തികച്ചും അപ്രതീക്ഷിതമായ ആരോഹണങ്ങളും അവരോഹണങ്ങളും നടക്കാൻ സാദ്ധ്യതയുള്ള മേഖലയാണ് രാഷ്ട്രീയം. അതിഷി സിംഗ് ഡൽഹി മുഖ്യമന്ത്രിയാകുമെന്ന് ഒരുവർഷം മുൻപ് ആരും ചിന്തിച്ചുകൂടിയുണ്ടാകില്ല! പ്രഗത്‌ഭരായ രണ്ട് രാഷ്ട്രീയ വനിതകൾ ഇതിനുമുമ്പ് ഡൽഹിയുടെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. കോൺഗ്രസ്സിലെ ഷീലാ ദീക്ഷിതും ബി.ജെ.പിയിലെ സുഷമാ സ്വരാജും. അവരുമായി താരതമ്യം ചെയ്യുമ്പോൾ അതിഷി രാഷ്ട്രീയത്തിൽ വളരെ ജൂനിയറാണ്. മദ്യനയക്കേസിൽ അരവിന്ദ് കേജ്‌രിവാൾ റിമാൻഡിലായി തിഹാർ ജയിലിൽ കഴിയുമ്പോൾ ആം ആദ്‌മി പാർട്ടിയെ പ്രതിനിധീകരിച്ച് എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതിലൂടെയാണ് അതിഷി ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വമായി മാറിയത്. അപ്പോഴും കേജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി ഡൽഹി മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല.
ജാമ്യം ലഭിച്ചെങ്കിലും കേജ്‌രിവാളിന് മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ ഒട്ടേറെ വിലക്കുകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകാനോ ഫയലുകളിൽ ഒപ്പിടാനോ ജാമ്യവ്യവസ്ഥകൾ പ്രകാരം അധികാരമില്ല. എന്നാൽ അതിന്റെ പേരിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് അർത്ഥമില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരാൾക്കു നൽകിയാൽ കേജ്‌രിവാളിന് ആ സ്ഥാനത്ത് സാങ്കേതികമായി തുടരാമായിരുന്നു. എന്നാൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ആ സ്ഥാനത്തേക്ക് അതിഷിയെ നിയോഗിക്കുകയാണ് കേജ്‌രിവാൾ ചെയ്തത്. ഇത് സ്വാഗതം ചെയ്യപ്പെടേണ്ട ഒരു നടപടിയാണ്. ഡൽഹിയിൽ ഇലക്‌ഷൻ നടക്കാൻ ഇനി നാലുമാസമേ ബാക്കിയുള്ളൂ. അതിനാൽ ബി.ജെ.പിക്കെതിരെ തന്റെ അറസ്റ്റും ജയിൽവാസവും പ്രതികാര നടപടിയുടെ ഭാഗമാണെന്നു ചിത്രീകരിച്ച് വീണ്ടും ഭരണം പിടിക്കാൻ ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് അരവിന്ദ് കേജ്‌രിവാളിന്റെ സ്ഥാനത്യാഗത്തിൽ.
ഡൽഹിയുടെ മൂന്നാമത് വനിതാ മുഖ്യമന്ത്രിയായ അതിഷി പ്രഗത്‌ഭയും കേജ്‌രിവാളിന്റെ വിശ്വസ്തയുമാണ്. പഞ്ചാബി കുടുംബത്തിൽ അദ്ധ്യാപക ദമ്പതികളുടെ മകളായാണ് ജനിച്ചത്. ഡൽഹിയിലും ഓക്‌സ്‌ഫോർഡിലും ഉയർന്ന വിദ്യാഭ്യാസം നേടിയതിനുശേഷം അദ്ധ്യാപികയായിരിക്കെ അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പൊതുരംഗത്ത് വരുന്നത്. 2013ൽ ആം ആദ്‌മി പാർട്ടിയിൽ അംഗമായി. കേജ്‌രിവാളിനെ ഡൽഹിക്കാർ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്നും അതുവരെ കാര്യങ്ങൾ നോക്കാനുള്ള ചുമതല മാത്രമാണ് തനിക്കുള്ളതെന്നുമാണ് നിയുക്ത മുഖ്യമന്ത്രി എന്ന നിലയിൽ അതിഷി വ്യക്തമാക്കിയത്. ക്ളീൻ ഇമേജുമായി വരുന്നവരെ പോലും വിഴുങ്ങുന്ന അഴിമതിയുടെ ഗർത്തങ്ങൾ രാഷ്ട്രീയ ഭൂമികയിലുള്ളത് കാണാതെ പോയതാണ് കേജ്‌രിവാളിന് സംഭവിച്ച വീഴ്‌ച. അത് അതിഷിക്ക് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.
ഇലക്‌ഷന് ബാക്കിയുള്ള നാലു മാസത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മറ്റും നിലവിൽ വരുന്ന സമയം ഒഴിച്ചാൽ വളരെ കുറച്ച് നാളുകളേ അതിഷിക്ക് മുഖ്യമന്ത്രി എന്ന നിലയിൽ സ്വാതന്ത്ര്യത്തോടെ ഭരിക്കാൻ കിട്ടുകയുള്ളൂ. പക്ഷേ ഈ ദിവസങ്ങൾക്കിടയിൽ അവർ എടുക്കുന്ന തീരുമാനങ്ങൾ ഡൽഹി നിവാസികളെ സ്വാധീനിക്കാൻ പര്യാപ്‌തമായാൽ അത് അതിഷിയുടെ വിജയം തന്നെയായി മാറും. പലപ്പോഴും യാഥാസ്ഥിതിക രാഷ്ട്രീയ കക്ഷികൾക്ക് എടുക്കാൻ കഴിയാത്ത ജനോപകാരപ്രദമായ പല തീരുമാനങ്ങളും എടുക്കാൻ ഇപ്പോഴും കെൽപ്പുള്ള പാർട്ടി തന്നെയാണ് ആം ആദ്‌മി. അതിനാൽ ഹ്രസ്വമെങ്കിലും അർത്ഥസമ്പുഷ്ടമായി മാറട്ടെ, മുഖ്യമന്ത്രി എന്ന നിലയിലുള്ള അതിഷിയുടെ ദിനങ്ങൾ എന്ന് ആശംസിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |