം മുങ്ങുന്നവരെ പൂട്ടാൻ ഏപ്രിൽ ഒന്നുമുതൽ പുതിയ സംവിധാനം വരികയാണ്. ജീവനക്കാർക്കു മാത്രമല്ല സന്ദർശകർക്കും കർക്കശ നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഭരണകക്ഷി യൂണിയൻ ഉൾപ്പെടെ പുതിയ സംവിധാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ടെങ്കിലും തീരുമാനം നടപ്പാക്കുന്നതിൽ മാറ്റമില്ലെന്നാണ് സർക്കാർ നിലപാട്. ജീവനക്കാർ പഞ്ച് ചെയ്ത് അകത്തു പ്രവേശിച്ചുകഴിഞ്ഞാൽ പുറത്തുപോകുന്നതിന് കർശന നിയന്ത്രണമുണ്ടാകും. യന്ത്രസംവിധാനം വഴിയാകും നിയന്ത്രണം. ഓരോ തവണ പുറത്തുപോകുമ്പോഴും യന്ത്രം അതു രേഖപ്പെടുത്തും. പുറത്തുപോയി മടങ്ങിയെത്താൻ അരമണിക്കൂറിലധികം എടുത്താൽ ആ ദിവസം ലീവായി കണക്കാക്കും. ബയോമെട്രിക് ഹാജരുമായി ബന്ധിപ്പിക്കുന്നതിനാൽ കൃത്രിമങ്ങൾക്ക് സാദ്ധ്യതയുണ്ടാവില്ല.
രണ്ടുമാസത്തെ പരീക്ഷണങ്ങൾക്കുശേഷം സ്ഥിരം സംവിധാനമാക്കും. പുതിയ സംവിധാനത്തിനെതിരെ സംഘടനകൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നതിനാൽ വഴങ്ങുകയല്ലാതെ മറ്റു മാർഗമില്ലെന്നതു ഉറപ്പാണ്. ഏറെ ചർച്ചകൾക്കും എതിർപ്പുകൾക്കും ശേഷം കൊണ്ടുവന്ന പഞ്ചിംഗ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. രാവിലെയും വൈകിട്ടും ജീവനക്കാർ പഞ്ച് ചെയ്യണമെന്നാണ് നിബന്ധന. എന്നാൽ രാവിലെ പഞ്ച് ചെയ്തശേഷം സീറ്റിലിരിക്കാതെ പുറത്തുപോകാനാവും. വൈകിട്ട് പഞ്ചിംഗിന് മുമ്പ് ഹാജരായി ഹാജർ രേഖപ്പെടുത്തുകയുമാകാം. പണിയെടുക്കാതെ മുങ്ങുന്നവരെ പിടികൂടാനാണ് അക്സസ് കൺട്രോൾ സിസ്റ്റം എന്ന പേരിലുള്ള പുതിയ സംവിധാനം പരീക്ഷിക്കുന്നത്. ഓരോ തവണ ജീവനക്കാർ പുറത്തുപോകുമ്പോഴും അത് യന്ത്രം രേഖപ്പെടുത്തുമെന്നതിനാൽ സമാധാനം ബോധിപ്പിക്കേണ്ടിവരും.
ഏതു സർക്കാർ ഓഫീസിലും പ്രവൃത്തിസമയത്തെ ഒഴിഞ്ഞ കസേരകൾ എല്ലാക്കാലത്തും വിമർശന വിധേയമാകാറുണ്ട്. ജോലിചെയ്യാതെ ഉഴപ്പിനടക്കുന്ന ജീവനക്കാരെ നിയന്ത്രിക്കാൻ മേലധികാരികൾക്കുപോലും കഴിയാറില്ല. തീരുമാനം കാത്ത് ഫയൽ കൂമ്പാരം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവനക്കാരുടെ ഭാഗത്തു കാണുന്ന കൃത്യവിലോപം തന്നെയാണ്. തീർപ്പുകാത്തുകിടക്കുന്ന ഫയലുകൾക്ക് മലയുടെ ഉയരമാകുമ്പോൾ ഇടയ്ക്കിടെ ഫയൽ തീർപ്പാക്കൽ യജ്ഞം നടത്താറുണ്ട്. അതിനുശേഷവും കുടിശിക ഫയലുകൾക്ക് വലിയ കുറവൊന്നുമുണ്ടാകാറില്ലെന്നതാണ് വസ്തുത. സെക്രട്ടേറിയറ്റിൽ മാത്രം ഇത്തരത്തിൽ രണ്ടുലക്ഷം ഫയലുകളെങ്കിലും കാണുമെന്നാണ് അനുമാനം. സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ ഓഫീസുകളിൽ അവ പത്തുലക്ഷത്തിലധികം വരും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ഫയലുകളിൽ തളച്ചിടപ്പെടുന്നതിന്റെ ദയനീയ ചിത്രങ്ങൾ ഇവ പരിശോധിച്ചാൽ കാണാനാവും. ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് നല്ല ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‌കി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. എന്നാൽ അർപ്പണബോധവും ആത്മാർത്ഥതയും സേവനസന്നദ്ധതയും കാലം ചെല്ലുന്തോറും കുറഞ്ഞുവരികയാണ്. സേവനം തേടി എത്തുന്നവരെ നിസാര കാരണങ്ങൾ വരെ ചൂണ്ടിക്കാണിച്ച് മടക്കി വിടാനാകും താത്പര്യം. നിയമവും സർക്കാരാഫീസുകളിലെ രീതിയുമൊക്കെ അറിയാത്ത സാധാരണക്കാരാകും പലപ്പോഴും ഇതിൽ പെട്ടുപോവുക.
പ്രവൃത്തിസമയത്ത് കൃത്യമായി പണിയെടുക്കാൻ വേണ്ടിയാണ് ജീവനക്കാർക്ക് സർക്കാർ ശമ്പളം നല്‌കുന്നത്. ജോലിസമയത്ത് കൃത്യമായി സീറ്റിൽത്തന്നെ കാണണമെന്നത് സേവന വ്യവസ്ഥയിലെ പ്രഥമവും പ്രധാനവുമായ ഇനമാണ്. പ്രവൃത്തിസമയത്ത് മറ്റു കാര്യങ്ങൾക്കായി മുങ്ങുന്നവരെ നിയന്ത്രിക്കാൻ ഏർപ്പെടുത്തുന്ന പുതിയ സംവിധാനം ജീവനക്കാരെ ചങ്ങലയിൽ തളച്ചിടുന്നതിനു തുല്യമാണെന്ന സംഘടനയുടെ ആക്ഷേപത്തോട് പൊതുജനങ്ങൾ യോജിക്കില്ല. കാരണം സീറ്റിൽ ജീവനക്കാരില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരുംതന്നെ കാണുകയില്ല. അതുകൊണ്ട് എതിർപ്പുകൾ മറികടന്നും ജീവനക്കാരെ തങ്ങളുടെ ഇരിപ്പിടങ്ങളിൽ പിടിച്ചിരുത്താൻ സർക്കാർ കൈക്കൊള്ളുന്ന ഏതു നടപടിക്കും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഉറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |