SignIn
Kerala Kaumudi Online
Thursday, 19 September 2024 2.51 PM IST

ഗുഗ്ഗുളുവിൽ വീണത് അരലക്ഷം

Increase Font Size Decrease Font Size Print Page

ss

കൈനിറയെ കാശും സമ്പത്തും വേണം, ദോഷങ്ങൾ പമ്പകടക്കണം. ആരോഗ്യവും കരുത്തും വേണം. അതിനെന്തു വേണമെങ്കിലും ചെയ്യാം.. ഇലന്തൂരിലെ ഇരട്ട നരബലിക്കേസിലെ രണ്ടാംപ്രതി ഭഗവൽ സിംഗും ഭാര്യ ലൈലയും മന്ത്രവാദി പരിവേഷത്തിലെത്തിയ മുഹമ്മദ് ഷാഫിയോട് ഇത് പറയുമ്പോൾ മനസിലൊളിപ്പിച്ച കുതന്ത്രം വിജയിച്ചതിന്റെ ത്രില്ലിലായിരുന്നു ഷാഫി. കൈവരാൻ പോകുന്ന പണവും പലരെയും ലൈംഗികമായി ദുരുപയോഗിക്കാനുള്ള അവസരവുമായിരുന്നു അയാളെ ആഹ്ളാദിപ്പിച്ചത്. എന്തും ചെയ്യാമെന്നേറ്റ ഭഗവൽസിംഗിനെ പോലും ഇല്ലാതാക്കാൻ ഇയാൾ പദ്ധതിയിട്ടത് പണത്തോടുള്ള ആർത്തികൊണ്ടുതന്നെ. പക്ഷേ അതിന് മുമ്പേ പിടിവീണു. തട്ടിപ്പുമായി ഇറങ്ങുന്ന മന്ത്രവാദികളുടെ ലക്ഷ്യം പണവും മറ്റ് ദുരുദ്ദേശങ്ങളും മാത്രമാണ്. എല്ലാ മതവിഭാഗങ്ങളിലും ഇത്തരം മന്ത്രവാദികളും സിദ്ധന്മാരുമുണ്ട്. പണത്തിനായി അവർ അടവുകൾ പലതും പയറ്റും. ആഭിചാരത്തിൽ വിശ്വസിച്ച്, അതിനുവേണ്ടി ജീവനെടുക്കാൻ കൂട്ടുനിൽക്കുന്നവർ ഇത് തിരിച്ചറിയുന്നില്ല. ഇരകളെ പറഞ്ഞ് മയക്കി തങ്ങളുടെ ഒപ്പമെത്തിക്കാൻ വിരുതന്മാരാണ് തട്ടിപ്പ് മന്ത്രവാദികൾ.

ഒരൊറ്റ ഡയലോഗ്

പത്താംക്ലാസിൽ പഠിക്കുന്ന മകൾക്ക് പ്രേതബാധ സംശയിച്ച കണ്ണൂർ സ്വദേശികളായ മാതാപിതാക്കൾ പേരുകേട്ട ഉസ്താദിനെ കാണാൻ തീരുമാനിച്ചു. ഏകമകൾക്കുണ്ടായ ദുരിതം എങ്ങനെയെങ്കിലും മാറ്റിയെടുക്കണമെന്ന് മാത്രമായിരുന്നു അവരുടെ മനസിൽ. നീണ്ടനിരയിൽ അവരും സ്ഥാനംപിടിച്ചു. പല ആവശ്യങ്ങളുമായി ഉസ്താദിനെ കാണാനെത്തിവർ ഏറെയായിരുന്നു അവിടെ. ഊഴമെത്തിയപ്പോൾ കാര്യം അവതരിപ്പിച്ചു. ആരും അറിയരുതെന്ന് കൂടിപ്പറഞ്ഞതോടെ കണ്ണൂരിലെ ഒരു ഉൾഗ്രാമത്തിൽനിന്ന് പണ്ടെങ്ങോ നാടുവിട്ട ഉസ്താദിന്റെ മനസിൽ ലഡു പൊട്ടി. കുട്ടിയെ വീട്ടിലെത്തിക്കാൻ നിർദ്ദേശിച്ചു. തൊട്ടടുത്ത ദിവസം കുട്ടിയുമായി മാതാപിതാക്കളെത്തി. കുട്ടിയുടെ തലയിൽ കൈവച്ച് ഉസ്താദ് മന്ത്രം ചൊല്ലി. 'ജംബൂഫലാനി പക്വാനി, വിമലജലേ പദന്തി, കപികമ്പിത ശാഖാഗ്രം, ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു..." ചെവിയിലൊന്ന് ഊതുകയും ചെയ്തു. എവിടെയോ കേട്ട സിനിമ ഡയലോഗല്ലേ ഇതെന്ന് മാതാപിതാക്കൾക്ക് സംശയം തോന്നിയെങ്കിലും കാര്യമാക്കിയില്ല. ഉറക്കെയുള്ള മന്ത്രത്തിൽ എന്തൊക്കെയോ ഫലമുണ്ടായെന്ന് ആ പാവങ്ങൾ കരുതി. ആവശ്യപ്പെട്ട അരലക്ഷം രൂപ നൽകുകയും ചെയ്തു. കുട്ടിയുടെ പ്രേതബാധ പമ്പകടന്നെന്നായി ഉസ്താദിന്റെ പ്രചരണം. മനോരോഗ വിദഗ്ദ്ധനെ സമീപിച്ചപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. കൃത്യമായ ചികിത്സ കിട്ടിയതോടെ കുട്ടി മിടുക്കിയായി. ഇപ്പോൾ നന്ദനം സിനിമ കാണുമ്പോൾ ഇവർ പരസ്പരം നോക്കി ചിരിക്കും. ജഗതി തട്ടിവിട്ട മന്ത്രമാണല്ലോ, ഉസ്താദും കാച്ചിയത് !

ശിഷ്യൻ മന്ത്രവാദിയായി

സ്റ്റേജിൽ മാജിക്ക് ഷോ തകർക്കുകയാണ്. വായുവിൽനിന്ന് ഭസ്മമെടുക്കുന്ന വിദ്യയ്ക്ക് കൈയടി ഏറെകിട്ടി. പരിപാടി കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ മജീഷ്യനെ കാണാനെത്തി. വായുവിൽനിന്ന് ഭസ്‌മം എടുക്കുന്നതിന്റെ സാങ്കേതികവശം അറിയണമെന്നും ദക്ഷിണവയ്ക്കാൻ തയ്യാറാണെന്നും അറിയിച്ചു. ദുരാചാരത്തിനെതിരെ പോരാടുകയും ദുർമന്ത്രവാദിയുടെ തട്ടിപ്പുകൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന മജീഷ്യൻ വിദ്യ ചെറുപ്പക്കാരന് കാണിച്ചു കൊടുത്തു. ഒപ്പമൊരു ഉപദേശവും നൽകി. ഇത്തരം തട്ടിപ്പുകളിൽ വീഴരുത്.

വർഷങ്ങൾ ഒത്തിരി മുന്നോട്ടുപോയി. ഒരിടത്ത് പഴയ ശിഷ്യനെക്കണ്ട് മജീഷ്യൻ ഞെട്ടി. കാഷായ വേഷമൊക്കെ ധരിച്ച് അസലൊരു സിദ്ധൻ. ശിഷ്യൻ വായുവിൽനിന്ന് ഭസ്‌മമെടുക്കുന്ന ദിവ്യനും അപാരസിദ്ധിയുള്ള മന്ത്രവാദിയും ആശ്രമവും ശിഷ്യരുമൊക്കെയുള്ള കേമനുമായി മാറിയെന്ന് അന്വേഷിച്ചപ്പോൾ മജീഷ്യൻ അറിഞ്ഞു!

ചോറിലെ ഭൂതം

സ്വർണം കൊണ്ടുപോയി

ഭർത്താവിനും മക്കൾക്കും ചോറുകൊടുക്കാൻ കലം തുറന്നപ്പോഴാണ് അതിലൊരു മരക്കഷണം വീട്ടമ്മ കണ്ടത്. ഉച്ചയൂണ് കഴിഞ്ഞപ്പോൾ ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാകുമെന്ന് പറഞ്ഞതോടെ ചർച്ച അവിടെ അവസാനിപ്പിച്ചു. തൊട്ടടുത്ത ദിവസവും ചോറുകലത്തിൽ മരക്കഷണം. ഓരോ ദിവസവും മരക്കഷണം കിട്ടാൻ തുടങ്ങിയതോടെ വീട്ടുകാർക്ക് ഭയമായി. മരക്കഷണം മാത്രമല്ല, ചുവന്ന പട്ടും കിട്ടി. ഒളിഞ്ഞിരുന്ന് നോക്കിയെങ്കിലും ഇതെങ്ങനെയെന്ന് കണ്ടെത്താനായില്ല.

മന്ത്രവാദിയെ എത്തിച്ചാൽ ചോറിലെ ഭൂതത്തെ തുരത്താമെന്ന കാരണവരുടെ അഭിപ്രായം സ്വീകരിച്ച് ഒരു സിദ്ധനെ വീട്ടിലെത്തിച്ചു. കിട്ടിയ മരക്കഷണമെല്ലാം നോക്കി മന്ത്രവുമെല്ലാം ചൊല്ലി സിദ്ധൻ ഉറപ്പിച്ചുപറഞ്ഞു. കലത്തിൽ ഭൂതം കയറിയിട്ടുണ്ട്. ഒഴിപ്പിക്കാൻ പണം അല്പം ചെലവാക്കേണ്ടിവരും. എട്ട് പവനോളം സ്വർണം വിറ്റായിരുന്നു ക്രിയകൾ ചെയ്തത്. പക്ഷേ ഭൂതം പോയില്ല. നാട്ടുകാർ വിവരമറിഞ്ഞ് കുടുംബത്തിന് കൗൺസലിംഗ് നൽകി. ഇതിലൂടെ കൂട്ടുകുടുംബത്തിലെ ഒരംഗത്തിന് മാനസിക പ്രശ്നമുണ്ടെന്നും ഇവരാണിത് ചെയ്യുന്നതെന്നും കണ്ടെത്തി വിദഗ്ദ്ധ ചികിത്സ നൽകി. അവരിപ്പോൾ ഉന്നത ഉദ്യോഗസ്ഥയാണ്

മന്ത്രമേറ്റില്ല, കൊന്നുതള്ളി

കടുത്ത പനിബാധിച്ച മകളെയും തോളിലിട്ട് യു.പി സ്വദേശിയായ ചെറുപ്പക്കാരൻ ഓടിയത് ആശുപത്രിയിലേക്കായിരുന്നില്ല. ആഭിചാരക്രിയയിൽ പേരെടുത്ത മന്ത്രവാദിയുടെ വീട്ടിലേക്കായിരുന്നു. പനിപിടിച്ച് വിറയ്ക്കുന്ന കുട്ടിക്ക് പ്രേതബാധയുണ്ടെന്നായിരുന്നു മന്ത്രവാദിയുടെ കണ്ടെത്തൽ. ചരട് ജപിച്ചുകെട്ടിയാൽ പ്രശ്നം മാറുമെന്ന് വിശ്വസിപ്പിച്ചു. പൂജിച്ച ചരടിന് നല്ലൊരു തുക വാങ്ങി ചെറുപ്പക്കാരനെ മടക്കി അയച്ചു. വീടെത്തും മുമ്പ് കുട്ടി മരിച്ചു. മന്ത്രവാദിയുടെ അടുത്ത് പോയതിന് ബന്ധുക്കളുടെ പഴിയേറെ കേട്ട ചെറുപ്പക്കാരൻ ദുർമന്ത്രവാദിയെ കൊന്നുതള്ളി നേരെ കേരളത്തിലേക്ക് കടന്നു. പേരും രൂപവും മാറി ഏറെനാൾ എറണാകുളത്ത് കഴിഞ്ഞെങ്കിലും കഴിഞ്ഞവർഷം പൊലീസിന്റെ പിടിവീണു. മന്ത്രവാദിയാണ് മകളുടെ മരണത്തിന് കാരണക്കാരനെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ അയാളെ അന്നുതന്നെ യു.പി പൊലീസ് കൊണ്ടുപോയി.

കേസുകൾ

60ശതമാനം കുറഞ്ഞു

ക‌ർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നടപ്പാക്കിയ അന്ധവിശ്വാസ അനാചാര നിരോധനനിയമം മൂലം അവിടെ 60 ശതമാനത്തോളം മന്ത്രവാദക്കേസുകളും സമാനസ്വഭാവമുള്ള സംഭവങ്ങളും കുറഞ്ഞു. കേരളത്തിലും ഈ നിയമം നടപ്പാക്കണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഗംഗൻ അഴീക്കോട്

സംസ്ഥാന പ്രസിഡന്റ്

കേരള യുക്തിവാദി സംഘം

നാളെ -വീഴ്ത്താൻ കൈയിലുണ്ട് 'ശാസ്ത്രീയ' അടവുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SERIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.