കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ തന്റെ വാഹനങ്ങൾ പിടിച്ചെടുത്ത കസ്റ്റംസ് നടപടി നിയമവിരുദ്ധമെന്ന് കാട്ടി ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകി. കൊച്ചി കസ്റ്റംസ് കമ്മീഷണർക്കെതിരെയാണ് ദുൽഖർ കോടതിയെ സമീപിച്ചിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകണം എന്നതാണ് താരത്തിന്റെ ആവശ്യം. ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ വീട്ടിൽ പരിശോധന നടത്തുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിലാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടുതൽ വാഹനങ്ങളുടെ കാര്യത്തിൽ സംശയമുള്ളതിനാൽ കസ്റ്റംസ് നോട്ടീസും നൽകിയിരുന്നു.
കസ്റ്റംസ് നടപടി നിയമവിരുദ്ധമാണെന്ന് ഓൺലൈനായി സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. ദുൽഖറിന്റെ ഗാര്യേജിലുള്ള ഒരു ലാൻഡ് റോവറടക്കം രണ്ട് പഴയ വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവ വാങ്ങിയത് നിയമവിധേയമായിത്തന്നെയാണെന്ന് നടൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട തന്റെ വാഹനങ്ങളുടെ രേഖകളടക്കം സമർപ്പിച്ചാണ് ദുൽഖർ ഹർജി നൽകിയിരിക്കുന്നത്. ഇതോടെ വാഹനക്കടത്ത് കേസിനെ പിൻപറ്റി കസ്റ്റംസ് നടപടിക്കെതിരെ സംസ്ഥാനത്ത് നിയമനടപടി ആരംഭിക്കുന്ന ആദ്യ സംഭവമായി ഇത്. കോടതിയിൽ ദുൽഖർ സമർപ്പിച്ച രേഖകളും കസ്റ്റംസിന്റെ കണ്ടെത്തലും പരിശോധിച്ച ശേഷമാകും കോടതി തീരുമാനം ഉണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |