SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.31 AM IST

ഷാഫിയുടെ ഭാവിയിൽ സ്പീക്കറുടെ പ്രവചനം!

photo

അടിയന്തരപ്രമേയ നോട്ടീസും പറ്റില്ല, സഭനിറുത്തിവയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്ന സ്പീക്കറുടെ 'പരിപാടി'ക്ക് മറുമരുന്ന് പ്രതിപക്ഷം കരുതിവച്ചിരുന്നു. അംഗസംഖ്യ കുറവുള്ള പ്രതിപക്ഷം പരമാവധി ഏതുവരെ പോകുമെന്ന് കാണാലോ എന്ന് ചിന്തിച്ചിരുന്നവരെയെല്ലാം അമ്പരപ്പിച്ചാണ് പ്രതിപക്ഷം നടുത്തളത്തിൽ സമാന്തര സഭാസമ്മേളനവും പ്രതീകാത്മക അടിയന്തരപ്രമേയചർച്ചയും സംഘടിപ്പിച്ചത്.

പ്രതിപക്ഷംവക സഭ, സഹികെട്ട ഭരണകക്ഷിയംഗങ്ങളുടെ ശാപവചനങ്ങൾ ഒപ്പം രസച്ചരട് പൊട്ടാതിരിക്കാൻ സ്പീക്കറുടെ വക തിരഞ്ഞെടുപ്പ് പ്രവചന ക്യാപ്‌സ്യൂളും കണ്ട ചൊവ്വാഴ്ചസഭ സംഭവബഹുലമായി.

ബ്രഹ്മപുരം വിഷയത്തിൽ കൊച്ചിയിൽ പ്രതിഷേധിച്ച ഡി.സി.സി പ്രസിഡന്റും കൗൺസിലർമാരും അടക്കമുള്ളവരെ പൊലീസ് മർദ്ദിച്ചെന്ന് കാട്ടിയായിരുന്നു റോജി എം. ജോണിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ്. കഴിഞ്ഞദിവസം സഭ വിശദമായി ചർച്ചചെയ്ത വിഷയമായതിനാൽ നോട്ടീസ് പറ്റില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ആദ്യ ഉപക്ഷേപമായി റോജി എം.ജോണിന് ഇതുന്നയിക്കാമെന്ന സൗജന്യം അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല പ്രതിപക്ഷം.

വിഷയത്തിൽ ഇതുവരെ സഭയിൽ മിണ്ടാത്ത മുഖ്യമന്ത്രി മനഃപൂർവം ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രോഷംപൂണ്ടു. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക് കുതിച്ചു. പ്ലക്കാർഡുയർത്തി. സ്പീക്കർ നീതിപാലിക്കുക എന്നെഴുതിയ ബാനർ സ്പീക്കറുടെ മുഖംമറച്ച് നിവർത്തിപ്പിടിച്ചു. പതിവുപോലെ സ്പീക്കറുടെ കാഴ്ച മറഞ്ഞു. ചിലർ രോഷാകുലരായി സ്പീക്കറുടെ പോഡിയത്തിൽ അള്ളിപ്പിടിച്ച് കയറി.

സ്പീക്കർ എ.എൻ. ഷംസീർ പ്രതിപക്ഷാംഗങ്ങൾ ഓരോരുത്തരെയായി പേരെടുത്ത് വിളിച്ച് ഉപദേശിച്ചു. 'അടുത്ത പതിനാറാം നിയമസഭയിൽ എത്തേണ്ടതല്ലേ, വെറുതെ ഇമേജ് മോശമാക്കണ്ടാ, എല്ലാവരും നേരോ മാർജിനിൽ ജയിച്ചവരാ...'- ജ്യോതിഷ ചക്രവർത്തിമാരെ തോല്പിക്കുന്ന പ്രവചനവും നടത്തി: 'ഷാഫീ, അടുത്തതവണ തോൽക്കും!'- ഷാഫിപറമ്പിൽ അന്തംവിട്ടെന്ന് തോന്നുന്നു.

വ്യവസായം, വൈദ്യുതി വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ച അല്പം പിന്നിട്ടപ്പോൾ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് സമാന്തര സഭാസമ്മേളനം ചേർന്നു. പി.സി. വിഷ്ണുനാഥ് 'സ്പീക്കറാ'യി. അടിയന്തരപ്രമേയ ചർച്ച ജോർ. റോജി എം.ജോൺ പ്രമേയം അവതരിപ്പിച്ചു. ഭരണ-പ്രതിപക്ഷങ്ങളായി തിരിഞ്ഞ് നജീബ് കാന്തപുരം, ടി. സിദ്ദിഖ്, കെ.കെ. രമ, ഉമ തോമസ്, അൻവർ സാദത്ത്, പി.കെ. ബഷീർ, ടി.ജെ. വിനോദ്, ഷാഫിപറമ്പിൽ എന്നിവരുടെ പ്രസംഗം. ആഭ്യന്തരമന്ത്രിയായി സണ്ണി ജോസഫിന്റെ മറുപടി. എന്നിട്ട് ബഹിഷ്കരിച്ച് പുറത്തേക്ക്. സമാന്തരസഭാസമ്മേളനം വീഡിയോയിൽ ചിത്രീകരിക്കുന്നതിനെ സേവ്യർ ചിറ്റിലപ്പള്ളിയും മുഹമ്മദ് മുഹസിനും ചോദ്യംചെയ്തത് ഉരസലുണ്ടാക്കി. ഈ സമയം യഥാർത്ഥസഭയിലെ ധനാഭ്യർത്ഥനചർച്ചയിൽ പ്രസംഗിക്കുകയായിരുന്ന എ.പ്രഭാകരന്റെ 'കോൺസൻട്രേഷനും' 'കൺട്രോളും' വിട്ടു. കോൺഗ്രസിനെ കൂടെക്കൂട്ടി നന്നാക്കാൻ നോക്കിയാലും നന്നാവാത്തത് വെള്ളത്തിൽ മുങ്ങിയ തേളിനെപ്പോലെ അവർ വർഗസ്വഭാവം പ്രകടിപ്പിക്കുന്നതിനാലാണെന്നാണ് പ്രഭാകരമതം.

ബ്രഹ്മപുരത്ത് കത്തുന്നതീയിൽ എണ്ണയൊഴിച്ച് ആളിക്കത്തിച്ച് കേരളത്തെ ചാമ്പലാക്കാനുള്ള ശ്രമം പ്രതിപക്ഷം മനസിൽവച്ചാൽ മതിയെന്ന് കെ. ബാബു (നെന്മാറ). കേരളത്തിന്റെ അതിജീവനത്തിന്റെ കരുത്തില്ലാതാക്കാൻ നോക്കുന്നത് പ്രതിപക്ഷനേതാവും എ.ഐ.സി.സി നേതാക്കളും ഗൂഢാലോചന നടത്തിയിട്ടാണെന്ന് സേവ്യർ ചിറ്റിലപ്പള്ളി കണ്ടുപിടിച്ചു. ഏഴുവർഷമായി വൈദ്യുതിക്ഷാമം നേരിട്ടിട്ടില്ലാത്ത കേരളത്തിൽ വൈദ്യുതിപ്രതിസന്ധിയെപ്പറ്റി പ്രതിപക്ഷത്തിന് ഒരടിയന്തരപ്രമേയം കൊണ്ടുവരാനാവില്ലെന്ന് ജോബ് മൈക്കിൾ. പ്രതിപക്ഷത്തിന്റെ പ്രസംഗപരിശീലന പരിപാടിയെ കെ.എൻ. ഉണ്ണികൃഷ്ണൻ അപഹാസ്യമായി വിലയിരുത്തി. കെ.പി.സി.സി യോഗത്തിൽ പോലും സമാധാനത്തോടെ പ്രസംഗിക്കാനാവാത്തതിനാലാണ് സംരക്ഷണമുള്ള സഭയ്ക്കകത്ത് പ്രസംഗിക്കുന്നതെന്ന് എം. നൗഷാദ്.

ബ്രഹ്മപുരത്ത് തീയണയ്ക്കാൻ മുൻകൈയെടുത്തവരെ അഭിനന്ദിക്കാത്ത പ്രതിപക്ഷത്തെയോർത്ത് വ്യവസായമന്ത്രി പി. രാജീവ് ധനാഭ്യർത്ഥനയ്ക്ക് മറുപടിപറയവേ വ്യസനിച്ചു. അവിടെ തീയണഞ്ഞത് പ്രതിപക്ഷത്തെ ദു:ഖിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം കരുതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.