മലപ്പുറം: കരിങ്കല്ലത്താണിയിൽ ജനങ്ങളെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നെല്ലിപ്പറമ്പ് സ്വദേശികളായ ഹസൻ, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് അബൂബക്കർ ഹൈദ്രൂസ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട നിസാമുദ്ദീനെ പിടിച്ച് മാറ്റുന്നതിനിടയിൽ പ്രതികൾ മർദിച്ചതായാണ് പൊലീസ് പറയുന്നത്.
ഞായറാഴ്‌ച രാത്രിയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദ്ദീൻ കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ ഇയാൾ കൊല്ലപ്പെട്ട ദിവസം രാത്രി നിരവധിപേരെ ആക്രമിച്ചു. കരിങ്കല്ലത്താണി സ്വദേശി സെയ്‌തലവിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. സെയ്‌തലവി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സെയ്‌തസലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ദീനെ കാഴ്‌പ്പെടുത്തുന്നതിനായി നാട്ടുകാരിൽ ചിലർ ചേർന്ന് മർദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്ക് പരിക്കേറ്റത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് നിസാമുദ്ദീന്റെ മരണം സംഭവിച്ചത്.
യുവാക്കളിലെ ലഹരി ഉപയോഗം കാരണം നിരവധി അക്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് മട്ടാഞ്ചേരിയിൽ ലഹരിക്കടിമയായ യുവാവ് ആംബുലൻസ് തല്ലിത്തകർത്തിരുന്നു. ജൂത തെരുവിലെ അന്നൂജ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസിന്റെ ചില്ലുകളാണ് യുവാവ് അടിച്ചു തകർത്തത്. ഇയാളുടെ കൈയ്ക്ക് പരിക്കേറ്റു . മയ്യത്ത് സംസ്‌കാരത്തിന് സൗജന്യ സേവനം നടത്തുന്ന കൂട്ടായ്മയാണ് അന്നൂജ് ചാരിറ്റബിൾ സൊസൈറ്റി.
പ്രദേശത്തുണ്ടായിരുന്ന യുവാക്കളുമായി തർക്കത്തിലേർപ്പെട്ട ശേഷമാണിയാൾ ആംബുലൻസ് തകർത്തത്. പ്രതിയെ സമീപത്ത് നിന്നും പിടികൂടി പൊലീസിനെ ഏൽപ്പിച്ചെങ്കിലും മുറിവേറ്റ പ്രതിയെ കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ല. സംഭവത്തിൽ ഇരുപതുകാരനായ ജയ്സൺ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിക്കടിമയായ ഇയാളുടെ പേരിൽ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |