SignIn
Kerala Kaumudi Online
Saturday, 02 August 2025 1.21 AM IST

ഗുരുക്കന്മാരോട് ചെയ്യരുതാത്തത്

Increase Font Size Decrease Font Size Print Page

photo

സമൂഹം പിന്നീട് നെഞ്ചേറ്റുന്ന ചില നന്മകളുടെ പേരിലായിരുന്നു കഴിഞ്ഞ കാലങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ പ്രകീർത്തിക്കപ്പെട്ടിരുന്നതും ആദരവ് നേടിയിരുന്നതും. കഷ്ടമെന്നല്ലാതെ എന്തുപറയട്ടെ ഇപ്പോൾ ദുഷ്ടമനസുള്ളവർപോലും ചെയ്യാൻ മടിക്കുന്ന പ്രവൃത്തികൾ ഒരു മനസീക്ഷിക്കുത്തുമില്ലാതെ ചെയ്യുന്നതിന്റെ പേരിലാണ് അവർ വാർത്തകളിൽ നിറയുന്നത്. തിരുവനന്തപുരം സർക്കാർ ലാ കോളേജിൽ അരങ്ങേറിയ സംഭവം ഇതിനു ദൃഷ്ടാന്തമാണ്. പ്രിൻസിപ്പൽ ഉൾപ്പെടെ ഇരുപത് അദ്ധ്യാപകരെയാണ് എസ്.എഫ്.ഐക്കാർ ഒൻപതു മണിക്കൂർ മുറിയിൽ പൂട്ടിയിട്ടത്. ഗുരുഭൂതരെന്ന പരിഗണന പോകട്ടെ സഹജീവികളെന്ന പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ ... ആഹാരം വെള്ളവും മാത്രമല്ല ഉപരോധത്തിന്റെ അവസാന ഘട്ടത്തിൽ വെളിച്ചം പോലും നിഷേധിച്ച് അദ്ധ്യാപകരെ ഒന്നടങ്കം ഇത്തരത്തിൽ തടങ്കൽപ്പാളയത്തിലെന്നവണ്ണം പീഡിപ്പിക്കാൻ മാത്രം അവർ എന്തു ദ്രോഹമാണ് ചെയ്തത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളുണ്ടാകാത്ത ഒരു കലാലയവുമുണ്ടാകില്ല. അത്തരം സംഭവങ്ങൾ അതിരുവിടുന്ന ഘട്ടങ്ങളിൽ ചിലപ്പോൾ സസ്‌പെൻഷൻ ഉൾപ്പെടെ അച്ചടക്ക നടപടികളെടുക്കുന്നതും സ്വാഭാവികം. തുടർന്ന് പഠിപ്പുമുടക്ക് പോലുള്ള സമരമുറകൾ അരങ്ങേറാറുണ്ട്. എന്നാൽ അതിന്റെ പേരിൽ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും മണിക്കൂറുകൾ ബന്ദികളാക്കുന്നതും ദാഹജലം പോലും നല്‌കാതെ കൊല്ലാക്കൊല ചെയ്യുന്നതും അസാധാരണമായ കാര്യമാണ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിമുതൽ അർദ്ധരാത്രിവരെ അദ്ധ്യാപകരെ സ്റ്റാഫ് കൗൺസിൽ യോഗം നടന്ന മുറിയിൽ അടച്ചിട്ട് പുറത്ത് കാവൽ നിന്നവരുടെ കൂട്ടത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കു കൂട്ടായി പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നുവത്രെ. ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്ന അദ്ധ്യാപിക അനാരോഗ്യം കാരണം പുറത്തുപോകണമെന്നു ശഠിച്ചപ്പോൾ അവരെ കായികമായി നേരിടുകയാണു ചെയ്തത്. ഒന്നര പതിറ്റാണ്ടോളമായി അവിടെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയോടുള്ള മനോഭാവം ഇതാണെങ്കിൽ സമൂഹത്തോടും ജനങ്ങളോടുമുള്ള സമീപനം ഏതുവിധത്തിലാകുമെന്ന് ഉൗഹിക്കാം.

മാതൃകാപരമായ പ്രവൃത്തികളുടെ പേരിൽ സമൂഹത്തിൽ പേരും പെരുമയും എഴുതിച്ചേർത്തിട്ടുള്ള ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഇത്തരത്തിൽ ഒരപചയം വരുന്നത് എന്തുകൊണ്ടാണെന്ന് തലപ്പത്തുള്ളവരെങ്കിലും ചിന്തിക്കേണ്ട സമയമാണിത്. ലാ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ അതിരുവിട്ട നടപടിയെ അപലപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നോട്ടുവന്നു എന്നതുമാത്രമാണ് ഇരുളടഞ്ഞ ഈ ഏടിൽ ആകെ കാണുന്ന വെള്ളിവെളിച്ചം. കൃത്യത്തെ അപലപിച്ചതുകൊണ്ടു മാത്രമായില്ല. തെറ്റുകാണിച്ച പ്രവർത്തകരെ മാതൃകാപരമായി ശിക്ഷിക്കാനും നടപടിയുണ്ടാകണം.

കോളേജിലെന്നല്ല എവിടെ അക്രമസംഭവങ്ങളുണ്ടായാലും പൊലീസിനെ വിളിച്ചുവരുത്തി അക്രമികൾക്കെതിരെ നടപടിയെടുക്കാൻ അമാന്തം കാണിക്കരുത്. കാമ്പസിൽവച്ച് വിദ്യാർത്ഥികളെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് കാണേണ്ടിവരുമല്ലോ എന്നു കരുതിയാണത്രെ പൊലീസിനെ ഇടപെടുത്താതിരുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി കണ്ടു. യഥാസമയം പൊലീസിനെ വിളിച്ചിരുന്നെങ്കിൽ ഒൻപതു മണിക്കൂർ യാതന അനുഭവിക്കേണ്ടിവരുമായിരുന്നില്ല.

സ്വന്തം വിദ്യാർത്ഥികളായാലും അരുതാത്ത പ്രവൃത്തികൾ ക്ഷമാപൂർവം സഹിക്കേണ്ട കാര്യമില്ല. മാത്രമല്ല അക്രമപ്രവൃത്തികളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണത്. തങ്ങൾക്കു നേതൃത്വമുള്ള സർക്കാരാണ് അധികാരത്തിലിരിക്കുന്നതെന്ന ഹുങ്കാണ് ഇതുപോലുള്ള പല നടപടികൾക്കും ഭരണാനുകൂല സംഘടനകളെ പ്രേരിപ്പിക്കുന്നത്. ഫലത്തിൽ സർക്കാരിനെ ഇത്തരം ചെയ്തികളിലൂടെ ഇവർ അപകീർത്തിപ്പെടുത്തുകയാണു ചെയ്യുന്നത്.

TAGS: SFI ATTACK TEACHERS IN LAW COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.