ഹൈദരാബാദ്: സ്വത്ത് തർക്കത്തെ തുടർന്ന് വ്യവസായിയായ 86കാരനെ കൊച്ചുമകൻ കുത്തിക്കൊലപ്പെടുത്തി. വെൽജൻ ഗ്രൂപ്പ് ഒഫ് ഇൻഡസ്ട്രീസിന്റെ സ്ഥാപകൻ വെലാമതി ചന്ദ്രശേഖര ജനാർദ്ദൻ റാവുവിനെയാണ് കൊച്ചുമകനായ കിലാരു കീർത്തി തേജ (29) കുത്തിക്കൊലപ്പെടുത്തിയത്. റാവുവിന്റെ ശരീരത്തിൽ 70ലധികം കുത്തുകളേറ്റിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
റാവുവിന്റെ മകളുടെ മകനാണ് കിലാരു കീർത്തി തേജ. ആക്രമണത്തിനിടയിൽ പരിക്കേറ്റ കീർത്തിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വത്തിനെ ചൊല്ലി വ്യാഴാഴ്ച രാത്രി വയോധികനും കൊച്ചുമകനും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് കീർത്തി മുത്തശ്ശനെ കൊലപ്പെടുത്തിയതെന്ന് പഞ്ചഗുട്ട ഇൻസ്‌പെക്ടർ ബി ശോഭൻ പറഞ്ഞു. കൃത്യം നടത്തിയതിനുശേഷം രക്തക്കറയുളള വസ്ത്രങ്ങൾ മാറ്റി കീർത്തി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെ പഞ്ചഗുട്ട ഫ്ലൈ ഓവറിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
റാവുവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തമാകുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. അമേരിക്കയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കീർത്തി തേജ അടുത്തിടെയായാണ് ഹൈദരാബാദിൽ എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.റാവുവും പ്രതിയും മുൻപും സ്വത്തുതർക്കത്തിലേർപ്പെട്ടിരുന്നു.റാവുവിന് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. കൊലപാതകം നടന്ന ദിവസം കീർത്തി തേജ അമ്മയോടൊപ്പം റാവുവിനെ കാണാനായി വീട്ടിൽ എത്തിയിരുന്നു. തുടർന്ന് തർക്കത്തിലേർപ്പെട്ട് ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |