SignIn
Kerala Kaumudi Online
Thursday, 09 May 2024 9.17 AM IST

കീരിയും പാമ്പും കളി നിറുത്തി,​ ഞങ്ങൾ ടോം ആൻഡ് ജെറി കളിക്കുകയാണ്,​ 'ഞങ്ങൾ പരസ്പരം പയറ്റാറില്ല...'

d

ബംഗാൾ ഗവർണറായി ഡോ. സി.വി. ആനന്ദബോസ് ചുമതലയേറ്റിട്ട് ഇക്കഴിഞ്ഞ നവംബറിൽ ഒരു വർഷം പൂർത്തിയായി,​ തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം കേരളകൗമുദിയോട് വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന്:

എങ്ങനെയുണ്ട് ബംഗാൾ അനുഭവം, ഭാഷയൊക്കെ പഠിച്ചോ?

വളരെ നല്ല അനുഭവമാണ് ബംഗാളിൽ നിന്നുണ്ടായത്. രാഷ്ട്രീയമായും ഭരണപരമായും പ്രതിസന്ധികളുണ്ടാകാറുള്ള ഒരു സ്ഥലമാണ് ബംഗാൾ. പക്ഷെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് പോകാൻ സാധിക്കുന്നു എന്നതൊരു വലിയ ദൈവാനുഗ്രഹമായി ഞാൻ കരുതുകയാണ്. ബംഗാൾ ഭാഷ പഠിക്കാൻ ശ്രമിച്ചു. നമ്മുടെ എഴുത്തിനിരുത്തുപോലെ അവിടെ കൈപിടിച്ച് എഴുതിയ്ക്കുന്ന ചടങ്ങുണ്ട്. ഒരു എട്ടു വയസുകാരിയാണ് എന്നെ എഴുത്തിനിരുത്തിയത്. മുഖ്യമന്ത്രി മമത ബാനർജിയും സദസിലുണ്ടായിരുന്നു. ഇപ്രാവശ്യം റിപ്പബ്ലിക് ഡേ മെസേജ് പൂർണമായും ബംഗാളിയിൽ തന്നെയാണ് കൊടുത്തത്. അ‌ഞ്ച് പ്രസംഗങ്ങളും ബംഗാളി ഭാഷയിൽ ചെയ്തു .

 ബംഗാൾ ഗവർണറായപ്പോൾ താങ്കൾക്ക് കണ്ടകശനിയാണെന്ന് പലരും പറയുന്നുണ്ടായിരുന്നു. മമത ബാനർജിയാണ് മുഖ്യമന്ത്രിയെന്നതിനാൽ?

കാര്യങ്ങൾ ലഘുവായി പറയാമെന്നുണ്ടെങ്കിൽ അവിടെ ഞങ്ങൾ കീരിയും പാമ്പും കളി നിർത്തി. പകരം ടോം ആൻഡ് ജെറി കളിക്കും. ടോമും ജെറിയും മാറി മാറി കളിക്കും, അതിനിടെ ചിലപ്പോൾ സ്നേക്ക് ആൻഡ് ലാഡർ ഒക്കെ വരും. പക്ഷെ ഏതായാലും വിദ്വേഷ രാഷ്ട്രീയം അല്ലെങ്കിൽ വിദ്വേഷ ഭരണം തത്കാലം അവിടെ വേണ്ടെന്ന് ഞാനും എന്റെ ബഹുമാന്യ ഭരണഘടനാ സഹപ്രവർത്തകയായ മുഖ്യമന്ത്രിയും ഒരു തീരുമാനമെടുത്തു. അതുകൊണ്ട് ഞങ്ങൾ പരസ്പരം പയറ്റാറില്ല. അതാണിപ്പോഴത്തെ ഒരു സാഹചര്യം.

മുഖ്യമന്ത്രി നല്ല സഹകരണമാണോ? എന്താണ് അഭിപ്രായം?

മൂന്നു തലങ്ങളിലാണ് ഞാൻ മുഖ്യമന്ത്രിയെ കാണുന്നത്. ഒന്ന് മമത ബാനർജി എന്ന വ്യക്തി. വളരെ നല്ല ഒരു കലാകാരിയാണ്. ചിത്രരചന നടത്തും. കവിതയെഴുതും, പാടും നൃത്തം ചെയ്യും, നല്ല ഫോട്ടോഗ്രാഫർ ആണ്. വളരെ നല്ലൊരു വ്യക്തിബന്ധം ഞങ്ങൾ തമ്മിലുണ്ട്. ഡൗൺ ടു എർത്താണ് ആൾ. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസമുണ്ടാകും. അതുപോലും മുത്തശ്ശിമാർ പറയുന്നതു പോലെ, ചട്ടീം കലവുമാകുമ്പോൾ തട്ടീം മുട്ടിയുമിരിക്കും. ആ ലെവലിലേക്കേ ഞങ്ങൾ എത്തിക്കാറുളളൂ. ഒരു ശത്രുത വരെ എത്താറില്ല. രണ്ടാളും തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ട്. അത് വാക്കാലുണ്ടായതല്ല. ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ തോന്നി; അങ്ങനൊരു ശത്രുതാ മനോഭാവം വേണ്ട. പിന്നെ പ്രൊഫഷൻ രംഗത്ത് അവനവൻ അവനവന്റെ ജോലി ചെയ്യുക.

എല്ലാ കാര്യങ്ങളിലും ഒരു തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും നോമിനേറ്റ് ചെയ്തുവരുന്ന ഗവർണറുടെ കാഴ്ചപ്പാടും ഒന്നാകണമെന്നില്ല. അത് ഞങ്ങൾ മനസിലാക്കുന്നു. മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടേതായ പൊളിറ്റിക്കൽ കമ്പൽഷൻസ് കാണും. ഗവർണർക്ക് ഭരണഘടനാപരമായിട്ടുളള കാര്യങ്ങളാണുളളത്. നിയമപരമായിട്ടുളളവ. പക്ഷെ ജനങ്ങളുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട്- ചില ആശയ സംഘട്ടനങ്ങൾ എന്നു ഞാൻ പറയുന്നില്ല, വ്യത്യസ്തമായ ആശയങ്ങൾ,​ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ,​ വ്യത്യസ്ത നിലപാടുകൾ എടുക്കേണ്ടി വരും. അതു നടക്കുന്നുണ്ട്.

ഗവർണർ എപ്പോഴും മുഖ്യമന്ത്രിയുമായി ശണ്ഠയിലായിരിക്കണം എന്ന സങ്കല്പമുണ്ട്. ഞാൻ ആ സങ്കൽപ്പം പിന്തുടരുന്ന വ്യക്തിയല്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ സൗഹൃദം ആകാം. സൗഹൃദമായി നിൽക്കുമ്പോൾത്തന്നെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവും. പിന്നെ രാഷ്ട്രീയക്കാരിയായ മമത ബാനർജിയെ ഞാൻ കൈകാര്യം ചെയ്യാറില്ല. അതെന്റെ പോർട്ട്ഫോളിയോ അല്ല. വ്യക്തി എന്ന നിലയിൽ മമത ബാനർജിയും ഞാനും തമ്മിൽ വളരെ നല്ല ബന്ധമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ വർക്കിംഗ് റിലേഷൻസ് എപ്പോഴുമുണ്ട്.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വേളയിൽ അക്രമം ഉണ്ടായപ്പോൾ താങ്കൾ നേരിട്ട് ഇടപെട്ടത് ഭരണത്തിലുള്ള ഇടപെടലായി വ്യാഖ്യാനിച്ചുകൂടെ?

അങ്ങനെ പല വിമർശനങ്ങളുമുണ്ടായി. രാഷ്ട്രീയമായി പാരലൽ ഗവൺമെന്റ് വരുന്നു,​ സമാന്തര ഗവൺമെന്റ് എന്നൊക്കെ പറഞ്ഞു. പക്ഷെ അതിന് ഞാൻ മറുപടി പറയാറില്ല. എത്രത്തോളം വിമർശിക്കുന്നുവോ,​ അത്രത്തോളം ആ കാര്യങ്ങൾ ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ശൈലി.

 ഭരണത്തലവനാണ് ഗവർണർ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റാണ് സംസ്ഥാനം ഭരിക്കുന്നത്. രണ്ടു കൂട്ടരും തമ്മിൽ ഭിന്നതയുണ്ടായാൽ അത് സംസ്ഥാനത്തിന്റെ താത്പര്യം ഹനിക്കില്ലേ?

ഗവർണറും മുഖ്യമന്ത്രിയും,​ അല്ലെങ്കിൽ ഗവർണറും തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റും രണ്ടു രീതിയിൽ ചലിക്കണമെന്നില്ല ചിലകാര്യങ്ങളിലൊക്കെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. എങ്കിലും ഭരണഘടന അനുസരിച്ച് ഭരിക്കാൻ ശ്രമിച്ചാൽ,​ രണ്ടുകൂട്ടരും പരസ്പരം വിശ്വസിച്ചാൽ വലിയ സംഘട്ടനങ്ങളോ സംഘർഷങ്ങളോ ഇല്ലാതെ മുന്നോട്ടുപോകാൻ പറ്റും എന്നാണ് എന്റെ അനുഭവം എനിക്കു കാട്ടിത്തന്നത്. ഇന്ത്യയിൽ ഫെഡറലിസമാണുള്ളത്. ആ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനവും കൂട്ടിയിണക്കുന്ന ഒരു പാലമായിട്ട് പ്രവർത്തിക്കേണ്ടവരാണ് ഗവർണർമാർ. ആനിലയിൽ ഒരു മാരിവിൽപ്പാലമായി വർത്തിക്കാനായാണ് ഞാൻ ശ്രമിക്കുന്നത്. അത് വിജയിക്കുന്നു എന്നാണ് എന്റെ എളിയ അനുഭവം.

 നിയമസഭ പാസാക്കുന്ന ബില്ലുകൾ ദീർഘകാലം

വെച്ച് വൈകിപ്പിക്കുന്നത് ശരിയാണോ?

അത് ശരിയല്ല. ബില്ല് വെച്ച് വൈകിപ്പിക്കുന്നുവെന്ന ആരോപണം ഇവിടെയും ഉണ്ടായി 22 ബില്ല് അയച്ചു കിട്ടിയില്ല എന്ന് പറഞ്ഞു.സാധാരണ ഞങ്ങൾ പത്രക്കുറിപ്പ് കൊടുക്കാറില്ല അപൂർവമായിട്ടേ കൊടുക്കാറുളളു.ഇതിൽ പത്രക്കുറിപ്പ് കൊടുത്ത് പറഞ്ഞു. 22 ബില്ലുകളുളളതിൽ 22ഉം ഗവൺമെന്റിലേക്ക് തിരിച്ചയച്ചു ഗവൺമെന്റിലേക്കാണ് അസംബ്ലിയിലേക്കല്ല.ചില വസ്തുതകൾ വിശദീകരണം ചോദിച്ചുകൊണ്ട് കൊടുത്തതാണ്. ആ വിശദീകരണം തന്നാൽ ഉടൻ തന്നെ അത് ക്ലിയർ ചെയ്ത് കൊടുക്കും.അല്ലാതെ മനപൂർവം വച്ച് താമസിപ്പിക്കുന്ന ശൈലി ബംഗാളിലില്ല.

ഗവർണർമാർക്ക് കോഡ് ഒഫ് കോൺഡക്റ്റും പ്രോട്ടോകോളുമുണ്ടല്ലോ, റോഡരികിലൊക്കെ ഇരുന്ന് പ്രതിഷേധിക്കുന്നത് ശരിയാണോ?

ഗവർണർ അങ്ങനെ പ്രതിഷേധിക്കേണ്ടി വന്നാൽ അതിനർത്ഥം , ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുവെന്നാണ് . അതിനുത്തരവാദികൾ ആര് എന്ന് ഞാൻ പറയുന്നില്ല. ഒരു ഗവർണറുടെ ഡിഗ്നിറ്റി ഒഫ് ദ ഓഫീസ് സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്; പൊതുസമൂഹത്തിനുമുണ്ട്.

 ബംഗാളിൽ താങ്കൾക്കതിരെ പ്രകടനമോ കരിക്കൊടി കാണിക്കലോ... അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ?

ഞാൻ ചെല്ലുന്ന മിക്ക സ്ഥലത്തും കരിങ്കൊടി കാണിക്കാറുണ്ട്, ഞാൻ അവരെയും തൊഴും, അവർ ഗോ ബാക്ക്... ഗോ ബാക്ക് എന്നുവിളിക്കും. അതിനെ ഞാൻ മനസിലാക്കുന്നത്,​ 'നാലഞ്ചു ദിവസമായിട്ട് ഈ കുട്ടികൾ എന്നെ വഴിയിൽ കാണുകയാണ്; അവിടെ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെല്ലാം സന്ദർശിക്കുമ്പോൾ അവരെന്നോട് ഗോ ബാക്ക് പറയുന്നതിന്റെ അർത്ഥം 'ഇത്രയും പ്രായമായ ഒരു വ്യക്തിയല്ലേ; നിങ്ങൾക്കും വീടും കുടുംബവുമൊക്കെയില്ലേ.... ഈ മഴയത്ത് ഇങ്ങനെ നടന്നാൽ മതിയോ.... ഗോ ബാക്ക് പ്ലീസ് 'എന്ന അർത്ഥത്തിലാണ്. അങ്ങനെയേ ഞാൻ എടുക്കുന്നുള്ളൂ. പിന്നെ ഓരോ സ്ഥലത്തും ഓരോ സാഹചര്യമാണുള്ളത്. ആ സാഹചര്യത്തിനനുസരിച്ച് വേണം പ്രതികരിക്കാൻ. ബംഗാളിൽ ഇങ്ങനെയാണ് സാഹചര്യം എന്നുളളതുകൊണ്ട് പഞ്ചാബിൽ അങ്ങനെയാവണം എന്നില്ല. ഓരോ സ്ഥലത്തേയും സാഹചര്യമനുസരിച്ച് അതത് ഗവർണ‌ർമാർക്ക് അവർക്കിഷ്ടം തോന്നുന്ന നിലപാടുകൾ സ്വീകരിക്കാം.

(അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CVANANDHABOSE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.