SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.08 PM IST

പൊലീസിനെ ആദ്യം നന്നാക്കുക

opinion

മാഫിയാ ബന്ധം, കൈക്കൂലി, ക്വാറി, മണൽ, റിയൽ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായി നിരന്തര സമ്പർക്കത്തിന്റെ പേരിൽ സംസ്ഥാനത്തെ 1300 പൊലീസുകാരെ സ്ഥലംമാറ്റിയിരിക്കുന്നു എന്ന് അടുത്തിടെ പുറത്തുവന്ന വാർത്ത കേരളത്തെ ഞെട്ടിച്ചിരുന്നു.

ശ്രദ്ധിക്കണം, സ്ഥലം മാറ്റലാണ് സസ്‌പെൻഷനോ പുറത്താക്കലോ അല്ല. ഗുരുതരമായ ആരോപണം നേരിടുകയും പൊലീസ് മേധാവികളുടെ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തവരെ ദുർഗുണപരിഹാര പാഠശാലയിലേക്കെന്നോണം പൊതുജനങ്ങളുമായി സമ്പർക്കമില്ലാത്ത പൊലീസിലെ മറ്റ് വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കൽ!. തത്‌കാലത്തേക്കെങ്കിലും കൈക്കൂലി കിട്ടാത്ത, പരാതിക്കാരെ പീഡിപ്പിക്കാൻ ഇടമില്ലാത്തിടത്തേക്ക് ഒരു അജ്ഞാതവാസം. എന്തായാലും 1300പോലീസുകാർ, അതാകട്ടെ എ.എസ്.ഐ മുതൽ താഴേത്തട്ടിലുള്ളവർ. ഇവർക്കെല്ലാം നീതിന്യായ സംഹിതയ്ക്കപ്പുറത്ത് ശരിയല്ലാത്ത ബന്ധം കണ്ടെത്തി കാശുവാരാൻ പറ്റാത്ത ഇടത്തേക്ക് ഒരു സ്ഥലംമാറ്റം. അത്രയെങ്കിലും ചെയ്‌തത് വലിയ കാര്യം. ഇവർ ചെയ്ത കുറ്റകൃത്യങ്ങളുടെ തോത് പരിശോധിച്ചാൽ ഒരാൾ പോലും സർവീസിൽപോലും ഉണ്ടാകാൻ സാദ്ധ്യതയി. എന്നാലും ഇത്രയും നടന്നല്ലോ എന്ന ആശ്വാസത്തിലാണ് ജനം. ചോദ്യം ഇതല്ല. 1500രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വാർത്ത വെണ്ടക്ക അക്ഷരത്തിൽ പ്രത്യക്ഷപ്പെടുന്ന കാലത്ത് എസ്.ഐ.മുതൽ മുകളിലോട്ടുള്ള ഏമാൻമാർക്കെതിരായുള്ള പരാതികൾ എത്രയാണെന്ന് കേട്ടാൽ അമ്പരക്കാതെ തരമില്ല. വലിയ പ്രക്ഷോഭങ്ങളുണ്ടാവുമ്പോൾ ഭാര്യവീടിനടുത്തേക്കൊരു സ്ഥലംമാറ്റത്തിന് അപ്പുറത്ത് ഇവർക്കെതിരെ ആത്മാർത്ഥമായി എന്ത് നടപടിയാണ് ഉണ്ടാകാറുള്ളത്. ജോസ്.കെ.മാണിയുടെ മകൻ ഓടിച്ച കാർ രണ്ടു യുവാക്കളുടെ ജീവനെടുക്കാൻ കാരണമായപ്പോൾ 19 വയസുകാരനെ 45 കാരനാക്കുകയും പ്രതിയുടെ പേര് ലഭ്യമല്ലെന്നും എഴുതി പിടിപ്പിച്ചത് എന്തിനായിരുന്നു.? ഇവരാരും എസ്.ഐ റാങ്കിന് താഴെയുള്ളവരല്ലല്ലോ. കോഴിക്കോട് എടച്ചേരിയിൽ പരാതിക്കാരിയായ യുവതിയെ അവസരം മുതലെടുത്ത് മാസങ്ങളോളം പീഡിപ്പിച്ച എസ്.ഐയ്‌ക്ക് എന്ത് ശിക്ഷയാണ് വിധിക്കാനിരിക്കുന്നത്..! ഇങ്ങനെ പറഞ്ഞുവരുമ്പോൾ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം പൊലീസിനെതിരായ പരാതികളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുന്നു എന്നതാണ് യാഥാർത്ഥ്യം.

പൊലീസിൽ വഴിവിട്ട സഞ്ചാര നടത്തുന്നവരെയും കുറ്റവാളികളെയും വെറുതെ വിടില്ലെന്ന് പറയുന്ന സാക്ഷാൽ പിണറായി വിജയൻ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കുമ്പോൾ പൊലീസിനെതിരായ പരാതികളിൽ എന്ത് തീർപ്പാണ് ഉണ്ടായത്. എന്ത് നീതിയാണ് ജനത്തിന് കിട്ടുന്നത്..ഉത്തരം പറയാതെ വയ്യ.

അറിയുമോ, ഒരു പോലീസ് കംപ്ളെയ്ന്റ് അതോറിറ്റിയുണ്ട് കേരളത്തിൽ..! 14 ജില്ലകളെ വിഭജിച്ച് രണ്ട് സോണുകളാണ് പ്രവർത്തിക്കുന്നത്. നോർത്തും സൗത്തും. രണ്ടിനും റിട്ടയേഡ് ജഡ്ജിമാരാണ് ചെയർമാന്മാരായുള്ളത്. നിരവധി സ്റ്റാഫുകൾ. മാസാമാസം പൊടിപൊടിക്കുന്നത് ലക്ഷങ്ങൾ. പക്ഷെ എന്തുണ്ട് പ്രയോജനം. രണ്ട് സോണുകളിലുമായി പാവപ്പെട്ട ജനം പൊലീസിനെതിരായി നൽകിയ ആയിരക്കണക്കിന് പരാതികൾ തീർപ്പില്ലാതെ കെട്ടിക്കിടക്കുന്നു. പ്രതികൾ ഏമാന്മാരാവുമ്പോൾ അടുപ്പിലുമാവാമെന്ന പഴമൊഴി അന്വർഥം.
പൊലീസിനെതിരെ നാടെങ്ങും പരാതി പ്രളയമാകുമ്പോഴും കേസുകൾ തീർപ്പില്ലാതെ കെട്ടിക്കിടക്കുന്നതിന് ആരാണ് ഉത്തരവാദികൾ..? പൊലീസുകാർക്കെതിരായ പരാതികൾക്ക് തീർപ്പ് കൽപിക്കാൻ രൂപീകരിച്ച പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റിയിൽ ഇപ്പോൾ സംസ്ഥാനത്താകെ കെട്ടിക്കിടക്കുന്നത് കൃത്യം 1625 പരാതികൾ! ഇതിൽ 2011 മുതലുള്ള പരാതികളുണ്ടെന്ന് അറിയുമ്പോഴാണ് നീതിതേടിയുള്ള ജനത്തിന്റെ ഗതികേടിന്റെ ആഴം വ്യക്തമാവുന്നത്. ഏറ്റവും കൂടുതൽ പാരാതികൾ തീർപ്പാകാതെ കിടക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുടെ പേരിൽ സംസ്ഥാന പൊലീസ് ഏറ്റവും കൂടുതൽ പഴികേൾക്കുന്ന തിരുവനന്തപുരം ജില്ലയിലാണ്, 608. രണ്ടാം സ്ഥാനത്ത് കൊല്ലമാണ്, 353. മൂന്നാം സ്ഥാനം കൊല്ലത്തിന്, 141.
പൊലീസ് കംപ്ളെയിന്റ് അതോറിറ്റി സൗത്ത് സോണിന്റെ ആസ്ഥാനം കോട്ടയത്തും നോർത്ത് സോണിന്റെ ആസ്ഥാനം കോഴിക്കോട്ടുമാണ് പ്രവർത്തിക്കുന്നത്. നോർത്ത് സോണിൽ എട്ടുജില്ലകളാണുള്ളത്. സൗത്ത് സോണിൽ ആറും. എന്നാൽ ഏറ്റവും കൂടുതൽ കേസുകൾ പരിഹാരാമാവാതെ കിടക്കുന്നത് സൗത്ത് സോണിലാണ്, 1168. നോർത്ത് സോണിലാകട്ടെ 457 കേസുകൾ. പരാതി നൽകിയിട്ടും പൊലീസ് ഇടപെടാത്ത കേസുകൾ, പൊലീസ് പ്രതികൾക്കൊപ്പം നിൽക്കുന്നത്, ഇരകളെ ഭീഷണിപ്പെടുത്തുന്നത്, പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് പരാമർശിക്കുന്നത് തുടങ്ങി വളരെ ഗൗരവകരമായ പരാതികളുണ്ടായിട്ടും അത്തരം പരാതികളോട് അധികൃതർ കാണിക്കുന്ന നിസംഗതയാണ് സംസ്ഥാനത്തെ പൊലീസിന്റെ അഴിഞ്ഞാട്ടത്തിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുമ്പോൾ അതിനെ തള്ളിക്കളയാനാവില്ല.

നോർത്ത് സോണിലും സൗത്ത് സോണിലും കഴിഞ്ഞ ആറുമാസമായി ചെയർമാൻസ്ഥാനത്ത് ആളില്ലായിരുന്നു. മനുഷ്യാവകാശപ്രവർത്തകരുടെ നിരന്തര ഇടപെടലുകളെത്തുടർന്ന് രണ്ടിടത്തും ഈ മാസം ചെയർമാന്മാർ ചുമതലയേറ്റിട്ടുണ്ട്. ഉത്തരമേഖല പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനായി റിട്ട.ജഡ്ജ് എസ്.സതീശ് ചന്ദ്രബാബുവും സൗത്ത് സോണിൽ റിട്ട.നിയമസഭാ സെക്രട്ടറി ജസ്റ്റിസ് എസ്.വി.ഉണ്ണികൃഷ്ണനുമാണ് ചുമതലയേറ്റത്.
പൊതുജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണിവരുമ്പോഴാണ് ആളുകൾ പൊലീസിന്റെ സഹായം തേടുന്നത്. അതിൽ ഇരയോടൊപ്പം നിൽക്കേണ്ട പൊലീസ് പ്രതികൾക്കൊപ്പം നിൽക്കുമ്പോഴാണ് ഗത്യന്തരമില്ലാതെ ജനം പൊലീസിനെതിരെ പരാതിയുമായി പോകുന്നത്. വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ സജീവനെന്ന യുവാവ് കസ്റ്റഡിയിൽ മരണപ്പെടുകയും അത് വിവാദമാവുകയും ചെയ്തപ്പോൾ രായ്ക്ക് രാമാനം സ്‌റ്റേഷനിലെ സി.ഐമുതൽ താഴോട്ടുള്ളവരെയെല്ലാം സ്ഥലം മാറ്റി സ്‌റ്റേഷൻ ശുദ്ധീകരിക്കാൻ കഴിഞ്ഞ പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. അപ്പോൾ പൊലീസിലെ ക്രിമിനലുകൾക്കെതിരായി വരുന്ന പരാതികൾ ഏറ്റവും വേഗത്തിൽ തീർപ്പ് കല്‌പിച്ച് മുന്നോട്ടുപോയാൽ ഈ സംവിധാനം ജനങ്ങൾക്കുള്ള സുരക്ഷയും പൊലീസ് സ്റ്റേഷനെന്നാൽ ജന മൈത്രിയുമാണെന്ന് ജനം തിരിച്ചറിയുന്ന കാലവും വരും. അതിനുള്ള കാൽവയ്‌പാണ് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നും അതിന്റെ ചുമതലക്കാരനായ കേരളമുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാവേണ്ടത്. നോക്കുകൂലിയും നോക്കുകുത്തിയെന്നുമുള്ള വാക്കുകൾ മലയാള നിഘണ്ടുവിൽ നിന്നും പറിച്ചുനീക്കേണ്ട കാലം അതിക്രമിച്ചെന്നും ഓർമിപ്പിക്കട്ടെ.

കേസുകൾ ജില്ല തിരിച്ച്

സൗത്ത് സോൺ
തിരുവനന്തപുരം - 608
കോട്ടയം - 31
ഇടുക്കി - 17
പത്തനംതിട്ട - 18
ആലപ്പുഴ - 141
കൊല്ലം - 353

നോർത്ത് സോൺ
എറണാകുളം - 120
തൃശ്ശൂർ - 108
കോഴിക്കോട് - 68
കാസർകോട് - 16
കണ്ണൂർ - 49
വയനാട് - 45
മലപ്പുറം - 44
പാലക്കാട് - ഏഴ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.