SignIn
Kerala Kaumudi Online
Thursday, 19 September 2024 7.36 AM IST

ഗെയിമും ചൂതാട്ടവും അഴിയട്ടെ ഓൺലൈൻ കുരുക്ക്

Increase Font Size Decrease Font Size Print Page

photo

പതിനെട്ടു വയസിൽ താഴെയുള്ളവർക്ക് ഓൺലൈൻ ഗെയിം കളിക്കാൻ ഇനി മുതൽ മാതാപിതാക്കളുടെ സമ്മതം വേണമെന്ന 'ഒാൺലൈൻ ഗെയിമിംഗ്' കര‌ട് ചട്ടവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഉചിതമായ തീരുമാനം, പക്ഷേ വൈകിപ്പോയെന്ന് മാത്രമേ പറയേണ്ടതുള്ളൂ. കൊവിഡ് കാലത്ത് ഒാൺലൈൻ ഗെയിമുകളുടെ ചതിക്കുഴിയിൽപ്പെട്ട് രാജ്യത്ത് ആയിരക്കണക്കിന് പേരാണ് ആത്മഹത്യ ചെയ്‌തത്. അന്നു മുതൽ ഓൺലൈൻ ഗെയിമുകൾക്ക് പൂട്ടി‌ടണമെന്ന മുറിവിളി ഉയർന്നെങ്കിലും കാര്യമായ ഒരു നിയമനിർമ്മാണവും നടന്നില്ല. ചില സംസ്ഥാനങ്ങൾ ഗെയിമുകൾ നിരോധിച്ചെങ്കിലും പലതും കോടതി വിധികളിൽ തട്ടി തടസപ്പെടുകയോ മരവിക്കുകയോ ചെയ്‌തു. ഈവസരത്തിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ഓൺലൈൻ ഗെയിമിംഗ് കരട് ചട്ടം പുറപ്പെടുവിച്ചത്.

2021 ലെ ഐ.ടി ഇന്റർമീഡിയറി ചട്ടങ്ങളിലാണ് ഭേദഗതി. ഫെബ്രുവരിയിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം. ഒരു ഗെയിമിംഗിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടം, വാതുവയ്‌പ്പ്, എന്നിവ ഓൺലൈനായി അനുവദിക്കില്ലെന്നാണ് കരടിലെ മറ്റൊരു പ്രത്യേകത. ഗെയിം കമ്പനികൾക്കായി മനഃശാസ്‌ത്രരംഗത്തു നിന്നുള്ള അംഗം ഉൾപ്പെട്ട സ്വയംനിയന്ത്രണ സമിതിയും നിലവിൽവരും. ഈ സമിതിയുടെ രജിസ്‌ട്രേഷനുള്ള ഗെയിമുകൾ മാത്രമേ ഇനി മുതൽ ഇന്ത്യയിൽ അനുവദിക്കൂ. അനുമതിയില്ലാത്ത വിദേശ വാതുവയ്‌പ്പ്, ചൂതാട്ട ഗെയിമുകൾ എന്നിവയെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതും കുറ്റകരമായിരിക്കും.

പണം വച്ചുള്ള ഗെയിമുകളിൽ തിരിച്ചറിയൽ നടപടികൾ കമ്പനികൾ ഉറപ്പു വരുത്തണം. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേതിനു സമാനമായ നിയന്ത്രണമായിരിക്കും ഏർപ്പെടുത്തുക. കളിക്കുന്നവർക്ക് അവരുടെ മൊബൈൽ നമ്പരിലൂടെ അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള അവസരവും ഇനി മുതൽ നൽകേണ്ടിവരും. ഇന്ത്യയിൽ ഒാൺലൈൻ ഗെയിം കളിക്കുന്നവരിൽ 40 മുതൽ 45 ശതമാനം വരെ സ്‌ത്രീകളാണെന്നാണ് കണക്കുകൾ. അതിനാൽ അവർക്ക് സുരക്ഷിതമായി ഇടപെടാനുള്ള മേഖലയാക്കി മാറ്റുമെന്ന പ്രഖ്യാപനവും ആശ്വാസകരമാണ്.

നമ്മുടെ കുട്ടികൾ

കുടുക്കിലാകുമ്പോൾ

ഓൺലൈൻ രംഗത്ത് കൂടുതൽ സജീവമായ കുട്ടികളുടെ ജീവനുപോലും ഓൺലൈൻ ഗെയിമുകൾ ഭീഷണിയാണ്. ചിലത് നിരോധിക്കപ്പെട്ടെങ്കിലും അപകടകരമായ പല ഗെയിമുകളും ഇപ്പോഴുമുണ്ട്. സ്‌കൂൾ, കോളേജ് പഠനത്തിന് ഓൺലൈൻ ക്‌ളാസുകൾ വന്നതോടെ എല്ലാവരുടെയും കൈകളിൽ സ്മാർട്ട് ഫോണും ടാബുകളും നിർബന്ധഘടകമായി മാറി. അതോടെ ഓൺലൈൻ ഗെയിമുകൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചു തുടങ്ങി. മത്സരഭ്രാന്ത് മൂത്ത് കുട്ടികൾ ജീവനൊടുക്കുന്നതിലേക്ക് എത്തിയോടെയാണ് വലിയൊരു വിപത്തിനെ സമൂഹം തിരിച്ചറിഞ്ഞത്. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ മാതാപിതാക്കളുടെ ഭാഗത്തു നിന്നാണ് ആദ്യം തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെയാണ് 18 വയസിൽ താഴെയുള്ള കുട്ടികൾ ഒാൺലൈൻ ഗെയിമുകൾ കളിക്കണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണമെന്ന സുപ്രധാന നിർദ്ദേശം കരടിൽ ഉൾപ്പെടുത്തിയത്.

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾ മറ്റൊരു ലോകത്താണ്. അവരെ പറഞ്ഞ് മനസിലാക്കി പിന്തിരിപ്പിക്കാൻ രക്ഷിതാക്കളാണ് തയ്യാറാകേണ്ടത്. അതിനായി കുട്ടികളുടെ തണലായി മാതാപിതാക്കൾ മാറണം. എതിരാളിയോട് ഏറ്റുമുട്ടുമ്പോഴുള്ള മത്സരഭ്രാന്ത് തന്നെയാണ് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിപ്പെടാനുള്ള പ്രധാന കാരണം. മത്സരത്തിന്റെ ഓരോ ഘട്ടവും കഴിയുമ്പോൾ ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങൾ, സമ്മാനങ്ങൾ, അംഗീകാരങ്ങൾ എന്നിവയെല്ലാം കൂടുതൽ പ്രോത്സാഹനത്തിന് വഴിതുറക്കും. ചില കളികളിൽനിന്ന് പണവും ലഭിക്കും. മൊബൈൽ ഗെയിമുകൾ കളിക്കരുതെന്ന് കുട്ടികളോട് പറയാനാവില്ല. കുട്ടികളുടെ വളർച്ചയുടെ ഭാഗമാണ് കളികൾ. അതിനാൽ ഓൺലൈൻ ഗെയിമുകളെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധമാണ് വേണ്ടത്. കരട് നിർദ്ദേശങ്ങളും അത്തരം സൂചനകളാണ് നൽകുന്നത്. നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന നിലപാടിലേക്കാണ് ഐ.ടി മന്ത്രാലയം എത്തിയിരിക്കുന്നത്.

കമ്പനി ഗെയിമിന്റെ ചട്ടങ്ങളും നയങ്ങളും ഉപഭോക്താവിനെ അറിയിച്ചിരിക്കണമെന്നാണ് മറ്റൊരു വ്യവസ്ഥ. പലരും അറിയാതെ ചതിക്കുഴിയിൽ വീഴുന്നത് ഒരുപരിധി വരെ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. അതത്, ഉപഭോക്താവ് ഗെയിമിൽ നിക്ഷേപിക്കുന്ന തുകയുടെ പിൻവലിക്കൽ, അതിനുള്ള രീതികൾ എന്നിവ മുൻകൂട്ടി അറിയിക്കണമെന്ന് വ്യക്തം. മത്സരത്തിൽ സമ്മാനത്തുക നൽകുന്നതിന്റെ മാനദണ്ഡം, ഗെയിമിൽ പങ്കെടുത്താൽ സംഭവിക്കുന്ന ധനനഷ്ടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്, നിക്ഷേപിക്കുന്ന പണം സുരക്ഷിതമാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്നിവയും മുൻകൂട്ടി അറിയിക്കണമെന്ന് ചട്ടത്തിൽ നിഷ്‌‌കർഷിച്ചിട്ടുണ്ട്.

ഓൺലൈൻ റമ്മി കളിക്കുള്ള നിരവധി ആപ്പുകളാണ് പ്‌ളേസ്‌റ്റോറുകളിലുള്ളത്. ഇവയുടെ പരസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ എപ്പോഴും പ്രചരിക്കുന്നു. കമ്പനികൾ ചില നിയമങ്ങൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും വായിച്ചു നോക്കാതെയാണ് ആളുകൾ കളിതുടങ്ങുന്നത്. ഓൺലൈൻ ഗെയിമുകളിൽ മറുഭാഗത്ത് മനുഷ്യരല്ലെന്ന കാര്യം പലരും മറന്നു പോകുന്നു. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി നിർമ്മിച്ച ആപ്പുകളായിരിക്കും കളി നിയന്ത്രിക്കുക. ഇവരെ പരാജയപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്തുള്ള കളിയാണ് ആളുകളെ ലക്ഷങ്ങളുടെ നഷ്ടത്തിലേക്ക് എത്തിക്കുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടമാകുമ്പോഴും മാനഹാനി ഭയന്ന് ആരും പരാതിപ്പെടുന്നില്ല.

റമ്മികളിയിൽ അടിപ്പെട്ടുപോകുന്നവരെ ബോധവത്കരണത്തിലൂടെ മാത്രമേ മടക്കിക്കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്ന് പൊലീസും വ്യക്തമാക്കുന്നു. അതിനായി പൊലീസ് സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നതോടെ പരസ്യങ്ങളിൽ ആകൃഷ്‌ടരായി വീഴുന്നവരെയും ഒരു പരിധിവരെ രക്ഷപ്പെടുത്താനാകും.

ലഹരിക്ക് അടിപ്പെട്ട് പോകുന്നവരെപ്പോലെ ഭ്രാന്തമായ ആവേശമാണ് ഓൺലൈൻ ഗെയിമിൽ കുടുങ്ങിയവരിലും ഉളവാകുന്നത്. സംഘട്ടനങ്ങളും വെടിവയ്പ്പും നിറഞ്ഞ കളി ഇന്ന് നഗര-ഗ്രാമ ദേദമെന്യേ പടർന്നു പിടിച്ചിരിക്കുകയാണ്.

കുടുംബങ്ങളിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വലിയ സംഘർഷങ്ങൾക്ക് ഓൺലൈൻ ഗെയിമുകൾ വഴിവയ്ക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മനോനില താളംതെറ്റിക്കുന്ന കളികൾ ഒഴിവാക്കുക തന്നെ വേണം. സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ചെറുപ്പത്തിലേ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. ഓൺലൈൻ ഗെയിമുകളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നിയമം വരുന്നതിലൂടെ വലിയൊരു ചതിക്കുഴിയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് രക്ഷപ്പെടാൻ കഴിയും. കരട് ചട്ടത്തിൽ ഭേദഗതി നിർദ്ദേശിക്കാനുള്ള സമയമാണ് ഇനിയുള്ളത്. ഗുണപ്രദമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി എത്രയും വേഗം നിയമമായി മാറണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ONLINE GAMES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.