SignIn
Kerala Kaumudi Online
Friday, 19 April 2024 6.16 PM IST

ഇവരുടെ ദുരിതങ്ങൾ ആരറിയാൻ?

photo-1-

'അവസാനശ്വാസം വരെയും ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്ത് നിറുത്തണമെന്നാണ് ആഗ്രഹം .....കണ്ണൂരിൽ ഡിഫറന്റ് ആർട്സ് സെന്റർ ആരംഭിക്കാൻ മുന്നിൽ ഞാനുണ്ടാകും '.... പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ ഈ വാക്കുകൾ കണ്ണൂരിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് നൽകിയത് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ്. കഴിഞ്ഞയാഴ്ച കണ്ണൂർ ചേമ്പർ ഒഫ് കോമേഴ്സ് ഹാളിൽ ആയിക്കര കെയർ ആന്റ് കെയറസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ അമ്മമാരെ ആദരിക്കുന്ന പരിപാടിയിലാണ് അദ്ദേഹം അമ്മമാർക്ക് ഉറപ്പ് നൽകിയത്. ഭിന്നശേഷിക്കാരായ തങ്ങളുടെ കുട്ടികളെയോർത്ത് നെഞ്ചുരുകുന്ന ഓരോ അമ്മയും നിറകണ്ണുകളോടെയാണ് മുതുകാടിന്റെ വാക്കുകൾക്ക് കൈയടിച്ചത്. കണ്ണൂരിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഡിഫറന്റ് ആർട്സ് സെന്റർ പടിപടിയായി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. അതിനുള്ള സ്ഥലം കാണൽ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ മേയർ ടി.ഒ.മോഹനന്റെയും സാന്ത്വന കേന്ദ്രമായ അത്താണിയുടേയും നേതൃത്വത്തിൽ നടക്കുന്നു.

തങ്ങളുടെ കാലശേഷം മക്കൾക്ക് ആരുണ്ട് ? ബാക്കിയുള്ള ജീവിതത്തിൽ അവ‌ർ എങ്ങനെ മുന്നോട്ട് പോകും എന്നീ ചോദ്യങ്ങളൊക്കെ രക്ഷിതാക്കളുടെ മുന്നിലുള്ള വലിയ ആശങ്കകളാണ്. ബഡ്സ് സ്കൂളുകളുണ്ടെങ്കിലും അവരെ ഈ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിന് പര്യാപ്തമല്ല. സ്വന്തം കാര്യങ്ങൾ ചെയ്യാനെങ്കിലും പ്രാപ്തരാക്കും വിധത്തിലോ കുട്ടികളുടെ പുനരധിവാസം ലക്ഷ്യംവച്ചോ സർക്കാർ മേഖലയിലുൾപ്പെടെ കേരളത്തിലെവിടെയും ഒരു സ്ഥാപനം പോലും പ്രവർത്തിക്കുന്നുമില്ല. ചില സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽക്കൂടി ഈടാക്കുന്ന കഴുത്തറുപ്പൻ ഫീസ് സാധാരണക്കാരായ രക്ഷിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് മുതുകാട് ആരംഭിച്ച ഡിഫറന്റ് ആർട്സ് സെന്റർ പോലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യമേറുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾ വീടുകളിലെ മുറികളിൽമാത്രം ഒതുങ്ങേണ്ടവരല്ല. അവരുടെ ഉള്ളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിച്ചുo അവസരങ്ങൾ നൽകിയും സമൂഹം ചേർത്തുപിടിക്കണമെന്ന് മുതുകാടിനെപ്പോലെയുള്ളവർ നമ്മെ പഠിപ്പിക്കുന്നു. മുതുകാട് തന്റെ കുട്ടികളുടെ കഴിവുകൾക്ക് ചിറക് നൽകി കടൽകടന്ന് പറക്കുന്നത് ഈ നാട്ടിൽനിന്ന് തന്നെയാണ്.

കുട്ടികളെ വ്യക്തിപരമായും കലാപരമായും സ്വയംതൊഴിൽരംഗത്തും പ്രാപ്‌തരാക്കുന്നതിനുള്ള ഇത്തരം കേന്ദ്രങ്ങൾ സർക്കാർതലത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കണമെന്ന ആവശ്യമാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള വരുടെ ആവശ്യം.

ഭിന്നശേഷിക്കാരുടെ അവസ്ഥനിർണയം, പ്രശ്നങ്ങളിൽ മുൻകൂട്ടിയുള്ള ഇടപെടൽ, ചികിത്സ, കൃത്രിമ സഹായ ഉപകരണങ്ങൾ ഉറപ്പാക്കൽ, പ്രത്യേക ചികിത്സ, പരിശീലനം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിൽ ലഭ്യത, സാമൂഹിക ഉൾച്ചേരൽ, ആജീവനാന്ത സംരക്ഷണം, സാമൂഹിക അവബോധം, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയുടെ കാര്യത്തിൽ നാമിനിയും എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു!

13 ശതമാനം

പേർ എവിടെ ?

അവസാനമായി നടന്ന 2016 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 2.2 ശതമാനം ഭിന്നശേഷിക്കാരാണുള്ളത്. വേൾഡ് ഹെൽത്ത് ഒാർഗനൈസേഷന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 15 ശതമാനം ഭിന്നശേഷിക്കാരുണ്ട്. എന്നാൽ ഇതിനിടയിലുള്ള 13 ശതമാനം എവിടെയാണ് ? ഇവരാണ് ഇൻവിസിബിൾ മെജോരിറ്റി അഥവാ കാണപ്പെടാത്ത ഭൂരിപക്ഷം . ഈ 13 ശതമാനത്തെ എന്ത് കൊണ്ടാണ് സർക്കാർ കാണാത്തതെന്നാണ് മുതുകാടിന്റെ ചോദ്യം. ഇവർ എവിടെയാണ് ? അവരെ പുറംലോകം കാണാതെ പോകുന്നതിന് പിന്നിലൊരു കാരണമുണ്ട്, ഇന്ത്യയിൽ പല മാളുകളിലും പാർക്കുകളിലും ബിൽഡിംഗുകളിലും പൊതുഇടങ്ങളും അവർക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവർ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്നു. ട്രെയിനിൽ ഡിസേബിൾഡ് കോച്ച് ഏറ്റവും മുന്നിൽ അല്ലെങ്കിൽ ഏറ്റവും പിന്നിലാണ്. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മുതുകാട് കണ്ണൂരിൽ പറഞ്ഞു.

2005 ന് ശേഷം

സെൻസസ് ഇല്ല

കേരളത്തിൽ 2005 ൽ ആണ് അവസാനമായി ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനുള്ള സെൻസസ് എടുക്കുന്നത്. ഇതുപ്രകാരം എട്ട് ലക്ഷം ഭിന്നശേഷിക്കാർ കേരളത്തിലുണ്ട്. ഈ 2005 ന് ശേഷം എത്ര ഭിന്നശേഷിക്കാരുണ്ടെന്നുള്ളതിന്റെ കണക്ക് നമ്മുടെ കൈയ്യിലില്ല.

കണക്കുകളിലും പിഴവ്

യഥാർത്ഥത്തിൽ ഭിന്നശേഷിക്കാർ രാജ്യത്ത് പത്ത് മുതൽ 15 ശതമാനം വരെയാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നത്. അതായത് 13 മുതൽ 20 കോടിയോളം വരുന്ന വലിയ ജനവിഭാഗം. എന്നാൽ രാജ്യത്തെ പൊതുമേഖലാ തൊഴിൽരംഗത്ത് വെറും. ഒരു ശതമാനം മാത്രമാണ് ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം. മൂന്ന് ശതമാനം ജോലി ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യുന്ന നിയമം നിലനിൽക്കുമ്പോഴാണ് ഈ ദുരവസ്ഥ. സ്വകാര്യമേഖലയിൽ 0.47 ശതമാനവും. ഉന്നത വിദ്യാഭ്യാസം നേടിയാലും ഭിന്നശേഷിക്കാർക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത് . പരിമിതികളെ അതിജീവിച്ച് അവർ മുന്നോട്ട് വരുമ്പോഴും അവരെ ചേർത്തുനിറുത്താൻ സമൂഹം മുന്നോട്ടുവരാത്ത അവസ്ഥ.

ജില്ലാ കമ്മറ്റികളില്ല

ആർ.പി. ഡി ആക്ട്

കാറ്റിൽപ്പറത്തി

2016 വർഷാവസാനം നിലവിൽവന്ന റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അർഹതകളും എന്തൊക്കെയെന്ന് നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. 40 ശതമാനവും അതിനുമുകളിലും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ള ഏതൊരാൾക്കും പ്രസ്തുത നിയമത്തിന്റെ (ബെഞ്ച് മാർക്ക് ഡിസെബിലിറ്റി) സംരക്ഷണം ലഭിക്കേണ്ടതാണ്. 40 ശതമാനം ലഘുവായ പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ കൂടാതെ ഗുരുതരപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കു വേണ്ടി ( പേഴ്സൺസ് വിത്ത് ഹൈ സപ്പോർട്ട് നീഡ്സ്) ജില്ലാതലത്തിൽ പ്രത്യേകം കമ്മിറ്റികൾ രൂപീകരിക്കണമെന്നും തീവ്രഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ വിലയിരുത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ആർ.പി. ഡി ആക്ട് 2016 ൽ പ്രത്യേക നിർദേശങ്ങളുണ്ട്. എന്നാൽ നാളിതുവരെ അത്തരമൊരു കമ്മിറ്റി ഏത് ജില്ലയിലും പ്രവർത്തിക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. ഇത്തരം പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാൻ ജില്ലാതലത്തിൽ ആർ.പി. ഡി ആക്ട് 2016 പ്രകാരം രൂപീകരിക്കപ്പെടുന്ന ജില്ലാതല കമ്മിറ്റികൾക്ക് കഴിയണം. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇതുവരെ അത്തരം കമ്മറ്റികൾ രൂപീകരിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIFFERENTLY ABLED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.