പ്രശസ്തനായ ചരിത്ര ലേഖകൻ യുവൽ നോഹ് ഹരാരി തന്റെ ലേഖനങ്ങളിൽ പതിനായിരം വർഷം മുൻപ് മനുഷ്യർ കൃഷി ആവശ്യങ്ങൾക്കും, സുരക്ഷയ്ക്ക് വേണ്ടിയും വന്യജീവികളായിരുന്ന നായ്ക്കളെ വളർത്തുമൃഗങ്ങളായി മെരുക്കിയ ചരിത്രം പ്രതിപാദിച്ചിട്ടുണ്ട്. വർഷങ്ങൾകൊണ്ട് മനുഷ്യരും നായ്ക്കളുമായി അഭേദ്യമായൊരു ബന്ധമാണ് വളർന്നുവന്നത്. ഈ സത്യം നിലനില്ക്കെ തന്നെ ആക്രമണകാരികളായ തെരുവ്നായ്ക്കൾ പെരുകുന്ന കാഴ്ചയും കാണേണ്ടിവരുന്നു.
നമ്മുടെ മുന്നിലെ യഥാർത്ഥ പ്രശ്നം നായയല്ല, അവയുടെ ആക്രമണ സ്വഭാവമാണ്. മൂന്നുവർഷം മുൻപും ഒരു ഓണക്കാലത്ത് ആളുകൾക്ക് നായകടിയേറ്റ നിരവധി കേസുകളുണ്ടായിട്ടുണ്ട്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് എണ്ണം വൻതോതിൽ വർദ്ധിച്ചതോടെ കുറച്ച് നാളുകളായി തെരുവ് നായ്ക്കളിൽ നിന്നുള്ള ഭീഷണിയും ഏറിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സർക്കാരിനും ജന്തുക്ഷേമ സംഘടനകൾക്കും വ്യക്തികൾക്കും നടപ്പിലാക്കാൻ നിരവധി കാര്യങ്ങളുണ്ട്. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്ന ആനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം, മാലിന്യ നിർമ്മാർജ്ജനം , വളർത്തുനായ്ക്കളുടെ വാക്സിനേഷൻ, ലൈസൻസിങ്ങ്, തുടങ്ങിയവയാണത്.
വർഷങ്ങൾക്ക് മുൻപ് തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതിയും സുപ്രീം കോടതിയും നായകളുടെ എണ്ണം വർദ്ധിക്കുന്നത് തടയണമെന്ന് പരാമർശിച്ചിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഒരു വെറ്റിനറി ഹോസ്പിറ്റലിൽ ഒരു ദിവസം 56 നായകളുടെ വന്ധ്യംകരണം സാദ്ധ്യമാണ്. സമയം നിശ്ചയിച്ച് വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ രണ്ടുവർഷത്തെ കാലവധി കൊണ്ട് നമുക്ക് ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഇതിന്റെ നേട്ടങ്ങൾ പലതാണ്, നായകളുടെ എണ്ണം വർദ്ധിക്കുന്നത് ഒരു പരിധിവരെ തടയാം. ഒരു പ്രദേശത്തെ തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി ആ പ്രദേശത്ത് തന്നെ നിലനിറുത്തുന്ന പക്ഷം മറ്റുപ്രദേശങ്ങളിൽ നിന്നുള്ള നായ്ക്കളുടെ കടന്നു കയറ്റം ചെറുക്കാൻ കഴിയും.
ചില കണക്കുകൾ നോക്കുമ്പോൾ കേരളത്തിൽ വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണം ഏകദേശം എട്ട് ലക്ഷമാണ്. അവയിൽ ആറ് ലക്ഷം ആണും രണ്ടുലക്ഷം പെണ്ണുമാണ്. ഇവയും അക്രമാസക്തരായ കേസുകളും വിരളമല്ല. ഇതിന്റെ പശ്ചാത്തലത്തിൽ നായയും നായയെ വളർത്തുന്നവരും പ്രതിരോധവാക്സിനുകൾ എടുക്കേണ്ടതാണ്. കൂടാതെ നായയെ വളർത്താനുള്ള ലൈസൻസ് നിർബന്ധമായും എടുത്തിരിക്കണം. നായ്കളുടെ ബ്രീഡിങ് ചെയ്യുന്നത് പ്രത്യേകം ലൈസൻസുള്ള ആളുകൾ മാത്രമായിരിക്കണം. ഇത്തരത്തിൽ ബ്രീഡിംഗ് ചെയ്യുന്നതിന് ലൈസൻസ് നിർബന്ധവുമാക്കണം. ലൈസൻസ് അനുവദിക്കൽ പ്രത്യേക ഏജൻസിയിൽ നിക്ഷിപ്തമായിരിക്കണം.
പ്രായമായവയും രോഗികളുമായ വളർത്തുനായ്ക്കളെയും പെൺനായ്ക്കുട്ടികളെയും തെരുവിൽ ഉപേക്ഷിക്കുന്നതിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതുണ്ട്. പേവിഷ ബാധയേറ്റ നായയെ കൊല്ലുന്നതിന് നിയമങ്ങൾ നിലവിലുണ്ട്. അവ നടപ്പാക്കാൻ അധികൃതർ തയാറാവണമെന്ന് മാത്രം. അസുഖം ബാധിച്ച നായ്ക്കളെയോ പേവിഷ ബാധിച്ച നായ്ക്കളെയോ കൊല്ലാനോ, ചികിത്സിച്ച് രോഗം മാറ്റാൻ കഴിയുന്ന നായ്ക്കളെ ചികിത്സിച്ച് സുഖപ്പെടുത്താനോ ഒരു വെറ്റിനറി ഡോക്ടർക്ക് സാധിക്കും. സമൂഹത്തിൽ രോഗമില്ലാത്തതും പേവിഷബാധയില്ലാത്തതുമായ നായ്ക്കൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ എന്ന ദൃഢനിശ്ചയം എല്ലാ വെറ്റിനറി ഡോക്ടർമാർക്കും ഉണ്ടാവേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |