ശബരിമലയിൽ, കീടനാശിനി കലർന്ന ഏലക്കായ അടങ്ങിയ അരവണ സൃഷ്ടിച്ച പൊല്ലാപ്പ് അടങ്ങിയിട്ടില്ല. ഉപയോഗശൂന്യമായത് ആറര കോടിയുടെ അരവണ. അതു നീക്കംചെയ്യാനുള്ള കരാർ തുക കൂടി ചേർത്താൽ നഷ്ടം ഏഴരക്കോടിയിൽ അധികം! കെട്ടിക്കിടക്കുന്ന ആറലക്ഷരം ടിൻ അരവണ, മൂടി പൊട്ടിയൊഴുകുന്നതിന്റെ മണംപിടിച്ച് വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്താനിടയുണ്ടെന്ന സുരക്ഷാഭീതിയാണ് അടുത്ത വിവാദം
...................
ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത്രത്തോളം പ്രാധാന്യമുണ്ട് ശബരിമലയ്ക്ക്. കാനനവാസന്റെ തിരുനട തുറന്നിരിക്കുമ്പോഴെല്ലാം മലയാളികളെ കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെത്തും. ദേവസ്വം ബോർഡിന് കോടികളുടെ വരുമാന സ്രോതസാണ് ശബരിമല. അതുകൊണ്ടു തന്നെ, വികസനവും പിന്നാലെ വിവാദങ്ങളും ഉയരാറുണ്ട്. ലക്ഷക്കണക്കിന് തീർത്ഥാടകരുടെ ശ്രദ്ധ പതിയുന്ന ശബരിമലയിൽ ഭരണ നേതൃത്വത്തിലെ പിടിപ്പുകേടുകൾ വലിയ കോലാഹലങ്ങളുണ്ടാക്കുകയും ചെയ്യും. സ്ത്രീകളുടെ ശബരിമല പ്രവേശന വിഷയവും തിരക്കു നിയന്ത്രണത്തിലെ പാളിച്ചകളുമെല്ലാം ഇതിന്റെ സമീപകാല ഉദാഹരണങ്ങളാണ്.
ലാഭക്കണ്ണുകൾ എക്കാലത്തും ശബരിമലയിൽ വട്ടമിട്ടു നടക്കാറുണ്ട്. ഇവർക്കു കൂട്ടായി, പങ്കുപറ്റുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥ വൃന്ദവുമുണ്ട്. വിരമിച്ചാലും ശബരിമല വിട്ടുപോകാത്ത ഇവരെ അകറ്റിനിറുത്താൻ ദേവസ്വം ബോർഡിനും സർക്കാരിനും കഴിയുന്നില്ല. ശബരിമല വഴിപാടുകൾക്ക് വിവിധ സാധനങ്ങൾ എത്തിക്കുന്നതിന് മത്സരബുദ്ധിയോടെ കടന്നുകൂടുന്നവരുടെ അനഭിലഷണീയ ചെയ്തികൾ ഉദ്യോഗസ്ഥരെ വഴിവിട്ട നീക്കത്തിന് പ്രലോഭിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ ഗുണനിലവാര തകർച്ചയ്ക്കും വലിയ വരുമാന നഷ്ടത്തിനും ഇടയാക്കുന്നു.
ഏലക്കായ
വിവാദം
2021-22 തീർത്ഥാടന കാലത്ത് അരവണ നിർമ്മാണത്തിന് ഉപയാേഗിച്ച ഏലക്കായയിൽ കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടായെന്ന പരാതി ദേവസ്വം ബോർഡിന് ആറര കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. ആറര ലക്ഷത്തോളം ടിന്നുകളിലെ അരവണ ഉപയോഗശൂന്യമായി. ഇത് സന്നിധാനത്ത് പാണ്ടിത്താവളത്തിനു സമീപത്തെ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഭക്ഷ്യയാേഗ്യമല്ലാത്ത ഇത്രയും അരവണ സന്നിധാനത്തു നിന്ന് നീക്കം ചെയ്യലാണ് ഇനിയുളള കടമ്പ. ഇതിനും വേണ്ടിവന്നു ടെൻഡർ. നാല് കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ 1.16 കോടിയായിരുന്നു കുറഞ്ഞ തുക. ഇതിന് ദേവസ്വം ബോർഡ് അംഗീകാരം നൽകിയ ശേഷം സർക്കാരിന്റെ അനുമതിക്കായി നാലു മാസത്തിലേറെ കാത്തുകിടന്നു. അടുത്ത ശബരിമല തീർത്ഥാടനത്തിനു മുൻപ് ഇത് നീക്കം ചെയ്തില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ട് വളരെ വൈകി സർക്കാർ അനുമതി നൽകിയത് അടുത്തിടെയാണ്.
ഉപയോഗശൂന്യമായ അരവണയുടെ ആറര കോടി നഷ്ടത്തിനൊപ്പം, അത് നീക്കം ചെയ്യുന്നതിന് ടെൻഡർ നൽകിയതിലൂടെ മൊത്തം 7.66 കോടിയിലേറെ തുകയാണ് പാഴാകുന്നതെന്ന് പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ശബരിമല ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ മാത്രമാണ് ചെലവിനേക്കാൾ കൂടുതൽ വരുമാനം നേടുന്നത്. ഈ ക്ഷേത്രങ്ങളിൽ നിന്നുള്ള വിഹിതം ഉപയോഗിച്ചാണ് വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ ചെലവ് നടത്തിക്കൊണ്ടുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ സർക്കാരിന്റെയും ബോർഡിന്റെയും ജാഗ്രതക്കുറവുകൊണ്ട് സംഭവിക്കുന്നത് കോടികളുടെ ചോർച്ചയാണെന്ന് അരവണ വിവാദം വ്യക്തമാക്കുന്നു.
മാറിമറിഞ്ഞ
ലാബ് ഫലം
അരവണയിലെ ഏലയ്ക്കായിൽ കീടനാശിനിയുണ്ടെന്ന് പരാതിപ്പെട്ടത് മുൻ കാലങ്ങളിൽ കരാർ നേടിയിരുന്നയാളാണ്. പമ്പയിലെ പരിശോധനയ്ക്കു ശേഷം മാത്രമേ സന്നിധാനത്തേക്ക് ഏലക്കായ് അടക്കമുള്ള ഭക്ഷ്യവസ്തുകൾ കൊണ്ടുപോകാൻ കഴിയൂ. പമ്പയിലെ ലാബിലെ പരിശോധനയിൽ ഏലക്കായയിൽ വിഷാംശമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് തിരുവനന്തപുരത്തെ അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചപ്പോൾ, അരവണയ്ക്ക് ഉപയോഗിച്ച ഏലക്കായയിൽ കീടനാശിനിയുടെ അംശമുണ്ടെന്നായിരുന്നു ഫലം. ഇതേ തുടർന്ന് ഭക്തർക്ക് ആ അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
തിരുവനന്തപുരം ലാബിലെ പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്തും ഹൈക്കോടതി വിധിക്കെതിരെയും നിലവിലെ കരാറുകാരൻ സുപ്രീംകോടതിയെ സമീപിച്ചു. കീടനാശിനി അടങ്ങിയെന്നു സംശയിക്കുന്ന ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ മൈസൂരിലെ കേന്ദ്ര ലാബിൽ പരിശോധിച്ചപ്പോൾ ഫലം വ്യത്യസ്തമായി. അരവണ ഭക്ഷ്യയോഗ്യമാണെന്നായിരുന്നു കണ്ടെത്തൽ. ഇരുന്നൂറ് ഡിഗ്രി ചൂടിൽ തിളച്ച അരവണയിൽ വിഷാംശം തീരെയില്ലെന്നായിരുന്ന മൈസൂർ ലാബിന്റെ കണ്ടെത്തൽ. സുപ്രീംകോടതി ഇത് അംഗീകരിച്ചെങ്കിലും അപ്പോഴേക്കും ഒരു വർഷം പഴക്കം ചെന്ന അരവണ വിതരണം ചെയ്യാനാകാത്ത സ്ഥിതിയായി. കോടതിയുടെ തീർപ്പുകൾ വരുന്നതിന് മുൻപു തന്നെ ഏലക്കായ് ചേർക്കാത്ത അരവണ നിർമ്മിച്ച് ഭക്തർക്ക് വിതരണം ചെയ്ത് അന്നത്തെ പ്രതിസന്ധി പരിഹരിച്ചു.
മണംപിടിച്ച്
വന്യമൃഗങ്ങൾ
കീടനാശിനി കലർന്നെന്നു സംശയിക്കുന്ന അരവണ ടിന്നുകൾ പാണ്ടിത്താവളത്തെ ഗോഡൗണിലേക്ക് മാറ്റുകയായിരുന്നു. ഒരു വർഷത്തിലേറെയായി ഇവിടെ കിടക്കുന്ന അരവണ പുളിച്ച് മേൽമൂടി പൊട്ടി പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാണിപ്പോൾ. രൂക്ഷമായ ഗന്ധം പുറത്തേക്കു വമിക്കുന്നത് വന്യമൃഗങ്ങളെ അവിടേക്ക് ആകർഷിക്കുമെന്ന് വനപാലകർക്ക് ആശങ്കയുണ്ട്. പഴകിയ അരവണ പൂങ്കാവനത്തിൽ കുഴിച്ചിടാനുള്ള ദേവസ്വം ബോർഡ് നീക്കത്തെ വനംവകുപ്പ് എതിർത്തത് അതുകൊണ്ടാണ്. ടെൻഡർ എടുത്ത കമ്പനി അരവണ വളമാക്കി വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന അരവണ സന്നിധാനത്ത് വലിയ മലിനീകരണ പ്രശ്നമായി മാറുകയാണ്. നവംബർ പകുതിയോടെ വൃശ്ചിക മാസത്തിൽ തീർത്ഥാടനം തുടങ്ങുമ്പോൾ ഭക്തരുടെ സാന്നിദ്ധ്യം മാളികപ്പുറത്തും പാണ്ടിത്താവളത്തുമൊക്കെയുണ്ടാകും. അരവണയുടെ ഗന്ധം കിട്ടി കാട്ടാനകൾ അടക്കം വന്യമൃഗങ്ങൾ കൂട്ടമായി ഈ ഭാഗത്ത് എത്തുമെന്ന് ഭക്തരും ദേവസ്വം ഗാർഡുമാരും പറയുന്നുണ്ട്.
പഴകിയ അരവണ നീക്കം ചെയ്യാൻ രണ്ടു വർഷത്തിലേറെയായി നടപടിയുണ്ടാകാതിരുന്ന നിസംഗതയ്ക്ക് ദേവസ്വം ബോർഡും സർക്കാരും വിമർശനം നേരിടേണ്ടി വന്നു. ഇനിയും വൈകുന്നത് ഭക്തരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാകും. ഇത് പുതിയ തീർത്ഥാടനകാലം സംഘർഷഭരിതമാകാൻ ഇടയാക്കിയേക്കും. അരവണ നീക്കത്തിന് ദേവസ്വം ബോർഡ് അംഗീകരിച്ച ടെൻഡറിന് സർക്കാർ അനുമതി ലഭിച്ചതു കൊണ്ടുമാത്രമായില്ല, പ്രായോഗിക നടപടികളാണ് വേണ്ടത്.
ഗുണനിലവാരം ഉറപ്പുവരുത്തും
സന്നിധാനത്ത് നിർമ്മിക്കുന്ന അപ്പം, അരവണ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന പഴകിയ അരവണ നീക്കം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ നടപടികളുണ്ടാകും. പരാതിരഹിത തീർത്ഥാടനമാണ് ബോർഡ് മുന്നിൽക്കാണുന്നത്.
- പി.എസ് പ്രശാന്ത്
തിരുവിതാകൂംർ ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |