SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.37 PM IST

തേങ്ങലടങ്ങാതെ കേരകർഷകർ

photo

നാളികേരത്തിന്റെ നാട്ടിൽ കേരകർഷകരുടെ രോദനം ഉയർന്നിട്ട് രണ്ടുവർഷത്തോളമായി. ആഗാേള കുത്തകഭീമന്മാർ പലതരം എണ്ണകൾ ഹൈപ്പർ-സൂപ്പർമാർക്കറ്റുകൾ വഴി വിറ്റഴിയ്ക്കുകയാണ്. ഇതോടെ മലയാളിക്ക് വെളിച്ചെണ്ണയോടുള്ള പ്രിയവും കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് വെളിച്ചണ്ണ വിപണിയെ മാത്രമല്ല കേരളത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി മലയാളിയുടെ സ്വന്തം എണ്ണയാണ് വെളിച്ചെണ്ണ. എന്നാൽ വിലക്കുറവിന്റെ തിളക്കം കാട്ടിയാണ് പലതരം എണ്ണകൾ വിപണിയിൽ തള്ളിക്കയറിയത്. ഇതോടെ കഴിഞ്ഞ പത്ത് വർഷമായി കനത്ത പ്രതിസന്ധിയിലേക്കാണ് നാളികേര കർഷകർ കൂപ്പുകുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ വൻ വിലത്തകർച്ചയിൽ നിന്നും ഈ വർഷം തുടക്കത്തിൽ ശക്തമായ തിരിച്ചുവരവിന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇടിഞ്ഞ വിലയിൽനിന്ന് കരകയറിയില്ല.

വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞവർഷം തുടക്കത്തിൽ ക്വിന്റലിന് 16,000 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില പിന്നീട് 12,700ലേക്കാണ് കുറഞ്ഞത്. കിലോഗ്രാമിന് 24 രൂപ പോലും നാളികേരത്തിന് വില ലഭിക്കാതെവന്നു. വിളവ് ഉയർത്താൻ കർഷകർ വിയർക്കുമ്പോൾ, താങ്ങുവില പോലും താങ്ങായില്ല. പാമോയിൽ ഉയർത്തുന്ന ഭീഷണി ഏതാനും വർഷമായി തുടരുകയാണ്. വില കുറഞ്ഞതോടെ പാമോയിലിന് ആവശ്യക്കാരേറുന്നത് മാത്രമല്ല, റൈസ് ബ്രാൻ ഓയിൽ തുടങ്ങി പേരുകളിൽ വ്യാജന്മാർ വ്യാപകമായി ഒഴുകുന്നുമുണ്ട്.

താങ്ങാകാതെ....

സംസ്ഥാന ബഡ്ജറ്റിൽ നാളികേരത്തിന്റെ താങ്ങുവില രണ്ടുരൂപ കൂട്ടി 34 രൂപയാക്കിയിരുന്നു. നാളികേര വികസനത്തിനായി 68.95 കോടി വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ കൊപ്രസംഭരണത്തിൽ പാകപ്പിഴകളേറെയുണ്ട്. 2022ൽ സംസ്ഥാനത്ത് സംഭരിച്ച കൊപ്രയേക്കാൾ എത്രയോ ഇരട്ടിയാണ് തമിഴ്‌നാട്ടിലേത്. കൊപ്രസംഭരണം കാര്യക്ഷമമല്ലാതായാൽ താങ്ങുവില ഉയർത്തിയാലും ഗുണം ചെയ്യില്ലെന്നാണ് കർഷകർ പറയുന്നത്. സംഭരണംകൊണ്ട് ഗുണമുണ്ടാകണമെങ്കിൽ സംഭരണത്തിന് പുതിയ ഏജൻസികളെ ഇറക്കണം. റേഷൻ കടകളിലൂടെ വെളിച്ചെണ്ണ വിൽക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ് തമിഴ്‌നാട് സർക്കാർ. എന്നാൽ ഇത്തരം തീരുമാനം കേരളത്തിലുണ്ടായിട്ടില്ല.

2021 ഫെബ്രുവരിയിൽ ക്വിന്റലിന് 20,850 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണവില പെട്ടെന്നാണ് കൂപ്പുകുത്തിയത്. പ്രളയവും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനം കുറച്ചു. ഇപ്പോൾ കനത്ത ചൂടും തെങ്ങുകൃഷിയെ ബാധിക്കുന്നു. അതേസമയം, സംസ്ഥാനത്ത് നാളികേര ഉത്പാദനം കൂടിയെന്നാണ് കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് പറയുന്നത്. ഹെക്ടറിൽ പരമാവധി 175 തെങ്ങുകൾ വേണ്ടിടത്ത് കേരളത്തിൽ ഇരുന്നൂറിൽ അധികമുണ്ട്. ഇത് ഉത്പാദനക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഹെക്ടറിൽ ലഭിക്കുന്ന നാളികേരം 6,247 ആണെന്നാണ് കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡിന്റെ കണക്കിലുളളത്. തെങ്ങുകൃഷിയുടെ വിസ്തൃതി വർദ്ധിച്ചത് 7.67 ലക്ഷം ഹെക്ടറാണെന്നും പറയുന്നു. കേരളത്തിലെ മൊത്തം തെങ്ങുകൾ 15 കോടിയോളം വരും. ഇതിൽ നിന്ന് ലഭിക്കുന്ന നാളികേരം 479 കോടിയും. ഉത്പാദനം കൂടിയെന്ന് സംസ്ഥാന-കേന്ദ്രസർക്കാരുകളും ബോർഡും ആവർത്തിക്കുമ്പോൾ സാധാരണ കേരകർഷകന്റെ വേദന ശേഷിക്കുകയാണ്.

പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര എന്നിവയുടെ വില താങ്ങുവിലയെ നോക്കുകുത്തിയാക്കിക്കൊണ്ട് ഇടിയുന്ന സാഹചര്യം നാളികേര മേഖലയിൽ ആദ്യമാണെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞവർഷം സംഭരിച്ച കൊപ്രവിറ്റഴിക്കാതെ കിടക്കുന്നതും പുതിയ സംഭരണത്തിന് വിലങ്ങുതടിയാകും. വില കുറയുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണിത്. പുതിയ നാളികേര സീസൺ തുടങ്ങിക്കഴിഞ്ഞു.

ഏറിയും കുറഞ്ഞും

വെളിച്ചെണ്ണ ഒരു ക്വിന്റലിന് 13,800രൂപയാണ് തൃശൂരിലെ മൊത്തവിപണിവില. കൊപ്ര 8,600യും നാളികേരം 2,850 രൂപയുമാണ്. എന്നാൽ 2022 ഫെബ്രുവരിയിൽ വെളിച്ചെണ്ണയ്ക്ക് 15,000 രൂപയും കൊപ്രയ്ക്ക് 9,200രൂപയും നാളികേരത്തിന് 2,800 രൂപയുമായിരുന്നു. 2021 ഫെബ്രുവരിയിലാകട്ടെ, വെളിച്ചെണ്ണയ്ക്ക് 20,850 രൂപയും കൊപ്രയ്ക്ക് 13,650 രൂപയും നാളികേരത്തിന് 4,425 രൂപയുമാണെന്ന് മറക്കരുത്. 2020 ഫെബ്രുവരിയിൽ വെളിച്ചെണ്ണയ്ക്ക് 16,100 രൂപയും കൊപ്രയ്ക്ക് 10,590 രൂപയും നാളികേരത്തിന് 3,500 രൂപയുമായിരുന്നു.

ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 34 രൂപയ്ക്കുള്ള പച്ചത്തേങ്ങ സംഭരണം ഏപ്രിൽ ഒന്നുമുതൽ തുടങ്ങുമെന്നാണ് സർക്കാർ പറയുന്നത്. ഒരുക്കങ്ങൾ തുടങ്ങിയെന്നും സംഭരണകേന്ദ്രങ്ങളുടെ എണ്ണം ഉയർത്തുമെന്നുമുളള സർക്കാർ വാഗ്ദാനത്തിലാണ് കർഷകരുടെ അവസാനപ്രതീക്ഷ. വാഹനങ്ങളിൽപ്പോയി കർഷകരിൽനിന്ന് തേങ്ങ സംഭരിക്കുന്നത് ഉൾപ്പെടെയുള്ള സംവിധാനമുണ്ടായാൽ അത് കർഷകർക്ക് ഏറെ സഹായകരമാകും. അതിനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം. കൊപ്രസംഭരണം തുടരണമെന്നും പുതുക്കിയ താങ്ങുവിലയ്ക്ക് സംഭരണം നടത്തണമെന്നുമുള്ള ആവശ്യം കേന്ദ്രകൃഷിമന്ത്രിയെ സംസ്ഥാനകൃഷിമന്ത്രി നേരിൽക്കണ്ട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പറയുന്നു. സംസ്ഥാന-കേന്ദ്രസർക്കാരുകൾ ചേർന്ന് കേരകർഷകനെ ചേർത്തുപിടിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയാകും കേരളത്തിന്റെ കാർഷികരംഗത്തുണ്ടാവുക.

കേരഗ്രാമത്തിന്റെ

പ്രതീക്ഷകൾ

സംസ്ഥാനത്തെ തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേരത്തിന്റെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌‌കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ കേരഗ്രാമവും വലിയ പ്രതീക്ഷകളാണ് കർഷകർക്ക് നൽകിയത്. പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നീ സഹായങ്ങളാണ് നടപ്പാക്കുന്നത്. 250 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള തുടർച്ചയായ ഭൂപ്രദേശമാണ് ഒരു കേരഗ്രാമമായി കണക്കാക്കുന്നത്. 2021 വരെ സംസ്ഥാനത്ത് 251 കേരഗ്രാമങ്ങളാണുണ്ടായിരുന്നത്. തുടർന്ന് 84 കേരഗ്രാമങ്ങൾ കൂടി കണ്ടെത്തി സമഗ്രപരിചരണം നടത്തി. കേര കർഷകരെ സഹായിക്കാൻ വലിയ രീതിയിലുള്ള സഹായവും പ്രോത്സാഹനവും കൃഷി വകുപ്പ് നൽകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരഗ്രാമം പദ്ധതിയെന്ന് അവകാശപ്പെടുമ്പോഴും കർഷകർക്ക് എത്രകണ്ട് ഗുണം ലഭിച്ചു എന്നത് വ്യക്തമാക്കേണ്ടതുണ്ട്.

അമൃതാകുന്ന

വെളിച്ചെണ്ണ

കൂൺ പോലെ മുളച്ചുപൊങ്ങിയ ഫുഡ് കഫേകളും ഫാസ്റ്റ്ഫുഡ് ഭക്ഷണരീതിയും വെളിച്ചെണ്ണയെ തിരിച്ചടിച്ചു. കേരളത്തിൽ വ്യാപകമായ വിദേശഭക്ഷണരീതിയിൽ വെളിച്ചെണ്ണ തീരെ ചേർക്കുന്നില്ല. കുഴിമന്തിയും അൽഫാമും ഷവർമ്മയും പ്രചരിച്ചതോടെ നാടൻ വിഭവങ്ങൾ കുറഞ്ഞു. പലതരം എണ്ണകളും നെയ്യുകളും ഭക്ഷ്യവിഭവങ്ങൾക്ക് കൃത്രിമ രുചിയും ഗന്ധവും നൽകുമ്പോൾ മലയാളിയുടെ ആരോഗ്യത്തിന്റെ കടയ്‌ക്കലാണ് കത്തിവച്ചിരിക്കുന്നത്.

രുചി മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട് വെളിച്ചെണ്ണയ്ക്ക്. ഏതൊരു ഔഷധം വെളിച്ചെണ്ണയിൽ ചേർത്ത് പാകപ്പെടുത്തി എടുക്കുന്നവോ അതിന്റെ ഗുണം ആ വെളിച്ചെണ്ണയ്ക്ക് ലഭിക്കുമെന്നാണ് ആയുർവേദം പറയുന്നത്. ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതുമാണ് വെളിച്ചെണ്ണ. വാത-പിത്ത രോഗങ്ങളെ ഇല്ലാതാക്കും. വെളിച്ചെണ്ണയ്ക്ക് പൂപ്പലുകളെ നശിപ്പിക്കാൻ കഴിവുള്ളതുകൊണ്ട് ചില ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കും. വേനൽക്കാലത്ത് ശരീരത്തിലുണ്ടാകുന്ന ചൂടുകുരു കരിഞ്ഞുപോകാൻ സഹായകമാണ്. നാളികേരപ്പാൽ തിളപ്പിച്ച് എടുക്കുന്ന വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണയ്‌ക്ക് ഔഷധമൂല്യം കൂടുതലാണ്. ഇത് കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയേക്കാൾ കൂടുതൽ പരിശുദ്ധമാണ്. ഈ വെളിച്ചെണ്ണ ചെറിയ കുട്ടികൾ ഉൾപ്പടെയുള്ളവർ ദേഹത്തും തലയിലും പുരട്ടി കുളിക്കുന്നത് കൂടുതൽ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COCONUT FARMERS IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.