SignIn
Kerala Kaumudi Online
Saturday, 09 November 2024 2.58 AM IST

മുന്നണി രാഷ്ട്രീയത്തിന്റെ ശക്തിയും പ്രാധാന്യവും

Increase Font Size Decrease Font Size Print Page
photo

ഇന്ത്യയിൽ മുന്നണി രാഷ്ട്രീയത്തിന്റെ കാലഘട്ടമാണിത്. കേന്ദ്രത്തിലും പകുതിയോളം സംസ്ഥാനങ്ങളിലും മുന്നണി സർക്കാരുകളാണ് അധികാരത്തിലുള്ളത്. ഏകകക്ഷി ഭരണത്തിന് ഏറെക്കുറെ അന്ത്യം കുറിച്ചിരിക്കുന്നു.
കേരളത്തിൽ 1960 കളുടെ തുടക്കത്തിൽ ആരംഭിച്ച മുന്നണിരാഷ്ട്രീയം അനുസ്യൂതം തുടരുകയാണ്. ആശയപരവും സൈദ്ധാന്തികവുമായി വിരുദ്ധകോണുകളിൽ നിൽക്കുന്ന പാർട്ടികളുടെ മുന്നണി സംവിധാനത്തിന് ഭരണസ്ഥിരതയും സദ്‌ഭരണവും കാഴ്ചവയ്ക്കാൻ കഴിയുമെന്ന് തെളിയിച്ചതും കേരളമാണ്. അഞ്ച് പതിറ്റാണ്ടായി ഇന്ത്യയിലെ ഭരണം നിയന്ത്രിക്കുന്നത് മുന്നണിരാഷ്ട്രീയമാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രതിപക്ഷമുന്നണികൾ ശക്തമായ ബദലാണ്.


കേരളത്തിലെ മുന്നണിരാഷ്ട്രീയം കടന്നുപോന്ന ദശാസന്ധികളും വെല്ലുവിളികളും ഏറെയാണ്. ഏകകക്ഷിഭരണം നിലവിലിരുന്നപ്പോൾ ഭരണഅസ്ഥിരതയായിരുന്നു കേരളത്തിന്റെ ശാപം. ഏകകക്ഷി സർക്കാരുകൾ കാലാവധി പൂർത്തിയാക്കാനാകാതെ നിലംപതിച്ചത് ഗ്രൂപ്പിസവും കുതികാൽവെട്ടും കൊണ്ടായിരുന്നു. 1970 നുശേഷമുള്ള മുന്നണി സർക്കാരുകൾക്ക് സംസ്ഥാനത്ത് ഭരണസ്ഥിരത കാഴ്ചവയ്ക്കാനായി. രാഷ്ട്രീയകക്ഷികൾ പൊതുപ്രശ്നങ്ങളിലുള്ള യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് മുന്നണികൾക്കു രൂപംനൽകുന്നത്. സുദൃഢമായ ആശയാടിത്തറയും ദിശാബോധവുമുള്ള പാർട്ടികൾപോലും ആ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള ഉപാധി എന്നതിനേക്കാൾ പൊതുശത്രുവിനെ അധികാരത്തിൽ നിന്നകറ്റാൻ ആശയദാർഢ്യമോ പുരോഗമനസ്വഭാവമോ ഇല്ലാത്ത പാർട്ടികളുമായിപ്പോലും കൂട്ടുകൂടുന്നു.
സൈദ്ധാന്തികമായി ചേരാൻകഴിയുന്ന പാർട്ടികൾ ചേർന്നുണ്ടാക്കുന്ന മുന്നണി ഭരണത്തെപ്പോലെയോ അതിനേക്കാളേറെയോ ജനക്ഷേമകരമായും പുരോഗമനപരമായും സുസ്ഥിരഭരണം കാഴ്ചവയ്ക്കാൻ ഇത്തരം മുന്നണികൾക്ക് കഴിയുമെന്നാണ്‌ കേരളം തെളിയിക്കുന്നത്.
ആശയപരമായ ഉൾക്കരുത്തും വ്യത്യസ്തമായ വീക്ഷണവും പുലർത്തിയിരുന്ന പാർട്ടികൾക്ക് മുന്നണി രാഷ്ട്രീയത്തിൽ കാഴ്ചപ്പാടുകളുടെ മൗലികതയും വ്യക്തിത്വവും എത്രത്തോളം നിലനിറുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. അടിസ്ഥാന നയങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ മുന്നണി രൂപീകരണവും നിലനില്പും അസാദ്ധ്യമാണെന്നാണ് ഇതിനുള്ള ഉത്തരം.
പാർട്ടികൾ ഇടയ്ക്കിടെ പിളരുന്നതും പുതിയവ ജന്മമെടുക്കുന്നതും മുന്നണികളിൽ അനഭിലഷണീയമായ പ്രവണതകൾക്ക് ഇടയാക്കുന്നുണ്ട്. വ്യക്തിനിഷ്ഠമായ കാരണങ്ങളാണ് മിക്കവാറും പിളർപ്പുകൾക്ക് നിദാനം. ഒരു പാർട്ടി ഭിന്നിച്ച് പുതിയൊരു പാർട്ടിയുണ്ടായാൽ ആ പാർട്ടിക്ക് ഏതെങ്കിലും മുന്നണിയിൽ കയറിപ്പറ്റാൻ കഴിയുമെന്നത് പിളർപ്പുകൾക്ക് ആക്കംകൂട്ടുന്നു. ഭിന്നിച്ചുണ്ടാകുന്ന പാർട്ടികളെ ഉൾക്കൊള്ളാൻ മുന്നണികൾ തയ്യാറാകുന്നതുമൂലം മുന്നണിയിലെ ഘടകക്ഷികളുടെ എണ്ണവും പെരുകുന്നു.
പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പ് പോരും പരസ്യമായ വിഴുപ്പലക്കലും അനുബന്ധ നാടകങ്ങളും രാഷ്ട്രീയാന്തരീക്ഷം മലീമസമാക്കുന്നതു പോലെ ഓരോ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ ആരോപണ പ്രത്യാരോപണം ഉന്നയിക്കലും ചെളിവാരിയെറിയലും മുന്നണിവിടുമെന്ന ഉമ്മാക്കി കാട്ടലുമൊക്കെ മുന്നണികളുടെ വിശ്വാസ്യതയ്ക്ക് ഉലച്ചിലുണ്ടാക്കുന്നു. മുന്നണിക്കകത്ത് മാറിയും തിരിഞ്ഞും കൂറുമുന്നണികൾ ഉണ്ടാക്കി നടത്തുന്ന വിലപേശലും സമ്മർദ്ദതന്ത്രവും മുന്നണി രാഷ്ട്രീയത്തിന്റെ മുഖം വികൃതമാക്കുന്നു. മുന്നണിയിൽ മേധാവിത്വം ഉറപ്പിക്കാനും ചെറിയ ഘടകകക്ഷികളെ നക്കിക്കൊല്ലാനും ചില വൻപാർട്ടികൾ ശ്രമിക്കുമ്പോൾ പ്രതിരോധമെന്നനിലയിൽ ചെറിയ കക്ഷികൾക്ക് കൂറുമുന്നണി ഉണ്ടാക്കാതെ ഗത്യന്തരമില്ലെന്നു വന്നേക്കാം. മുന്നണിനേതൃത്വം വഴിവിട്ടുനീങ്ങുന്ന സാഹചര്യമുണ്ടായാൽ തിരുത്തൽശക്തിയായി നിലയുറപ്പിക്കാൻ ആശയനിഷ്‌കർഷ പുലർത്തുന്ന ചെറിയ പാർട്ടികൾക്ക് കൂറുമുന്നണി രൂപീകരിക്കേണ്ടതായും വരാം.
അടവുനയത്തിന്റെ പേരിൽ അവസരവാദ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതും പ്രഖ്യാപിതലക്ഷ്യങ്ങളിൽ നിന്നകലുന്നതും മുന്നണികളുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടിക്കുന്നുണ്ട്. താത്‌‌കാലിക രാഷ്ട്രീയനേട്ടം മാത്രം വച്ചുകൊണ്ട് തട്ടിക്കൂട്ടുന്ന മുന്നണികൾക്കു കെട്ടുറപ്പും ദീർഘായുസും ഉണ്ടാകാറില്ല. രാഷ്ട്രീയ ധാർമ്മികതയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തുനിയാത്ത പാർട്ടികളടങ്ങുന്ന മുന്നണിക്ക് ഭരണത്തിലായാലും പ്രതിപക്ഷത്തായാലും മാറ്റുകൂടും.
മുന്നണികളുടെ കൂടെപ്പിറപ്പാണ് ആന്തരിക വൈരുദ്ധ്യങ്ങൾ. ആ വൈരുദ്ധ്യങ്ങളുടെ പരിമിതികൾ മറികടക്കാൻ പര്യാപ്തമായ പ്രവർത്തനതന്ത്രവും പെരുമാറ്റ സംഹിതയും അവലംബിച്ചു മുന്നോട്ടുപോകുന്ന മുന്നണിയ്ക്ക് ഘടകകക്ഷികളുടെ മൊത്തത്തിലുള്ള സംഘടനാബലത്തിന് അതീതമായ അംഗീകാരം നേടിയെടുക്കാനാകും എന്നതും ബോദ്ധ്യമായിട്ടുണ്ട്.
പാർട്ടികളുടെ അതിജീവനത്തിന്റെ പ്രശ്നം തന്നെയാണ് മുന്നണി രാഷ്ട്രീയ സംവിധാനത്തിന് ആധാരം. പോരായ്മകളും ദൗർബല്യങ്ങളുമുണ്ടെങ്കിലും മുന്നണി രാഷ്ട്രീയത്തിൽ നിന്നുള്ള കുതറിമാറലോ ഏകകക്ഷി ഭരണത്തിലേക്കുള്ള തിരിച്ചുപോക്കോ സമീപകാലത്തെങ്ങും ഉണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെ മുന്നണി രാഷ്ട്രീയത്തിൽ കടന്നുകൂടിയിട്ടുള്ള തെറ്റായ പ്രവണതകളെ നിരുത്സാഹപ്പെടുത്തി ശുദ്ധീകരിക്കുകയാണ്‌ വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FEATURE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.