ജലപരീക്ഷ, അഗ്നിപരീക്ഷ, തൂക്കുപരീക്ഷ, വിഷപരീക്ഷ എന്നിങ്ങനെ പലവിധ പരീക്ഷകൾ നാട്ടിൽ നടന്നിരുന്ന കാര്യം രാഹുൽജി കേട്ടിട്ടോ കണ്ടിട്ടോ ഇല്ല. തിളച്ച എണ്ണയിൽ കൈമുക്കിച്ച് കുറ്റവാളിയെ പിടികൂടുന്ന പരീക്ഷാപരിപാടി രാഹുൽജി അഭിമുഖീകരിച്ചിട്ടുണ്ടോ? ഇല്ല. തിളച്ച നെയ്യിൽ കൈമുക്കി ലോഹവിഗ്രഹം എടുപ്പിക്കുന്ന ശുചീന്ദ്രം കൈമുക്ക് പരിപാടിയിൽ രാഹുൽജി പരീക്ഷിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല. ചൂടാക്കിയ ഈയ്യക്കട്ട വാരിച്ച് കൈ പൊള്ളിയോ എന്ന് പരീക്ഷിച്ച് കുറ്റവാളിയെ പിടികൂടുന്ന ഏർപ്പാടിനും രാഹുൽജി വിധേയനായിട്ടില്ല. ഇതൊക്കെ അനുഭവിക്കാൻ പോയിട്ട് രാഹുൽജി അന്ന് ഭൂജാതനായിട്ട് പോലുമില്ല. ന.മോ.ജി ഭൂജാതനായിരുന്നാലും ഇല്ലെങ്കിലും ഇതെല്ലാം നല്ലപോലെ അറിയാവുന്ന ആളാണ്. അതൊക്കെ പരീക്ഷിക്കാനും ന.മോ.ജിക്ക് നന്നായറിയാം. എന്നാൽ ന.മോ.ജി അങ്ങനെ ചെയ്യുമോ? ഇല്ല. ന.മോ.ജി അത്തരക്കാരനല്ല. എന്നിട്ടും പാവം ബ്രാണ്ടിയെ സംശയിക്കുന്നത് മാതിരിയാണ് പലപല ആളുകൾ ന.മോ.ജിയെ വളരെ സംശയിക്കുന്നത്.
ഇനി രാഹുൽജിയുടെ കാര്യമെടുക്കാം. രാഹുൽജി പരമാവധി വിധേയനായിട്ടുള്ളത് ഒരു അയോഗ്യതയ്ക്കാണ്. ആർഷഭാരത സംസ്കാരം അനുശാസിക്കുന്ന ന്യായമായ ശിക്ഷാപരീക്ഷണമാണ് ഈ അയോഗ്യനാക്കൽ പരിപാടി. രാഹുൽജി ചെയ്തുവച്ച കുറ്റത്തിന്റെ കാഠിന്യം വച്ച് നോക്കിയാൽ ഇതൊന്നും ഒരു ശിക്ഷയേ അല്ലെന്ന് ന.മോ.ജിക്ക് അറിയാം. വളരെ സഹനശേഷിയും ത്യാഗസന്നദ്ധതയും കൈമുതലായിട്ടുള്ള മഹാനുഭാവുലു ആണ് ന.മോ.ജി. അതാണ് പാവം ബ്രാണ്ടിയുടെ അവസ്ഥയോട് ന.മോ.ജിയെ ആളുകൾ കൂട്ടിവായിക്കുന്നത്.
നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിത്യാദി മോദിമാർക്കെല്ലാം എന്തോ കാര്യമായ കുഴപ്പമുണ്ടെന്നാണ് രാഹുൽജി പറഞ്ഞത്. പറഞ്ഞിട്ടിപ്പോൾ നാല് കൊല്ലമായി. കർണാടകയിലാണ് പറഞ്ഞത്. പറഞ്ഞ സ്ഥലം രാഹുൽജി പോലും മറന്നുപോയിരുന്നു. പക്ഷേ ന.മോ.ജിക്ക് എന്തോ സംശയം അന്നുതന്നെ തോന്നിയിരുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ മോഹൻലാലിനോട് കുതിരവട്ടം പപ്പു ചോദിച്ചത് പോലെ ന.മോ.ജി ഇടയ്ക്കിടയ്ക്ക് കണ്ണാടിയിൽ നോക്കി ചോദിക്കാൻ തുടങ്ങിയത് ഇതേത്തുടർന്നായിരുന്നു: "ഇനി രാഹുൽജി പറഞ്ഞത് പോലെ തനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?"
അന്നുതൊട്ടിങ്ങോട്ട് ന.മോ.ജി ആൾ വളരെ ചിന്താമഗ്നനാണ്. നീരവ് മോദിയാണോ അതോ ലളിത് മോദിയാണോ ഈ മോദി എന്നുപോലും ന.മോ.ജി സ്വയം ചോദിച്ച് നോക്കുകയുണ്ടായി എന്നാണ് ചിലയാളുകൾ അടക്കം പറയുന്നത്. വിശ്വാസം വരാഞ്ഞിട്ട് അദ്ദേഹം സ്വന്തം കൈത്തണ്ടയിൽ ഒന്ന് നുള്ളി നോക്കുക പോലും ചെയ്തുവത്രെ. അപ്പോൾ പിന്നെ രാഹുൽജി പറഞ്ഞതിലെ കാഠിന്യം പറഞ്ഞറിയിക്കാനുണ്ടോ? ശരിക്കും ശുചീന്ദ്രം കൈമുക്ക് ശിക്ഷയ്ക്കായിരുന്നു രാഹുൽജി വിധേയനാകേണ്ടിയിരുന്നത്. അല്ലെങ്കിൽ ഈയംവാരൽ ശിക്ഷയ്ക്ക് വിധേയനാക്കണമായിരുന്നു. അതുമല്ലെങ്കിൽ കുറ്റം ചെയ്ത ക്ഷത്രിയന്മാരെ പണ്ട് രാജാക്കന്മാർ മുതലകളും ചീങ്കണ്ണികളും നിറഞ്ഞ കുളത്തിൽ തള്ളിയിട്ട് നീന്തിച്ചത് പോലെയെങ്കിലും ചെയ്യിക്കണമായിരുന്നു. പക്ഷേ ന.മോ.ജി അതൊന്നും ചെയ്തില്ല. ഇതൊന്നും ചെയ്യാനുള്ള ശേമുഷി ഇല്ലാഞ്ഞിട്ടല്ലെന്ന് നേരത്തേ പറഞ്ഞു. വേണ്ടെന്നുവച്ചത് തന്നെയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ മഹാമനസ്കതയും സഹിഷ്ണുതാമനോഭാവവും ഒന്ന് മാത്രമാണ്.
ശിങ്കിടി മുതലാളിത്തത്തിന്റെ ആളാണ് ന.മോ.ജി എന്നാണല്ലോ രാഹുൽജി അടക്കമുള്ളയാളുകൾ പറഞ്ഞുനടക്കുന്നത്. അദാനിമുതലാളിയുടെ ശിങ്കിടിയേർപ്പാട് ന.മോ.ജി തുടങ്ങിയിട്ട് കാലമേറെയായി എന്നാണ് പറയുന്നത്. അതേപ്പിന്നെ ചായ വിറ്റുനടന്ന ന.മോ.ജിക്ക് വച്ചടിവച്ചടി കയറ്റമുണ്ടായിട്ടുണ്ടാവാം. ആളുകൾ പറഞ്ഞുപറഞ്ഞ് ന.മോ.ജി താൻ പോലുമറിയാതെ ശിങ്കിടിമുതലാളിത്തത്തിന്റെ ആളായി മാറിപ്പോവുകയായിരുന്നു എന്നതാണ് വസ്തുത. അങ്ങനെ,
ശിങ്കിടിയേർപ്പാട് ഒരു ദൗർബല്യമായിമാറിയ ന.മോ.ജി ഗുജറാത്തിലെ ഒരു ചെറിയ ശിങ്കിടിയായ പൂർണേഷ് മോദിയെക്കൊണ്ട് രാഹുൽജിയെ നുള്ളിപ്പിക്കുക മാത്രമാണ് ചെയ്തത്. അതൊരു വലിയ അപരാധമേയല്ല.
രാഹുൽജി മോദിമാരെ കളിയാക്കിക്കൊണ്ട് പിന്നാക്കക്കാരെ അപഹസിച്ചിരിക്കുന്നു എന്നാണ് ഭാ.ജ.പ ഇപ്പോൾ പറയുന്നത്. നാട്ടിൽക്കണ്ട മോദിമാരെയെല്ലാം കളിയാക്കാൻ മാത്രം വളർന്നുവോ ഈ രാഹുൽജി എന്നാരെങ്കിലും ചോദിച്ചാൽ കുറ്റം പറയാനാവില്ല. രാഹുൽജിക്കെതിരെ കേസും വക്കാലത്തും അയോഗ്യതയും മറ്റും മറ്റുമായി ന.മോ.ജിയുടെ ആളുകൾ എടുപിടിയെന്നും കൊണ്ട് കുറേ ഏടാകൂടങ്ങൾ വരുത്തിവച്ചതോടെ നാട്ടിലെ ഭാ.ജ.പ ഒഴിച്ചുള്ള സകലമാന രാഷ്ട്രീയപ്പാർട്ടിക്കാരും ഒരുമിച്ചുകൂടിയിരിക്കുകയാണ്. ഇതോടെ വിനാശകാലേ വിപരീതബുദ്ധി എന്ന് ആളുകൾ ഭാ.ജ.പയോട് പറഞ്ഞ് തുടങ്ങി. അപ്പോൾ പിന്നാക്കവിരുദ്ധനായ രാഹുൽജിയെ പിടികൂടുകയെന്ന ഏർപ്പാടിലേക്ക് കടക്കുകയല്ലാതെ ഭാ.ജ.പയ്ക്ക് വേറെയെന്ത് വഴി! പക്ഷേ, പാർലമെന്റിൽ ഈ കോലാഹലത്തിന്റെയിടയ്ക്ക് ഭാ.ജ.പയുടെ ഏർപ്പാടുകളെല്ലാം മുറയ്ക്ക് നടന്നുപോവുന്നുണ്ട്. ചോദിക്കാനും പറയാനും അവിടെയാരുമില്ലാത്തതെന്ത് നന്നായി!
- ഒരു കണക്കിന് പറഞ്ഞാൽ ഈ പാർലമെന്റിലിരിക്കാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണ് രാഹുൽജി. അത് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്ന ആൾ ന.മോ.ജിയും അമിത് ഷാ ജിയുമാണ്. രാഹുൽജിക്ക് അദാനിമുതലാളിയുമായി എന്തെങ്കിലും ഏർപ്പാടുണ്ടോ? രാഹുൽജി മോദിവംശത്തെ അധിക്ഷേപിച്ചുവെന്നാണ് പറയുന്നത്. അതല്ലാതെ, അതിനപ്പുറത്തേക്ക് രാഹുൽജിക്ക് വംശഹത്യാപ്പരിപാടി വശമില്ല. കൊടുംക്രിമിനൽ കേസുകൾ രാഹുൽജിക്കില്ല. അഴിമതിയേർപ്പാട് രാഹുൽജിക്കുണ്ടായിട്ടില്ല. ഏതെങ്കിലും ബി.ബി.സി വന്ന് ഗുജറാത്ത് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ മാത്രമുള്ള വളർച്ചയും രാഹുൽജിക്കുണ്ടായിട്ടില്ല. അപ്പോൾപിന്നെ ഈ രാഹുൽജി എങ്ങനെയാണ് പാർലമെന്റിലിരിക്കാൻ യോഗ്യനാവുക? ഇരിക്കേണ്ടിടത്തേ ഏത് രാഹുൽജിയും ഇരിക്കാവൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |