SignIn
Kerala Kaumudi Online
Sunday, 05 October 2025 7.30 AM IST

പുനരുത്ഥാനം

Increase Font Size Decrease Font Size Print Page
a

ഒരു തുടർച്ചയാണിത്. നേരോ നുണയോ എന്നു തീർച്ചയില്ലാത്തൊരു 'അപകട മരണ"ത്തിന്റെ; ഒരുപക്ഷേ സത്യമായിരുന്നേക്കാവുന്ന കഥയുടെ തുടർച്ച! ഘടികാര ഹൃദയം ഉറഞ്ഞുപോയിട്ടും നിമിഷസൂചി

നേരമളന്നുകൊണ്ടേയിരുന്ന, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ അദ്ധ്യായത്തിന്റെ നൂറ്റിയൊന്നാം വായന!

വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ റോബർട്ട് ഫ്രാൻസിസ് മൂഡി,​ ഓഫീസിൽ അതേ ഇരിപ്പു തുടങ്ങിയിട്ട് നേരം കുറേയായിരുന്നു. കാവൽക്കാരൻ ശിപായി,​ അയാളുടെ ഈർഷ്യ വെളിപ്പെടുത്താനെന്നോണം ഇടയ്ക്കിടെ മുറിയുടെ ഹാഫ് ഡോർ തുറന്ന് കൂർത്ത മുഖം അകത്തേക്കു നീട്ടിക്കൊണ്ടിരുന്നു. മുറ്റത്ത് ഇരുട്ടിനു കനംവച്ചു വന്നു.

വേവൽ പ്രഭുവിന്റെ പ്രൈവറ്റ് സെക്രട്ടറി ഇവാൻ ജെൻകിൻസിന്റെ കത്ത് മേശപ്പുറത്തുതന്നെ കിടപ്പുണ്ട്. വൈസ്രോയി കൈയൊപ്പു ചാർത്തിയ കത്ത്. ഒരിക്കൽക്കൂടി ആ കത്ത് കൈയിലെടുക്കുമ്പോൾ,​ എത്രാമത്തെ തവണയായിരിക്കും അതെന്ന് ആർ.എഫ്. മൂഡി ഓർക്കാതിരുന്നില്ല. ഒരൊറ്റ ചോദ്യമേ കത്തിലുള്ളൂ: 'മിസ്റ്റർ മൂഡി,​ സുഭാഷ് ചന്ദ്ര ബോസിന്റെ കാര്യത്തിൽ തീരുമാനിക്കാവുന്ന അടുത്ത നടപടി എന്താണ്?"​

വൈസ്രോയിക്ക് എന്ത് മറുപടിയെഴുതും?​ ആ മറുപടി എന്തായാലും ബ്രിട്ടീഷ് ക്യാബിനറ്റിന് അടിയന്തരമായി ചർച്ച ചെയ്യാനുള്ളതാണ്! ശിപായിയുടെ മുഖം ഒരിക്കൽക്കൂടി അകത്തേക്കു നീളും മുമ്പ് ലൈറ്റർപാഡ് മുന്നിലേക്കു നീക്കിവച്ച് മൂ‌ഡി എഴുതിത്തുടങ്ങി: 'സർ,​ എനിക്കു തോന്നുന്നത് ഇനി പറയുന്നതിൽ ഏതു മാർഗവും ആലോചിക്കാമെന്നാണ്...

1. ബ്രിട്ടീഷ് ഇന്ത്യയിലോ ബ്രിട്ടന്റെ അധികാര പരിധിയിലുള്ള മറ്റെവിടെയെങ്കിലുമോ ബോസിനെ തടങ്കലിക്കാകുക.

2. സഖ്യശക്തികൾ തേടുന്ന യുദ്ധ കുറ്റവാളിയെന്ന നിലയിൽ ബോസിനെ ഇന്ത്യയിലെത്തിച്ച് വിചാരണയ്ക്ക് വിധേയനാക്കുക.

3. അല്ലെങ്കിൽ... ഇതിനെക്കാളെല്ലാം എളുപ്പമുള്ള ഒരു മാർഗമുണ്ട്...!"

ആഫ്.എഫ്. മൂഡി ഒരുനിമിഷം ആലോചിച്ച്,​ വിരലുകൾക്ക് ഒന്നുകൂടി മുറുക്കം വരുത്തി,​ എഴുത്തിന് നേരത്തേതിനെക്കാൾ വേഗം കൂട്ടി: 'ബോസ് എവിടെയാണോ,​ അവിടെത്തന്നെ തുലയട്ടെയെന്ന് വിചാരിച്ചേക്കുക. അയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടാതിരിക്കുക!"

മറുപടിക്കത്ത് മടക്കി കവറിലിട്ട്,​ വൈസ്രോയി ലോർഡ് വേവലിന്റെ വിലാസമെഴുതി,​ കവറിനു പുറത്ത് ബ്രിട്ടീഷ് സർക്കാരിന്റെ മുദ്ര പതിച്ച് മൂഡി അത് ശിപായിയെ വിളിച്ച് ഏല്പിച്ചു- 'നാളെ ഏറ്റവും രാവിലെ ഈ കത്ത് വൈസ്രോയിയുടെ മേശപ്പുറത്തെത്തണം." പുറത്ത് തണുപ്പായിരുന്നിട്ടും മൂഡിയുടെ നെറ്റിത്തടത്തിൽ വിയർപ്പു പൊടിഞ്ഞു.

അഞ്ചു ദിവസം,​

അഞ്ചു ചോദ്യം!

1945 ആഗസ്റ്റ് 18-നു രാത്രി, തായ്പേയിയിലെ (1945 വരെ തായ്‌ഹോകു) 'നാൻമോൻ" മിലിട്ടറി ആശുപത്രിയിലെ ഡോ. തനെയോഷി യോഷിമി അന്നത്തെ ഡെത്ത് രജിസ്റ്ററിൽ സുഭാഷ് ചന്ദ്ര ബോസ് എന്നൊരു പേര് എഴുതിച്ചേർത്തിട്ട് അപ്പോൾ അഞ്ചു ദിവസങ്ങൾ കഴിഞ്ഞിരുന്നു- 1945 ആഗസ്റ്റ് 23! വൈസ്രോയിയുടെ ചോദ്യത്തിന് മൂഡി മറുപടിക്കത്തെഴുതിയ അതേ ആഗസ്റ്റ് 23-നു തന്നെയാണ് ജപ്പാൻ ആ വാർത്ത ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്: തായ്‌വാനിലെ തായ്പേയിയിൽ ഉണ്ടായ ഒരു വിമാനാപകടത്തിൽ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടിരിക്കുന്നു!

ആ അഞ്ചു ദിവസങ്ങൾ!

ബാക്കിയായ അഞ്ചു ചോദ്യങ്ങൾ...

അതുതന്നെയാണ് പിന്നീട് എത്രയോ വർഷം; ഒരുപക്ഷേ ഇപ്പോഴും ചുരുളഴിയാത്ത നിഗൂഢതകളുടെ കടൽച്ചുഴലിയായി ഇന്ത്യാ ചരിത്രത്തെ ഭ്രമണം ചെയ്യുന്നത്. ബോസിന്റെ മരണവാർത്ത പുറത്തുവിടാൻ ജപ്പാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ട്?​ ആ വാർത്ത പുറത്തു വന്നതിനു ശേഷവും,​ ബോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ അഭിപ്രായം തേടി ആർ.എഫ്. മൂഡിക്ക് വൈസ്രോയി കത്തെഴുതിയത് എന്തിന്?​ ബോസിനെ തിരികെ ആവശ്യപ്പെടാതിരിക്കുകയാണ് നല്ല മാർഗമെന്ന് മൂഡി മറുപടിയെഴുതിയത് എന്തു മനസിൽവച്ച്?​ ബോസിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടാതിരിക്കുകയാണ് എളുപ്പമെന്നു പറഞ്ഞത് ആരിൽ നിന്ന്?​ ആ മരണവർത്തമാനം ജപ്പാന്റെ നുണക്കഥ മാത്രമെന്ന് ബ്രിട്ടൻ വിശ്വസിച്ചതിന് എന്തു കാരണം?​

തിരകൾ പോലെ ചോദ്യങ്ങൾ പിന്നെയും വന്നുകൊണ്ടിരുന്നു.

തായ്‌പേയ് മിലിട്ടറി ആശുപത്രിയിൽ ബോസിനെ ചികിത്സിച്ച ജാപ്പനീസ് ഡോക്ടർ തനെയോഷി യോഷിമി, പിന്നീട് അന്വേഷണ കമ്മിഷനുകൾക്കു മുന്നിൽ വെളിപ്പെടുത്തിയതെല്ലാം സത്യം തന്നെയോ? വിമാനാപകടത്തിൽ അപകടകരമാംവിധം പൊള്ളലേറ്റതായി ഡോ. യോഷിമി സാക്ഷ്യപ്പെടുത്തിയ ബോസ്,​ ആ രാത്രി മരിച്ചിട്ടില്ലെങ്കിൽ അവിടെനിന്ന് എവിടേയ്ക്കു പോയി?​ ബോസിന്റെ ഭൗതികദേഹം സംസ്കരിക്കപ്പെട്ടത് സത്യത്തിൽ എവിടെ?​.... ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ കടലിന്റെ ഇരുൾഖനിയിലേക്ക് അനാഥമായി മടങ്ങിക്കൊണ്ടിരുന്നു!

സുഭാഷ് ചന്ദ്ര ബോസിന്റെ മരണവാർത്ത ബാക്കിവച്ച ദുരൂഹതകളുടെ കുരുക്കഴിക്കാൻ പതിനൊന്നു വർഷങ്ങൾക്കു ശേഷം,​ 1956-ൽ നിയുക്തമായ ഷാ നവാസ് കമ്മിറ്റിക്കു മുന്നിലും,​ പിന്നെയും പതിന്നാലു വർഷം പിന്നിട്ട് 1970-ലെ ഖോസ്‌ല കമ്മിഷനു മുന്നിലും (കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത് 1974-ൽ) ഡോ. യോഷിമി പറ‌ഞ്ഞത് ഒരേ കഥ തന്നെ. തീർന്നില്ല; ഒരിക്കൽക്കൂടി ഡോ. യോഷിമി അതേ ചോദ്യങ്ങൾക്കു മുന്നിൽ അക്ഷോഭ്യനായി ഇരുന്നു- ലണ്ടനിൽ സീനിയ‌ർ ജേർണലിസ്റ്റ് ആയിരുന്ന ആശിഷ് റായ്‌ക്കു മുന്നിൽ. അപ്പോഴേയ്ക്കും തായ്പേയ് വിമാനപകടം കഴിഞ്ഞ് ദീർഘമായ അമ്പതു വർഷങ്ങൾ പെയ്തു തോർന്നിരുന്നു (അഭിമുഖം നടന്നത് 1995ൽ).

ആശിഷ് റായ് ചോദിച്ചു: 'അന്ന്,​ അമ്പതു വർഷം മുമ്പ് ബോസ് അവസാനമായി സംസാരിച്ചത് ഡോക്ടർ ഇപ്പോഴും മറന്നിട്ടില്ലെന്നോ?​"

കസേരയുടെ കൈത്താങ്ങിൽ മുട്ടുകൾ അമർത്തി,​ ഡോ. യോഷിമി മുന്നോട്ട് ആഞ്ഞിരുന്നു: 'ഇനിയൊരു അമ്പതു വർഷംകൂടി ആയുസുണ്ടെങ്കിൽ,​ അപ്പോൾ ചോദിച്ചാലും ഞാൻ അതു പറയും. കാരണം,​ ബോസിന്റെ വാക്കുകൾ ഞാൻ സൂക്ഷിച്ചിരിക്കുന്നത് ഓർമ്മയിലല്ല; അത് എന്റെ ഹൃദയത്തിലാണ്!" (‌ഡോ. യോഷിമിയുടെ മരണം ഏതു വർഷമെന്നത് അജ്ഞാതം).

'ബോസുമായി അത്രയ്ക്ക് ആത്മബന്ധമോ?​"

'ഇല്ല! ഞാൻ ബോസിന്റെ മുഖം ആദ്യം കാണുന്നതുപോലും ആ രാത്രിയിലായിരുന്നു; അതും,​ പൊള്ളിയടർന്ന പാതിമുഖം. പക്ഷേ,​ ബ്രിട്ടനെ ആജന്മശത്രുവായി പ്രഖ്യാപിച്ച ബംഗാളിയായ ഒരാൺകുട്ടിയെ വാർത്തകളിൽ നിന്ന് എനിക്കറിയാമായിരുന്നു. അവന്റെ പേര് സുഭാഷ് ചന്ദ്രബോസ് എന്നായിരുന്നു!​"

ഡോ. തനെയോഷി യോഷിമി കഥ പറഞ്ഞുകൊണ്ടേയിരുന്നു: 'എമർജൻസി സർജറി റൂമിലേക്ക് സ്ട്രെച്ചറിൽ എത്തിച്ച കത്തുന്ന ശരീരം ബോസിന്റേതാണ് എന്നു പറഞ്ഞത് നോനോമിയ എന്നൊരു ലഫ്റ്റനന്റ് ആണ്. സ്വന്തം ജീവൻ കൊടുത്തും ആ പ്രാണൻ അണയാതെ കാക്കണമെന്ന് അയാൾ പറഞ്ഞു. അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന ശരീരത്തിൽ ഒരു ഡോക്ടർക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ദേഹം തണുപ്പിക്കാൻ ചില മരുന്നുകൾ,​ ഒന്നുരണ്ട് കുത്തിവയ്പുകൾ...

അപ്പോഴും ആ ഹൃദയം പൊള്ളുന്നതിന്റെ ചൂട്,​ അരികിലുണ്ടായിരുന്ന എനിക്ക് തിരിച്ചറിയാമായിരുന്നു. ബദ്ധപ്പെട്ട് ബോസ് കണ്ണുകൾ തുറന്ന നിമിഷം ഞാൻ അദ്ദേഹത്തിന്റെ നെഞ്ചോളം കുനിഞ്ഞ് ചോദിച്ചു: 'എന്താണ് വേണ്ടത്?"​ ബോസ് എന്റെ കണ്ണുകളിലേക്കു നോക്കി: 'തലയ്ക്കകത്തേക്ക് രക്തം ഇരച്ചുകയറുന്നതുപോലെ. കുറച്ചുനേരം ഉറങ്ങാൻ തോന്നുന്നു. മറ്റൊന്നുമില്ല..."

ആത്മാവ്

നിത്യമാകയാൽ

അല്പനേരത്തേക്കല്ല,​ ബോസിന്റെ ജീവൻ നിത്യനിദ്ര‌യിലേക്ക് മെല്ലെ മെല്ലെ മിഴിപൂട്ടുകയാണെന്ന് മനസിലായി. ബോസ് എന്തോ ഓർക്കുന്നുണ്ടായിരുന്നു. പറയുവാൻ പിന്നെയൊന്നും ബാക്കിയില്ലാത്തതു പോലെ ചുണ്ടുകൾ അനക്കമറ്റിരുന്നു. സർജറി റൂമിനു പുറത്ത് ബോസിന്റെ സുഹൃത്ത്,​ കേണൽ ഹബീബുർ റഹ്‌മാൻ മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് വാതിൽപ്പഴുതിലൂടെ കാണാമായിരുന്നു. എനിക്ക് അർത്ഥമറിയാത്ത ഭാഷയായിരുന്നിട്ടും,​ അല്ലാഹു അവനോടൊപ്പം ഉണ്ടായിരിക്കേണമേ എന്ന് ആ പ്രാർത്ഥന ആകാശത്തോടു സംസാരിക്കുന്നത് എനിക്കു മനസിലാകുമായിരുന്നു."

പുറത്തു നിന്ന് ഇടനാഴിയിലൂടെ ഒഴുകിവന്ന കാറ്റ്,​ ബോസ് മിഴികൾ പൂട്ടിക്കിടന്ന മുറിയുടെ വാതിൽ പതിയെ തുറന്ന്,​ ആ ശരീരത്തെ ആശ്ളേഷിച്ചു. ഡോക്ടറുടെ വിശ്രമമുറിയിൽ,​ ചുവരിലെ നാഴികമണിയിൽ നിന്ന് തണുത്ത വായുവിലേക്കു പടർന്ന പതിനൊന്നു മുഴക്കങ്ങൾക്ക് വല്ലാതെ ഭാരം കൂടിയിരുന്നതായി തോന്നി.

കത്തിയമർന്ന വിമാനത്തിൽ നിന്ന് ബോസ് പുറത്തേക്കു വരുമ്പോൾ വസ്ത്രങ്ങൾക്ക് തീപിടിച്ചിരുന്നെങ്കിലും കോട്ടിന്റെ പോക്കറ്റിൽ ബോസ് സദാ കരുതുന്ന ആ മൂന്ന് അമൂല്യ നിധികൾക്ക് ഒന്നും സംഭവിച്ചിരുന്നില്ല. ശസ്ത്രക്രിയാ മുറിയിൽ,​ യോഷിമിയുടെ ഡോക്ടേഴ്സ് ടേബിളിൽ വച്ചിരുന്ന ചെറിയ ബുദ്ധ വിഗ്രഹത്തിനു മുന്നിൽ (ബുദ്ധവിശ്വാസിയായിരുന്നു ഡോ. യോഷിമി) ആ നിധി മൂന്നുമുണ്ട്: ഭഗവദ്ഗീത,​ കാളീ ദേവിയുടെ ചിത്രം,​ ഒരു രുദ്രാക്ഷമാല!

എല്ലാം അവസാനിച്ചിരിക്കുന്നുവെന്ന് തായ്‌വാൻകാരിയായ നഴ്സിന് മനസിലായി. അവർ പുറത്തേക്കു പോയി. ഡോ. യോഷിമി ബോസിന്റെ കിടക്കയ്ക്കു പിൻതിരിഞ്ഞ്,​ ഡോക്ടേഴ്സ് ടേബിളിലിരുന്ന ഭഗവദ്ഗീത കൈയിലെടുത്ത് വെറുതെ മറിച്ചു: 'ആത്മാവ് നിത്യമാകയാൽ അതിന് പിറവിയില്ല; നാശവുമില്ല. ശരീരം ജീർണിച്ചുപോയാലും,​ ആത്മാവ് സത്യമായിത്തന്നെ ശേഷിക്കുന്നു." (ഭഗവദ്ഗീത: അദ്ധ്യായം 02: 20)​.

ബോസിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അത് ശാന്തവും പ്രഭാമയവും കാലുഷ്യമകന്നതുമായി ഡോ. യോഷിമിക്ക് തോന്നി. ബുദ്ധന്റെ മുഖവും അങ്ങനെ തന്നെയായിരുന്നു!

ശ്യാംലാലിന്റെ

രഹസ്യങ്ങൾ

ചരിത്രത്തിൽ മറ്റൊരു മരണത്തിനും മേൽ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ഇത്രമേൽ ഇരുൾ വീഴ്‌ത്തിയിരിക്കില്ല. ബോസിന്റെ തിരോധാനം അന്വേഷിച്ച ഖോസ്‌ല കമ്മിഷൻ,​ മൊഴി രേഖപ്പെടുത്താൻ വിളിച്ചവരുടെ പട്ടികയിൽ ശ്യാംലാൽ ജെയിൻ എന്നൊരു പേരുണ്ടായിരുന്നു. യുദ്ധാനന്തരം ബ്രിട്ടന്റെ വിചാരണ നേരിടേണ്ടിവന്ന ഐ.എൻ.എ ഉദ്യോഗസ്ഥർക്ക് നിയമ സഹായം നൽകുന്നതിനായി 1945-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച ഐ.എൻ.എ ഡിഫൻസ് കമ്മിറ്റി അംഗമായിരുന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അസഫ് അലിയുടെ സ്റ്റെനോഗ്രാഫർ.


ജി.ഡി. ഖോസ്‌ല എന്ന ഏകാംഗ അന്വേഷണ കമ്മിഷനു മുന്നിൽ (1970) ശ്യാംലാൽ ജെയിൻ ഒരു രഹസ്യം വെളിപ്പെടുത്തി: 'സർ,​ 1945 ഡിസംബർ 26-നോ 27-നോ ആണ്. എന്റെ ടൈപ്പ് റൈറ്ററുമായി എത്രയും വേഗം അസഫ് അലിയുടെ വീട്ടിലേക്കു ചെല്ലാൻ ജവഹർലാൽ നെഹ്‌റുവിന്റെ ഒരു ഫോൺ വന്നു. ചെന്നയുടൻ,​ നീണ്ട കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് വലിച്ചെടുത്ത്, അതിന്റെ നാല് കോപ്പികൾ ടൈപ്പ് ചെയ്യാൻ അദ്ദേഹം പറഞ്ഞു. വായിക്കാൻ നന്നേ ബുദ്ധിമുട്ടുള്ള ഒരു കൈയെഴുത്തായിരുന്നു. അന്ന് ടൈപ്പ് ചെയ്ത ഓർമ്മയിൽ നിന്നാണ് ഞാൻ പറയുന്നത്. ഏതാണ്ട് ഇങ്ങനെയായിരുന്നു അത്...

- 'സെയ്ഗണിൽ നിന്ന് സുഭാഷ് ചന്ദ്രബോസ് യാത്രചെയ്ത വിമാനം ആഗസ്റ്റ് 23-ന് (1945)​ ഉച്ചകഴിഞ്ഞ് 1.30-ന് മഞ്ചൂറിയയിൽ (ദയ്‌റൻ)​ ലാൻഡ് ചെയ്തു. അതൊരു ജാപ്പനീസ് ബോംബർ ആയിരുന്നു. ബോസ് പുറത്തിറങ്ങുമ്പോൾ രണ്ടു കൈയിലും ഓരോ പെട്ടിയുണ്ടായിരുന്നു. ചായ കുടിച്ച്,​ ബോസും ജനറൽ ഷിദേയിയും മറ്റ് മൂന്നുപേരും... ക്ഷമിക്കണം,​ അവരുടെ പേരുകൾ ഞാൻ മറന്നുപോയി... കാത്തുകിടന്ന ജീപ്പിൽ കയറി അവർ റഷ്യൻ അതിർത്തിയിലേക്ക് ഓടിച്ചുപോയി. മൂന്നു മണിക്കൂർ കഴിഞ്ഞ് ജീപ്പ് മടങ്ങിവന്നു. ഡ്രൈവർ പൈലറ്റിനോട് എന്തോ രഹസ്യം പറഞ്ഞു. പിന്നെ,​ വിമാനം ടോക്കിയോയിലേക്ക് തിരികെപ്പോയി..."

ആ കത്ത്

ആരുടേത്?​

ഞാൻ ടൈപ്പ് ചെയ്തുകൊണ്ടിരിക്കെത്തന്നെ നെഹ്റു എന്തോ സംസാരിക്കാനായി അസഫ് അലി ഇരുന്ന മുറിയിലേക്കു പോയി. എന്റെ കൈയിൽ തന്ന കുറിപ്പിന്റെ അവസാനം അത് എഴുതിയ ആളുടെ പേരുണ്ടായിരുന്നെങ്കിലും എത്ര ശ്രമിച്ചിട്ടും വായിക്കാനായില്ല. മറ്റൊരാൾ വായിക്കാതിരിക്കാനായി അക്ഷരങ്ങൾ കുരുക്കിട്ട് എഴുതിയിരിക്കുകയാണോ എന്നു തോന്നി. പതിനഞ്ചു മിനിട്ട് കഴിഞ്ഞുകാണും; നെഹ്‌റു തിരിച്ചുവന്നപ്പോൾ ആ പേര് വായിച്ചുതരാമോ എന്ന് ചോദിച്ചെങ്കിലും,​ അത്രയും മതിയെന്നു പറഞ്ഞ് അദ്ദേഹം അത് തിരികെ വാങ്ങി. നാല് പകർപ്പുകളും ഞാൻ നെ‌ഹ്റുവിന് കൈമാറി!

ശ്യാംലാൽ ജെയിൻ വെളിപ്പെടുത്തിയതനുസരിച്ച് തായ്പേയിയിലെ വിമാനാപകടത്തിനു ശേഷം നാലു മാസത്തോളം കഴിഞ്ഞാണ് നെഹ്റു ആ 'അജ്ഞാത സന്ദേശം" പുറത്തെടുത്തത്. നെഹ്‌റുവിന് ആ കുറിപ്പ് ആര്,​ എന്ന്,​ എങ്ങനെ കൈമാറി?​ ശ്യാംലാൽ എത്ര തവണ ശ്രമിച്ചിട്ടും വായിക്കാനാകാതിരുന്ന ആ പേരിനു പിന്നിലെ മുഖം ആരുടേതായിരുന്നു? ഉത്തരമില്ലാതെ ചരിത്രഗർഭത്തിൽ ചാപിള്ളയായി ശേഷിച്ചു,​ ആ ഇരുണ്ട ചോദ്യം!

ഓർമ്മയിൽ നിന്ന് ശ്യാംലാൽ ജെയിൻ ഖനനംചെയ്തെടുത്തവയിൽ വേറെയുമുണ്ടായിരുന്നു,​ ചില ജീർണ ശില്പങ്ങൾ. ശ്യാംലാൽ പറഞ്ഞുകൊണ്ടിരുന്നു: 'അതിനു ശേഷം നെഹ്‌റു ഡിക്‌റ്റേറ്റ് ചെയ്തുതന്ന കത്ത് ക്ളമന്റ് ആറ്റ്ലിക്ക് (ബ്രിട്ടീഷ് പ്രധാനമന്ത്രി)​ ഉള്ളതായിരുന്നു. ടൈപ്പ് ചെയ്യാൻ പറഞ്ഞുതരുമ്പോൾ നെഹ്റുവിന്റെ ശബ്ദം പതിവിലും കടുത്തിരുന്നു: താങ്കളുടെ രാജ്യം യുദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള സുഭാഷ് ചന്ദ്ര ബോസിന് റഷ്യൻ അതിർത്തിയിൽ പ്രവേശിക്കുവാൻ സ്റ്റാലിൻ അനുമതി നൽകിയതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. ഇത് റഷ്യയുടെ ഭാഗത്തു നിന്നുള്ള കടുത്ത ചതിയും വഞ്ചനയുമാണ്. ബ്രിട്ടനും അമേരിക്കയ്ക്കും ഒപ്പം സഖ്യശക്തികളിൽ ഒരാളെന്ന നിലയിൽ റഷ്യ ഇത് ഒരിക്കലും ചെയ്തുകൂടാത്തതാണ്. ഇക്കാര്യത്തിൽ ഏറ്റവും യുക്തവും ഉചിതവുമായത് എന്തെന്നു തീരുമാനിച്ച് നിർവഹിക്കുക!"

നിലയ്ക്കാത്ത

ചോദ്യങ്ങൾ

സെയ്‌ഗണിൽ നിന്ന് സുഭാഷ് ചന്ദ്രബോസുമായി 1945 ആഗസ്റ്റ് 23 ന് ഉച്ച കഴിഞ്ഞ് മഞ്ചൂറിയയിൽ ലാൻഡ് ചെയ്തുവെന്ന് നെഹ്‌റുവിനു കിട്ടിയ ചാരസന്ദേശം വാസ്തവമെങ്കിൽ, ആ ജാപ്പനീസ് ബോംബർ തീപിടിച്ചു തകർന്നത് തായ്‌പേയിയിൽ ആഗസ്റ്റ് 18-ന് ആകുന്നതെങ്ങനെ? ആഗസ്റ്റ് 18-ന് ബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് ജപ്പാൻ പ്രഖ്യാപിച്ചതിനു ശേഷം, അതേവർഷം ഡിസംബറിൽ ക്ളമന്റ് ആറ്റ്ലിക്ക് എഴുതിയ കത്തിൽ,​ ബോസിന് സ്റ്റാലിൻ അഭയം നല്കിയതിനെക്കുറിച്ച് നെഹ്‌റു പറഞ്ഞത് എന്തുകൊണ്ട്?​ കാരണം ഒന്നേയുള്ളൂ: തായ്പേയ് വിമാനാപകടം ജപ്പാനും ബോസും ചേർന്നു മെനഞ്ഞ കെട്ടുകഥയാണെന്നുതന്നെ നെഹ്റു വിശ്വസിക്കുന്നുണ്ടായിരുന്നു.

അച്ചടിക്കപ്പെട്ട ചരിത്രമാണ് ശരിയെന്നുതന്നെ വിചാരിക്കുക. പക്ഷേ, 1945 ആഗസ്റ്റ് 18-ന് തായ്‌പേയിലുണ്ടായ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ബാക്കിവച്ചത് കൂടുതൽ കുരുക്കുകൾ മാത്രം! അപകടത്തിന് ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട് ഖോസ്‌ല കമ്മിഷനു മുന്നിലെത്തിയ തായ്‌വാൻകാരനായ വൈ.ആർ. ത്‌സെംഗ് പറഞ്ഞത്, തായ്‌പേയിയിൽ വിമാനം കത്തിയമർന്നത് സത്യംതന്നെ; പക്ഷേ അത് 1944 സെപ്തംബറിലോ ഒക്ടോബറിലോ ആയിരുന്നു എന്നാണ്- നമ്മൾ വിശ്വസിക്കുന്നതിനെക്കാൾ ഒരുവർഷത്തോളം മുമ്പ്!

നേതാജിയുടെ മരണരഹസ്യം തേടി 1946-ൽ തായ്‌പേയിയിലേക്കു പുറപ്പെട്ട മുംബയിൽ നിന്നുള്ള പത്രപ്രവർത്തകൻ ഹരിൺ ഷാ,​ അതിനു ശേഷം പ്രസിദ്ധീകരിച്ച 'ഗാലന്റ് എൻഡ് ഒഫ് നേതാജി" എന്ന പുസ്തകത്തിൽ എഴുതി: 'നമ്മൾ കേട്ടതെല്ലാം സത്യമാണ്- മിലിട്ടറി ആശുപത്രിയിൽ ബോസിനെ പരിചരിച്ച തായ്‌വാൻകാരിയായ നഴ്സ്,​ തീപിടിച്ച് തകർന്ന ജാപ്പനീസ് ബോംബർ,​ അപകടത്തിന് ദൃക്‌സാക്ഷികളായ തായ്‌വാൻകാർ... എല്ലാം ഞാൻ നേരിൽക്കണ്ടു!" ഷാ നവാസ് കമ്മിറ്റിക്കു സമർപ്പിക്കപ്പെട്ട ആ പുസ്തകത്തിലെ വിവരങ്ങളുടെ ആധികാരികത തിരഞ്ഞ സംഘത്തിനു പക്ഷേ നിരാശയായിരുന്നു ഫലം! ആ കാലയളവിൽ അവിടെ അങ്ങനെയൊരു നഴ്സ് ഉണ്ടായിരുന്നില്ല,​ ദൃക്സാക്ഷികളായി ഹരിൺ ഷാ അവതരിപ്പിച്ച തായ്‌വാൻകാരുടെ പേരുകളെല്ലാം പച്ചക്കള്ളം!

വസ്തുതാ പരിശോധനാ സംഘത്തിലെ (ഫാക്റ്റ് ഫൈൻഡിംഗ് ടീം)​ പ്രൊഫ. സമർ ഗുഹയ്ക്കു കിട്ടിയത് മറ്റൊരു വലിയ 'തലവേദന" കൂടിയായിരുന്നു: 1945 ആഗസ്റ്റ് 18-ന് തായ്പേയിയിൽ തകർന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന ജാപ്പനീസ് ബോംബറിന്റെ മൂന്ന് ഫോട്ടോഗ്രാഫുകൾ മുമ്പ് എപ്പോഴോ സംഭവിച്ച മൂന്ന് വ്യത്യസ്ത വിമാനാപകടങ്ങളുടെ ദൃശ്യങ്ങളായിരുന്നു! ജപ്പാൻ പല ഫയലുകളിലായി നിരത്തിയ തെളിവുകളിലുമുണ്ടായിരുന്നു ഉത്തരമില്ലാത്ത പൊരുത്തക്കേടുകൾ.

ഒരിടത്ത് പുതിയ ബോംബർ വിമാനമെന്നും,​ മറ്റൊരിടത്ത് പഴഞ്ചനെന്നും. വിമാനം വന്നത് സെയ്‌ഗണിൽ നിന്നെന്ന് ഒരു ഫയലിലും,​ മനിലയിൽ നിന്നെന്ന് വേറൊരു രേഖയിലും. ടൂറിനിൽ നേതാജി തങ്ങിയ സ്ഥലം,​ വിമാനത്തിന്റെ ചീഫ് പൈലറ്റ്,​ നാവിഗേറ്റർ,​ സീറ്രിംഗ് ക്രമം,​ തായ്പേയിയിലെ ലാൻഡിംഗ് സമയം.... എല്ലാം പല ഫയലിലും വ്യത്യസ്തം. ഏറ്റവും വിചിത്രമായി തോന്നിയത് മറ്രൊന്നാണ്- ബോസിനൊപ്പം തായ്പേയിലേക്ക് വിമാനയാത്ര നടത്തിയ,​ ജപ്പാന്റെ മഞ്ചൂറിയൻ ആർമിയുടെ കമാൻഡർ ഇൻ ചീഫ് ആയിരുന്ന ജനറൽ ത്‌സുനാമസ ഷിദേയിയെ സ്വീകരിക്കാൻ മിലിട്ടറി പ്രോട്ടോകോൾ അനുസരിച്ച് ഉദ്യോഗസ്ഥരാരും വിമാനത്താവളത്തിൽ എത്താതിരുന്നത് എന്ത്?​

ബോസിനെ റഷ്യൻ അതിർത്തി കടക്കാൻ സഹായിക്കുന്നതിനായി,​ ജനറൽ ഷിദേയി പറന്ന ജാപ്പനീസ്

വിമാനത്തിൽ നേതാജിക്കു കൂടി സീറ്റ് ഒരുക്കിയതിനു പിന്നിൽ മറ്റൊരാളുണ്ടായിരുന്നു-ഇംപീരിയൽ ജപ്പാൻ ആർമിയിൽ ഫീൽഡ് മാർഷൽ ആയിരുന്ന തെരാഉചി. ദയ്റൻ വരെ ഷിദേയി ബോസിനെ അനുഗമിക്കും. അവിടെ നിന്ന് ബോസ് സ്വന്തം ഉത്തരവാദിത്വത്തിൽ റഷ്യയിലേക്കു കടക്കും. പിന്നെ, ദയ്റനിൽ നിന്ന് സുഭാഷ് ചന്ദ്ര ബോസ് അപ്രത്യക്ഷനായതായി ജപ്പാൻ പ്രഖ്യാപിക്കും! അതായിരുന്നു തിരക്കഥ. എല്ലാം ഭദ്രം!

ഒരു ചോദ്യം എന്നിട്ടും ബാക്കി- ആ ബോംബർ വിമാനം,​ നെഹ്‌റുവിന്റെ 'ചാരൻ" അദ്ദേഹത്തോട് റിപ്പോർട്ട് ചെയ്തതുപോലെ സത്യത്തിൽ ദയ്റൻ വരെ എത്തിയിരുന്നോ? അവിടെ നിന്ന് ബോസ് അപ്രത്യക്ഷനാവുകയായിരുന്നോ?​ അപ്പോൾ,​ ചരിത്രം എൺപതു വർഷങ്ങൾക്കു ശേഷം,​ ഇപ്പോഴും ഉരുവിട്ടുകൊണ്ടേയിരിക്കുന്ന തായ്‌പേയ് വിമാനാപകടം?​ 'നാൻമോൻ" മിലിട്ടറി ആശുപത്രിയിലെ ഡോ. തനെയോഷി യോഷിമിയുടെ സാക്ഷ്യങ്ങൾ?​ ഏതു സത്യം?​ ഏതു കല്പിതം?​

ബോസിന്റെ

പ്രണയകഥ

ചോദ്യങ്ങൾ അവസാനിച്ചതേയില്ല! സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട് നെഹ്റു സർക്കാർ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന മുഴുവൻ രേഖകളും 2016-ൽ നരേന്ദ്ര മോദി സർക്കാർ നാഷണൽ ആർക്കൈവ്സ് ഒഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി പൊതുരേഖയായി പ്രസിദ്ധീകരിച്ചിട്ട് പത്തുവർഷമാകുന്നു. അതുവരെ ആരും അറിയാതിരുന്ന വിവരങ്ങളിൽ നിന്ന് വീണ്ടും പുതിയ ചോദ്യങ്ങൾ മുളപൊട്ടുകയായിരുന്നു...

നേതാജിയുടെ ദുരൂഹ തിരോധാനത്തിനു ശേഷം ഒരു ദശകത്തോളം സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബത്തിനു മേൽ നിരീക്ഷണത്തിനായി നെഹ്റു ചാരനേത്രങ്ങളെ നിയോഗിച്ചത് എന്തിന്?​ ബോസ് ഉയിർത്തെഴുന്നേറ്റ് തിരികെ വരുമെന്ന് നെഹ്‌റു ഭയന്നിരുന്നോ?​

ധീരതയുടെ അപരപദമായി ലോകമറിയുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ പ്രണയമുഖം ആരോർക്കുന്നു?​ വിയന്നയിൽ,​ 'ദ ഇൻഡ്യൻ സ്ട്രഗിൾ" എന്ന പുസ്തകത്തിന്റെ എഴുത്തിനിടെ ബോസ് മിടുക്കുള്ള ഒരു ടൈപ്പിസ്റ്റിനെ തേടിനടന്ന കാലം. ഒരു സുഹൃത്താണ് അവളെ പരിചയപ്പെടുത്തിയത്: എമിലി ഷെൻകൽ. വയസ് 23. ഒന്നാന്തരം ഇംഗ്ളീഷ്; ടൈപ്പിംഗിന് നല്ല വേഗവും! എമിലി ബോസിന്റെ കേട്ടെഴുത്തുകാരിയായി. പിന്നെപ്പിന്നെ,​ ബോസ് പറയുന്നത് എമിലി കേൾക്കുക മാത്രമല്ല,​ അവൾ പറയുന്നത് ബോസും കേട്ടിരിക്കാൻ തുടങ്ങി...

ബോസ്,​ ചോദ്യങ്ങളുടെ തിരകൾക്കു പിന്നിലേക്കു മറയുമ്പോൾ ആ വിവാഹം കഴിഞ്ഞ് എട്ടു വർഷം പിന്നിട്ടിരുന്നു. മകൾ അനിതാ ബോസ് ഫാഫിന് അന്ന് മൂന്നു വയസ്. ടോക്കിയോയിലെ റങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അച്ഛന്റെ ചിതാഭസ്മം ഡി.എൻ.എ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൺപത്തിമൂന്നാം വയസിൽ അനിത കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ട് ഇപ്പോൾ മൂന്നു വർഷം. ചോദ്യങ്ങൾ തുടരുകയാണ്; കഥയും!

(അടുത്ത ലക്കത്തിൽ അവസാനിക്കും. ലേഖകന്റെ ഫോൺ: 99461 08237)​

TAGS: NEHRU, SUBHASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.