SignIn
Kerala Kaumudi Online
Saturday, 02 August 2025 2.08 AM IST

സാധാരണമട്ടിൽ ജീവിച്ച ആചാര്യശ്രേഷ്ഠൻ

Increase Font Size Decrease Font Size Print Page

prof-g-balakrishnan-nair

മാനവചേതനയുടെ അന്വേഷണപഥത്തിലെ പരമോന്നതസ്ഥാനമാണ് അദ്വൈതദർശനം. അനാദികാലം മുതൽ ഭാരതീയ ഋഷിപരമ്പര ഈ പരമസത്യത്തിലേക്ക് അനുസ്യൂതം സഞ്ചരിച്ചെത്തുന്നു. ആ ഋഷീശ്വരന്മാർ അഭിദർശിച്ച ഏകസത്യത്തെ അദ്വൈതസിദ്ധാന്തം എന്ന നിലയിൽ ലോകത്ത് അവതരിപ്പിച്ചത് ഒരു കേരളീയനാണ്--ജഗദ്ഗുരു ശങ്കരാചാര്യർ. അദ്വൈതദർശനത്തെ അനുഭവിച്ചും അറിയിച്ചും ജീവിച്ച മനീഷികൾക്ക് കേരളം പിന്നീടും ജന്മം നൽകിയിട്ടുണ്ട്. ആരാലും അറിയാൻ കഴിയാത്തമട്ടിലും ആരെയും അറിയിക്കാത്ത വിധത്തിലും ആ ധന്യാത്മാക്കളിൽ അധികവും അവരുടെ സഞ്ചാരം പൂർത്തിയാക്കി. വേറെ ചിലർ സന്ന്യാസവൃത്തിയിലൂടെ ലോകത്തിന് മംഗളമേകി. ഇനിയും ചിലർ അടയാളവും ലക്ഷണങ്ങളും പ്രദർശിപ്പിക്കാതെ ലോകത്തിനു നടുവെ ചരിച്ചുകൊണ്ടു സ്വധർമ്മം നിറവേറ്റി. മറ്റൊരു വിഭാഗം ലൗകികജീവിതം തുടർന്നുകൊണ്ടും അദ്വൈതാനുഭൂതി മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ തയ്യാറായി. ഇങ്ങനെയെല്ലാമുള്ള മഹാ ഗുരുപരമ്പരയുടെ ഭാഗമായി ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ സാധാരണമട്ടിൽ ജീവിച്ച ആചാര്യശ്രേഷ്ഠനാണ് പ്രൊഫ. ജി ബാലകൃഷ്ണൻനായർ.

അനേകജന്മങ്ങളിലൂടെ ആർജ്ജിച്ച സുകൃതത്തിന്റെ ഫലമായി ഒരു ജീവൻ ജ്ഞാനത്തിന് അർഹത നേടുന്നു എന്നാണ് അഭിജ്ഞമതം. സത്യാന്വേഷണത്തിനു തുടക്കം കുറിക്കാൻ ചില നിമിത്തങ്ങൾ ഉണ്ടായേക്കാം. ആ കാരണത്തിലൂടെ ലക്ഷ്യത്തിലെത്തിയാൽ ആ സഫലജീവിതം കൊണ്ട് മറ്റുള്ളവർക്ക് മംഗളമുണ്ടാകും. ബാലകൃഷ്ണൻ നായർ സാറിന്റെ ജീവിതം ഈ പറഞ്ഞതിന്റെ മികച്ച ഉദാഹരണമാണ്. ഏഴരവയസിൽ ശിവനാമം ജപിച്ച് ദേഹം വെടിഞ്ഞ അരവിന്ദൻ എന്ന മകനാണ് ബാലകൃഷ്ണൻനായർ സാറിനെ വേദാന്താചാര്യനാക്കാൻ കാരണക്കാരൻ. 'ഞാൻ ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നത് ഈശ്വരനെയാണ്. ഞാൻ എല്ലായിടത്തും ഈശ്വരനെ കാണുന്നു, ചുവരിലൊക്കെ ഈശ്വരൻ ഇരിക്കുന്നു' എന്ന് ശൈശവത്തിലേ വെളിവാക്കിയ അരവിന്ദൻ അസാമാന്യനായിരുന്നു. മകനായി തനിക്കു ലഭിച്ച ഗുരുവിന്റെ നിർദ്ദേശമനുസരിച്ചാണ് ബാലകൃഷ്ണൻനായർ സാർ ആ തീരുമാനമെടുത്തത്. ശിവനാമം ഉച്ചരിച്ച് ശരീരമുപേക്ഷിച്ച അരവിന്ദൻ സൂചിപ്പിച്ച ശാസ്ത്രീയമായ ജീവിതസത്യം എന്ന ശിവനെ അന്വേഷിച്ചറിഞ്ഞിട്ടേ മേലിൽ മറ്റെന്തുമുള്ളൂ--ഇതായിരുന്നു ആ തീരുമാനം. മലയാളം, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളിൽ എം.എ. ബിരുദം സമ്പാദിച്ച്, രാമായണത്തെ അധികരിച്ച് പിഎച്ച് ഡി. ബിരുദത്തിന് അർഹനാക്കുന്ന പ്രബന്ധം പൂർത്തിയാക്കി, കലാലയാദ്ധ്യാപനം നടത്തുന്നതിനിടയിലായിരുന്നു ഈ സംഭവം. ഭൗതികനേട്ടങ്ങൾക്കു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഇതോടെ അവസാനിപ്പിച്ചു. സത്യാന്വേഷണത്തിന്റെ കഠിനതപസ്യ ആരംഭിച്ചു. ഇതിന് അനുകൂലമായ വാസനകളെ വികസിപ്പിക്കുന്നതിനു സഹായകമായ കുടുംബാന്തരീക്ഷത്തിൽ വളരാൻ സാധിച്ചതും സഹായകമായി. വായനക്കാരൻ ഗോവിന്ദപ്പിള്ള എന്നറിയപ്പെട്ട അച്ഛനിൽനിന്ന് ബാലകൃഷ്ണൻനായർ രാമായണവായന അഭ്യസിച്ചിരുന്നു. അഞ്ചാമത്തെ വയ സിൽ, അച്ഛൻ മരിച്ചതിനു ശേഷവും അമ്മയായ ഗൗരിയമ്മ ഇടതടവില്ലാതെ ചൊല്ലുന്ന ഹരിനാമകീർത്തനവും മറ്റു സ്‌തോത്രങ്ങളും കേട്ടുകൊണ്ട് ആ അദ്ധ്യാത്മശിക്ഷണം തുടരാനായി,.
അരവിന്ദന്റെ മരണശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നു പാലക്കാട് വിക്ടോറിയ കോളജിലേക്കു ബാലകൃഷ്ണൻനായർ സാറിനു സ്ഥലം മാറ്റമായി. ആ കോളജ് ലൈബ്രറിയിൽ ആരും തൊടാതിരുന്ന ശങ്കരാചാര്യകൃതികളെ അദ്ദേഹം പാഠപുസ്തകങ്ങളാക്കി. രമണമഹർഷിയുടെ ആദ്യദർശനത്തിൽത്തന്നെ ആദ്ധ്യാത്മികാനുഭവമുണ്ടായ ദാമോദരൻനായർ എന്ന സുരോശാനന്ദസ്വാമി സ്ഥാപിച്ച രമണീയാശ്രമത്തിൽനിന്ന് പിന്നീട് ബാലകൃഷ്ണൻനായർ സാറിന്റെ ആദ്ധ്യാത്മിക പ്രഭാഷണസപര്യ ആരംഭിച്ചു. അതിനെക്കുറിച്ച് സാർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'എന്നെ ഞാനാക്കിയത് സുരേശാനന്ദ സ്വാമിജിയും വിജ്ഞാന രമണീയവുമാണ്. അഞ്ചുകൊല്ലം പാലക്കാട് വിജ്ഞാനരമണീയത്തിൽ നടത്തിയ ക്ലാസുകളാണ് എന്നിൽ തത്വബോധമുറപ്പിക്കാൻ സഹായിച്ചത്.' തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം അനവധിവേദികളിൽ പ്രൊഫ. ജി ബാലകൃഷ്ണൻ നായരിൽനിന്ന് വേദാന്തസുധ അനവരതം ഒഴുകിപ്പരന്നു. ഉപനിഷത്തുകൾ, ഭഗവദ്ഗീത, ഭാഗവതം, യോഗവാസിഷ്ഠം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന, വിദ്യാരണ്യകൃതികൾ, ശ്രീനാരായണഗുരുദേവ കൃതികൾ മുതലായവയെ ആസ്പദിച്ചായിരുന്നു സാറിന്റെ പ്രഭാഷണവും രചനകളും. സത്യത്തെ സൂര്യതുല്യം ദർശിച്ചതിന്റെ ആവിഷ്‌കാരങ്ങളായിരുന്നു അദ്ദേഹം പറഞ്ഞതും എഴുതിയതുമായ ആ വാക്കുകൾ. ബോധം അഥവാ ബ്രഹ്മം എന്നത് ജ്ഞാനം അഥവാ സത്യം എന്ന സാക്ഷാത്കാരത്തെ വിശദമാക്കാനുള്ള ഉപാധി മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ. സദാശിവനിൽ ആരംഭിച്ച് വ്യാസശങ്കരന്മാരുൾപ്പെടുന്ന എല്ലാ ഋഷിമാരിലൂടെയും വെളിവാക്കപ്പെട്ട ഒരേയൊരു സത്യത്തെ തന്നെയാണ് ബാലകൃഷ്ണൻനായർ സാറും രേഖപ്പെടുത്തിയത്. 'വിട്ടുവീഴ്ചയില്ലാത്ത അദ്വൈതമാണ് ശ്രീനാരായണഗുരുവിന്റേത്' എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. 'ഏകം സദ് വിപ്രാ ബഹുധാ വദന്തി' (ഒരേയൊരു സത്യത്തെ വിവേകികൾ പലവിധത്തിൽ പറയുന്നു) എന്ന പൊരുളാണ് ഇതിലൂടെ ലോകം മനസിലാക്കുന്നത്.
ബാലകൃഷ്ണൻനായർ സാർ ഋഷിയായിരുന്നു. ഋഷിയുടെ കർമ്മം അനശ്വരമാണ്. തലമുറകളും ദേശങ്ങളും കടന്ന് ആ ഊർജ്ജതരംഗങ്ങൾ സഞ്ചരിക്കും. പാകപ്പെട്ട ജീവനുകളെ അവ ആശ്ലേഷിക്കും. അവരും ലോകമംഗളം പ്രദാനം ചെയ്യും. ഇതാണ് ധന്യജീവന്റെ സാഫല്യം. ബാലകൃഷ്ണൻനായർ സാർ വ്യക്തമായി പറഞ്ഞു: 'എനിക്കു നല്ല ഉറപ്പുണ്ട്. കൃതം, കൃത്യം, പ്രാപണീയം, പ്രാപ്തം--ചെയ്യേണ്ടതു ചെയ്തു. എത്തേണ്ടിടത്തെത്തി.'

ഫെബ്രുവരി നാലിനാണ് പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ പന്ത്രണ്ടാം ചരമവാർഷികം


(കേരള സർവകലാശാലയിലെ കേരളപഠന വിഭാഗത്തിൽ
സീനിയർ പ്രൊഫസറാണ് ലേഖകൻ. ഫോൺ - 9447453145)

TAGS: PROF G BALAKRISHNAN NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.