SignIn
Kerala Kaumudi Online
Sunday, 22 December 2024 11.36 AM IST

സഭയുടെ കിരീടം

Increase Font Size Decrease Font Size Print Page

photo

ആത്മീയതയിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളോടെ സാമൂഹ്യ ,രാഷ്ടീയ പ്രശ്നങ്ങളിൽ ഇടപെട്ട് നീതിയ്ക്കായി പോരാടിയ വലിയ ഇടയനായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ. സീറോ മലബാർസഭ പവ്വത്തിലിന്റെ കാലത്ത് ഉയർച്ചയുടെ പടവുകൾ കയറുന്നത് കണ്ടാണ് ബെനഡിക്ട് മാർപാപ്പ അദ്ദേഹത്തെ സ്നേഹവാത്സല്യത്തോടെ "സഭയുടെ കിരീടം" എന്ന് വിശേഷിപ്പിച്ചത്.

ഏത് പ്രവൃത്തിയിലും വിശ്വാസികളുടെ പൂർണ പിന്തുണ നേടിയിരുന്നു അദ്ദേഹം. ആരാധനാക്രമങ്ങളിൽ മാറ്റം വരുത്തിയതും വിദ്യാഭ്യാസവിഷയങ്ങളിൽ ന്യൂനപക്ഷ താത്പര്യത്തിനായി രാഷ്ടീയം നോക്കാതെ പോരാടിയതുമെല്ലാം സഭാമക്കളുടെ ഉറച്ച പിന്തുണയോടെയായിരുന്നു. പ്രമുഖ രാഷ്ടീയനേതാക്കളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച ഭയഭക്തി ബഹുമാനങ്ങൾ നിലപാടുകളിലെ കണിശതയ്‌ക്ക് ലഭിച്ച ആദരവാണ്. സീറോ മലബാർ സഭയിൽ മാർപ്പാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പായ പൗവ്വത്തിൽ അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ചത് അവരുടെ സ്നേഹബഹുമാനങ്ങൾ നേടിയെടുത്തുകൊണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്ത് മാത്രമല്ല കാർഷികമേഖലയിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലുമെല്ലാം അദ്ദേഹം വിപ്ലവകരമായ മാറ്റം വരുത്തി. അദ്ദേഹം രൂപീകരിച്ച പീരുമേട്, കുട്ടനാട് ,മലനാട് വികസന സമിതികൾ ഇന്ന് കോടികളുടെ ആസ്തിയിലും നിരവധി പേർക്ക് നല്കിയ തൊഴിലവസരങ്ങളിലും വളർന്നു പന്തലിച്ചു നിൽക്കുന്നു.

എല്ലാ സമുദായത്തേയും ഒരുപോലെ കണ്ട അദ്ദേഹം സകലരുടേയും മിത്രമായിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. നാരായണപണിക്കർ സഹപാഠിയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എസ്.ബി കോളേജിൽ ശിഷ്യനും. വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭയും എൻ.എസ്.എസും യോജിച്ച പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തതും പൗവ്വത്തിലായിരുന്നു.

കത്തോലിക്കാ ദൈവശാസ്ത്ര സംവാദങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും എതിരഭിപ്രായം പുലർത്തുന്ന ആളുകളോട് അദ്ദേഹം നല്ലബന്ധം നിലനിറുത്തി. നിലപാടുകൾ കർക്കശമായിരുന്നപ്പോഴും വ്യക്തിത്വങ്ങളെ ആദരിക്കാനും ബന്ധങ്ങളെ മുറിവേല്‌പിക്കാതിരിക്കാനും അതീവ ശ്രദ്ധപുലർത്തി അദേഹം. പ്രയാസമേറിയ തീരുമാനങ്ങളെടുക്കുമ്പോഴും അവ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ അനിതര സാധാരണമായ കഴിവുമുണ്ടായിരുന്നു അദ്ദേഹത്തിന് .

അൽമായർക്കുള്ള ദൈവശാസ്ത്ര പരിശീലന കേന്ദ്രങ്ങൾ, സന്യസ്തർക്കുള്ള കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തെയും ക്രിയാത്മകമായി പരിശീലിപ്പിച്ച് സജ്ജമാക്കിയത് അദ്ദേഹത്തിന്റൈ ഭരണകാലത്താണ്.

കെ.സി.ബി.സി യൂത്ത് കമ്മിഷന്റെ പ്രഥമ ചെയർമാനായിരിക്കെ ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്‌മെന്റിനും തുടക്കമിട്ടു മാർ ജോസഫ് പൗവ്വത്തിൽ. യുവജനതയുടെ സമഗ്രവളർച്ചയായിരുന്നു ലക്ഷ്യം. അതിരൂപതയിൽ ഒരു യുവജന പ്രസ്ഥാനമെന്ന ആശയവുമായി അദ്ദേഹം മുന്നിട്ടിറങ്ങിയപ്പോൾ അത് സഭയുടെ തന്നെ ചരിത്രത്തിലെ വഴിത്തിരിവായി.

പൗവ്വത്തിൽ പിതാവിന്റെ ജീവിതചര്യയും കഠിനാദ്ധ്വാനവും വൈദിക വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണ്. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് വായന, കൃത്യസമയത്തെ പ്രാർത്ഥന. ഓരോരുത്തരെയും പേരുചൊല്ലി വിളിക്കാൻ കഴിയുന്ന അടുപ്പം. എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം സെമിനാരിയിലെ വിദ്യാർത്ഥികളെ കാണുമായിരുന്നു. ഭൗതിക ജീവിതം ഉപേക്ഷിച്ച് വീട്ടുകാരോട് യാത്രപറഞ്ഞ് സെമിനാരിയിലെത്തുന്ന ഓരോ വിദ്യാർത്ഥിക്കും അക്ഷരാർത്ഥത്തിൽ പിതാവായിരുന്നു അദ്ദേഹം.

ജനനം കുറുമ്പനാടം പൗവ്വത്തിൽ കുടുംബത്തിൽ. വൈദികനാകണമെന്ന ആഗ്രഹം പി.ജെ.ജോസഫിന്റെ മനസിൽ ചെറുപ്പം മുതലേ ഉടലെടുത്തിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പാറേൽ പെറ്റി സെമിനാരിയിൽ ചേർന്നു. ചങ്ങനാശേരി എസ്.ബി കോളേജിൽനിന്നും മദ്രാസ് ലയോള കോളേജിൽ നിന്നുമായി ബിരുദവും ബിരുദാനന്തര ബിരുദവും. 1962ൽ വൈദികനായി വൈകാതെ തന്നെ എസ്.ബി കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ അദ്ധ്യാപകനായി. ഒട്ടേറെപ്രശസ്തർക്ക് നല്ല ഗുരുവും വഴികാട്ടിയുമായി. ഉന്നതവിദ്യാഭ്യാസം ഓക്‌സ്‌ഫഡ് സർവകലാശാലയിലായിരുന്നു.

1972ൽ ചങ്ങനാശേരി അതിരൂപതയൂടെ സഹായമെത്രാനായി. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ. 1985ൽ ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ. 2007ൽ വിരമിക്കുന്നതുവരെ ആ പദവിയിൽ തുടർന്നു. സി.ബി.സി.ഐ, കെ.സി.ബി.സി അദ്ധ്യക്ഷ പദവി അലങ്കരിച്ചു. ദൈവശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുള്ള സമഗ്ര സംഭാവന പരിഗണിച്ച് വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. "നാളേയ്ക്കുവേണ്ടി മതം, രാഷ്ട്രീയം, രാഷ്ട്രീയ നയം "എന്നതാണ് അവസാന കൃതി.

TAGS: MAR JOSEPH POWATHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.