SignIn
Kerala Kaumudi Online
Thursday, 28 March 2024 9.54 PM IST

കൊടുംവേനലിൽ വേണം അച്ചടക്കമുള്ള ജലപാഠങ്ങൾ

water

കടുത്തമുഖവുമായി വേനൽ വന്നുകഴിഞ്ഞു. ലോകത്തേറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്ന നമ്മുടെ സംസ്ഥാനം വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അഭിമുഖീകരിക്കുന്നത്. നഷ്ടപ്പെടുന്ന ഓരോ തുള്ളിയും മറ്റൊരാളിന്റെ കുടിവെള്ളം കൂടിയാണെന്നത് മറക്കരുത്. കേരളത്തിലെ 70 ശതമാനം ഗ്രാമീണ ജനങ്ങളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് തുറന്ന കിണറുകളെയാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കിണറുകളിലെ ജലനിരപ്പ് കുറയുന്നതോടൊപ്പം മലിനീകരണ സാദ്ധ്യതകളും വർദ്ധിക്കുന്നു. ജലത്തിൽ ഇരുമ്പ്, ഫ്ളൂറൈഡ്, ക്ളോറൈഡ് എന്നിവയുടെ അളവിൽ വർദ്ധനയുണ്ടാകുന്നു. കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും പ്രശ്നമാണ്.

വേണം

ജലവിനിയോഗ

അച്ചടക്കം

സമഗ്രവും ശാസ്ത്രീയവുമായ ജലവിനിയോഗ അച്ചടക്കം വളരെ പ്രധാനമാണ്. അടുക്കളയിലെ സിങ്കുകളിൽ പാത്രം കഴുകാൻ തുടർച്ചയായി ടാപ്പ് തുറന്നിട്ടാൽ ഓരോ മിനിട്ടിലും ശരാശരി 20 ലിറ്റർ വെള്ളമാണ് നഷ്ടമാവുന്നത്. വലിയ പാത്രങ്ങളിൽ വെള്ളം ശേഖരിച്ചുവച്ച് ചെറിയ പാത്രങ്ങളുടെ സഹായത്താൽ പാത്രങ്ങൾ കഴുകുന്ന ശീലം വളരെ പ്രധാനമാണ്. എണ്ണമെഴുക്ക്, അഴുക്ക് എന്നിവ ആദ്യം കുറച്ചു വെള്ളത്തിൽ കഴുകി വൃത്തിയാക്കിയശേഷം ബാക്കി കഴുകുക. ശുചിമുറികളിൽ ടാപ്പ് തുടർച്ചയായി തുറന്നിട്ട് വസ്ത്രങ്ങൾ കഴുകുന്നത് പരമാവധി ഒഴിവാക്കുക. ബക്കറ്റും മഗും ഉപയോഗിക്കേണ്ടതാണ്. പല്ലു തേയ്ക്കുമ്പോൾ തുടർച്ചയായി ടാപ്പ് തുറന്നിട്ടാൽ മിനിട്ടിൽ ഏഴുലിറ്റർ ജലമെങ്കിലും നഷ്ടമാകും. വെള്ളമെടുക്കാൻ മഗ് ഉപയോഗിക്കുക. വീടുകൾക്ക് പുറത്ത് ചെടികളുടെ സമീപത്തുവച്ച് പല്ലുതേയ്ക്കുന്നതിലൂടെ ആ ജലം ചെടികൾക്ക് ഉപയോഗപ്പെടുത്താനാവും. ടാപ്പ് തുറന്നിട്ട് കൈകഴുകുമ്പോൾ മിനിട്ടിൽ ഏകദേശം അഞ്ചുലിറ്റർ വെള്ളം ഇല്ലാതാവും.

വേനൽക്കാലത്ത്

ബക്കറ്റും മഗും ?

വേനൽക്കാലങ്ങളിൽ ബാത്ത് ടബ്ബ്, ഷവർ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. പൂന്തോട്ടം നനയ്‌ക്കാനും വാഹനങ്ങൾ കഴുകാനും ഹോസിനു പകരം ബക്കറ്റും മഗും ഉപയോഗിച്ച് ധാരാളം ജലം ലാഭിക്കാം. വൻതോതിൽ ജലം നഷ്‌ടമാവുന്നതിനാൽ വേനൽക്കാലത്ത് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും നിയന്ത്രണം ആവശ്യമാണ്. ഒരു പ്രാവശ്യം ഫ്ളഷ് ചെയ്യുമ്പോൾ 12 മുതൽ 20 ലിറ്റർ വരെ ശുദ്ധജലമാണ് ഇല്ലാതാവുന്നത്. ഫ്ളഷ് സിസ്റ്റത്തിൽ കല്ല്, ചെറുതടിക്കഷണങ്ങൾ എന്നിവ കൂടി ഇട്ടാൽ ടാങ്കിന്റെ ജലശേഷി കുറയ്ക്കാം. ഇരട്ട ഫ്ളഷ് സിസ്റ്റവും ലഭ്യമാണ്. ജലനഷ്ടം കുറയ്ക്കുന്ന സെൻസർ ടാപ്പുകൾ നല്ലതാണ്.

വീടുകളിലെ ടാപ്പുകൾ, പൈപ്പുലൈനുകൾ എന്നിവയിലെ ലീക്ക്, പൊട്ടൽ എന്നിവ യഥാസമയം കണ്ടെത്തി പരിഹരിക്കേണ്ടതാണ്. അടുക്കളയിൽ നിന്നും തുടങ്ങി ബാത്ത് റൂം, വാഷിംഗ് സ്ഥലം, വാഷ് ബേസിൻ, പൂന്തോട്ടം, വാഹനം കഴുകൽ തുടങ്ങി ഓരോ വീട്ടിലും ഉപയോഗിക്കേണ്ടിവരുന്ന ജലത്തിന്റെ അളവ് നിരീക്ഷണ വിധേയമാക്കേണ്ടതാണ്. വേനലവധിക്കാലത്ത് കുട്ടികൾ വീടുകളിലുണ്ടാവും. അവരെക്കൊണ്ട് വീട്ടിലെ ജല ഉപയോഗം സംബന്ധിച്ച് ഓഡിറ്റ് നടത്തിയാൽ ജലവിനിയോഗത്തിലെ നഷ്ടവും സാദ്ധ്യതകളും മനസിലാക്കാം.

വേനൽമഴയെ

ശേഖരിക്കാം

പറമ്പുകളിലും പുരയിടങ്ങളിലും പരമാവധി വെള്ളത്തെ സംരക്ഷിക്കേണ്ടതാണ്. ഇടമഴകളെ പരമാവധി മണ്ണിൽ താഴ്‌ത്താം. കുളങ്ങൾ, പാറമടകൾ, അരുവികൾ, നദികൾ എന്നിവയിൽ ലഭ്യമായിട്ടുള്ള ജലം പരമാവധി ശുദ്ധമായി സംരക്ഷിക്കപ്പെടണം.

ഒരാൾ രണ്ടുലിറ്റർ ശുദ്ധജലം ഒരുദിവസം സംരക്ഷിച്ചാൽ സംസ്ഥാനത്ത് ദിവസം ഏഴുകോടി ലിറ്റർ ജലമാണ് കരുതാനാവുക. ഒരുവർഷം 2555 കോടി ലിറ്റർ. ശുദ്ധജലം കുടിവെള്ളം, പാചകം, ഗാർഹികമായ പ്രധാന ആവശ്യങ്ങൾ എന്നിവയ്ക്ക് മാത്രമായി കരുതേണ്ടതാണ്. മറ്റ് ജലസ്രോതസുകളിലെ ജലം പ്രയോജനപ്പെടുത്തുന്ന രീതി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ജീവജാലങ്ങൾക്കായി

ജലം കരുതാം

കൊടുംവേനലുകളിൽ മനുഷ്യർക്കെന്നപോലെ പക്ഷിമൃഗാദികൾക്കും കഠിനമായ ദാഹമുണ്ടാകും. വീടുകളിലും മറ്റിടങ്ങളിലും ചെറിയ പാത്രങ്ങളിൽ ജലം കരുതിവയ്ക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നത് പക്ഷി-മൃഗാദികളുടെ ദാഹമകറ്റാൻ സഹായിക്കും. സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ശുദ്ധജല ഉപയോഗം ക്രമപ്പെടുത്തേണ്ടതാണ്.

വീടുകളുടെ അടുക്കളകളിൽ ഉപയോഗിച്ച ജലം പാത്രങ്ങളിൽ ശേഖരിച്ച് ചെടികൾക്ക് നല‌്‌കാം.

കൂട്ടിയിട്ട് കത്തിക്കൽ

ഒരു സാഹചര്യത്തിലും ചപ്പുചവറുകൾ, പേപ്പറുകൾ, പ്ളാസ്റ്റിക് എന്നിവ കൂട്ടിയിട്ട് കത്തിക്കരുത്. ചപ്പുചവറുകൾ പുതയിടുന്ന രീതി നല്ലതാണ്. പറമ്പുകളിൽ ജൈവവേലികൾ ഉൾപ്പെടെ നിലവിലുള്ളവ വെട്ടി നശിപ്പിക്കാതിരുന്നാൽ വേനൽക്കാലത്ത് ജലബാഷ്പീകരണം കുറയ്ക്കാം. വേനൽ കുറയുന്ന മുറയ്ക്ക് രാമച്ചം, ശീമക്കൊന്ന, ചെമ്പരത്തി എന്നിവ നട്ടുവളർത്തുന്നതിലൂടെ വരാനിരിക്കുന്ന മഴയെ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയും.

ജലദാരിദ്ര്യം അകറ്റാം

വേനൽക്കാലം ജലദാരിദ്ര്യ‌ത്തിന്റെ സമയം കൂടിയാണ്. നഷ്ടപ്പെടുത്തുന്ന ഓരോ തുള്ളിയും ജീവജലമാണ്. ശുദ്ധജലത്തിന് പകരം വയ്ക്കാൻ തത്‌കാലം മറ്റൊന്നുമില്ല. കേരള വാട്ടർ അതോറിട്ടി ഉത്പാദനച്ചെലവിന്റെ മൂന്നിലൊന്ന് ഈടാക്കിയാണ് കുടിവെള്ളം നല്‌കുന്നത്. അവയുടെ ഉപയോഗത്തിലും ശ്രദ്ധയും കാര്യക്ഷമതയും അത്യാവശ്യമാണ്. പൊതുടാപ്പുകൾ, പൈപ്പുലൈനുകൾ എന്നിവ പൊട്ടിക്കിടക്കുന്നതു കണ്ടാലുടൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ശുദ്ധജലം കരുതുന്ന കാര്യത്തിൽ വേണ്ടത്ര ജലസാക്ഷരത നാമിനിയും നേടേണ്ടിയിരിക്കുന്നു. പെയ്തൊഴിയുന്ന ആകെ മഴയുടെ പത്ത് ശതമാനം കൂടി കരുതാൻ കഴിഞ്ഞാൽ ശുദ്ധജലക്ഷാമം കുറയ്ക്കാം. വേനൽക്കാലം ജല അച്ചടക്കത്തിന്റേതു കൂടിയാണ്.

ശുദ്ധജലം ജീവനാധാരമാണ്. ലഭ്യമാവുന്ന ജലസ്രോതസുകൾ ശുദ്ധമായി സംരക്ഷിച്ചും വിനിയോഗത്തിൽ കാര്യക്ഷമത കൊണ്ടുവന്നും വേനലിന്റെ വറുതികളെ വരുതിയിലാക്കേണ്ടതാണ്. ഓരോ കുടുംബവും ജല സൗഹൃദമാകണം. ജലവിനിയോഗത്തിൽ പുതിയൊരു പൗരബോധം നമുക്കാവശ്യമാണ്. ജലമലിനീകരണത്തിലൂടെ വേനൽക്കാലത്ത് വിവിധ രോഗങ്ങളും വ്യാപിക്കും. കുടിക്കുന്നതിനുൾപ്പെടെ ധാരാളം ശുദ്ധജലം ആവശ്യമാണ്. കുറഞ്ഞ ജലലഭ്യതയും വർദ്ധിച്ച ജലാവശ്യകതയുമെന്നതാണ് വേനൽക്കാലങ്ങളിലെ അവസ്ഥ.

നമ്മുടെ മുന്നിലുള്ള ഓരോ തുള്ളിയും കരുതലോടെ സൂക്ഷിച്ച് ഉപയോഗിക്കണം. ജല അച്ചടക്കത്തിന്റെ കാലമാണ് മുന്നിൽ. ജലത്തിനു പകരം ജലം മാത്രം എന്നറിഞ്ഞുകൊണ്ടുള്ള പുതിയൊരു ജലസംസ്കാരം രൂപപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാണ്. ശുദ്ധജല സ്രോതസുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAVE THE WATER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.