SignIn
Kerala Kaumudi Online
Saturday, 20 April 2024 2.58 PM IST

ഈ മാലിന്യമലയും ഒരു ബോംബാണ്

waste-

പൊരിവെയിലത്ത് ഉണങ്ങിക്കരിഞ്ഞ കുറ്റിച്ചെടികൾക്കുനടുവിൽ നിലകൊള്ളുന്ന വെടിമരുന്ന് നിർമ്മാണശാലപോലെയാണ്, തൃശൂർ ശക്തൻ നഗറിലെ മാലിന്യമല. ഒരു തീപ്പൊരി വീണാൽ കത്തിപ്പടരും. വിഷപ്പുക നിറയും. കൊച്ചിയിൽ ബ്രഹ്മപുരത്ത് നിന്ന് അന്തരീക്ഷത്തിലേക്ക് വിഷപ്പുക വമിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തനിലെ മാലിന്യമല കാണുന്നവരുടെ നെഞ്ചിൽ കനലാണ്. ദിവസവും ആയിരങ്ങളെത്തുന്ന ശക്തൻ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഈ മാലിന്യപ്പറമ്പ്. തൃശൂരിലെ മാലിന്യപ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലുമെന്ന പോലെ തൃശൂരിലും നിരവധി സമരങ്ങളുണ്ടായി. കേരളത്തിലെ ആദ്യ മാലിന്യ വിരുദ്ധ ജനകീയ സമരമെന്ന് വിശേഷിപ്പിക്കുന്ന, പതിറ്റാണ്ടുകൾ നീണ്ട ലാലൂർ സമരത്തിനൊടുവിൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ ലാലൂരിന് മാത്രമായി സംസ്കരണപദ്ധതിയ്ക്ക് തന്നെ രൂപം കൊടുത്തു.

ലോകമെങ്ങും പ്ളാസ്റ്റിക്കിനെതിരായ സമരകാഹളം മുഴങ്ങുമ്പോൾ തൃശൂരിലും വലിയ പ്രതിഷേധങ്ങൾ നടന്നു. 2003 ൽ ആദ്യത്തെ സംസ്‌കരണപ്ളാന്റ് ലാലൂരിൽ യാഥാർത്ഥ്യമായി. ജർമ്മനിയിൽനിന്ന് ഇറക്കുമതിചെയ്ത മൂന്ന് ഓർഗേവർ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്ളാന്റ് പ്രവർത്തിച്ചിരുന്നത്. എന്നാൽ അധികം വൈകാതെ ഈ പ്ളാന്റ് നിശ്ചലമായി.

2008 ൽ ഏഷ്യൻ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ വരവും എ.ഡി.ബി. വായ്പയും ലാലൂരിലും പ്രതിഫലിച്ചു. കോർപ്പറേഷന് സുസ്ഥിര നഗര വികസന പദ്ധതിയുടെ ഫലമായി ലഭിച്ച എ.ഡി.ബി വായ്പയിൽ നിന്നും ഒരോഹരി ലാലൂരിനു വേണ്ടിയും മാറ്റി. ആദ്യം എൻജിനീയറിംഗ് ആന്റ് ലാൻഡ് ഫില്ലിംഗിനായിരുന്നു ലാലൂരിൽ ശ്രമിച്ചത്. ആഴത്തിൽ കുഴിയെടുത്ത് മാലിന്യങ്ങൾ കുഴിച്ചുമൂടുന്ന പദ്ധതി. മുൻപ് പലപ്പോഴും ലാലൂരിന്റെ നെഞ്ചിൽ ഇതെല്ലാം പരീക്ഷിച്ചിരുന്നു. അന്നതിന്റെ പേര് ലാൻഡ് ഫില്ലിംഗ് എന്ന് മാത്രമായിരുന്നു. എ.ഡി.ബി.യുടെ ഫണ്ട് ഉപയോഗിച്ചപ്പോൾ അത് എൻജിനീയറിംഗ് ആന്റ് ലാൻഡ് ഫില്ലിംഗ് എന്ന പേരിലായെന്ന് മാത്രം. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വരുന്നതുകണ്ട് ലാലൂരുകാർ അപകടം മണത്തു. പ്രതിഷേധമുയർന്നു. പദ്ധതിയിൽ മാറ്റമുണ്ടായി. വർഷങ്ങളോളം ഹൈക്കോടതിയുടെ ഇടപെടലുകൾ നടന്നുകൊണ്ടിരുന്നു. ഒടുവിൽ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഒഴിഞ്ഞുമാറാൻ വയ്യെന്നായപ്പോൾ സർക്കാർ ഇടപെട്ടു. ലാലൂരിനു പുറത്തും മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ അനുവദിക്കാനുളള തീരുമാനമായി.
2010 ഏപ്രിൽ ആറിന് ഈ തീരുമാനം കോർപ്പറേഷൻ അംഗീകരിച്ചു. നഗരത്തിൽ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി തുടങ്ങാൻ ശ്രമമാരംഭിച്ചു. തങ്ങളുടെ നാട്ടിൽ മറ്റൊരു ലാലൂർ വേണ്ടെന്ന് പറഞ്ഞ് സ്ഥലവാസികൾ രംഗത്തിറങ്ങിയതോടെ ഈ പദ്ധതി കയ്യാലപ്പുറത്തെ തേങ്ങയായി. ലാലൂരിലെ മാലിന്യമല നീക്കാതെ ഒരുഗ്രാം മാലിന്യം പോലും ലാലൂരിലേക്ക് കടത്തിവിടില്ലെന്ന് പറഞ്ഞ് സമരസമിതി നിലയുറപ്പിച്ചു. ലാലൂരിന് പുറത്ത് ഒരു കേന്ദ്രമെങ്കിലും ആദ്യം വരണമെന്നും അവർ ആവശ്യപ്പെട്ടു.

വി.എസ്. അച്യുതാനന്ദനും എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും പരിസ്ഥിതി പ്രവർത്തക മേധാപട്കറും ഡോ.സുകുമാർ അഴീക്കോടും ഗായകൻ യേശുദാസും ചിന്തകൻ കെ.വേണുവും മനുഷ്യാവകാശപ്രവർത്തകൻ ടി.കെ.വാസുവുമെല്ലാം അണിനിരന്നപ്പോൾ സമരം വിജയിച്ചു.

തൃശൂർ കോർപ്പറേഷന്റെ കുപ്പത്തൊട്ടിയെന്ന് പറഞ്ഞുകേട്ട ലാലൂർ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഐ.എം. വിജയന്റെ നാമധേയത്തിൽ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. ലാലൂരിനു വേണ്ടി കേരളം ഉയർത്തിയ സ്വരത്തിനും പ്രതിരോധസമരത്തിനും രാപ്പകലുകളുണ്ടായിരുന്നില്ല. രാഷ്ട്രീയനിറഭേദങ്ങളും ഹിഡൻ അജൻഡകളുമുണ്ടായിരുന്നില്ല. മനുഷ്യനായി ജീവിക്കാൻ, ജീവവായു ശ്വസിക്കാൻ മനുഷ്യൻ നടത്തിയ പോരാട്ടത്തിന്റെ, നെടുവീർപ്പിന്റെ സ്വരം മാത്രമായിരുന്നു അവിടെ കേട്ടത്. പക്ഷേ, ഒരു ലാലൂർ അവസാനിക്കുമ്പോൾ മറ്റൊരു ലാലൂർ നഗരത്തിൽ ഉയരുകയാണോ എന്ന ചോദ്യത്തിന് ആരാണ് മറുപടി നൽകുക.

ബഡ്ജറ്റിൽ

പ്രഖ്യാപനങ്ങളേറെ

സീറോവേസ്റ്റ് പദ്ധതി നടപ്പാക്കാൻ 241.7 കോടി രൂപ വകയിരുത്തുമെന്ന് തൃശൂർ കോർറേഷൻ ബഡ്‌ജറ്റിൽ അടിവരയിട്ട് പറയുമ്പാേഴും, ശക്തനിലെ മാലിന്യമല ആശങ്കയുടെ പുകമറയിലാണ്. മാലിന്യസംസ്‌കരണശാലയോട് ചേർന്ന് കുന്നുകൂടി മാലിന്യചാക്കുകൾ അടുക്കിവച്ചിരിക്കുകയാണ്. പതിനായിരങ്ങൾ കടന്നുപോകുന്ന സ്റ്റാൻഡ്, ആകാശപ്പാതയും ടൈൽ വിരിക്കലുമെല്ലാമായി ആധുനികവത്കരിക്കുമ്പോഴും മാലിന്യസംസ്‌കരണം കീറാമുട്ടിയായി തുടരുന്നു. നായ്ക്കളും കാക്കകളും കൊതുകുമെല്ലാം വിഹരിക്കുന്ന കേന്ദ്രത്തിന് സമീപം തന്നെയാണ് ഭക്ഷണശാലകളും ജ്യൂസ് പാർലറുകളുമുള്ളത്. പ്‌ളാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ ഫലപ്രദമായി കൊണ്ടുപോകാൻ കഴിയുന്നില്ല. ശക്തനിലെ മാലിന്യം നീക്കുന്നതിനായി അഞ്ചുകോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2016ൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മാലിന്യസംസ്‌കരണ നിയമങ്ങൾ വന്നതോടെ, ആധുനികരീതികൾ വന്നുവെങ്കിലും ഫലപ്രദമായിട്ടില്ല.

വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും എടുത്ത് മാലിന്യം തരംതിരിച്ചതിന് ശേഷം ബാക്കി വരുന്നത് എവിടെ നിക്ഷേപിക്കണമെന്നത് ഇപ്പോഴും പ്രശ്‌നമായി തുടരുകയാണെന്ന് ബഡ്ജറ്റിലും സമ്മതിക്കുന്നു. 2016 വരെ കോർപറേഷന്റെ പിൻഭാഗത്ത് ഇപ്പോൾ വാട്ടർസെക്ഷൻ പ്രവർത്തിക്കുന്ന സ്ഥലത്തും ശക്തനിലെ പഴയ പപ്പി സെന്ററിലുമാണ് കേന്ദ്രീകരിച്ചിരുന്നത്. ഇങ്ങനെ കേന്ദ്രീകരിച്ചിരുന്ന മാലിന്യം 2012 മുതൽ കരാറുകാർ വഴി നീക്കം ചെയ്തിരുന്നു. 2021 വരെ തുടരുകയും ചെയ്തു. എന്നാൽ കരാറുകാരൻ കരാർ വ്യവസ്ഥ ലംഘിച്ച് മാലിന്യം തമിഴ്‌നാട്ടിൽ തട്ടുകയും അതിന്റെപേരിൽ കേസെടുക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ഇത്തരം സാഹചര്യത്തിൽ ഹരിത ട്രിബ്യൂണലിന്റേയും ശുചിത്വമിഷന്റെയും സമ്മതത്തോടു കൂടി മാത്രമേ മാലിന്യം നീക്കം ചെയ്യാൻ കഴിയൂവെന്നാണ് ബഡ്ജറ്റ് പ്രസംഗത്തിൽ പറയുന്നത്.

പ്രതിഷേധം

പുകയുന്നു

മാലിന്യസംസ്‌കരണത്തിന് വേൾഡ് ബാങ്കിന്റെ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ട്. ഈ സാമ്പത്തികവർഷത്തിൽ ഇത് പൂർണമായി സംസ്‌കരിക്കുമെന്നാണ് കോർപറേഷന്റെ അവകാശവാദം. കഴിഞ്ഞ ആറ് മാസമായി തരംതിരിച്ചതിന് ശേഷം വരുന്ന വേസ്റ്റ് ക്ലീൻ കേരള കമ്പനിക്ക് ഒരു കിലോയ്ക്ക് 10 രൂപ നിരക്കിൽ കൊടുക്കുന്നുണ്ടെന്നും പറയുന്നു. അതിനാൽ പുതിയതായി മാലിന്യം ശക്തനിലേക്ക് വരുന്നില്ലെന്നാണ് പറയുന്നത്. മാലിന്യസംസ്‌കരണ കാര്യത്തിൽ കോർപറേഷൻ വൻ പരാജയമാണെന്നാണ് പ്രതിപക്ഷ ആരോപണം. മാലിന്യമലയ്ക്കെതിരേ കോൺഗ്രസ് സമരം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കോൺഗ്രസ് എം.എൽ.എമാർ മാലിന്യമലയുടെ മുന്നിലേക്ക് പ്രതിഷേധമാർച്ചും നടത്തി. ബ്രഹ്മപുരത്ത് സംഭവിച്ചതുപോലൊരു ദുരന്തത്തിന് സാക്ഷ്യംവഹിക്കേണ്ടി വരുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

ശക്തൻ നഗറിലെ പട്ടാളം മാർക്കറ്റ് പലതവണ തീപ്പിടിത്തമുണ്ടായ ഇടമാണ്. അതിനടുത്താണ് പച്ച വലകെട്ടി ഈ മാലിന്യപ്പറമ്പിനെ മറച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി പറമ്പ് നിറഞ്ഞപ്പോൾ പുറത്തു നിന്നുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാനാണ് ഈ വലകെട്ടി മറച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വേനൽക്കാലത്തു ശക്തനിലെ മാലിന്യക്കൂമ്പാരത്തിനു തീയാണ് ഭീഷണിയെങ്കിൽ മഴക്കാലത്ത് പകർച്ചവ്യാധികളും കൊതുകുകളുമാകും കൂടുതൽ വെല്ലുവിളി ഉയർത്തുക. മഴക്കാലത്തു മാലിന്യനീക്കം പൂർണമായി നിലയ്ക്കുകയും ചെയ്യാറുണ്ട്. എന്തായാലും മാലിന്യപ്രശ്നം തൃശൂരിന്റെ രാഷ്ട്രീയത്തേയും തീപ്പിടിപ്പിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRISSUR SAKTHAN NAGAR WASTE DUMPING YARD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.