SignIn
Kerala Kaumudi Online
Friday, 20 September 2024 2.06 AM IST

സുഭാഷ് ചന്ദ്രബോസ് എന്ന ധീരനക്ഷത്രം

Increase Font Size Decrease Font Size Print Page
subhash

ഒറീസയിലെ കട്ടക്ക് എന്ന സ്ഥലത്ത് 1897 ജനുവരി 23 നാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു. പ്രശസ്ത വക്കീലായ ജാനകീനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായാണ് ജനനം.

കൽക്കട്ട പ്രസിഡൻസി കോളേജിൽ വിദ്യാഭ്യാസത്തിനൊപ്പം പുറത്തുനടക്കുന്ന വിപ്ളവപ്രവർത്തനങ്ങളെയും അദ്ദേഹം സൂക്ഷ്‌മമായി വീക്ഷിച്ചിരുന്നു. 1920ൽ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യസമരത്തിൽ പ്രവർത്തിക്കാനായി സിവിൽ സർവീസ് ഉപേക്ഷിച്ചു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഗാന്ധിജിയാണ് സുഭാഷിന് നേതാജി എന്ന പേര് നൽകിയത്. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിക്കാൻ നേതാജി തയ്യാറായില്ല. അതിനാൽ കൽക്കട്ടയിലേക്ക് പോയി. അവിടെ ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമരസേനാനിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു.

1921ൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ സുഭാഷ് ജനങ്ങളെ ആഹ്വാനം ചെയ്തു. അതെത്തുടർന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.

1924 ഏപ്രിലിൽ പുതുതായി രൂപീകരിച്ച കൽക്കട്ട കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവായി നിയമിക്കപ്പെട്ടു. ആ വർഷം തന്നെ തീവ്രവാദിയാണെന്ന സംശയത്തിന്റെ പേരിൽ ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിൽ ആയിരുന്നു. പിന്നീട് ബർമയിലേക്ക് നാടുകടത്തി. സെപ്തംബർ 25ന് ജയിൽ മോചിതനായ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൽക്കട്ട മേയറായി.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത് ജർമനിയിൽ ചെന്നെത്തി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്ത് സ്വാതന്ത്ര്യം നേടുകയായിരുന്നു ലക്ഷ്യം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സൈനികവും രാഷ്ട്രീയവും നയതന്ത്ര പരവുമായുള്ള പിന്തുണ ഉണ്ടെങ്കിലേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാനാകൂ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് ആലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അദ്ദേഹത്തെ ജയിലിലടച്ചു. ജയിലിൽ നിരാഹാരമനുഷ്ഠിച്ച നേതാജിയെ ഏഴാം ദിവസം മോചിപ്പിച്ചു. പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. 1941 ജനുവരി 19ന് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് പെഷവാറിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് വേഷപ്രച്ഛന്നനായി അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലും എത്തി. അവിടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഒരു ഓഫീസും എല്ലാ സൗകര്യങ്ങളും ജർമൻ സർക്കാർ അനുവദിച്ചുകൊടുത്തു. യൂറോപ്പിലെ ജർമൻ അധിനിവേശ രാജ്യങ്ങളിലുണ്ടായിരുന്ന ഇന്ത്യക്കാരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരെയും സംഘടിപ്പിച്ച് ഇന്ത്യൻ ലീജിയൺ എന്നൊരു സേനാഘടകം ബോസ് രൂപീകരിച്ചു.

നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. പക്ഷേ ഹിറ്റ്‌ലറുടെ പല പ്രവൃത്തികളോടും ബോസിന് യോജിക്കാൻ സാധിച്ചില്ല. ഹിറ്റ്‌ലറിന്റെ പ്രവൃത്തികളെ അദ്ദേഹം പരസ്യമായി എതിർത്തിരുന്നു. 1943 ജൂൺ 23ന് നേതാജി സിംഗപ്പൂരിലേക്ക് പോയി. അവിടെ അദ്ദേഹം ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു. ഇതിലെ ഏക വനിതയായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം തായ്‌വാനിലെ തെയ്‌ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചെന്നും അതല്ല അദ്ദേഹം റഷ്യയിലേക്ക് കടന്നു എന്നും അഭിപ്രായമുണ്ട്.

1991ൽ ഭാരത സർക്കാർ ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടില്ലാത്ത സാഹചര്യത്തിൽ ഇത് പാടില്ലെന്ന് കോടതിയിൽ പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവൺമെന്റ് പുരസ്കാരം പിൻവലിക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUBASH CHANDRA BOSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.