തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബി.ജെ.പി കൗൺസിലർ തിരുമല അനിൽ പ്രസിഡന്റായിരുന്ന, ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിന്റെ രേഖകളും വിവരങ്ങളും ഹാജരാക്കാൻ നോട്ടീസ് നൽകി പുതിയ അന്വേഷണസംഘം. സംഘത്തിന്റെ സാമ്പത്തിക സ്ഥിതിയും ബാദ്ധ്യതകളും ക്രമക്കേടുകളും പരിശോധിക്കാൻ സഹകരണ വകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തിയിരുന്നു.ഈ ഓഡിറ്റ് റിപ്പോർട്ടുകളും സഹകരണ സംഘത്തിന്റെ ഭരണസമിതിയംഗങ്ങളുടെ വിവരങ്ങളുമാണ് തേടിയിട്ടുള്ളത്.
രേഖകൾ അന്വേഷണ തലവനായ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്രുവർട്ട് കീലറിന് ആദ്യം അന്വേഷിച്ച പൂജപ്പുര പൊലീസ് എസ്.എച്ച്.ഒ ഷാജിമോൻ കൈമാറി. പൂജപ്പുര സി.ഐയും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. സഹകരണ സംഘം ജീവനക്കാരെയും ഭരണസമതി അംഗങ്ങളെയും ചോദ്യം ചെയ്യും.
നിക്ഷേപകരുടെ വിവരങ്ങളും വായ്പാ കുടിശികയുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പണം തിരികെയാവശ്യപ്പെട്ട് നിക്ഷേപകരാരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.ഇത്തരം പരാതികൾ വന്നാൽ അത് പ്രത്യേകമായി അന്വേഷിക്കേണ്ടിവരും.നിക്ഷേപം തിരികെ നൽകാത്തതിനെ സംബന്ധിച്ച് തമ്പാനൂർ പൊലീസിൽ പരാതി നൽകിയ വത്സലയുടെയും കുടുംബത്തിന്റെയും മൊഴിയും രേഖപ്പെടുത്തും.
സംഘത്തിലെ ജീവനക്കാർ ദിവസങ്ങളോളം നടത്തിച്ചെന്നും പണം നൽകാതെ മോശമായി പെരുമാറിയെന്നുമാണ് ഇവർ വെളിപ്പെടുത്തിയത്.തുടർന്ന് പക്ഷാഘാതം വന്ന് ആശുപത്രിയിലായിരുന്ന രോഗിയെ ആംബുലൻസിൽ സംഘം ഓഫീസിലെത്തിച്ച് പണം തിരിച്ചെടുക്കാനുള്ള വിരലടയാളം പതിപ്പിക്കുകയും ചെയ്തു. ഇതിനടുത്ത ദിവസമാണ് സംഘം സെക്രട്ടറി, വത്സലയുടെ മരുമകൻ ചന്ദ്രബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്.പറഞ്ഞ അവധി കഴിഞ്ഞിട്ടും ഇവർക്ക് പണം നൽകാതായതോടെ തിരുമല അനിൽ ഇടപെട്ട് ഇവരോട് പൊലീസിൽ പരാതി നൽകാൻ പറഞ്ഞിരുന്നു. വായ്പയെടുത്ത ബി.ജെ.പി നേതാക്കളും പ്രവർത്തകരും വായ്പ കുടിശിക വരുത്തിയതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |