ലക്‌നൗ: ഒരു പതിറ്റാണ്ട് മുൻപ് അമ്മയെ അപമാനിച്ച ആളെ കൊലപ്പെടുത്തി മകൻ. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സിനിമയെ വെല്ലുന്ന ഈ കൊലപാതകം നടന്നത്. സംഭവത്തിൽ സോനു കശ്യപ് (21), രഞ്ജിത്, ആദിൽ, സലാമു, റഹ്മത്ത് അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മേയ് 22ന് കല്യാൺപൂർ പ്രദേശത്ത് നടന്ന 32കാരന്റെ കൊലപാതകത്തിലാണ് പ്രതികാരത്തിന്റെ കഥ പുറത്തുവന്നത്. കല്യാൺപൂരിലെ മൻമീത് ഡയറിക്ക് സമീപം മനോജ് എന്നയാളെയാണ് ഇരുമ്പ് വടി ഉപയോഗിച്ച് സോനുവും സുഹൃത്തുക്കളും അടിച്ചുകൊന്നത്. കൊല്ലപ്പെട്ട മനോജ് 2015ൽ സോനുവിന്റെ അമ്മയെ പരസ്യമായി മർദ്ദിച്ചിരുന്നു. അന്ന് സോനുവിന് 11വയസ് മാത്രമാണ് ഉണ്ടായിരുന്നത്. സോനുവിന്റെ അമ്മയെ മർദ്ദിച്ചശേഷം മനോജ് നാടുവിട്ടു. തന്റെ അമ്മയെ അപമാനിച്ചതിന് പ്രതികാരം ചെയ്യാൻ സോനു മനോജിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏകദേശം മൂന്ന് മാസം മുൻപാണ് നഗരത്തിലെ മുൻഷി പുലിയ പ്രദേശത്ത് വച്ച് മനോജിനെ സോനു വീണ്ടും കണ്ടത്.
അവിടെവച്ചാണ് പ്രതികാരം ചെയ്യാനുള്ള ആസൂത്രണം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. മനോജിന്റെ ദെെനംദിന പ്രവൃത്തികൾ കൃത്യമായി നിരീക്ഷിച്ച് മനസിലാക്കിയ സോനു അയാളെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. അതിന് സുഹൃത്തുക്കളെയും കൂട്ടി. മേയ് 22 ന് കടയടച്ച് തനിച്ചുനടന്നുവന്ന മനോജിനെ അഞ്ചുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നെങ്കിലും പൊലീസിന് അവരെ കുറിച്ചെന്നും അറിയാൻ സാധിച്ചിരുന്നില്ല. അതിനിടെ കൊലപാതകത്തിന് കൂട്ടുചേർന്നതിന് സമ്മാനമായി സുഹൃത്തുക്കൾക്കായി സോനു ആഡംബര മദ്യസൽക്കാരം നടത്തി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിൽ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |