SignIn
Kerala Kaumudi Online
Friday, 20 September 2024 2.51 AM IST

പത്രരംഗത്തെ ഏകാന്തപഥികൻ

Increase Font Size Decrease Font Size Print Page

pachalloorsukumaran

ഒരുകാലത്ത് തിരുവനന്തപുരത്തെ സാംസ്കാരിക വേദികളിൽ നിറഞ്ഞുനിന്നിരുന്ന പത്രാധിപർ പാച്ചല്ലൂർ സുകുമാരൻ അന്തരിച്ചിട്ട് ഇന്ന് രണ്ടുവർഷം . പത്രപ്രവർത്തന രംഗത്തെ ഏകാന്തപഥികനായിരുന്ന പാച്ചല്ലൂർ സാധാരണ മനുഷ്യനായി ജീവിച്ച് തികച്ചും വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിച്ച അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു.

സർക്കാർ സർവീസിൽ ജോലിചെയ്യുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെയുള്ളിൽ പത്രപ്രവർത്തകനാവുക എന്ന സ്വപ്നമാണുണ്ടായിരുന്നത്. ഒടുവിൽ 1956- ൽ പി.ഡബ്ള്യു.ഡിയിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം കൈത്തിരി എന്ന മാസിക പ്രസിദ്ധീകരിക്കുന്നത്. റിട്ടയർ ചെയ്ത് കഴിഞ്ഞിട്ടാണ് വഞ്ചിനാട് പത്രം ആരംഭിക്കുന്നത്. വഞ്ചിനാടിനുവേണ്ടി വീട്ടിൽത്തന്നെ പ്രസ് തുടങ്ങി. വഞ്ചിനാട് പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതൽ അദ്ദേഹം സാംസ്കാരികരംഗത്ത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സ്വന്തമായി വാർത്തകൾ ശേഖരിച്ച്, സ്വയം എഡിറ്റ് ചെയ്ത്, സ്വന്തം പ്രസിൽ അച്ചടിച്ച്, സ്വയം വിതരണം ചെയ്യുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു പത്രാധിപരെന്ന നിലയിൽ ധീരമായ ഒരു കാൽവയ്‌പായിരുന്നു അത്. കടുത്ത സാമ്പത്തിക വെല്ലുവിളി ഉണ്ടായിട്ടും അദ്ദേഹം അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുനീങ്ങി. പ്രലോഭനങ്ങളിൽ വീഴാതെ, അർപ്പണബോധത്തോടെ, തന്റേതായ വ്യക്തിത്വം പത്രപ്രവർത്തനരംഗത്ത് സ്ഥാപിച്ചു. ഒരു പത്രാധിപർ എന്ന നിലയിൽ വേണ്ടത്ര ജനസമ്മതി കിട്ടിയതിനു ശേഷമാണ് അദ്ദേഹം വഞ്ചിനാട് കലാവേദി ആരംഭിക്കുന്നത്. തീർത്ഥപാദമണ്ഡപത്തിൽ സ്ഥിരമായി ഒത്തുകൂടിയിരുന്ന സഹൃദയരുടെ മുന്നിൽ അദ്ദേഹം പുതിയ പുതിയ വിഷയങ്ങൾ അവതരിപ്പിച്ചു. കവിയരങ്ങുകൾ, സാഹിത്യചർച്ചകൾ, കലാമത്സരങ്ങൾ, സാഹിത്യ സെമിനാറുകൾ തുടങ്ങിയവയ്ക്ക് പ്രമുഖരായ പലരും നേതൃത്വം നല്‌കി. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ പി.കെ. ബാലകൃഷ്ണൻ സ്മാരക അവാർഡ് വഞ്ചിനാട് കൃത്യമായി നല്കിയിരുന്നു. എല്ലാമാസവും കൃത്യമായി നടത്തിയിരുന്ന സാംസ്കാരിക സമ്മേളനങ്ങൾക്ക് ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു.

വഞ്ചിനാട് പത്രത്തിന്റെയും കലാവേദിയുടെയും തിളക്കമാർന്ന കാലത്താണ് അദ്ദേഹം എല്ലാം അവസാനിപ്പിച്ച്, അരങ്ങിൽ നിന്ന് അണിയറയിലേക്ക് സ്വയം പിൻവാങ്ങിയത്. പത്‌നി അപ്രതീക്ഷിതമായി തന്നെ വേർപിരിഞ്ഞപ്പോഴുണ്ടായ ആഘാതം ഒന്നുകൊണ്ടുമാത്രമാണത്. വർഷങ്ങളായി പത്രപ്രവർത്തനം നടത്തുമ്പോഴും, സാംസ്കാരിക വേദികളിൽ നിറസാന്നിദ്ധ്യമായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മനസിൽ കുടുംബജീവിതത്തിന്റെ ദൃഢതയാണ് നിറഞ്ഞുനിന്നിരുന്നത്. തന്റെ വലംകൈയായിരുന്ന പത്‌നിയുടെ വേർപാട് അദ്ദേഹത്തിന് താങ്ങാൻ കഴിയാത്ത ഒന്നായിരുന്നു. ഒരു തത്വചിന്തകനെപ്പോലെ സ്വയം ഉൾവലിഞ്ഞ്, ചെയ്യേണ്ടതെല്ലാം ചെയ്തുതീർത്ത കർമ്മയോഗിയെപ്പോലെ, പത്തുവർഷത്തോളം ഒതുങ്ങിക്കൂടിയതിനുശേഷം 2020- ൽ അദ്ദേഹം അന്തരിച്ചു.

ലേഖകന്റെ ഫോൺ: 9497272622

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PACHALLORE SUKUMARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.