ഒരിക്കൽ പത്മാക്ഷനെന്ന രാജാവ് സാക്ഷാൽ ലക്ഷ്മീദേവിയെ തന്റെ പുത്രിയായി ലഭിക്കാൻ മഹാവിഷ്ണുവിനെ തപസ്സുചെയ്തു. രാജാവിന്റെ പ്രാർത്ഥന കൈക്കൊണ്ട മഹാവിഷ്ണു നൽകിയ മഹാലിംഗത്തിൽനിന്നും അദ്ദേഹത്തിന് സൗന്ദര്യവതിയായ ഒരു പെൺകുഞ്ഞു പിറന്നു. പത്മാക്ഷൻ അവൾക്ക് പത്മ എന്നുപേരിട്ടു.
പത്മയുടെ സ്വയംവരമുഹൂർത്തത്തിൽ അവിടേക്കു കയറിവന്ന രാക്ഷസന്മാർ വിവാഹമണ്ഡപമെല്ലാം തച്ചുടച്ച് പത്മാക്ഷനെ വധിച്ചു. മനംനൊന്ത പത്മ തൽക്ഷണം ദേവഗണങ്ങളെ പ്രാർത്ഥിച്ചുകൊണ്ട് അഗ്നിയിൽ ആഹുതിചെയ്തു. പത്മയെ കണ്ടെത്താനാവാതെ രാക്ഷസവൃന്ദം മടങ്ങി.
രാവണൻ ഒരുനാൾ പുഷ്പകവിമാനത്തിൽ സഞ്ചരിക്കെ അഗ്നികുണ്ഡത്തിൽനിന്ന് ഉയർന്നുവന്ന പത്മയെ കാണുകയുണ്ടായി. അടുത്തെത്തിയതും പത്മ ജ്വലിച്ചുയർന്ന അഗ്നികുണ്ഡത്തിൽ ചാടി. അഗ്നികുണ്ഡമാകെ പരതിയ രാവണന് പത്മയുടെ ജഡം അഞ്ചുരത്നങ്ങളുടെ രൂപത്തിൽ ലഭിച്ചു. ആ രത്നങ്ങൾ ചെറിയ പേടകത്തിലാക്കി രാവണൻ ലങ്കയിലെത്തി പത്നിയായ മണ്ഡോദരിയെ ഏൽപ്പിച്ചു. ഒരുദിവസം മണ്ഡോദരി ആ പെട്ടി തുറന്നുനോക്കിയപ്പോൾ പത്മ ഒരു കന്യാരൂപത്തിൽ അതിലിരിക്കുന്നതാണ് കണ്ടത് ! പത്മാക്ഷന്റെ കുലം തകരാൻ കാരണഭൂതയായ പത്മയെ ഒരുനിമിഷംപോലും ഇവിടെ വയ്ക്കാൻ പാടില്ലെന്ന് രാവണനെ അറിയിച്ചു. കേട്ടമാത്രയിൽത്തന്നെ പേടകം മിഥിലയിൽ കൊണ്ടുപോയി കുഴിച്ചിടാൻ രാവണൻ ഏർപ്പാടാക്കി. എന്നാൽ കുഴിച്ചിടും മുമ്പ്, പത്മ ലങ്കാധിപനായ രാവണനെയും വംശത്തെയും നശിപ്പിക്കാൻ ലങ്കയിലെത്തുമെന്നു ശപിച്ചു. ആ പേടകമാണ് ജനകമഹാരാജന് ലഭിച്ചതും സീതയായി വളർന്നതും.
ബഹുജന ഹിതത്തിനും ബഹുജനസുഖത്തിനും വേണ്ടി ശ്രീരാമചന്ദ്രനോടൊപ്പം സർവപരിത്യാഗങ്ങളുടെയും പര്യായമായി പ്രകീർത്തിക്കപ്പെടുന്ന സീത വർത്തമാനകാല ജീവിത യാഥാർത്ഥ്യങ്ങളിലെ സവിശേഷ ചിത്രമാണ്. രാമന്റെ അയനം രാമായണം സീതായനം കൂടിയാണ്. പതിഭക്തിയുടെയും പാതിവ്രത്യത്തിന്റെയും നിഷ്കാമ സ്നേഹമര്യാദകളുടെയും സതീരത്നമാണ് സീത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |