ദേവികുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത ഹൈക്കോടതി ഉത്തരവ് ഇടുക്കി ജില്ലയിലെ ഇടതുപക്ഷത്തിന് കനത്ത പ്രഹരമായി. സംവരണ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ ഉണ്ടാകേണ്ടിയിരുന്ന സൂക്ഷ്മത നേതൃത്വത്തിൽ നിന്നുണ്ടായില്ലെന്ന വിമർശനം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നു തുടങ്ങി. ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണം നേടി മികവ് തെളിയിച്ച ജില്ലാ നേതൃത്വത്തിന്റെ തിളക്കത്തിന് കോട്ടം തട്ടുന്നതായി ഹൈക്കോടതി വിധി. ജില്ലയിലെ ബഫർസോൺ, നിർമ്മാണ നിരോധനനിയമം, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ ഭരണവിരുദ്ധ വികാരം ശമിപ്പിക്കാനുള്ള ശ്രമങ്ങളുമായി ലോക്‌സഭാ തിരഞ്ഞടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ഇത്തരമൊരു പ്രതിസന്ധിയും വന്നുപെട്ടത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ രാജ തെറ്റായ ജാതിരേഖകളാണ് സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയെ സമീപിക്കാനായി വിധിക്ക് താത്കാലിക സ്റ്റേ ലഭിച്ചത് ആശ്വാസമാണ്.
അന്നും ഇന്നും ചരിത്ര മണ്ഡലം
തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ കേരളത്തിൽ ആദ്യമായി അയോഗ്യയാക്കിയ ചരിത്ര മണ്ഡലമാണ് ദേവികുളം. 1957ൽ ആദ്യ നിയമസഭയിൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐയിലെ റോസമ്മ പുന്നൂസിനെയാണ് അയോഗ്യയാക്കിയത്. നാമനിർദ്ദേശ പത്രിക അകാരണമായി തള്ളിയെന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാതിയിൽ കോട്ടയം ട്രൈബ്യൂണലിന്റേതായിരുന്നു വിധി. അന്ന് ട്രൈബ്യൂണലായിരുന്നു അത്തരം കേസുകൾ പരിഗണിച്ചിരുന്നത്. 1957 നവംബർ 14നായിരുന്നു വിധി. കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസായിരുന്നു അത്. ഇതിനെതിരെ റോസമ്മ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായില്ല. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ റോസമ്മ തന്നെ വിജയിച്ചു. 1958 ജൂൺ 30ന് വീണ്ടും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് സി.പി.ഐയും സി.പി.എമ്മും മണ്ഡലം മാറി മാറി പ്രതിനിധീകരിച്ചു. ദേവികുളം സി.പി.എം കൈവശമാക്കുന്നത് 1970ൽ ജി. വരദരാജനിലൂടെയാണ്. 1977ൽ മണ്ഡലം കോൺഗ്രസ് പിടിച്ചു. 80ൽ സി.പി.എം തിരിച്ചുപിടിച്ചു. 1991ൽ കോൺഗ്രസിലെ എ.കെ.മണി സി.പി.എമ്മിൽ നിന്ന് മണ്ഡലം സ്വന്തമാക്കി. പിന്നീട് മൂന്ന് ടേം മണിയായിരുന്നു എം.എൽ.എ. 2006ലാണ് എസ്. രാജേന്ദ്രൻ കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നത്. മൂന്ന് തവണ രാജേന്ദ്രൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ജാതിയാണ് പ്രധാനം
മണ്ഡലത്തിലെ വോട്ടർമാരിൽ 62 ശതമാനവും തമിഴ് വംശജരാണ്. മണ്ഡലത്തിലെ 12ൽ ഏഴ് പഞ്ചായത്തുകളിലും ഇവരാണ് ഭൂരിപക്ഷം. അതിനാൽ തമിഴ്‌നാട്ടിലെ പോലെ തിരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങൾക്കും നിർണായക പങ്കുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം മത്സരിച്ച മറ്റെല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും ദേവികുളത്തെ സ്ഥാനാർത്ഥി നിർണയം വൈകിയത്.
തമിഴ് വംശജരാണ് തുടർച്ചയായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എങ്കിലും അവർക്കിടയിലെ ജാതി വേർതിരിവുകൾ വിജയത്തിൽ നിർണായക ഘടകമാകാറുണ്ട്. അതിൽ തന്നെ പള്ളർ, പറയർ സമുദായങ്ങളാണ് ഏറെ നിർണായകം. ഈ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ളവരാകും ഇരുമുന്നണിയിലെയും സ്ഥാനാർത്ഥികൾ. എതിർസ്ഥാനാർത്ഥി ആരെന്നറിഞ്ഞ് അതേ സമുദായക്കാരനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എം തന്ത്രപൂർവം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്. രാജയ്ക്കൊപ്പം പള്ളർ സമുദായത്തിൽ നിന്നുള്ള ആർ.ഈശ്വരനെയും പാർട്ടി പരിഗണിച്ചിരുന്നു. കോൺഗ്രസ് പറയർ സമുദായത്തിൽ നിന്നുള്ള ഡി.കുമാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് രാജയ്ക്ക് നറുക്ക് വീണത്.
രാജേന്ദ്രന് പകരം രാജ
മണ്ഡലം കോൺഗ്രസിൽ നിന്ന് തിരികെ പിടിച്ച് മൂന്ന് തവണ തുടർച്ചയായി എം.എൽ.എയായ എസ്. രാജേന്ദ്രനെ മാറ്റി എ. രാജയെ തന്നെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വത്തിന്റേതായിരുന്നു. രാജേന്ദ്രൻ ഒരു വട്ടം കൂടി സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചെങ്കിലും പാർട്ടിയുടെ പൊതുമാനദണ്ഡം എതിരായി. പകരമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ രാജയ്ക്ക് സീറ്ര് നൽകിയത്. എം.എം. മണിയടക്കമുള്ളവരുടെ പിന്തുണയും രാജയ്ക്കുണ്ടായിരുന്നു. രാജയെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ പാർട്ടി ജില്ലാ നേതൃത്വവുമായി രാജേന്ദ്രൻ ഇടഞ്ഞു. 2016ൽ രാജേന്ദ്രന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ നേടിയെങ്കിലും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ രാജ ഏറെ പിന്നിലായിരുന്നു. രാജേന്ദ്രന്റെ സ്വാധീന മേഖലകളായിരുന്നു ഇവയെല്ലാം. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് വിവിധ ഘടകങ്ങൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ലെന്നും പറയണമെന്ന് നേതാക്കൾ നിർദ്ദേശിച്ചിട്ട് അനുസരിച്ചില്ലെന്നും പരാതി ഉയർന്നു. അതു ശരിവച്ച് പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് എം.എം. മണി രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മിൽ കനത്ത വാക്‌പോര് നടന്നിരുന്നു. പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. രാജേന്ദ്രൻ പാർട്ടിയെ വെല്ലുവിളിക്കുന്നത് തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതിവിധി.
തുടക്കം തന്നെ പിഴച്ചു
സത്യപ്രതിജ്ഞ തെറ്റിച്ച് ചൊല്ലിക്കൊണ്ടായിരുന്നു ദേവികുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ എ.രാജയുടെ തുടക്കം. ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ച് ദിവസം സഭയിലിരുന്നതിന് ദിവസം 500 രൂപ വച്ച് 2500 രൂപ പിഴയൊടുക്കേണ്ടിയും വന്നു. 2021 മേയ് 25നായിരുന്നു സത്യപ്രതിജ്ഞ. ദേവികുളത്തെ തമിഴ് ജനതയോടുള്ള കൂറ് പ്രകടിപ്പിക്കാൻ തമിഴിൽ സഗൗരവം പ്രതിജ്ഞ ചെയ്യാനായിരുന്നു രാജയുടെ തീരുമാനം. എന്നാൽ ,സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ സഗൗരവമെന്നോ, ദൈവനാമത്തിലെന്നോ പറഞ്ഞില്ല. സഗൗരവത്തിന് തുല്യ തമിഴ് പദമായ 'ഉള്ളാർന്ത്' അല്ലെങ്കിൽ 'ഉളമാറ്' എന്നായിരുന്നു പറയേണ്ടിയിരുന്നത്. തുടർന്ന്, സ്പീക്കർ എം.ബി. രാജേഷ് നിയമസഭാ സെക്രട്ടേറിയറ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നിയമവകുപ്പ് വിവർത്തനം ചെയ്തതിലെ പിഴവായിരുന്നു കാരണമെന്ന് കണ്ടെത്തി. ജൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |