തിയേറ്ററുകളില്ലാത്ത ലക്ഷദ്വീപിൽ നിന്ന് കപ്പൽ കയറി കൊച്ചിയിലെത്തിയിരുന്ന സിനിമാ പ്രേമിയായ യുവാവ് വർഷങ്ങൾക്കിപ്പുറം മലയാള സിനിമയുടെ വെള്ളിത്തിരയിൽ നിർമ്മാതാവിന്റെ റോളിൽ തിളങ്ങുന്ന വിജയഗാഥയുടെ പേരാണ് നെടിയത്ത് നസീബ്. മലയാള സിനിമാ ലോകത്തിന്റെ നെടുംതൂണായ നിർമ്മാണ മേഖലയിൽ ചുവടുറപ്പിക്കുമ്പോൾ, നിശ്ചദാർഡ്യത്തോടെ സ്വപ്നങ്ങൾ കണ്ടാൽ, ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്നതിന്റെ നേർചിത്രമാണ് നെടിയത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നെടിയത്ത് നസീബിന്റെ ജീവിതം. 2024ൽ പുറത്തിറങ്ങിയ 'വിവേകാനന്ദൻ വൈറലാണ് "എന്ന ചിത്രത്തിന് ശേഷം മുൻനിര താരങ്ങളെ ഉൾപ്പെടുത്തി ചിത്രം ഒരുക്കാനുള്ള തയാറെടുപ്പിലാണ് നസീബ്.കൽപ്പേനി ദ്വീപിൽ നിന്ന് കടലിനക്കരെയുള്ള സിനിമാ ലോകത്തെ കൈപ്പിടിയിലാക്കിയ കഥ കേരള കൗമുദിയുമായി പങ്കു വയ്ക്കുകയാണ് നസീബ്..
ആദ്യ സ്വപ്നം മർച്ചന്റ്നേവി
ഓഫീസർ
ലക്ഷദ്വീപിലെ കൽപ്പേനിയിലെ കച്ചവടപാരമ്പര്യമുള്ള കുടുംബത്തിലെ അബ്ദുറഹ്മാന്റെയും, ചെറിയബിയുടെയും മകൻ നസീബിന് സിനിമാ കമ്പം നന്നേ ചെറുപ്പത്തിലേ കൂടെകൂടിയതാണ്. കച്ചവട ആവശ്യത്തിന് കേരളത്തിലെത്തുന്ന പിതാവിനൊപ്പം അവധിക്കാലത്ത് പന്ത്രണ്ട് മണിക്കൂർ കപ്പൽ യാത്ര ചെയ്ത് കൊച്ചിയിലെത്തി സിനിമകൾ ആസ്വദിച്ച് മടങ്ങുന്നതായിരുന്നു പതിവ്.യാത്രകൾ വഴി കപ്പലിൽ ഓഫീസറാകണമെന്ന മോഹം മനസ്സിൽ ചേക്കേറി.ദ്വീപിൽ നിന്ന് പ്ലസ് ടൂ പഠനത്തിന് ശേഷം കൊച്ചിയിൽ മാതൃസഹോദരനായ ഡോ.ഷുക്കൂറിനരികിലെത്തി കോളേജ് പഠനം ആരംഭിച്ചെങ്കിലും, മർച്ചന്റ് നേവി ഓഫീസറാകണമെന്ന ചിന്തയിൽ കോളേജിനോട് വിട പറഞ്ഞ് നഴ്സിംഗിന് ചെന്നൈയിൽ ചേർന്നു. സിനിമക്കാരുടെ താവളമായ ചെന്നൈ തന്നെ തിരഞ്ഞെടുത്തതും സിനിമയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. ഡോ.ഷുക്കൂർ കപ്പലിൽ ഡോക്ടറായി സേവനം നടത്തുന്നതും പ്രചോദനമായി.കപ്പലുമായി ബന്ധപ്പെട്ട് മറൈൻ കോഴ്സുകളും ചെയ്തു.പഠനം പൂർത്തീകരിച്ച് അധികം വൈകാതെ തന്നെ ക്രൂയിസ് ഷിപ്പിൽ മെഡിക്ക് ഓഫീസറായി നിയമിതനായ നസീബ് മർച്ചന്റ് നേവിയിൽ പതിനഞ്ച് വർഷങ്ങൾ പിന്നിട്ടു. നിലവിൽ ഖത്തറിലാണ് ജോലി ചെയ്യുന്നത്. രണ്ട് മാസങ്ങൾ കൂടുമ്പോൾ അവധിക്ക് നാട്ടിലെത്തും. ഈ ഇടവേളകളിലാണ് സിനിമാ ചർച്ചകൾ നടക്കുന്നത്.
സിനിമയെന്ന സ്വപ്നക്കൂട്
തനിക്ക് സ്വപ്നം കാണാൻ മാത്രം കൈയ്യെത്തും ദൂരത്താണോ സിനിമയെന്ന സംശയം നസീബിനെ അലട്ടിയിരുന്നു. കമൽ സംവിധാനം ചെയ്ത സ്വപ്നക്കൂട് ട്രെൻഡായി നിൽക്കുന്ന കാലത്താണ് നസീബ് പഠനാവശ്യത്തിനായി കൊച്ചിയിൽ താമസത്തിനെത്തിയത്. എറണാകുളത്ത് സ്ഥാപിച്ചിരുന്ന സ്വപ്നക്കൂടിന്റെ ഹോർഡിംഗിൽ കണ്ണുടക്കി. ഭാവനയും മീരാജാസ്മിനും, പൃഥ്വിരാജും, കുഞ്ചാക്കോ ബോബനും, ജയസൂര്യയും അണിനിരക്കുന്ന കറുപ്പിനഴക് പാട്ടിന്റെ സീനായിരുന്നു പോസ്റ്ററിൽ. അന്ന് സിനിമയുടെ ഭാഗമാകണമെന്ന വലിയ ആഗ്രഹത്തോടെ ഏറെ നേരം പോസ്റ്റർ നോക്കി നിന്ന പയ്യന് വർഷങ്ങൾക്കിപ്പുറം സ്വപ്നക്കൂടിന്റെ സംവിധായകൻ കമലിനെ കൊണ്ട് തന്നെ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യിക്കാനുള്ള ഭാഗ്യം ലഭിച്ചു. അതാണ് 'വിവേകാനന്ദൻ വൈറലാണ് " എന്ന ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ്, ഗ്രേസ് ആന്റണി, മറീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം.
മർച്ചന്റ് നേവിയിലെ ജോലിക്കൊപ്പം ബിസിനസ് രംഗത്തും തിളങ്ങുകയാണ് നസീബ് എന്ന വീട് നിർമ്മാതാവ്. നെടിയത്ത് പ്രോപ്പർട്ടീസിന്റെ മാനേജിങ്ങ് പാർട്ണർ കുടിയാണ് നസീബ്. കപ്പലിൽ മെഡിക്ക് ഓഫീസറായി പ്രവാസ ജീവിതം തുടരുമ്പോഴും ചിന്തകളിലെപ്പോഴും ബിസിനസ്സും സിനിമാ മോഹം തെളിഞ്ഞ് നിന്നിരുന്നു.ഒരിക്കലും അഭിനയത്തോട് കമ്പം തോന്നിയിരുന്നില്ലെന്ന് നസീബ് പറയുന്നു. അങ്ങനെയാണ് നിർമ്മാണരംഗത്തിലൂടെ വെള്ളിത്തിരയുടെ ഭാഗമാകാൻ തീരുമാനിച്ചത്. പ്രവാസ ജീവിതത്തിലും വ്യാവസായത്തിലും പങ്കാളിയായ അടുത്ത സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി പി.എസ്.ഷെല്ലിരാജായിരുന്നു ഏറ്റവും വലിയ പിന്തുണയും ഊർജ്ജവും. ഷെല്ലിയെ റിസ്ക് പാർട്ണർ എന്ന് വിശേഷിപ്പിക്കാനാണ് നസീബിന് ഇഷ്ടം. പ്രതിസന്ധികളെ മറികടക്കുന്നതിൽ അങ്ങനെയൊരു കൂട്ട് പലപ്പോഴും വലിയ സഹായമായിട്ടുണ്ട്. വ്യാപാര രംഗത്തെ പരിചയ സമ്പത്തും ബന്ധങ്ങളും സിനിമാ മേഖലയിലേക്കുള്ള വഴി തെളിച്ചു.
ആദ്യം മറ്റൊരു സിനിമയാണ് പദ്ധതിയിട്ടതെങ്കിലും, സംവിധായകൻ കമലുമായി കൈകോർത്ത് വിവേകാനന്ദൻ വൈറൽ യാഥാർത്ഥ്യമാക്കുകയായിരുന്നു. സിനമയുടെ വിതരണം ലിസ്റ്റൺ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്തതും, നല്ല ബാനർ ലഭിച്ചതും അനുഗ്രഹമായാണ് കാണാൻ കഴിയുന്നതെന്ന് നസീബ് വ്യക്തമാക്കി.
ചരിത്രമാകും തിയറ്റർ സ്വപ്നം
ജനസംഖ്യ കുറവായതിനാൽ സിനിമാ തിയറ്റുകളൊന്നു പോലും ലക്ഷദ്വീപിൽ ഉണ്ടായിട്ടില്ല. കവരത്തി ദ്വീപിൽ മിനി തിയറ്റർ സ്ഥാപിച്ച്, ലോകത്ത് എവിടെയും എന്നതു പോലെ റിലീസ് തിയതിയിൽ തന്നെ ലക്ഷദ്വീപ് നിവാസികൾക്കും സിനിമകൾ കാണാൻ സാധിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് നസീബ്. ഇന്ന് ഒരു സിനിമ കാണാണമെങ്കിൽ കപ്പൽ ടിക്കറ്റെടുത്ത് മണിക്കൂറുകൾ നീക്കിവെച്ചു വേണം ഓരോ ദ്വീപു നിവാസിക്കും കൊച്ചിയിലെത്താൻ. സിനിമാ തിയറ്റർ വിനോദത്തിനുള്ള അവസരം മാത്രമല്ല, തദ്ദേശിയർക്ക് തൊഴിൽ സാധ്യത കൂടിയാണ് തുറക്കുന്നത്. എന്തിനും ഏതിനും കൊച്ചിയെ ആശ്രയിക്കേണ്ടി വരുന്ന ദ്വീപ് നിവാസികൾക്കായി ധാരാള പദ്ധതികൾ നസീബിന്റെ മനസ്സിലുണ്ട്. കേരളത്തിൽ നീതി സ്റ്റോറുകളിൽ ലഭിക്കുന്ന തരത്തിൽ സാധാരണക്കാർക്ക് പരമാവധി വിലക്കുറവിൽ മരുന്നുകൾ എത്തിക്കുന്ന ഓൺലൈൻ സംവിധാനത്തിന് തുടക്കമായിക്കഴിഞ്ഞു. ആവശ്യക്കാരുടെ ഓർഡർ അനുസരിച്ചുള്ള മരുന്നുകൾ കപ്പൽ വഴി കയറ്റി അയക്കും. വിവിധ ദ്വീപുകളിലായി ഫാർമസി റീട്ടയിൽ ഷോപ്പുകളും നടത്തുന്നുണ്ട്.
കൂടെ എന്നും കൂട്ടായ് സെയ്ദ
ജീവിത സഖിയായി എന്നും കൂടെയുള്ള വടുതല സ്വദേശി സെയ്ദയും നസീബിന്റെ മറ്റൊരു ഭാഗ്യമാണ്, എറണാകുളത്ത് കണ്ടുമുട്ടിയിരുന്ന പെൺകുട്ടിയെ പിൽക്കാലത്ത് വിവാഹം കഴിച്ചു. വിവാഹശേഷം വധുവിന്റെ വീട്ടിലേക്ക് വരനെത്തുന്നതാണ് ലക്ഷദ്വീപിലെ പതിവ്. മൂന്ന് പെൺകുട്ടികളിൽ ഇളയ ആളായ സെയ്ദയുടെ കുടുംബം ആഗ്രഹിച്ചിരുന്നതും തങ്ങൾക്കൊപ്പമുണ്ടാകുന്ന വരനെയായിരുന്നു. എല്ലാ പൊരുത്തങ്ങളും ഇണങ്ങിയതോടെ പന്ത്രണ്ട് വർഷങ്ങൾ മുമ്പ് നസീബും കേരളീയനായി. മെഡിക്കൽ , സർജിക്കൽ ഉപകരണങ്ങളുടെ ഹോൾസെയിൽ വിതരണ സംരംഭകയാണ് സെയ്ദ. ആറാം ക്ലാസുകാരി ആയിഷ മെഹറിൻ, യു.കെ.ജി വിദ്യാർത്ഥികളായ ആലിയ പർവീൺ, അസ്വാ നൗറിൻ എന്നിവരാണ് മക്കൾ.
മമ്മൂട്ടി ആരാധകൻ
ഒരു മമ്മൂട്ടി ചിത്രം ചെയ്യണമെന്നതാണ് നസീബിന്റെ വലിയ സ്വപ്നം. ആത്മാർത്ഥമായി ആഗ്രഹിച്ചവയെല്ലാം നേടിയതുപോലെ ഈ ആഗ്രഹവും സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നസീബ്. പൃഥ്വിരാജ് ചിത്രമായ 'അനാർക്കലി" പോലെ ദ്വീപിനെ കേന്ദ്രീകരിച്ച് സിനിമ ചെയ്യുകയാണ് ലക്ഷദ്വീപിൽ നിന്നുള്ള നിർമ്മാതാവെന്ന നിലയിൽ നസീബിന്റെ ആഗ്രഹം. പഠനകാലത്ത് മുറിയാകെ മമ്മൂട്ടിയുടെയും, ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെയും ചിത്രങ്ങൾ പതിച്ചായിരുന്നു വലിയ സ്വപ്നങ്ങൾ കണ്ട് തുടങ്ങിയത്. യാതൊരു സിനിമാ അടിത്തറയുമില്ലാതെ, വർഷത്തിലൊരിക്കൽ മാത്രം കൊച്ചിയിലെത്തി സിനിമാ കാണാൻ അവസരം ലഭിച്ചിരുന്ന ആൾക്ക് ഇന്ന് സിനിമാ നിർമ്മാതാവായി നിൽക്കാൻ കഴിയുമ്പോൾ, അതിന് പിന്നിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ കഥാപാത്രങ്ങളിലൂടെ പകർന്ന ഊർജ്ജത്തിന്റെ കൂടി കരുത്തുണ്ട്.
ഉള്ളുനിറയെ ദ്വീപാണ്
ആദ്യ തിയറ്റർ സ്ഥാപിക്കുന്നതോടെ ദ്വീപുകാർക്ക് വിനോദ വഴി മാത്രമല്ല, ജോലി സാധ്യത കൂടി തുറക്കാനാകുന്നുവെന്നതാണ് നസീബിന്റെ സന്തോഷം. നെടിയത്ത് പ്രോപ്പർട്ടീസ് ഒരുക്കുന്ന ബഡ്ജറ്റ് ഭവനങ്ങൾ ദ്വീപുകാർക്ക് വലിയ ആശ്വാസമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിന് പിന്നാലെ ലക്ഷദ്വീപിന് ടൂറിസം മേഖലയിൽ കൂടുതൽ ലോക ശ്രദ്ധ ലഭിച്ചിട്ടുണ്ട്. നാട്ടുകാർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന തരത്തിൽ വിനോദ സഞ്ചാര രംഗത്തേക്കും ചുവട് വയ്ക്കാൻ നസീബ് എന്ന യുവ വ്യവസായിക്ക് ആഗ്രഹമുണ്ട്. സിനിമയ്ക്ക് പുറമേ രണ്ട് ഷോർട്ട് ഫിലിമുകളും നിർമ്മിച്ചിരുന്നു.ഹൈ, ബെഞ്ചാൽ എന്നിവ. ഇതിൽ 'ബെഞ്ചാൽ" ദ്വീപിനെ കേന്ദ്രീകരിച്ചുള്ള കഥയാണ്. ലക്ഷദ്വീപിലെ സാമൂഹിക, കായിക മേഖലകളിൽ സജീവമാണ് നെടിയത്ത് ഗ്രൂപ്പ്. സാമ്പത്തിക പ്രയാസം മൂലം പിന്തള്ളപ്പെടുമായിരുന്ന കായിക താരങ്ങളെ കൈപിടിച്ചുയർത്തുകയും അതിലൊരാൾക്ക് അടുത്തിടെ രാജ്യത്തിന് വേണ്ടി വെങ്കല മെഡൽ സ്വന്തമാക്കാൻ സാധിച്ചതും വ്യക്തിപരമായി നസീബിനും അഭിമാന മുഹൂർത്തമായിരുന്നു. ''ഇന്ത്യയ്ക്ക് വേണ്ടി ഫുട്ബാൾ ജേഴ്സി അണിഞ്ഞ മുഹമ്മദ് ഐമൻ പോലുള്ള താരങ്ങൾ ദ്വീപിൽ നിന്ന് ഇനിയുമുണ്ടാവും. സമീപ ഭാവിയിൽ ബ്ലൂ ജേഴ്സി അണിഞ്ഞ ക്രിക്കറ്റ് താരങ്ങളും, മലയാളത്തിലെ അറിയപ്പെടുന്ന സിനിമ താരങ്ങളും ദ്വീപിൽ നിന്നുണ്ടാകുമെന്ന പൂർണ്ണ വിശ്വാസമുണ്ട്"" .... നസീബിന്റെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം.
യൂസഫ് അലിയാണ് നസീബിന്റെ റോൾ മോഡലായ ബിസിനസുകാരൻ. അദ്ദേഹത്തെ പോലെ നാട്ടുകാർക്കും സമൂഹത്തിനും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കണം. യൂസഫ് അലിയെ പറ്റി സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ വർത്തമാനം നിറുത്തില്ല. അദ്ദേഹത്തിനൊപ്പം ഒരു നേരം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം എന്നതാണ് നസീബിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.
മുഖ്യമന്ത്രിയുടെ ക്ഷണിക്കപ്പെട്ട അതിഥിയായി നവകേരള സദസിന്റെ ഭാഗമാകാൻ കഴിഞ്ഞത് അംഗീകരമായാണ് നസീബ് കാണുന്നത്. എത്ര തിരക്കിനിടയിലും വായനയെ ഹൃദയത്തോട് ചേർക്കുന്ന ആളാണ് നസീബെന്ന് ഭാര്യ സെയ്ദ പറഞ്ഞു. കപ്പലിലെ ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളത്രയും പുസ്തക വായനയ്ക്കും, പുത്തൻ ആശയങ്ങൾ രൂപപ്പെടുത്താനുമാണ് ഉപയോഗിക്കുന്നത്. സിനിമാ നിർമ്മാതാവണം എന്ന പാഷനോടെ ഇറങ്ങിത്തിരിച്ചപ്പോൾ, ഏറ്റവും വെല്ലുവിളി നിറഞ്ഞ രംഗത്തേക്കാണ് നീങ്ങുന്നത് എന്ന ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. അവിടെ കൈത്താങ്ങായ ലിസ്റ്റിൻ സ്റ്റീഫനും, ഷെല്ലിരാജും കോപ്രൊഡ്യൂസർമാരും കൂട്ടുകാരായ സുരേഷ്, കമൽ, സാദത്ത് അടക്കമുള്ളവരെയും മറക്കാനാവില്ല.ഒരുപാട് കഷ്ടപ്പെട്ട് സിനിമ പൂർത്തീകരിച്ച ശേഷം വ്യാജ പ്ലാറ്റ് ഫോമുകളിലൂടെ തങ്ങളുടെ സിനിമ ചോർന്നു പോകുന്നു എന്ന തിരിച്ചറിവ് ഓരോ നിർമ്മാതാവും, സിനിമാ മേഖലയും നേരിടുന്ന വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്ന് നസീബ് പറഞ്ഞു. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം റിലീസായതിന്റെ പിറ്റേ ദിവസം, വിദേശത്ത് നിന്നുള്ള സുഹൃത്ത് ചിത്രം വ്യാജ പ്ലാറ്റ്ഫോമിൽ കണ്ടു എന്ന വിവരം ഞെട്ടിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായിരുന്നു. ഇത്തരം പ്ലാറ്റ് ഫോമുകൾ വഴി പണം ക്രിമിനൽ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കപ്പെടാം എന്ന തിരിച്ചറിവുണ്ടാകണം. വ്യാജ പ്ലാറ്റ്ഫോമിൽ ഓരോരുത്തരും ചെലവഴിക്കുന്ന സമയം, മറുവശത്ത് ദേശദ്റോഹ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചേക്കാം. അതിനാൽ ഇത്തരം ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നാണ് പ്രേക്ഷകരോടുള്ള നസീബിന്റെ അഭ്യർത്ഥന.ആദ്യ സിനിമ മികച്ച ടീമിനൊപ്പം പൂർത്തിയാക്കാനായതിന്റെ സന്തോഷമുണ്ട്. നടൻ ഷൈൻ ടോം ചാക്കോയെ പലരും വ്യക്തിഹത്യ ചെയ്യുന്നത് കേട്ടപ്പോൾ വേദന തോന്നിയിട്ടുണ്ട്. സിനിമയോട് അങ്ങേയറ്റം നീതി പുലർത്തുന്ന സത്യസന്ധതയോടെ പ്രവർത്തിക്കുന്ന വ്യക്തിയായാണ് തങ്ങൾക്ക് ഷൈനിനെ മനസിലാക്കാൻ സാധിച്ചിട്ടുള്ളതെന്ന് നസീബും ഭാര്യ സെയ്ദയും ഒരേ സ്വരത്തിൽ പറഞ്ഞു.
അതിരുകളില്ലാതെ സ്വപ്നം കാണാനാണ് നസീബിന് ഇഷ്ടം. കൈപ്പിടിയിലാക്കാമായിരുന്ന സർക്കാർ ജോലി പോലും വേണ്ടെന്ന് വെച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാനുള്ള വഴി നസീബ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ ജോലി ലഭിച്ചാൽ മാത്രമേ രക്ഷപെടൂ എന്ന ചിന്താഗതിയിൽ നിന്ന് മാറി ദ്വീപ് നിവാസികൾ കൂടുതൽ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങി.വ്യാവസായിക പുരോഗതിക്ക് ഒരുപാട് പരിമിതികളുള്ള മേഖലയാണ് ലക്ഷദ്വീപ്. ദ്വീപിലെ യുവ സംരംഭകരെ കൈപിടിച്ചുയർത്തും. പരസ്പര സഹകരണത്തോടെ മുന്നേറിയാൽ ഏത് സ്വപ്നവും കൈപ്പിടിയിലാക്കാനാകുമെന്ന ഉറപ്പ് നസീബിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |