SignIn
Kerala Kaumudi Online
Friday, 20 September 2024 1.41 AM IST

ഇഴഞ്ഞ് ഓപ്പൺ സർവകലാശാല...!

Increase Font Size Decrease Font Size Print Page

uni

ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കൊല്ലത്ത് സർക്കാർ ആരംഭിച്ച ശ്രീനാരായണ ഓപ്പൺ സർവകലാശാല തുടർച്ചയായ രണ്ടാം വർഷത്തിലും കോഴ്സുകൾ തുടങ്ങാനാവാതെ നോക്കുകുത്തിയായിരിക്കുകയാണ്. കേരളത്തിൽ ആദ്യമായി തുടങ്ങിയ ഓപ്പൺ സർവകലാശാലയെ ഏറെ പ്രതീക്ഷകളോടെയാണ് യുവാക്കൾ കണ്ടത്. പ്രായഭേദമില്ലാതെ ആർക്കും ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഉന്നത കോഴ്സുകൾ പഠിക്കാനാവുന്നതും തൊഴിലവസരങ്ങൾ തേടിവരുന്ന തരത്തിലുള്ള കോഴ്സുകളുമെല്ലാം എല്ലാവരിലും പ്രതീക്ഷ ഉണർത്തിയിരുന്നു. എന്നാൽ അദ്ധ്യാപകരെ സമയത്ത് നിയമിക്കാനോ കോഴ്സുകൾക്ക് അനുമതി തുടങ്ങാനായി യു.ജി.സിയിൽ അപേക്ഷിക്കാനോ കഴിയാതെ മുട്ടിലിഴയുകയാണ് ഓപ്പൺ സർവകലാശാല.

ശ്രീനാരായണ ഗുരുദേവ ദർശനത്തെക്കുറിച്ച് ബിരുദ, ബിരുദാനന്തര കോഴസുകളായിരുന്നു സർവകലാശാലയുടെ സവിശേഷത.

അടിയന്തര ആവശ്യം എന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഓർഡിനൻസിലൂടെയാണ് പിണറായി സർക്കാർ ഓപ്പൺ സർവകലാശാല സ്ഥാപിച്ചത്. പിന്നീടിത് നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കി മാറ്റി. ഓപ്പൺ സർവകലാശാലയുടെ നടപടികൾ ഇഴയുന്നതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ അതിനിശിതമായി വിമർശിച്ചതോടെയാണ് സർക്കാരിന്റെ ഉദാസീനത ചർച്ചയായത്. അടിയന്തര ആവശ്യമാണെന്നറിയിച്ച് കൊല്ലം ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ഓർഡിനൻസിൽ ഒപ്പിട്ടുവാങ്ങി , ഒരു വർഷത്തിനു ശേഷമാണ് അദ്ധ്യാപക നിയമനത്തിന് അനുമതി നൽകിയതെന്നും ജനുവരിയിൽ അദ്ധ്യാപകരുടെ വിവരങ്ങൾ യു.ജി.സിയെ അറിയിച്ചില്ലെങ്കിൽ ഇക്കൊല്ലവും കോഴ്സുകൾ തുടങ്ങാനാവില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. പിന്നീട് ഒക്ടോബറിലെ യു.ജി.സിയുടെ പോർട്ടൽ തുറക്കൂ. ഒരു കാരണവശാലും ഒരുമാസം കൊണ്ട് നടപടികൾ തീരില്ല. ചുരുങ്ങിയത് മൂന്നു മാസമെങ്കിലുമെടുക്കും. ഫലത്തിൽ രണ്ടാംവർഷവും കോഴ്സുകൾ തുടങ്ങാനാവില്ല. യൂണിവേഴ്സിറ്റികളുടെ കാര്യത്തിൽ ഗൗരവമില്ലെന്നതിന് ഉദാഹരണമാണ് എസ്.എൻ ഓപ്പൺ സർവകലാശാലാ വി.സിക്ക് ഇതുവരെ ശമ്പളം നിശ്ചയിക്കാത്തത്. ശമ്പളം തീരുമാനിക്കാൻ സർക്കാരിന് സമയമില്ല. ചാൻസലർ മൂന്നു കത്തയച്ചിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മറുപടിയില്ല, കത്ത് സ്വീകരിച്ചതായി അറിയിപ്പ് പോലുമില്ല- ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. സർവകലാശാലയുടെ ഇപ്പോഴത്തെ സ്ഥിതിയുടെ നേർചിത്രമാണിത്.

കോഴ്സുകൾ തുടങ്ങാൻ യു.ജി.സിയുടെ അനുമതി നേടാനുള്ള നടപടികൾ യഥാസമയം ചെയ്യാതെ തൊടുന്യായങ്ങൾ നിരത്തുകയാണ് സർവകലാശാലാ അധികൃതർ. കഴിഞ്ഞ ഫെബ്രുവരിയിൽ സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം ലഭിച്ചെന്നും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കാമെന്നുമൊക്കെ അധികൃതർ പറഞ്ഞതാണ്. ഓരോ കോഴ്സിനുമുള്ള സിലബസും പഠനസാമഗ്രികളും പ്രോജക്ട് റിപ്പോർട്ടും യു.ജി.സിക്ക് സമർപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് യു.ജി.സി അനുമതി നിർബന്ധമാണ്. എന്നാൽ തൊഴിലധിഷ്‌ഠിത ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് തടസമില്ല. തൊഴിൽ സാദ്ധ്യതയുള്ള നൈപുണ്യാധിഷ്‌ഠിത കോഴ്സുകൾ ഉടനടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സ് മാത്രമാണ് തുടങ്ങാനായത്. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സുമായി ചേർന്ന് നടപ്പാക്കുന്ന സേഫ്‌ടി മാനേജ്‌മെന്റ്, 'അസാപു"മായി ചേർന്നുള്ള നൈപുണ്യ കോഴ്സുകൾ എന്നിവയെല്ലാം പാതിവഴിയിലാണ്. വിദൂര സമ്പ്രദായത്തിൽ ആദ്യമായി സയൻസ് കോഴ്‌സുകൾ തുടങ്ങുന്നതും ഓപ്പൺ സർവകലാശാലയിലാണ്. കോളേജുകളിലെ അദ്ധ്യാപകരുടെയും ലബോറട്ടറികളുടെയും സേവനം ശനി, ഞായർ, ഒഴിവു ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവും. പക്ഷേ, കോഴ്സുകൾ തുടങ്ങണമെങ്കിൽ യു.ജി.സിയുടെ അനുമതി നേടിയെടുക്കേണ്ടതുണ്ട്.

പി.എസ്.സിയെ ഒഴിവാക്കാൻ വളഞ്ഞവഴി

ഓപ്പൺ സർവകലാശാലയിലെ നിയമനങ്ങളിൽ നിന്ന് പി.എസ്.സിയെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നിയമനങ്ങളെല്ലാം കരാർ അടിസ്ഥാനത്തിലാക്കിയിരിക്കുകയാണ് സർക്കാർ. പുതിയ സർവകലാശാലകളിലേക്ക്, മറ്ര് സർവകലാശാലകളിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുകയാണ് ചെയ്യുക. ഓപ്പൺ സർവകലാശാലാ ആക്ടിലും ഇതേ വ്യവസ്ഥയുണ്ട്. സ്ഥിരം തസ്തികകൾ സൃഷ്ടിച്ചാൽ നിയമനങ്ങൾ പി.എസ്.സി വഴിയോ പുനർവിന്യാസത്തിലൂടെയോ നികത്തേണ്ടി വരുമെന്നതിനാലാണ് കരാർ അടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിച്ചതെന്നാണ് ആക്ഷേപം.

പ്രാദേശികകേന്ദ്രം ഡയറക്ടറുടെയും, പഠന സ്‌കൂൾ മേധാവിയുടെയും നിയമനങ്ങൾ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും ബാക്കി നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ നടത്തുമെന്നുമാണ് സർക്കാർ ഉത്തരവ്. 46 അസി. പ്രൊഫസർമാരെ കൂടാതെ അഞ്ച് ഡെപ്യൂട്ടി രജിസ്ട്രാർമാർ, അഞ്ച് അസി. രജിസ്ട്രാർമാർ, നാല് സെക്ഷൻ ഓഫീസർ,14 അസിസ്​റ്റന്റ്,10 കമ്പ്യൂട്ടർ അസിസ്​റ്റന്റ്, ലൈബ്രേറിയൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സെക്യൂരി​റ്റി ജീവനക്കാർ ഉൾപ്പടെ 150 തസ്തികകളിലേയ്ക്കാണ് സിൻഡിക്കേ​റ്റ് നേരിട്ട് നിയമനം നടത്തുന്നത്. കരാർ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നടത്തണമെന്ന സർക്കാരിന്റെയും എംപ്ലോയ്‌മെന്റ് ഡയറക്ടറുടെയും നിർദ്ദേശവും പാലിക്കുന്നില്ല. കരാർ വ്യവസ്ഥയിൽ നിയമങ്ങൾ നടത്തുന്നത് അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആക്ഷേപം.

വിദൂര പഠനം

എല്ലാ വാഴ്സിറ്റികളിലും

ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, കുട്ടികളെ ബുദ്ധിമുട്ടിലാക്കാതെ എല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പുനഃസ്ഥാപിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഉപരിപഠനത്തിന് സമാന്തര സംവിധാനത്തെ ആശ്രയിക്കുന്ന ഒന്നരലക്ഷത്തോളം കുട്ടികളുടെ ഭാവി അവതാളത്തിൽ ആകാതിരിക്കാനാണിത്. മറ്റെല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളുമെല്ലാം ഓപ്പൺ സർവകലാശാലയിലേക്ക് മാറ്രാൻ ഓപ്പൺ സർവകലാശാലാ ഓർഡിനൻസിൽ വ്യവസ്ഥയുണ്ടായിരുന്നു. മറ്റ് സർവകലാശാലകളിലെ ഓപ്പൺപഠനം വിലക്കുന്ന 51(2) വകുപ്പ് ഭേദഗതി ചെയ്താണ് സർക്കാ‌ർ ഉത്തരവിറക്കിയത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകളുണ്ടെങ്കിലും മറ്റ് സർവകലാശാലകളിൽ ഓപ്പൺ, വിദൂര പഠനം തടഞ്ഞിട്ടില്ല. കേരള സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സിയുടെ ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ അഞ്ച് വർഷത്തേക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2026 വരെ സർവകലാശാലയ്ക്ക് വിദൂരകോഴ്സുകൾ നടത്താം. 20 ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പുറമെ എം.എസ്‌സി. കംമ്പ്യൂട്ടർ സയൻസ്, എം എസ്‌സി. മാത്തമാ​റ്റിക്സ് എന്നീ സയൻസ് കോഴ്സുകൾക്കും യു.ജി.സി അനുമതി നൽകിയിട്ടുണ്ട്.

തൊഴിൽ വിപ്ലവമെന്ന

ലക്ഷ്യം നേടണം

ഓപ്പൺ സർവകലാശാലയിൽ ആദ്യവർഷം ഒരുലക്ഷത്തോളം കുട്ടികൾക്ക് പഠനാവസരമുണ്ടാകുമെന്നും തൊഴിൽ നൈപുണ്യ, തൊഴിലധിഷ്‌ഠിത, റീ -സ്കിൽ കോഴ്സുകളും വിദേശഭാഷാ പഠനവും തുടങ്ങുന്നതോടെ കൂടുതൽ തൊഴിൽ സാദ്ധ്യതകളുണ്ടാവുമെന്നുമാണ് സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ ജോലിചെയ്യുന്നവർക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ പകർന്നു നല്‌കാനുള്ള കോഴ്സുകൾ രൂപപ്പെടുത്തുകയാണ് ഉടനടി വേണ്ടത്. നിലവിൽ ജോലി ചെയ്യുന്നവർക്ക് പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നല്‌കുന്ന, അൽഗോരിതം ഡിസൈൻ, ഡേറ്റാ സയൻസ് തുടങ്ങിയ റീ -സ്‌കില്ലിംഗ് കോഴ്സുകൾ നേരത്തേ പ്രഖ്യാപിച്ചതുപോലെ ആരംഭിക്കാനാവണം. മെഡിക്കൽ കോഴ്സുകൾ റഗുലറായേ നടത്താനാവൂ എങ്കിലും, ഏറെ തൊഴിൽ സാദ്ധ്യതയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകൾ തുടങ്ങണം. എൻജിനിയറിംഗ് ബിരുദ കോഴ്സുകൾക്ക് എ.ഐ.സി.ടി.ഇയുടെ അനുമതി വേണം. എന്നാൽ ഡിപ്ലോമ കോഴ്സുകൾ ഓപ്പൺ സർവകലാശാലയ്ക്ക് നടത്താവുന്നതേയുള്ളൂ.

സംസ്ഥാനത്ത് നിലവിൽ ആർട്സ് വിഷയങ്ങൾക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് തുടങ്ങിയ സയൻസ് വിഷയങ്ങളിൽ മാത്രമാണ് വിദൂരപഠനമുള്ളത്. ഓപ്പൺ സർവകലാശാലയിലും ഈ കോഴ്സുകൾ തുടങ്ങണം. ലാബ് അടക്കമുള്ള സൗകര്യങ്ങൾ പങ്കിടാൻ ആർട്സ് ആൻഡ് സയൻസ് കോളേജുകളുമായി ധാരണാപത്രം ഒപ്പിട്ടശേഷം കൂടുതൽ സയൻസ് കോഴ്സുകൾ തുടങ്ങണം.

വിദേശഭാഷകൾ അഭ്യസിക്കാൻ പ്രത്യേക കേന്ദ്രമുണ്ടാക്കണം. ഫ്രഞ്ച്, ജർമ്മൻ ജാപ്പനീസ്, ചൈനീസ്, അറബിക്, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഡിപ്ലോമാ കോഴ്സുകൾ തുടങ്ങണം. ഇതിനു പുറമേ ട്രാൻസലേഷൻ സ്റ്റഡീസ് (വിവർത്തനപഠനം) കേന്ദ്രവുമുണ്ടാവണം. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ ഭാഷാപഠനം വഴിയൊരുക്കും. അതിരൂക്ഷമായ തൊഴിലില്ലായ്‌മയ്ക്ക് പരിഹാരമെന്നോണം, വേഗത്തിൽ തൊഴിൽ ലഭിക്കാനുതകുന്ന കോഴ്സുകളാണ് തുടങ്ങേണ്ടത്. നിലവിൽ മറ്റ് സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്നവർക്ക് ചേരാനാവുന്ന സർട്ടിഫിക്കറ്ര്, ഡിപ്ലോമ കോഴ്സുകളും തുടങ്ങണം. പ്രായപരിധിയില്ലാതെ ആർക്കും പഠിക്കാനാവുമെന്നതും കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിറുത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്ക​റ്റ് ലഭിക്കുമെന്നതും ഓപ്പൺ സർവകലാശാലയുടെ സവിശേഷതകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SREENARAYANA GURU OPEN UNIVERSITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.