മാർച്ച് 17 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച 'ഇ.പി.എഫ്.ഒയുടെ അവ്യക്ത നിലപാട്" എന്ന മുഖപ്രസംഗമാണ് ഈ കത്തിനാധാരം. 1-9-2014ന് മുൻപ് പെൻഷനായ വ്യക്തികൾക്കു അവർ പെൻഷനായപ്പോൾ വാങ്ങിയിരുന്ന ഉയർന്ന ശമ്പളത്തിന്റെ തോതനുസരിച്ച് (Rs. 5000/-, Rs. 6500/- മുകളിൽ) ഉയർന്ന പെൻഷൻ കൊടുക്കാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇ.പി.എഫ്.ഒ 23-3-2017ൽ ഇറക്കിയ സർക്കുലറിൻ പ്രകാരം അനുവദിച്ച അല്പം ഉയർന്ന പെൻഷൻ വാങ്ങുന്ന വ്യക്തിയാണ് ഞാൻ. 16-11-1995 മുതൽ ഞാൻ പെൻഷനായ 31-10-2000 വരെയുള്ള ഉയർന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷൻവിഹിതം പലിശ സഹിതം അടച്ചതിനുശേഷമാണ് ഉയർന്ന പെൻഷൻ 2019ൽ അനുവദിച്ചു കുടിശിക സഹിതം തന്നത്. 2016ലെ കോടതി ഉത്തരവനുസരിച്ച് പെൻഷനായ മാസത്തിനു പിറകിലോട്ടുള്ള 12 മാസത്തെ ശരാശരി ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനാണ് 2019ൽ കുടിശിക സഹിതം നല്‌കിയതും, ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നതും. അതിന് വേണ്ടുന്ന സകലരേഖകളും അന്ന് തൊഴിലുടമ വഴി സമർപ്പിച്ചിട്ടുള്ളതും, ഉയർന്നപെൻഷൻ അനുവദിച്ചതുമാണ്. ഏതെങ്കിലും കാരണവശാൽ രേഖകൾ സമർപ്പിച്ചില്ലായിരുന്നെങ്കിൽ ഇ.പി.എഫ്.ഒ എങ്ങനെയാണ് ഉയർന്ന പെൻഷൻ 2019-ൽ അനുവദിച്ചുതന്നത്.
പെൻഷനായി 23 വർഷം തികയാൻ പോകുന്ന എന്നെപ്പോലുള്ളവരിൽ നിന്നും ജോയിന്റ് ഓപ്‌ഷൻ നേരത്തെ കൊടുത്തതിന്റെ തെളിവ് ആവശ്യപ്പെടുന്നതിൽ ദുരൂഹതയുണ്ട്. 4-11-2022ലെ സുപ്രീംകോടതി വിധിപ്രകാരം ജോയിന്റ് ഓപ്ഷൻ കൊടുക്കുമ്പോൾ 12 മാസത്തെ ശരാശരി ശമ്പളത്തിന് പകരം 60 മാസത്തെ ശരാശരി ശമ്പളത്തിന് അർഹതപ്പെട്ട പെൻഷൻ കൊടുക്കാനാണ് ഉത്തരവ്. അങ്ങനെ വരുമ്പോൾ 23-3-2017ലെ സർക്കുലറിൻ പ്രകാരം 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ഇപ്പോൾ വാങ്ങുന്നവരിൽ നിന്നും നല്ലൊരുതുക ഇ.പി.എഫ്.ഒയ്ക്ക് തിരിച്ചുപിടിക്കാനുള്ള ഒരു ആസൂത്രിത പരിപാടിയായാണ് ഇതിനെ കാണുന്നത്.
1-9-2014നു മുൻപ് പെൻഷനായവർ 23-3-2017ലെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ തൊഴിലുടമ വഴി കൊടുത്ത ഓപ്‌ഷൻ പ്രകാരം ഉയർന്ന പെൻഷൻ വാങ്ങുന്നതിനാൽ, അങ്ങനെയുള്ള സാധുക്കളായ പെൻഷൻകാരെ വീണ്ടും ജോയിന്റ് ഓപ്‌ഷൻ കൊടുക്കണമെന്നുള്ള വ്യവസ്ഥയിൽനിന്ന് ഒഴിവാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര ഗവൺമെന്റും ഇ.പി.എഫ്.ഒയും കടപ്പെട്ടവരാണ്. ഏത് വിധേനെയും ഉയർന്ന പെൻഷൻ നൽകാതിരിക്കാനും, നൽകിയവ തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങളിൽനിന്നും അധികാരികൾ പിന്മാറുമെന്ന് വിശ്വസിക്കുന്നു.
പി.ജി. പദ്‌മരാജൻ
പെരുമ്പാവൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |