SignIn
Kerala Kaumudi Online
Friday, 20 September 2024 1.07 AM IST

മനുഷ്യൻ നന്നായാൽ മതി

Increase Font Size Decrease Font Size Print Page

guru-o6

ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ

94-ാമത് മഹാസമാധിദിനം

...........................................

ശ്രീനാരായണഗുരുദേവതൃപ്പാദങ്ങളുടെ 94-ാമത് മഹാസമാധിദിനമാണ് ഇന്ന്. സർവസംഗ പരിത്യാഗികളായ ജീവന്മുക്തന്മാരുടെ ദേഹവിയോഗത്തിനാണ് മഹാസമാധി എന്നുപറയുന്നത്. അതൊരു വിയോഗമല്ല മറിച്ച് ലയനമാണ്. ഒരു നദി അതിന്റെ വഴികളിലൂടെയെല്ലാം ഒഴുകിയൊഴുകി ഒടുവിൽ ലക്ഷ്യസ്ഥാനമായ സമുദ്രത്തിൽ ലയിച്ച് സമുദ്രമായിത്തീരുന്നതുപോലെ തന്നെ. അങ്ങനെ പ്രപഞ്ചതത്വമായിരിക്കുന്ന പരംപൊരുളിൽ വിലയം ചെയ്യുവാനുള്ളതാണ് സർവജന്മങ്ങളും. ഈ പരമസത്യത്തിന്റെ ഉദ്‌ഘോഷമാണ് 'മരണവുമില്ല പുറപ്പുമില്ല വാഴ്വും നരസുരരാദിയുമില്ല നാമരൂപം' എന്ന ആത്മോപദേശശതകത്തിലെ തൃപ്പാദവചനം.
എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് മരണവും ജനനവുമെന്നത് അവരുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവുമാണ് എന്ന ധാരണയാണുള്ളത്. ഇത് അറിവിന്റെ നിജസ്ഥിതിയിൽ നിന്നുണ്ടായിട്ടുള്ളതല്ല, മറിച്ച് അറിവിന്റെ വ്യാജസ്ഥിതിയിൽ നിന്നുമുണ്ടായിട്ടുള്ള ഒരു സങ്കല്പം മാത്രമാണ്. അതിനാൽത്തന്നെ അവരുടെ ജീവിതമാകെ ആ സങ്കല്പത്താൽ പൊതിയപ്പെട്ടതാണ്. അതുകൊണ്ട് കാലദേശങ്ങളുടെയും രാഗദ്വേഷങ്ങളുടെയും പരിമിതികളെ മറികടക്കുവാൻ അവർക്കാവുന്നതല്ല.
കയറിനെക്കണ്ടിട്ട് അത് കയറാണെന്നറിയാതെ പാമ്പാണെന്ന് ധരിച്ചും ഭയപ്പെട്ടും സത്യത്തിൽ ഉള്ളതായിരിക്കുന്ന കയറിനെ തല്ലാനൊരുങ്ങുന്നത് എപ്രകാരമോ, അപ്രകാരമാണ് അവനവന്റെ സ്വത്വത്തെ അറിയാതെയുള്ള ഈ ജീവിതം. ഈ അറിവില്ലായ്മയെ തിരിച്ചറിയാനും നാം എന്താണോ ആ പൊരുളിലേക്ക് നമ്മെ ഉണർത്താനും ഉയർത്താനുമാണ് കാലാകാലങ്ങളിൽ ഗുരുക്കന്മാർ ഈ ഭൂമിയിൽ അവതാരം ചെയ്തിട്ടുള്ളത്. ഇങ്ങനെ സത്യത്തെ വെല്ലുവിളിച്ചും അസത്യത്തെ മനസാവരിച്ചും ജീവിക്കുന്ന ലോകർക്ക് തങ്ങളുടെ കാലഘട്ടങ്ങളിൽ കലശലായിരുന്ന അധർമ്മങ്ങളെ അതിജീവിക്കുന്നതിനുള്ള ധർമ്മമാർഗങ്ങളും ധർമ്മോപദേശങ്ങളുമാണ് ഓരോ ഗുരുക്കന്മാരും നല്കിപ്പോന്നത്. തൃപ്പാദങ്ങൾ അക്കാര്യം യാതൊരു അർത്ഥശങ്കയ്ക്കുമിടയില്ലാത്ത വിധം വ്യക്തമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട് - സനാതനധർമ്മങ്ങൾ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാൽ നേരിടുന്ന ആവശ്യങ്ങളനുസരിച്ച് അവയിൽ ഏതെങ്കിലുമൊന്നിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസ കലശലായിരുന്ന ദേശകാലങ്ങളിൽ അഹിംസാധർമ്മത്തിന് ജഗത് ഗുരുക്കന്മാർ മറ്റു ധർമ്മങ്ങളെക്കാൾ മുഖ്യത കല്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാധർമ്മത്തിന് ബുദ്ധൻ മുഖ്യത കല്പിച്ചു. ക്രിസ്തു സ്‌നേഹത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയിൽ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാൽ അദ്ദേഹം സാഹോദര്യത്തിന് മുഖ്യത കല്പിച്ചതായി കാണുന്നു. എന്നാൽ സാഹോദര്യം സ്‌നേഹത്തെയും സ്‌നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണ് ശ്രേഷ്ഠം അതല്ല സ്‌നേഹമാണ് ശ്രേഷ്ഠം എന്നു വിവാദമുണ്ടാകുന്നുവെങ്കിൽ അതിന് വൃഥാ വിവാദമെന്നല്ലാതെ പറയാൻ തരമുണ്ടോ?
നോക്കുക, തൃപ്പാദങ്ങളുടെ ഈ വെളിവാക്കലിന്റെ വെളിച്ചം അറിയാതെ പോയതുകൊണ്ടോ അറിഞ്ഞിട്ടും അതുൾക്കൊള്ളാതെ പോയതുകൊണ്ടോ ആണ് ഈ ആധുനികലോകത്ത് മതങ്ങളും ജാതികളും ഇത്രമേൽ മനുഷ്യന് ആപത്ത് വരുത്തുന്നതായി തീർന്നത്. അതിന്റെ ഭീകരമായ ദൃഷ്ടാന്തങ്ങളാണ് പശ്ചിമ - മദ്ധ്യേഷ്യൻ രാജ്യങ്ങളിലും ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലും തീമേഘങ്ങളായി പടരുന്ന മതതീവ്രവാദങ്ങളും മതപ്പോരുകളും. ഒരു നൂറ്റാണ്ടിനു മുമ്പ് സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവൻ പ്രമാണമാണെന്ന് തൃപ്പാദങ്ങളും ഉപദേശിച്ചു. ശുദ്ധ ആത്മീയതയുടെ ദൃക്കിലൂടെ നോക്കിക്കണ്ടുകൊണ്ടുള്ള ആ ഉപദേശവും മതത്തിന് പ്രമാണമായി സ്വയം ചമയുന്നവർ ചെവിക്കൊണ്ടില്ല. കാരണം മതത്തെ മദമാക്കിനിറുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
തൃപ്പാദങ്ങളുടെ കാലത്ത് ജാതിമതങ്ങളുടെ ഭേദദ്വേഷങ്ങൾ കലശലായിരുന്നു. അതിനാൽ അവയുടെ അധാർമ്മിക ഇടപെടലുകളിൽ നിന്നും മനുഷ്യനെ സ്വതന്ത്രമാക്കുന്നതിനാണ് തൃപ്പാദങ്ങൾ മുഖ്യത കല്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ തന്റെ ജീവിതകാലത്ത് തൃപ്പാദങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതും ഇടപ്പെട്ടിരുന്നതും ജാതിഭേദത്തിൽ നിന്നും മതദ്വേഷത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നതിനായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട് - ജാതിക്കെതിരായി തൃപ്പാദങ്ങൾ സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഒരു മതത്തിനും എതിരായിരുന്നുമില്ല. മറിച്ച് മതവിദ്വേഷത്തെയാണ് ശക്തമായി എതിർത്തിരുന്നത്. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്നും 'ആധ്യാത്മികമോക്ഷത്തിന് എല്ലാ മതങ്ങളും പര്യാപ്തം തന്നെ' എന്നുമുള്ള തൃപ്പാദങ്ങളുടെ വീക്ഷണത്തിൽ മതങ്ങളെക്കാൾ മനുഷ്യനാണ് മുൻതൂക്കമെന്ന് കാണണം. മനുഷ്യൻ നന്നായില്ലെങ്കിൽപ്പിന്നെ മതങ്ങളുണ്ടായിട്ട് എന്തുകാര്യം എന്നൊരു ചോദ്യമാണ് അതിൽ നമുക്ക് കാണാനാവുക.
എല്ലാ മതങ്ങളും മനുഷ്യന്റെ മോചനത്തിനായിട്ടാണ് , സർവസാഹോദര്യത്തിനായിട്ടാണ്, സനാതനമായ ധർമ്മത്തിന്റെ പരിപാലനത്തിനായിട്ടാണ് പിറവിയെടുത്തതെന്നും എല്ലാമതങ്ങളുടെയും സാരം ഏകമാണെന്നും സൂക്ഷ്മമറിഞ്ഞ ഗുരുക്കന്മാർ വെളിപ്പെടുത്തുമ്പോൾ എന്തിനാണ് മതത്തിന്റെ പേരിൽ അനുയായികൾ തമ്മിൽ വെറുതെ കലഹിക്കുന്നത്. മുഹമ്മദീയരും ക്രിസ്ത്യാനികളും ജൈനരും ബൗദ്ധന്മാരും അതുപോലെ തന്നെ മറ്റുമതക്കാരും ഒന്നിനെ പ്രാപിക്കുവാൻ വേണ്ടിയാണ് അശ്രാന്തം പരിശ്രമിക്കുന്നതെന്ന് തൃപ്പാദങ്ങൾ ശ്രീനാരായണധർമ്മത്തിൽ പറഞ്ഞുവെച്ചിട്ട് ഒരു നൂറ്റാണ്ടായി. മനുഷ്യൻ ഒരു ജാതി അതാണ് നമ്മുടെ മതം എന്ന് തൃപ്പാദങ്ങൾ കല്പിച്ചിട്ടും നൂറ്റാണ്ട് ഒന്നായി. ഇതെല്ലാം ശരിതന്നെ. പക്ഷേ സൂക്ഷ്മമറിയാതെ മതങ്ങൾക്കു പിന്നാലെ പായുന്നവർക്ക് ഇതൊന്നും കേൾക്കാനുള്ള കാതുണ്ടാവില്ല. എന്നാൽ അവരെ നയിക്കുന്ന മതാചാര്യന്മാരുടെ കണ്ണും കാതും തുറന്നിരിക്കുക തന്നെ വേണം. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിൽ, ലോകം കേരളത്തെ വണങ്ങുന്നത് നമ്മുടെ മണ്ണും മനുഷ്യനും മതവും തമ്മിലുള്ള സഹോദരത്വം കണ്ടിട്ടുകൂടിയാണ്. ഗുരുദേവതൃപ്പാദങ്ങളുടെ 94-ാമത് മഹാസമാധിദിനം ഈയൊരു സദ്ചിന്തയ്ക്ക് വെളിച്ചം പകരുന്നതായിത്തീരട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GURU SAMADHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.