SignIn
Kerala Kaumudi Online
Friday, 29 March 2024 5.55 AM IST

പരിസ്ഥിതി നിയമങ്ങൾക്ക് വെല്ലുവിളി

photo

ബ്രഹ്മപുരം മാലിന്യസംഭരണകേന്ദ്രം 'ഡയോക്‌സിൻ ബോംബ് "ആണെന്ന പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് മുന്നിലെത്തിയിട്ട് നാലുവർഷത്തോളമായി . പ്ളാസ്റ്റിക് മാലിന്യം കത്തുമ്പോൾ ഹാനികരമായ അളവിൽ ഡയോക്സിൻ അന്തരീക്ഷത്തിലെത്തുമെന്നും മുലപ്പാലിലടക്കമുള്ള സാന്നിദ്ധ്യം പഠനവിധേയമാക്കണം എന്നുമായിരുന്നു നിർദ്ദേശം. 2019 ഫെബ്രുവരിയിൽ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് കേന്ദ്രസർക്കാരിന്റെ കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച് (സി.എസ്. ഐ.ആർ) തിരുവനന്തപുരം ഡിവിഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്ളാന്റിൽ എട്ടുലക്ഷം ടൺ മാലിന്യമുണ്ടെന്നാണ് 2019ൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് കണ്ടെത്തിയിരുന്നത്. അതിന്റെ എത്രയോ ഇരട്ടി മാലിന്യം ഇത്തവണ കത്തിത്തീർന്നു എന്നത് പ്രശ്നത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.

മാലിന്യ നിർമാർജ്ജന ചട്ടങ്ങൾ പാലിക്കാത്തതിന് 2017ൽ മലിനീകരണ നിയന്ത്രണ ബോർഡ് കോർപ്പറേഷന് 14.92 കോടി രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ കോർപ്പറേഷൻ ഇതിനെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. 2020 ഏപ്രിൽ മുതൽ 2023 മാർച്ച് നാലുവരെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി ഇത്തവണ 1.8 കോടി രൂപ കൂടി ബോർഡ് പിഴ ചുമത്തിയിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ മേഖല ബെഞ്ചിൽ നേരത്തെ തന്നെ കേസുണ്ട്. ആറുമാസത്തിനുള്ളിൽ ബ്രഹ്മപുരത്ത് പുതിയ പ്ളാന്റ് സ്ഥാപിക്കണമെന്ന് 2018 ഒക്ടോബർ 23 ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിന് ഒരുകോടി രൂപ പിഴയും ചുമത്തിയിരുന്നു. 2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ പാലിക്കാത്തതിന് 2020ൽ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഉത്തരവിട്ടിരുന്നു. ഈ രണ്ടുകേസുകളിലും കോർപ്പറേഷൻ വാങ്ങിയ സ്റ്റേ കോടതി കഴിഞ്ഞയാഴ്ച നീക്കംചെയ്തു.

നിർദ്ദേശങ്ങൾ

അവഗണിച്ചു

പ്ളാന്റിലെ നിരന്തരമായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലും (എൻ.ജി.ടി) മലിനീകരണ നിയന്ത്രണ ബോർഡും ചില നിർദ്ദേശങ്ങൾ കോർപ്പറേഷന് നൽകിയിരുന്നു. എളുപ്പം വെള്ളം ലഭിക്കാനുള്ള ഹൈഡ്രന്റുകൾ, സി.സി.ടി.വി കാമറകൾ, തീകെടുത്താനുള്ള ഉപകരണങ്ങൾ, ആവശ്യത്തിനു തൊഴിലാളികൾ എന്നിവ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതെല്ലാം ഏർപ്പെടുത്തിയെന്ന സത്യവാങ്മൂലം നല്കി കോർപ്പറേഷൻ തലയൂരി.

ഹൈഡ്രന്റുകൾ ഒൻപതെണ്ണമുണ്ട്. എന്നാൽ അവ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കിയില്ല. ജനറേറ്റർ ഇല്ലാത്തതിനാൽ അതിലേക്ക് വെള്ളം പമ്പ് ചെയ്യാനായില്ല. പ്ളാന്റിന് തൊട്ടടുത്തെ കടമ്പ്രയാറിലേക്കുള്ള വഴിയിൽ തീപിടിച്ചതോടെ ഫയർഫോഴ്സ് വാഹനത്തിന് പുഴയിൽ നിന്നു വെള്ളമെടുക്കാനായില്ല. ഇതെല്ലാം ദുരന്തവ്യാപ്തി വർദ്ധിപ്പിച്ചു.

മലിനീകരണം

അളക്കാൻ

സംവിധാനമില്ല

ബ്രഹ്മപുരത്ത് കഴിഞ്ഞ പത്തുവർഷമായി ഇടയ്ക്കിടെ തീപിടിത്തമുണ്ടായിട്ടും ഈ പ്രദേശത്തെ അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കാൻ സംവിധാനമില്ല. പ്ളാന്റിന്റെ നിശ്ചിത ദൂരപരിധിക്കുള്ളിലായി മൂന്ന് അന്തരീക്ഷ മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളെങ്കിലും സ്ഥാപിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷനും സർക്കാരിനും ഇത്തവണ ശുപാർശ നൽകിയിട്ടുണ്ട്. ഇതിനുപുറമെ കലൂർ സ്റ്റേഡിയത്തിനു സമീപവും നിരീക്ഷണകേന്ദ്രം സ്ഥാപിക്കും.

കേരളത്തിൽ

29 മാലിന്യമലകൾ

ബ്രഹ്മപുരം പോലെ സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി തീപിടിത്ത സാദ്ധ്യതയുള്ള വൻ മാലിന്യമലകളുണ്ടെന്ന് ശുചിത്വമിഷൻ കണ്ടെത്തിയിട്ടുണ്ട് . 118.55 ഏക്കറിലായി 12.62 ലക്ഷം ടൺ മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. എല്ലാ മാലിന്യമലകളും കൂടി ചേർത്താൽ 91 മീറ്റർ ഉയരം വരും. ഇതിൽ ബ്രഹ്മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻ പറമ്പ്, ആറ്റിങ്ങലിലെ ചുടുകാട് , ഇരിങ്ങാലക്കുടയിലെ മങ്ങാടിക്കുന്ന്, ഒറ്റപ്പാലം പനമണ്ണ എന്നിവിടങ്ങളെ ബയോമൈനിംഗ് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അഭിമാനമായി

അഗ്നിരക്ഷാസേന

അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ അണയ്ക്കലും അതിലേറെ ദുഷ്‌കരമായ രക്ഷാദൗത്യവുമാണ് ബ്രഹ്മപുരത്ത് നടന്നത്. 'മിഷൻ സേഫ് ബ്രത്ത് ' എന്ന പേരിട്ട ദൗത്യം സേനയുടെ ചരിത്രത്തിലെ സർവകാല റെക്കാഡായി. ഇടതടവില്ലാതെ 300 മണിക്കൂറും 3880 മനുഷ്യരുടെ അദ്ധ്വാനവുമാണ് ബ്രഹ്മപുരത്ത് വിനിയോഗിച്ചത്. പുറമെ വ്യോമ -നാവികസേന, ബി.പി.സി.എൽ തുടങ്ങിയ ഏജൻസികളുടെ സേവനവും ആദ്യഘട്ടത്തിൽ ലഭ്യമായി.

അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിൽ ഇതുവരെയുള്ള തീയണയ്ക്കൽ ദൗത്യത്തിന്റെ ദൈർഘ്യം 67 മണിക്കൂർ മാത്രമാണ്. ആദ്യം പുറപ്പെട്ടത് തൃക്കാക്കര സ്റ്റേഷനിലെ രണ്ട് യൂണിറ്റാണ്. വിഷപ്പുക ആകാശംമുട്ടെ നിറഞ്ഞപ്പോൾ ആളില്ലാത്ത ബ്രഹ്മപുരമല്ല, ആൾത്തിരക്കുള്ള കൊച്ചിയാണ് മുമ്പിലെന്ന ബോദ്ധ്യം സേനയ്ക്ക് കടുത്ത വെല്ലുവിളിയായി. അതോടെ മാറിമറിഞ്ഞ അന്തരീക്ഷത്തിൽ ആഞ്ഞടിച്ച ഫയർ ഫൈറ്റിംഗ് ആണ് 12 ദിവസം നീണ്ടുനിന്ന റെക്കാഡ് പോരാട്ടമായി മാറിയത്.

മാർച്ച് രണ്ടിന് വൈകിട്ട് നാലുമണിയോടെ തുടങ്ങിയ ദൗത്യം 13ന് വൈകിട്ട് അഞ്ചിന് പര്യവസാനിച്ചപ്പോൾ പരസ്പരം ആശ്ലേഷിച്ചും ഓഫീസർമാരെ എടുത്തുയർത്തിയുമാണ് അവർ ആഹ്ളാദം പങ്കുവച്ചത്. ജില്ല ഫയർ ഓഫീസർ കെ. ഹരികുമാർ നേതൃത്വം നല്കി.

മാലിന്യപ്ലാന്റിന്റെ ഏതെങ്കിലുമൊരു ഭാഗത്താണ് സാധാരണ തീപിടിക്കാറുള്ളത്. എന്നാൽ ഇത്തവണ മാലിന്യമലയുടെ നാലുഭാഗത്തുനിന്നും തീ ഉയർന്നിരുന്നു. കറുത്ത വിഷപ്പുക പരിസരമാകെ നിറഞ്ഞു.

ആദ്യത്തെ മൂന്നുദിവസം ഏറെ ദുഷ്‌കരമായിരുന്നു. സ്വസ്ഥമായി ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യ ദിവസംതന്നെ ജില്ലാ ഫയർ ഓഫീസർക്ക് ചികിത്സ തേടേണ്ടിവന്നു. 13ാം ദിവസം റീജിണൽ ഓഫീസറും ചികിത്സതേടി. അടിയന്തര ചികിത്സ കഴിഞ്ഞ് അന്നുതന്നെ തിരിച്ചെത്തിയ ജില്ലാ ഫയർ ഓഫീസർ പിന്നീട് ബ്രഹ്മപുരത്തുനിന്ന് പിൻവാങ്ങിയതേയില്ല. ഇതിനിടെ 30 പേരെ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കാരണം ദൗത്യസംഘത്തിൽ നിന്ന് പിൻവലിച്ചു. നാലുപേർക്ക് കൈകാലുകളിൽ മുറിവും ഒരാളുടെ കാലിന് ഒടിവും സംഭവിച്ചു. ഒരുദ്യോഗസ്ഥൻ ചതുപ്പിൽ കഴുത്തറ്റം താണെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുത്താനായി. അവസാന പുകച്ചുരുളും ശമിപ്പിച്ചേ പിന്മാറൂ എന്ന സേനയുടെ നിശ്ചയദാർഢ്യം കൊച്ചിയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനായുള്ള മഹാദൗത്യത്തിന്റെ തെളിവായിരുന്നു.

(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAMAPURAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.