SignIn
Kerala Kaumudi Online
Friday, 26 April 2024 10.19 PM IST

'നേരോ' മാർജിനാണ് , തോറ്റുപോകും

opinion

കോപം കടുത്താൽ ഉഗ്രശാപം ചൊരിയുന്ന മുനിമാരുടെ കഥകൾ പുരാണത്തിലുണ്ട്. ശകുന്തളയും അഹല്യയുമൊക്കെ മുനിശാപത്തിന്റെ താപമറിഞ്ഞ് പെടാപ്പാടുപെട്ട കഥകളും പൂർവികരിൽ നിന്ന് നമുക്ക് പകർന്നു കിട്ടിയിട്ടുണ്ട്. ദുർവാസാവാണ് മുനിമാരുടെ കൂട്ടത്തിലെ മർക്കടമുഷ്ടിക്കാരനെന്നാണ് പൊതുവെയുള്ള ധാരണ. ചെറിയ വീഴ്ച പോലും അദ്ദേഹം പൊറുക്കില്ല. സിക്സ് ഫോൾഡ് കുട സ്വിച്ചിട്ട് നിവർത്തുംപോലെ, നിമിഷനേരത്തിനുള്ളിലാണ് അദ്ദേഹം പൊട്ടിത്തെറിച്ച് ശപിക്കുന്നത്. അങ്ങ് കണ്വാശ്രമത്തിൽ ദുർവാസാവ് പതിവ് വിസിറ്റിന് ചെന്നപ്പോൾ കുമാരി ശകുന്തള അദ്ദേഹത്തിന്റെ ആഗമനസുകൃതം അറിയാതെ പോയതാണ് കടുത്ത ശാപത്തിലേക്ക് വഴിതെളിച്ചത്. ദുഷ്യന്ത കുമാരനുമായുള്ള പ്രേമകോമള സല്ലാപചിന്തകളിൽ ആമഗ്നയായി സർവം മറന്ന് ശകുന്തള ഇരിക്കുമ്പോഴായിരുന്നു ദുർവാസാവിന്റെ എൻട്രൻസ് . തന്നെ വേണ്ട വിധത്തിൽ ബഹുമാനിക്കാൻ തയ്യാറാവാതിരുന്ന ശകുന്തളയ്ക്ക് നേർക്ക് 110 കെ.വി ശക്തിയുള്ള ഒരു ശാപമങ്ങു ചൊരിഞ്ഞു. നീ ആരെക്കുറിച്ച് മനസിൽ ചിന്തിക്കുന്നുവോ അയാൾ നിന്നെ മറന്നുപോകട്ടെ എന്നായിരുന്നു ദുർവാസാവ് മഹർഷിയുടെ ശാപത്തിന്റെ രത്നചുരുക്കം. ശാപത്തിന്റെ അനന്തര നടപടികളിലേക്കും ഫോളോ അപ്പിലേക്കും പോകുംമുമ്പ് , ഇപ്പോൾ ശാപത്തെക്കുറിച്ച് പരാമർശിക്കാനുള്ള കാര്യം പറയാം. ലുക്കിലും ദിവ്യത്വത്തിലും ശരീരഭാഷയിലും മൊത്തത്തിലുള്ള പെരുമാറ്റത്തിലും ദുർവാസാവിന് ഒപ്പമെത്തില്ലെങ്കിലും ശാപത്തിന്റെ കാര്യത്തിൽ നമ്മുടെ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ റോൾമോഡൽ ദുർവാസാവാണ്. സ്വയം നിയന്ത്രിതനും നിഷ്പക്ഷനും നീതിമാനും മാന്യനും സരസനും പണ്ഡിതനും മഹാനുമൊക്കെയാവാൻ ഷംസീർ പരമാവധി ശ്രമിക്കാറുണ്ട്. സഭാംഗങ്ങൾ സംസാരിക്കുമ്പോൾ ചെയറിനെ അഡ്രസ് ചെയ്യണമെന്നതും ഷംസീർ സ്പീക്കർക്ക് നിർബന്ധമുണ്ട്. ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ സഭാ നിയന്ത്രണം കണ്ടാൽ പ്രതിപക്ഷത്തോട് അല്പം മൃദുസമീപനമുണ്ടോ എന്ന് വർണ്യത്തിൽ ആശങ്കിച്ചാൽ,​ ഭരണപക്ഷത്തിന്റെ ഉൽപ്രേക്ഷചിന്തയായി മാത്രമേ അതിനെ കാണാനാവൂ. എല്ലാ സാമാജികർക്കും സഭയിൽ തുല്യാവകാശം ,​തുല്യനീതി എന്നതാണ് ഷംസീറിന്റെ മതം. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ കൃഷ്ണമണികളെ നയനതടത്തിന്റെ മദ്ധ്യഭാഗത്ത് ചലനരഹിതമായി ഉറപ്പിച്ച് ,​അർദ്ധഗോളാകൃതിയിൽ പുറത്തേക്ക് അല്പം തള്ളിച്ചു നിർത്തി ഷംസീറിലേക്ക് ഒരു നോട്ടം അയയ്ക്കുമ്പോൾ,​ ലേശം വിനീതവിധേയനായി പ്രതിപക്ഷത്തെ നോവിക്കാതെ നേരിയ വാക് താഡനത്തിന് വിധേയമാക്കുമെന്നതു മാത്രമാണ് ശത്രുക്കൾ ഷംസീറിൽ കാണുന്ന ഒരു പേരുദോഷം.

ബ്രഹ്മപുരം വിഷയത്തിൽ കൊച്ചിയിൽ നടന്ന പ്രതിഷേധവും തുടർന്നുണ്ടായ പൊലീസ് ലാത്തിച്ചാർജും നിയമസഭയിൽ അടിയന്തരപ്രമേയമായി അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് തടയിട്ടതാണ് അവരെ ചൊടിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ലക്കും ലഗാനുമില്ലാതെ സഭയിൽ ഉറഞ്ഞുതുള്ളാൻ ശ്രമിച്ചു. ഇതൊക്കെയല്ലേ ചെയ്യാനുള്ളുതാനും. അവരെ കടിഞ്ഞാണിട്ടു നിറുത്താൻ ഷംസീർ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഫലം കണ്ടില്ല. പ്രതിപക്ഷത്തെ മൂർച്ചയുള്ള നാവിന്റെ ഉടമയായ ഷാഫിപറമ്പിലാണ് തുടക്കത്തിൽ സഭാദ്ധ്യക്ഷന് ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടാക്കിയത്. നിയന്ത്രിക്കാനുള്ള എല്ലാ പരിശ്രമവും സഭാദ്ധ്യക്ഷൻ നടത്തിയിട്ടും ഷാഫി വഴങ്ങിയില്ല. അതോടെ ഷംസീറിലെ ദുർവാസാവ് ഉണർന്നു. 'ഷാഫി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫി തോറ്റുപോകും . പാലക്കാട്ടെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് 'എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ ശാപവാക്കുകൾ. ഷാഫിയും മറ്റുള്ള പ്രതിപക്ഷ സാമാജികരും അതുകേട്ട് തെല്ലൊന്ന് നടുങ്ങി. കാരണം വളരെ പോസിറ്റീവ് എന്ന് തോന്നിക്കും വിധം സഭയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഷംസീറിന് പൊടുന്നനെയുണ്ടായ ഈ ഭാവമാറ്റം എന്താണെന്നാണ് എല്ലാവരും ഒരുവേള ചിന്തിച്ചത്. പക്ഷെ അതുകൊണ്ടും സ്പീക്കർ കലി അടങ്ങിയില്ല. സി.ആർ. മഹേഷേ അടുത്ത തിരഞ്ഞെടുപ്പിൽ തോറ്റുപോകും കരുനാഗപ്പള്ളിയിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് കേട്ടോ.. രണ്ടാമത്തെ ശപിക്കലും കേട്ടപ്പോൾ പ്രതിപക്ഷാംഗങ്ങൾക്ക് വീണ്ടും സംശയമായി. എന്തോ കുഴപ്പമുണ്ടല്ലോ എന്ന മട്ടിൽ പലരും മുഖാമുഖം നോക്കിയപ്പോൾ അതാ വീണ്ടും വരുന്നു ശാപത്തിന്റെ ഒരു പരമ്പര. വിനോദേ, എറണാകുളത്ത് തോറ്റുപോകും, റോജി അങ്കമാലിയിൽ തോറ്റുപോകും.. പതിനാറാം നിയമസഭയിൽ പങ്കെടുക്കേണ്ടെ, നേരോ മാർജിനിലാണ് കഴിഞ്ഞ തവണ എല്ലാവരും ജയിച്ചത്. ഇപ്പോൾ ഈ കാട്ടുന്നതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. പരസ്പര ബന്ധമില്ലാതെ ബഹുമാന്യനായ സ്പീക്കർ ഇങ്ങനെ കുറെ നേരം പുലമ്പിക്കൊണ്ടേയിരുന്നു. ഷംസീറിനുണ്ടായ ഈ മാറ്റം എന്തെന്ന് പ്രതിപക്ഷ സാമാജികർ കൂലംകഷമായി ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് അതിന്റെ ഗുട്ടൻസ് അവർക്ക് പിടികിട്ടിയത്.

സ്പീക്കർ കസേരയിലെത്തിയ ആദ്യ ദിവസങ്ങളിൽ എല്ലാവരുമായും ഒന്നു ലോഹ്യം കൂടാൻ ഷംസീർ ശ്രമിച്ചു. അടിയന്തരപ്രമേയം അനുവദിക്കുന്നതിലൊന്നും തെല്ലും പിശുക്കു കാട്ടിയില്ല. പ്രതിപക്ഷമാവട്ടെ കിട്ടിയ അവസരത്തിൽ അങ്ങ് പൂണ്ട് വിളയാടി. കിട്ടിയ വടിയെല്ലാമെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിലുമൊക്കെ മുഖ്യമന്ത്രിയെയും മരുമകൻ മന്ത്രിയെയും അടുപ്പക്കാരൻ മന്ത്രിയെയുമൊക്കെ നല്ല രീതിയിൽ പ്രഹരിച്ചു. അവരുടെ പ്രഹരം നിർദ്ദയം തുടരുമ്പോഴും താനൊന്നുമറിഞ്ഞേയില്ലെന്ന മട്ടിൽ സ്പീക്കർ അങ്ങനെ മഹാനുഭാവനായി ഇരിക്കുകയും ചെയ്തു. ഏതായാലും അതിന്റെ ചില പ്രതിഫലനങ്ങൾ അനുബന്ധമായി ഉണ്ടായിക്കാണുമെന്നുറപ്പ് . ആ പ്രതിഫലനത്തിന്റെ ഫലമാണ് ശാപരൂപത്തിൽ പുറത്തേക്ക് വരുന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ മനസിലാക്കി. അതോടെ പാവം സ്പീക്കറുടെ നിസഹായ അവസ്ഥയിൽ എല്ലാവരുടെയും മനമുരുകി. പക്ഷെ അവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ. അടുത്ത ദിവസങ്ങളിൽ അടിയന്തരപ്രമേയവുമായി എത്തുമ്പോൾ സ്പീക്കറിൽ പ്രതിപക്ഷത്തിന് നല്ല വിശ്വാസമായിരുന്നു. പക്ഷെ ഒന്നിന് പിറകെ ഒന്നായി അടിയന്തര പ്രമേയങ്ങൾക്ക് അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷത്തിന് മനസിലായി, സ്പീക്കർക്ക് കിട്ടിയ സാരോപദേശം നല്ല കടുപ്പത്തിലായിരുന്നുവെന്ന്. 'മ്മടെ സ്വന്തം ആളല്ലെ സ്പീക്കർ' എന്നുവരെ തട്ടിവിട്ട പി.കെ.ബഷീറിന് പോലും മനസിലായി, ഇനി സ്പീക്കറെ കുറിച്ച് കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലെന്ന് . മാത്രമല്ല, വല്ലതും പറഞ്ഞാൽ തലയിൽ കൈയ്യും വച്ച് ശപിച്ചു പോയാലോ. അടുത്ത നിയമസഭയിലും വന്ന് കുത്തിയിരുന്ന് ജനാധിപത്യത്തെയും തന്റെ മണ്ഡലത്തിലെ ജനങ്ങളെയും ആറ്റുനോറ്റ് സേവിക്കേണ്ടതുമല്ലെ.

#ഇതുകൂടി കേൾക്കണേ

പാർട്ടിയും മുന്നണിയുമൊക്കെ വ്യത്യസ്തമാണെങ്കിലും നിയമസഭയിൽ എല്ലാവരും ഒരേ അവകാശമുള്ള സാമാജികരല്ലെ. ഇന്ന് ഭരണത്തിലിരിക്കുന്നവർ മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോൾ കാട്ടിക്കൂട്ടിയതൊക്കെ നമ്മൾ കണ്ടതുമല്ലെ. അതൊക്കെ മറന്ന് മറുപക്ഷത്തെ ഇങ്ങനെ ചങ്ക്പൊട്ടി ശപിക്കുമ്പോൾ ഇതെല്ലാം ഒന്നോർക്കണ്ടെ ഷംസീർ സ്പീക്കറേ.. ഇങ്ങനെയൊക്കെ പറയാമോ... ഇങ്ങനെയൊക്കെ ചെയ്യാമോ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAMSEER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.