SignIn
Kerala Kaumudi Online
Friday, 26 April 2024 8.50 AM IST

ജഡ്ജിമാരുടെ നിയമനവും വാദപ്രതിവാദങ്ങളും

photo

സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ന്യായാധിപന്മാരുടെ നിയമനം സർവീസിലുള്ള ജഡ്ജിമാർ തന്നെ നിർവഹിക്കുന്ന രീതിക്കെതിരെ ഉപരാഷ്ട്രപതിയും കേന്ദ്ര നിയമമന്ത്രിയും ആക്ഷേപം ഉന്നയിക്കുകയും സർക്കാർ നിലപാടിനെതിരെ സുപ്രീംകോടതി തന്നെ പ്രതികരിക്കുകയും ചെയ്തിരിക്കുന്ന സന്ദർഭമാണിത്. കേന്ദ്രമന്ത്രിമാരും ഭരണഘടനയുടെ ഉന്നത അധികാരിയും നീതിന്യായ വ്യവസ്ഥയെ നിയമവിരുദ്ധമാക്കാൻ ബോധപൂർവം നടത്തുന്ന ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്ന് സോണിയഗാന്ധിയുടെ പരാമർശം ജനാധിപത്യ വ്യവസ്ഥയോടുള്ള വിശ്വാസരാഹിത്യത്തെയാണ് പ്രകടമാക്കുന്നതെന്ന് ഉപരാഷ്ട്രപതി രാജ്യസഭയിൽ പറയുകയും ചെയ്തു.

ഈ അസ്വാരസ്യങ്ങളുടെയെല്ലാം കേന്ദ്രബിന്ദു ഉന്നത ന്യായാസനങ്ങളിലെ ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും നിയന്ത്രിക്കുന്ന കൊളീജിയമെന്ന ഏർപ്പാടാണ്. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും വെവ്വേറെ കൊളീജിയങ്ങളാണ്. ആദ്യത്തേതിൽ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ചെയർമാനും അവിടത്തെ നാല് സീനിയർ മോസ്റ്റ് ജഡ്ജിമാർ അംഗങ്ങളുമാകുന്നു. രണ്ടാമത്തേതിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ ചെയർമാനും അവിടങ്ങളിലെ നാല് സീനിയർ മോസ്റ്റ് ജഡ്ജിമാർ അംഗങ്ങളുമാകുന്നു. കൊളീജിയങ്ങളുടെ ശുപാർശകൾ സർക്കാരിന് സമർപ്പിച്ചാൽ ആയതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തിരിച്ചയയ്‌ക്കാം. എന്നാൽ അതേ ശുപാർശകൾ വീണ്ടും സമർപ്പിക്കപ്പെട്ടാൽ സർക്കാരിന് അവ അംഗീകരിക്കേണ്ടി വരും.

കൊളീജിയം എന്ന നിയമന സമ്പ്രദായം ഇന്ത്യയുടെ ഭരണഘടന മൂലമോ, പാർലമെന്റ് പാസാക്കിയ നിയമം വഴിയോ രൂപംകൊണ്ടതല്ല. മറിച്ച്, ' മൂന്ന് കേസുകൾ' എന്നറിയപ്പെടുന്നവയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികളാൽ, 1993ൽ, നിലവിൽവന്ന ഏർപ്പാടാണ്. ഉന്നത നീതിപീഠങ്ങളിലെ നിയമനം എക്സിക്യൂട്ടീവിന് മാത്രമായി വിട്ടുകൊടുക്കുന്നത് ജുഡീഷ്യറിയുടെസ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കാൻ ഉപകരിക്കുകയില്ല എന്ന വാദമുയർത്തി ഫയൽ ചെയ്ത കേസുകളായിരുന്നു അവ.

എന്നാൽ കൊളീജിയത്തോടുള്ള എതിർപ്പിന് പതുക്കെപ്പതുക്കെ കനംവച്ചു . ഈ ക്രമീകരണം യുക്തിസഹമല്ലെന്നും സുതാര്യമല്ലെന്നുമുള്ള വാദമാണ് പ്രധാനമായി ഉയർന്നത്. 2009ൽ വർക്കല രാധാകൃഷ്ണൻ ലോക്‌സഭയിൽ പറഞ്ഞത്, ന്യായാധിപരെ ന്യായാധിപന്മാർ തന്നെ നിയമിക്കുന്ന നമ്മുടെ നാട്ടിലെ രീതി പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലൊന്നും കാണാൻ കഴിയില്ലെന്നാണ്. കൊളീജിയം എന്ന സംവിധാനം ഏകപക്ഷീയമാണെന്ന ആക്ഷേപവുമുണ്ടായി. സമിതിയിൽ ജഡ്ജിമാർ മാത്രമേ അംഗങ്ങളായുള്ളൂ; എക്സിക്യൂട്ടീവിനോ, ജഡ്ജിമാർ അല്ലാത്ത മറ്റ് നിയമജ്ഞർക്കോ ഒരു പ്രാതിനിധ്യവുമില്ല. തീരുമാനമെടുക്കൽ സുതാര്യമല്ലാത്തതുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട പ്രതിഭകൾക്ക് നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് ചിലപ്പോഴെങ്കിലും എത്താൻ കഴിയില്ലെന്ന പരിമിതിയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്തായാലും, രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന കോളിജീയം സമ്പ്രദായം,2014ൽ പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിപ്രകാരം ഇല്ലാതാവുകയും, പകരം ദേശീയ നീതിന്യായ നിയമനകൗൺസിൽ എന്ന ക്രമീകരണം വന്നെത്തുകയും ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ഈ കൗൺസിലിന്റെ അദ്ധ്യക്ഷൻ. ആ കോടതിയിലെ രണ്ട് സീനിയർ മോസ്റ്റ് ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി, പൊതുസമൂഹത്തിൽ നിന്ന് നാമനിർദേശം ചെയ്യപ്പെടുന്ന രണ്ട് ശ്രേഷ്ഠവ്യക്തികൾ എന്നിവരാണ് അംഗങ്ങൾ. നാമനിർദ്ദേശം നടത്തേണ്ടത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്.

ദേശീയ നീതിന്യായ നിയമന കമ്മിഷന്റെ പ്രവർത്തനവകുപ്പുകളെക്കുറിച്ച് തുടക്കത്തിൽത്തന്നെ ചില ആശങ്കകൾ ഉയർന്നിരുന്നു. ആക്ഷേപങ്ങളിൽ ശക്തമായി ഉന്നയിക്കപ്പെട്ടത് കമ്മിഷനിലെ അംഗങ്ങൾക്ക് നൽകപ്പെട്ട വീറ്റോ അധികാരത്തെക്കുറിച്ചായിരുന്നു. കമ്മിഷന്റെ ശുപാർശകളിന്മേൽ ആകെയുള്ള ആറംഗങ്ങളിൽ, ഏതെങ്കിലും രണ്ടുപേർക്ക് വിയോജിപ്പുണ്ടെങ്കിൽ അവർക്കത് വീറ്റോ ചെയ്യാൻ കഴിയുമെന്ന് നിയമം അനുശാസിക്കുന്നു. ഒരു സമിതിയിലെ ന്യൂനപക്ഷം വരുന്ന അംഗങ്ങൾക്ക് രാജാവിന് തുല്യമായ അവകാശം നൽകിയത് നീതീകരിക്കാവുന്നതല്ല. ആക്ഷേപങ്ങൾക്കൊടുവിൽ ദേശീയ നീതിന്യായ നിയമന കമ്മിഷൻ നിയമത്തെ എതിർത്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് 2015 ഒക്ടോബറിൽ, അത് ഭരണഘടനാ വിരുദ്ധമാണെന്ന വിധി പറയുകയുണ്ടായി.

വീണ്ടും കൊളീജിയം എന്ന ക്രമീകരണത്തിലേക്ക് മടങ്ങിയെങ്കിലും, ലോക്‌സഭ ഏകകണ്ഠമായി പാസാക്കുകയും 16 നിയമസഭകൾ ശരിവയ്‌ക്കുകയും ചെയ്ത നിയമം സുപ്രീം കോടതി റദ്ദാക്കിയതിലുള്ള അമർഷത്തിന് വിരാമമിടാൻ കേന്ദ്ര സർക്കാരിനായില്ലെന്നാണ് ഉന്നതരുടെ ഇപ്പോഴത്തെ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്.

കൊളീജിയം സമ്പ്രദായത്തിൽ എല്ലാം ഭദ്രമെന്ന് കരുതുന്നില്ലെന്നും, ആ ക്രമീകരണം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സ്വാഗതാർഹമാണെന്നു മാണ് സുപ്രീംകോടതിയിലെ ചില ജഡ്ജിമാർ വെളിപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ സമവായത്തിന്റെ പാതയാണ് സൃഷ്ടിക്കപ്പെടേണ്ടത്. ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും നിയമന സംബന്ധമായ 60 ശുപാർശകൾ സർക്കാരിന്റെ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നുണ്ട്. സുപ്രീംകോടതിയിൽ അനുവദിക്കപ്പെട്ട 34 ജഡ്ജിമാരിൽ ആറ് വേക്കൻസികൾ നികത്താനുണ്ട്. ഹൈക്കോടതികളിൽ അനുവദിക്കപ്പെട്ട 1108 ജഡ്ജിമാരിൽ 335 വേക്കൻസികൾ നികത്താനുണ്ട്. നീതിനിർവഹണം വൈകിപ്പിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കൂടിയേതീരൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT COLLEGIUM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.