SignIn
Kerala Kaumudi Online
Thursday, 19 September 2024 7.00 AM IST

ക്രൂരനെന്ന് വിളിച്ചോളൂ, മനോരോഗിയെന്ന് വേണ്ട

Increase Font Size Decrease Font Size Print Page

mental

സംശയരോഗം ഉൾപ്പെടെയുള്ള മാനസിക വൈകല്യങ്ങളാൽ അക്രമാസക്തമാവുന്നവരും കൊലപാതകികളായി മാറുന്നവരും കേരളത്തിൽ വർദ്ധിക്കുന്നതായാണ് അടുത്തിടെ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. മാനസികരോഗിയെന്ന് വിളിക്കുന്നതിനേക്കാൾ ക്രൂരനെന്ന് വിളിക്കുന്നതാണ് മെച്ചമെന്ന് കരുതുന്ന സങ്കല്‌പം സമൂഹത്തിൽ വേരോടുന്നതിന്റെ പരിണിതഫലങ്ങളാണ് ഈ ദുരന്തങ്ങൾ തെളിയുന്നത്. തനിക്ക് മാനസികപ്രശ്നമുണ്ടെന്ന് സമൂഹം പറയുന്നത് സഹിക്കാനാകാത്തവർ ക്രൂരനെന്ന വിളി അഭിമാനത്തോടെ ഏറ്റെടുക്കും. ഫലം ജീവിതം തകർക്കുന്ന തരത്തിലേക്ക് പരിണമിക്കും. നിസ്സഹായരായ കുടുംബാംഗങ്ങൾ ഇവരുടെ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്യും.

ബാംഗ്ളൂർ നിംഹാൻസ് 5000 തടവ് പുള്ളികളിൽ നടത്തിയ പഠനം ഇവരിൽ 79 ശതമാനം പേർക്കും മാനസികപ്രശ്നം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽത്തന്നെ ഭൂരിപക്ഷവും ലഹരിക്ക് അടിമപ്പെട്ടതിന്റെ ഫലമായി മാനസികപ്രശ്നം ഉണ്ടായവരാണ്. 28 ശതമാനം മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. ഇതിൽത്തന്നെ 10 ശതമാനം വിഷാദരോഗം, രണ്ട് ശതമാനം ഗുരുതരമായ സൈക്കോസിസ്, 15 ശതമാനം സാമൂഹ്യവിരുദ്ധ പ്രവണതയുൾപ്പെടയുള്ള വ്യക്തിത്വവൈകല്യം എന്നിങ്ങനെയാണ്. ഈ കണക്കിൽ നിന്ന് നാം മനസിലാക്കേണ്ടത് ഇവരൊക്കെ കുറ്റകൃത്യത്തിൽ ഏർപ്പെടും മുൻപ് മാനസികാരോഗ്യത്തിലെ തകരാർ തിരിച്ചറിഞ്ഞ് ചികിത്സിക്കപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും ജയിലിൽ എത്തുകയില്ലായിരുന്നു എന്നാണ്.

കുടുംബാന്തരീക്ഷത്തിൽ ഉൾവലിയുന്നവർ, വിഷാദം പ്രകടിപ്പിക്കുന്നവർ, ആത്മഹത്യാചിന്തകൾ പറയുന്നവർ, മാരക ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ, അമിത മദ്യപാനികൾ, അക്രമവാസന കാട്ടുന്നവർ, കോപനിയന്ത്രണം ഇല്ലാതെ പെരുമാറുന്നവർ, സംശയപ്രകൃതം കാട്ടുന്നവർ, പ്രതിസന്ധികളിൽ പതറിപ്പോകുന്നവർ, ഗുരുതര വ്യക്തിത്വവൈകല്യം പ്രകടിപ്പിക്കുന്നവർ ഇവരെയൊക്കെ കുഴപ്പക്കാർ അല്ലെങ്കിൽ സാമൂഹ്യവിരുദ്ധർ എന്ന ലേബലിൽ അവഗണിക്കരുത്. അവരുടെ മനസ് ചികിത്സിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകണം.

ഒരാൾ ഭാര്യയെ സംശയിക്കുകയും നിരന്തരം മർദ്ദിക്കുകയും ചെയ്യുമ്പോൾ അത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്‌നമായി കണ്ട് അവഗണിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതിലൊരു സംശയരോഗ സാദ്ധ്യത തിരിച്ചറിഞ്ഞ് അവരെ ചികിത്സാ വഴികളിലേക്ക് തിരിച്ചുവിട്ടാൽ പല കുടുംബങ്ങളും അനാഥമാകില്ല. കൊലപാതകങ്ങൾ പോലും ഒഴിവാക്കാനാകും.

പ്രസവാനന്തരം ഒരു സ്ത്രീ തന്റെ കുഞ്ഞിനോട് അഗാധമായ സ്നേഹത്തിന് പകരം ശത്രുത പ്രകടിപ്പിച്ചാൽ 'അതവളുടെ അഹങ്കാരമാണെന്ന് 'ചിത്രീകരിച്ച് വിമർശനങ്ങളുമായി ഇറങ്ങിപ്പുറപ്പെടരുത്. ഇതിന് പിന്നിൽ പ്രസവാനന്തര വിഷാദം എന്ന മാനസികവശമുണ്ടെന്ന് തിരിച്ചറിയുക. കൃത്യസമയത്ത് ആ മനസിന് സാന്ത്വനവും ആവശ്യമെങ്കിൽ ചികിത്സയും ഉറപ്പാക്കുക.

പൊതുവേ പ്രശ്നക്കാരനല്ലാത്ത യുവാവ് ഒരു ദിവസം അക്രമാസക്തനാവുകയും മാതാപിതാക്കളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്‌താൽ അവനെ കുഴപ്പക്കാരനെന്ന് മുദ്രകുത്തി വിമർശിക്കും മുൻപ് അവൻ അകപ്പെട്ടിരിക്കുന്ന ലഹരി കുരുക്കുകൾ,​ ഉപയോഗിച്ച ലഹരി എന്നിവ കണ്ടെത്തുക. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ കുടുംബവും സമൂഹവും ഒപ്പം നില്ക്കുക. ഈ ഇടപെടൽ അവനെ കൊലപാതകിയാക്കാതിരിക്കും.

പലതരം ഗാർഹിക തർക്കങ്ങളും മദ്ധ്യസ്ഥതയ്‌ക്കായി പൊലീസ് സ്റ്റേഷനിൽ എത്താറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഉപദേശത്തിലും മദ്ധ്യസ്ഥത ചർച്ചയിലും മാത്രം ഒതുക്കരുത്. മാനസികാരോഗ്യ ഇടപെടൽ കൂടി വേണ്ടിവരുന്ന കേസുകൾ പൊലീസ് അധികാരികളും തിരിച്ചറിയുക. ഇത്തരം വ്യക്തികളെ മാനസിക നിലയുടെ വിശകലനത്തിനും പ്രേരിപ്പിക്കുക. കഴിയുമെങ്കിൽ അതിനുള്ള സഹായം കൂടി ഉറപ്പാക്കുക.

ഈ കാര്യം മറക്കരുത്

മനസിന് രോഗമുള്ളവരിൽ വളരെ നേരിയ ശതമാനം മാത്രമേ കുറ്റകൃത്യങ്ങൾ ചെയ്യൂ. എന്നാൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ മനസിന് രോഗം ഉള്ളവരുടെ തോത് കൂടുതലാണ്. തക്കസമയത്ത് വിദഗ്ദ്ധസഹായം കൊടുത്താൽ അവരിൽ നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ തടയാം.

( ലേഖകൻ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിൽ സൈക്യാട്രിസ്റ്റാണ്. )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MENTAL HEALTH LITERACY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.