മനുഷ്യ സമൂഹം സത്യസന്ധതയോടെയും സമാധാനത്തോടെയും ജീവിക്കുവാൻ രാമായണം ആഹ്വാനം നൽകുന്നു. അങ്ങനെയല്ലെങ്കിൽ ഉണ്ടാകാവുന്ന അപചയങ്ങളാണ് രാമകഥയിലുടനീളം കാണുന്നത്. അതിൽ ധാർമ്മികമായ പോരാട്ടവും അതിന്റെ വിജയവുമാണ് ശ്രീരാമന്റെയും സീതാദേവിയുടെയും അയനം. രാമനാമം ഇസ്ലാമിക കവികളിൽ അളവറ്റ അനുഭൂതി പകർന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. 'മനസിനും ധനത്തിനും ഗാത്രത്തിനും നാഥനാകും ശ്രീരാമചന്ദ്ര!, കളിച്ചാലും മടിത്തട്ടിൽ നീ, മാനസത്തിൽ വസിച്ചാലും രഘുരാമ!, രഘുരാമ! മിത്രമായും നാഥനായും സദാകാലവും" എന്നാണ് ഇസ്ലാമിക കവികളിൽ ശ്രീരാമകഥയ്ക്ക് ഹരിശ്രീ കുറിച്ച അമീർ ഖുസരോ പാടിയിട്ടുള്ളത്. 'ഗോത്രഭേദം, ജാതിഭേദമൊക്കെയങ്ങു നീക്കുമല്ലോ, കാന്തവുമിരുമ്പും പോലെ രാമമന്ത്രം ഹാ!" എന്ന് ഭക്തകവിയായ റജ് ബാജി ശ്രീരാമനെ പ്രകീർത്തിക്കുന്നു. എത്ര ലളിതവും അത്രമേൽ മനോഹരവും അർത്ഥമുള്ളതുമായ വരികൾ!
'കാമചിന്ത വെടിയുവാൻ രാമമന്ത്രം മതി, മതി മോക്ഷമെന്ന ലക്ഷ്യത്തിനും രാമമന്ത്രമാം" എന്ന് കബീർദാസിന്റെ പുത്രനായ കമാൽ പാടിയിട്ടുണ്ട്. ജീവിതത്തിന്റെ അർത്ഥവ്യാപ്തി ഇതിൽ വ്യക്തമാകുന്നു. അബ്ദുൽ റഹ്മാൻ, ബാബാ ഫരീദ്, മുല്ലാ ദാഊദ്, കുതുബ്ബൻ, മാലിക് മുഹമ്മദ് ജായസി, അബ്ദുൽ റഷീദ് തുടങ്ങിയ സാഹിതീയ കോവിദന്മാർ ഈ രംഗത്ത് ചിരസ്മരണീയരാണ്. ഭാരതീയത തുളുമ്പുന്നതും ശ്രീരാമഭക്തി വഴിയുന്നതുമായ കവിതാ രചനകളിലൂടെ ഇവരുടെ ലക്ഷ്യം വ്യക്തവും, ചിന്താധാര സത്യവുമായിരുന്നു. സാക്ഷാൽ ശ്രീരാമചന്ദ്രനോടുള്ള ഭക്തിയുടെ നിറവാണ് കവി മനസുകളിൽ വഴിഞ്ഞൊഴുകിയത്.
വിശ്വവശ്യമായ രാമായണത്തെ സ്വഹൃദയത്തിൽ ചേർത്തുവച്ച് ഇസ്ലാമിക കവികൾ വിവിധ രൂപത്തിൽ ലോകത്തിനു സമർപ്പിച്ചിട്ടുണ്ട്, എത്രതന്നെയെങ്കിലും. 'ഹരി ഹൊ, ഹരി ഹൊ, ഹരി ഹൊ, ഗതി മേരി" (ഹരിയാകട്ടെ, ഹരിയാകട്ടെ, ഹരിയാകട്ടെ, എനിക്ക് ഒരുഗതി (ശരണം)" എന്ന മന്ത്രം സയ്യദ് മുബാരക് ജപിച്ചുകൊണ്ടേയിരുന്നു. മനുഷ്യന്റെ അതിരറ്റ ഭോഗതൃഷ്ണകളും ഭേദചിന്തകളും സ്വാർത്ഥ ശാപങ്ങളും അകലുവാൻ ശ്രീരാമ കഥാവാഹിനി അതുല്യഗുണ സമ്പൂർണമാണെന്ന് അവർ കണ്ടെത്തി.
'ആദിയുമന്തവും രാമനാം രാമനാം, വ്യർത്ഥമാം രാമനില്ലാത്ത കാര്യം, രാമനാണെന്നുമെനിക്ക് സർവസ്വവും, ഈ മന്ത്രം ശ്രേഷ്ഠമാമൗഷധം താൻ" എന്ന് കവി ദരിയാ സാഹിബ് വർണിച്ചിരിക്കുന്നു. അക്ബർ ചക്രവർത്തി അബ്ദുൽ ഖാദറെക്കൊണ്ട് 'വാത്മീകി രാമായണം" പേർഷ്യൻ ഭാഷയിൽ പരിഭാഷ ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഡോ. സഫ്ദർ ഗാഹ് 'തുളസീദാസനും രാമചരിത മാനസവും" എന്ന കൃതി ഉറുദുവിൽ എഴുതി. അദാലത് ഖാം 'അയോദ്ധ്യാകാണ്ഡം" പരിഭാഷപ്പെടുത്തി.
ഔറംഗസേബിന്റെ ജ്യേഷ്ഠനും പണ്ഡിതനുമായ ദാറാശി കോഹ് സീതയെപ്പറ്റി അതിഭവ്യതയോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്- 'അല്ലയോ സീതേ, നീ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് നിന്റെ ദേഹശുദ്ധി അറിഞ്ഞു കൂടാ; എങ്ങനെയെന്നാൽ, ഉള്ളിൽ സ്ഥിതിചെയ്യുന്ന ആത്മാവിനെ ശരീരം അറിയുന്നില്ലല്ലോ!" ഖ്വാജാ നസ്രുൽ ഇസ്ലാം സീതാദേവിയെക്കുറിച്ച് 'ഇരുളടഞ്ഞ അയോദ്ധ്യയുടെ ഹൃദയത്തെ സീതാദേവീ, അങ്ങ് പ്രകാശോജ്വലമാക്കിയാലും..." എന്നാണ് ഹൃദയപൂർണതയോടെ വർണിച്ചിരിക്കുന്നത്. എത്ര വായിച്ചാലും വ്യാഖ്യാനിച്ചാലും മതിവരാത്ത രാമായണ വൈഖരി എക്കാലവും വിശ്വവീക്ഷണത്തിനുതകുന്ന ഭാരതസംസ്‌കൃതിയുടെ അതിമോഹന സൗന്ദര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |